city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭരണാധികാരികള്‍ക്ക് പട്ടികളോടെന്താണിത്ര സ്‌നേഹം?

രവീന്ദ്രന്‍ പാടി

കാലനില്ലാത്ത കാലത്തിന്റെ ദുരിതം കുഞ്ചന്‍ നമ്പ്യാര്‍ വിവരിച്ചിട്ടുണ്ട്. കാലന്‍ മരിച്ചു പോയതിനാല്‍ ഭൂമിയില്‍ ആരും മരിക്കാതിരിക്കുകയും തന്‍മൂലമുണ്ടായ കഷ്ടപ്പാടുകളുമാണ് കവി ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്. കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും തെരുവു നായ്ക്കള്‍ ഭീതി വിതയ്ക്കുകയും അവയെ നിയന്ത്രിക്കാന്‍ യാതൊരു നടപടിയും ഉണ്ടാവാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയിലാണ് കാലനില്ലാത്ത കാലം ഓര്‍മ്മയിലെത്തിയത്.

തെരുവു പട്ടികള്‍ മനുഷ്യ ജീവനു ഭീഷണി ഉയര്‍ത്തിക്കൊണ്ട് നാടെങ്ങും വിഹരിക്കുകയാണ്. കൂട്ടത്തില്‍ പേപ്പട്ടികളും പേയുടെ ലക്ഷണമുള്ളവയും ഉണ്ട്. മനുഷ്യരെ മാത്രമല്ല, കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളേയും പട്ടികള്‍ ഒറ്റയ്ക്കും കൂട്ടായും ആക്രമിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുദിനം പട്ടിയുടെ കടി ഏറ്റുകൊണ്ടിരിക്കുന്നു. പേവിഷ ബാധ ഭയന്ന് പട്ടിയുടെ കടിയേല്‍ക്കുന്നവരെല്ലാം ആശുപത്രിയില്‍ ചെന്ന് കുത്തിവെപ്പെടുത്തു വരികയുമാണ്.

പട്ടികള്‍ പെറ്റു പെരുകി നാട്ടില്‍ ഭീതി വളര്‍ത്തുമ്പോഴും അവയെ നശിപ്പിക്കാനോ, നിയന്ത്രിക്കാന്‍ പോലുമോ അധികൃതര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ല. നിയമ തടസ്സമാണ് അവര്‍ തടസ്സമായി പറയുന്നത്. എന്നാല്‍ അലഞ്ഞു തിരിയുന്നതും ഭ്രാന്തുണ്ടെന്നു സംശയിക്കുന്നതുമായ പട്ടികളെ നശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതി തന്നെയും ഉത്തരവിട്ടിട്ടുണ്ട്. ആ ഉത്തരവു പ്രകാരം സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നിട്ടും അധികൃതര്‍ ഉണരുന്നില്ല, അനങ്ങുന്നില്ല.

കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ജെ. ബി. കോശി അലഞ്ഞു തിരിയുന്നതും പേയുണ്ടെന്നു സംശയിക്കുന്നതുമായ പട്ടികളെ കൊല്ലുന്നതിനു നിയമതടസ്സമില്ലെന്നു വ്യക്തമാക്കിയത്. മട്ടാഞ്ചേരി പ്രദേശത്ത് 56 പേരെ തെരുവു നായ്ക്കള്‍ കടിച്ചിരുന്നു. ഇതേതുടര്‍ന്ന് നായ്ക്കളെ നശിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടിരുന്നു. അതിനെതിരെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡും ദയ എന്ന സംഘടനയും രംഗത്തു വന്നിരുന്നു. എന്നാല്‍ നായ്ക്കളുടെ ജീവനേക്കാള്‍ മനുഷ്യ ജീവനു വില കല്‍പ്പിക്കണമെന്ന നിലപാടാണു കോടതി സ്വീകരിച്ചത്. അതേസമയം നാട്ടിലെമ്പാടും പട്ടിഭരണം നടക്കുമ്പോള്‍ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ തരിമ്പും കുലുങ്ങുന്നില്ലെന്നതാണ് ആശ്ചര്യം.

പട്ടിയെ പേടിച്ച് കുട്ടികള്‍ക്ക് സ്‌കൂളിലോ, മദ്രസയിലോ പോകാന്‍ കഴിയുന്നില്ല. പലര്‍ക്കും വഴി നടന്നു പോകാന്‍ തന്നെ സാധിക്കുന്നില്ല. കാസര്‍കോട് നഗരമധ്യത്തില്‍ പോലും പട്ടികള്‍ സൈ്വര വിഹാരം നടത്തുകയാണ്. സന്ധ്യമയങ്ങിയാല്‍ നാടും നഗരവീഥികളും പൂര്‍ണമായും ശുനകന്‍മാരുടെ പിടിയിലാണ്. ഓഫീസുകള്‍ക്കും വീടുകള്‍ക്കും പുറത്ത് ചെരുപ്പുകള്‍ അഴിച്ചു വെക്കാന്‍ കഴിയാത്ത സ്ഥിതി. ബസ് സ്റ്റാന്‍ഡു പരിസരത്തും നടുറോഡിലും വരെ നായ്ക്കള്‍ ഇണചേരുകയും കടിപിടി കൂടുകയും ചെയ്യുന്നു. മുമ്പ് മനുഷ്യരെ നായ ഭയന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ സംഗതി തിരിച്ചാണ്. പട്ടികളെ വളര്‍ത്താന്‍ ലൈസന്‍സ് വേണമെന്നും അവയ്ക്ക് യഥാസമയം കുത്തിവെപ്പ് നല്‍കണമെന്നും വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല.

ഭരണാധികാരികള്‍ക്ക് പട്ടികളോടെന്താണിത്ര സ്‌നേഹം?കാസര്‍കോട് നഗരത്തിലെ കെട്ടിടങ്ങളുടെ പിറകിലും മറ്റും നായകള്‍ പെറ്റു പെരുകുകയാണ്. അവ പലപ്പോഴും വാഹനാപകടങ്ങള്‍ക്കു വരെ വഴിവെക്കുന്നു. ഇത്തരത്തില്‍ ശുനകപുരാണം എത്രയും പറയാനുണ്ട്.

എന്നാല്‍ അതൊന്നും അധികാര മത്തു ബാധിച്ചിരിക്കുന്ന നമ്മുടെ ഭരണാധികാരികളുടെ കണ്ണിലോ, കാതിലോ പതിയുന്നില്ല എന്നതാണു ഏറെ വിചിത്രം!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



Keywords:  Stray dogs overpopulation, related Issues, Town, Dog, Student, Article, Ravindran Pady, Kasaragod, Night.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia