city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണുള്ളവര്‍ കാണട്ടെ ഈ കാഴ്ച

കൂക്കാനം റഹ്‌മാന്‍

18-01-14 ബളാല്‍ പഞ്ചായത്തിലെ കൊന്നനം കാട് കോളനിയിലേക്കായിരുന്നു ഇന്നത്തെ യാത്ര. കൂട്ടത്തില്‍  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ കെ.വി.ലിഷ, തങ്കമണി. കെ, നെല്‍സണ്‍ ജോസ് എന്നിവരുമുണ്ടായി. കൊന്നനം കാട് കോളനി ആരംഭിക്കുന്ന സ്ഥലത്ത് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് കണ്ടു. 'കോളനി റോഡിന് ഏഴുലക്ഷം രൂപ അനുവദിച്ച പി. കരുണാകരന്‍ എം.പിക്ക് അഭിവാദ്യങ്ങള്‍ ആ റോഡിലൂടെ നടന്നാണ് ഞങ്ങള്‍ കോളനിയിലെത്തിയത്.

കോളനിയിലെ വിനീതയുടെ വീടായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവളുടെ ജീവിത ദുരിതങ്ങളെക്കുറിച്ച് കേട്ടറിഞ്ഞത് നേരിട്ടറിയാനാണ് കുടിലിലെത്തിയത്. ഞങ്ങളെ കാണുമ്പോള്‍ വിനീത ഇറങ്ങി വന്നു. കണ്ടാല്‍ 16കാരിയാണെന്നു തോന്നും. മുഷിഞ്ഞ വേഷം. കുളിച്ചിട്ട് ദിവസങ്ങളായെന്ന് തോന്നും. അവളുടെ പേര് ചോദിച്ചറിഞ്ഞു. അഞ്ചാം ക്ലാസുവരെ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കുടിലിന്റെ തറയില്‍ കല്ലിന്‍ കഷണമോ മറ്റോ ഉപയോഗിച്ച് എഴുതിവെച്ചത് വായിച്ചു. 'വിനീത വനിതാ പോലീസ്'. വനിതാ പോലീസ് ഞാന്‍ തന്നെയാണെന്ന് വിനീത ചിരിച്ചു കൊണ്ട് പറഞ്ഞു.
കണ്ണുള്ളവര്‍ കാണട്ടെ ഈ കാഴ്ച

മൂന്നുവര്‍ഷം മുമ്പേ (അതായത് അവളുടെ 13ാംവയസില്‍) അവള്‍ ഗര്‍ഭിണിയായെന്നും പച്ചമരുന്ന് നല്‍കി അമ്മൂമ്മ ഗര്‍ഭം അലസിപ്പിച്ചുവെന്നും അതിനു ശേഷം ഉടുവസ്ത്രമില്ലാതെ എങ്ങോട്ടെങ്കിലും ഓടിപ്പോകുമെന്നും, പൂച്ചക്കുട്ടിയേയും നായക്കുട്ടിയേയും എടുത്ത് മാറോട് ചേര്‍ത്ത് മുലകൊടുക്കുന്ന പോലെ അഭിനയിക്കും എന്നൊക്കെയാണ് ഞങ്ങള്‍ പറഞ്ഞു കേട്ടത്.

കോളനിയിലെ ആള്‍ക്കാരൊക്കെ ഞങ്ങളെ കണ്ടപ്പോള്‍ ഓടിക്കൂടി. വീനിതയെ മാത്രം വിളിച്ച് കാര്യം തിരക്കി. സ്‌കൂള്‍ പഠനം നിര്‍ത്തി (5-ാം ക്ലാസില്‍ വെച്ച്) അവള്‍ വീട് പണിചെയ്യാന്‍ പോയി. വയനാട്ടിലും, പാലായിലും കൊവ്വല്‍പ്പളളിയിലുമൊക്കെ ഒന്നും രണ്ട് വര്‍ഷം പണിചെയ്തിരുന്നെന്ന് അവള്‍ പറഞ്ഞു. കൃത്യമായിട്ടാണ് കാര്യങ്ങള്‍ പറയുന്നത്.

13 വയസില്‍ നാട്ടുകാരനായ ഷിബു അവളെ വിവാഹം കഴിച്ചു. അവനന്ന് 19 വയസായി കാണും. സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഷിബുവും ഞങ്ങളുടെ മുന്നിലെത്തി. നിണ്ടു മെലിഞ്ഞ ആരോഗ്യമില്ലാത്ത ഒരു ചെറുപ്പക്കാരന്‍. അടുത്തെത്തിയപ്പോള്‍ ചാരായത്തിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറി. ഒന്നര ഗ്ലാസ് ചാരായം അടിച്ചിട്ടുണ്ടെന്ന് അവന്‍ പറഞ്ഞു. 30 രൂപയാണ് അതിന്റെ വിലയെന്നും പറഞ്ഞു. മത്ത് തലയ്ക്ക് കയറാത്തതിനാല്‍ അവനും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി തന്നു.

വിവാഹത്തിനു മുമ്പേ വിനീതയ്ക്ക് തലയ്ക്കു സുഖമില്ലായിരുന്നു എന്നും, എവിടെയെങ്കിലും ഇറങ്ങി നടക്കുക പതിവാണെന്നും ഷിബു പറഞ്ഞു. 13-ാം വയസില്‍ അവള്‍ ഗര്‍ഭിണിയായി. തലയ്ക്കു വെളിവില്ലാത്ത ഇവള്‍ കുഞ്ഞിന് ജന്മം നല്‍കിയാല്‍ ശരിയാവില്ലെന്ന് പറഞ്ഞാണ് വല്യമ്മ പച്ചമരുന്ന് നല്‍കി ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കിയതെന്നും സൂചിപ്പിച്ചു.

ഷിബു വിനീതയ്‌ക്കൊപ്പം തന്നെ എന്നുമുണ്ടാകും. തൊഴിലിനൊന്നും പോകാറില്ല. ഭക്ഷണത്തിനും മദ്യത്തിനും വിനീതയുടെ അമ്മ പണിക്കു പോയി കിട്ടുന്നതുകൊണ്ട് കഴിഞ്ഞു കൂടുന്നു. ഷിബുവിന്റെ വര്‍ത്തമാനവും, പ്രവര്‍ത്തികളും കണ്ടപ്പോള്‍ അവനും അല്‍പം പിരിയിളക്കമുണ്ടെന്നു തോന്നും.
വിവാഹത്തിനു മുമ്പ് വിനീത വേലക്കു നിന്ന ഏതോ ഒരു വീട്ടില്‍ നിന്ന് അവളെ പീഡിപ്പിച്ചിട്ടുണ്ട്. ആ പീഡനത്തിന് ശേഷമാണ് അവള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടായത്.

കണ്ണുള്ളവര്‍ കാണട്ടെ ഈ കാഴ്ച
ഞങ്ങളുടെ കയ്യിലുണ്ടായ ബിസ്‌ക്കറ്റും മറ്റും വിനീതയ്ക്ക് കൊടുത്തു. ആര്‍ത്തിയോടെ അവളത് തിന്നുന്നത് കണ്ടു. വീണ്ടും ഒറ്റയ്ക്ക് അവളെ വിളിച്ചു പണിക്ക് നിന്ന വീട്ടില്‍ നിന്ന് ആരെങ്കിലും ദ്രോഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അവളുടെ മറുപടി ഇങ്ങിനെ. അക്കാര്യം പറഞ്ഞാല്‍ ആകെ കുഴപ്പമാവും, അതു കൊണ്ട് ഞാന്‍ പറയില്ല. അവസാനം പണിക്ക് നിന്നവീട്ടിലെ ചേട്ടന്‍ മരുന്ന് എന്ന് പറഞ്ഞു ഗുളിക തന്നിരുന്നു. അത് തിന്നതിന് ശേഷം ഞാന്‍ ഉറങ്ങിപ്പോയി. അടുത്തദിവസം അവിടുന്ന് അവള്‍ ഇറങ്ങി വന്നു. അതിനുശേഷമാണ് അവള്‍ ഊമയെ പോലെ കളിക്കുന്നതെന്നും, സ്ഥിരതയില്ലാതെ പെരുമാറുന്നതെന്നും അടുത്ത കുടിലിലെ ബന്ധുവായ ഒരു സ്ത്രീ പറഞ്ഞു.

ആ കുഞ്ഞ് ഭ്രാന്തിയായി മാറി. അവളെ അങ്ങിനെയാക്കിത്തീര്‍ത്തവര്‍ സസുഖം ജീവിക്കുന്നു. ഇതാണ് മിക്ക ദളിത് കോളനികളുടെയും മുഖമുദ്ര. ഈ കോളനി വാറ്റു കേന്ദ്രമാണ്. റാക്ക് വാറ്റുന്നു. മൂക്കറ്റം കുടിക്കുന്നു. കിടന്നുറങ്ങുന്നു. കുടിലുകളെല്ലാം വൃത്തിഹീനമാണ്. നായയും കോഴിയും മനുഷ്യരും ഒന്നിച്ച് ഒരേ പായയി  കിടക്കുന്നു.

പെണ്‍കുഞ്ഞുങ്ങള്‍ പ്രായ പൂര്‍ത്തിയാവുന്നതിനു മുമ്പേ സമ്പന്നരുടെ വീടുകളില്‍ എത്തപ്പെടുന്നു. അവിടെ തീറ്റ കിട്ടും. മൃഗതുല്യമായ പരിഗണന. എല്ലാതരം പീഡനങ്ങളും അത്തരം വീടുകളില്‍ നടക്കുന്നു. ഇതൊന്നും പുറം ലോകമറിയാറില്ല. ഭീഷണിപ്പെടുത്തല്‍ മൂലം വായ തുറന്ന് സ്വന്തം അനുഭവം പറയാന്‍ പെണ്‍കുഞ്ഞുങ്ങള്‍ ഭയക്കുന്നു.

കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ പോകുന്നില്ല. രക്ഷിതാക്കള്‍ക്ക് അതിലൊന്നും പരിഭവമോ പരാതിയോ ഇല്ല. വിനീതയുടെ അമ്മയെക്കണ്ടു. ശ്യാമള, എല്ലൂന്തി വളഞ്ഞു നില്‍ക്കുന്ന ഒരു സ്ത്രീ രൂപം. ആ മനുഷ്യക്കോലം പണിചെയ്തു കൊണ്ടു വന്നാണ് മാനസിക വിഭ്രാന്തിയുളള മകളെയും അവളെ വിവാഹം കഴിച്ച ഷിബുവിനെയും പോറ്റുന്നത്. ആ കുടിലില്‍ റാക്കു വാറ്റുമുണ്ട്. വില്‍പനയില്ല. അവര്‍ക്കു മാത്രം ഉപയോഗിക്കാന്‍.

എങ്ങിനെ കൊന്നനം കാടുപോലുളള കോളനി നിവാസികള്‍ മനുഷ്യരായി ജീവിക്കും? പ്രതീക്ഷ നശിച്ചവരായി അവര്‍ കഴിഞ്ഞു കൂടുന്നു. വികസനം എവിടെയാണ്, എങ്ങിനെയാണ് വേണ്ടതെന്ന് നമ്മുടെ ഭരണാധികാരികള്‍ ഇനി എന്ന് മനസിലാക്കും?. അവിടെ റോഡിനേക്കാള്‍ ആവശ്യം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു വികസന പരിപാടിയല്ലേ? അവരെ ഏറ്റവും അടുത്തുളള പൊതു വിദ്യാലയത്തിലേക്ക് ദിനേന എത്തിക്കാനുളള സംവിധാനമൊരുക്കിയാല്‍ സ്ഥിതിയില്‍ അല്‍പം മാറ്റം വരും.

അധ്വാനിക്കാന്‍ കോളനിവാസികള്‍ തയ്യാറാണ്. അധ്വാനിച്ചു കിട്ടുന്ന പണം മുഴുവന്‍ മദ്യത്തിനായി ഉപയോഗിക്കുകയും, വെളിവില്ലാതെ കുടിലിലെത്തി നാല്‍ക്കാലികളെ പോലെ കിടന്നുറങ്ങുകയും ചെയ്യുന്ന അവസ്ഥമാറണം. അത് നിയമത്തിന്റെ വഴിക്കോ, ഭീഷണിയുടെ വഴിക്കോ നടക്കില്ല. കോളനി കേന്ദ്രീകരിച്ച് മനുഷ്യനന്മ കാംക്ഷിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ സര്‍ക്കാര്‍ നിയമിക്കണം. അവരുടെ ഇടയില്‍ നിന്നുളള പ്രമോട്ടര്‍മാരുണ്ട്. പക്ഷെ വേണ്ടത്ര ശ്രദ്ധയൂന്നാന്‍ അവര്‍ക്കാവുന്നില്ല.

ദളിത് വിഭാഗങ്ങളുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം വിളിച്ചു പറയുന്ന നേതാക്കളുണ്ട്. പക്ഷെ അവര്‍ അങ്ങിനെ തന്നെ കഴിയണം എന്നാണ് മനസിലിരിപ്പ്. എങ്കിലേ ചൂഷണം നടക്കൂ. ചെറു പെണ്‍കുഞ്ഞുങ്ങളേ വീട്ടു ജോലിക്ക് ലഭിക്കൂ. കുറഞ്ഞ കൂലിക്ക് പണിചെയ്യാന്‍ ആളെക്കിട്ടൂ. മദ്യം കൊടുത്ത് മയക്കിക്കിടത്തി മറ്റ് ചൂഷണങ്ങള്‍ നടത്താനും പറ്റൂ.

കണ്ണുള്ളവര്‍ കാണട്ടെ ഈ കാഴ്ച
Kokkanam Rahman
(Writer)
മിക്ക കോളനികളിലും വിനീതമാരുണ്ട്. ലൈംഗിക പീഡനത്തിന് വിധേയമാക്കി വലിച്ചെറിയപ്പെടുന്ന ബാല്യങ്ങളുണ്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. അവരെ കെട്ട ജീവിതത്തില്‍ നിന്ന് കരകയറ്റാന്‍ ഒരു വിപ്ലവം തന്നെ നടത്തേണ്ടി വരും. കോളനി വികസനം എന്ന് പറഞ്ഞു കോടികള്‍ പാഴാക്കിക്കളയുന്ന വ്യവസ്ഥയെ നേരായ വഴിക്ക് ചെലവിടണമെന്ന് പറയാന്‍ അവരില്‍ നിന്നു തന്നെ വ്യക്തികള്‍ ഉയര്‍ന്നു വരണം. അതിനുളള അറിവാണ് അവര്‍ക്കുണ്ടാക്കിക്കൊടുക്കേണ്ടത്. ഞങ്ങള്‍ കണ്ട വിനീത ഒരു ഉദാഹരണം മാത്രം. നൂറ് കണക്കിന് വിനീതമാര്‍ ഭ്രാന്തികളോ, വേശ്യകളോ, നിത്യരോഗികളോ ആയി കോളനികളില്‍ തളച്ചിടപ്പെട്ടിട്ടുണ്ട്. ഈയൊരവസ്ഥയ്ക്ക് അറുതി വരാന്‍ അവര്‍ തന്നെ നേതൃത്വം കൊടുക്കുന്ന ഒരു ആളിക്കത്തുന്ന സമരത്തിനേ സാധ്യമാവൂ........

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kookanam-Rahman, Article, Kasaragod, Youth, Kerala, Helping hands, Hospital, Krishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia