city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍മത്തിളക്കമുള്ള സ്‌കൂള്‍ പഠനകാലം

നടന്നുവന്ന വഴിയിലൂടെ ഒരു തിരിഞ്ഞു നോട്ടം (ഭാഗം 105) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 25.08.2019) അറുപത്തെട്ടിലെത്തിയിട്ടും 64 വര്‍ഷങ്ങള്‍ക്കപ്പുറം പഠിച്ച ഒന്നാം ക്ലാസും, മാഷും, ഇരുന്ന ബെഞ്ചും, കൂട്ടുകാരില്‍ ചിലരേയും കൃത്യമായി ഓര്‍മയിലെത്തുന്നു. 1966ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ എനിക്ക് ഒന്നു മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിപ്പിച്ച അധ്യാപകരെയൊക്കെ ഓര്‍ക്കാന്‍ എന്തുസുഖമാണെന്നോ? ഒന്നാം ക്ലാസിലെ (ഓലാട്ട് എയുപി സ്‌കൂള്‍) കേപ്പ് ഉണിത്തിരി മാഷിന്റെ രൂപം നല്ല ഓര്‍മയുണ്ട്. വരയന്‍ ഷര്‍ട്ടും കറുത്ത കരയുള്ള ഒറ്റമുണ്ടും, കണ്ണില്‍, കറുത്ത ഫ്രെയിമുള്ള കണ്ണടയും ഇതാണ് വേഷം. അടുത്ത് ചെന്നാല്‍ മൂക്കുപൊടിയുടെ മണമുണ്ടാകും. ആദ്യാക്ഷരം പഠിപ്പിച്ച കേപ്പുമാഷെ മറക്കില്ല. വക്കുപൊട്ടിയ സ്ലേറ്റില്‍ 'റ' എന്ന് എഴുതി പഠിപ്പിച്ചതും, ഒന്ന് മുതല്‍ 10 വരെ എഴുതാന്‍ പഠിപ്പിച്ചതും മനസില്‍ ഉറച്ചു നില്‍ക്കുന്നതിനാലാണ് ഞാനിപ്പോഴും എഴുതുന്നത്.

രണ്ടാം ക്ലാസിലെ ഭട്ടതിരി മാഷ് ഇന്നും ജീവിച്ചിരിപ്പുണ്ട്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരനാണ്. വെളുത്ത ഷര്‍ട്ടും മുണ്ടും, നെറ്റിയിലെ ചന്ദനക്കുറി, മിക്ക സമയങ്ങളിലും നാവുകടിച്ചു കൊണ്ടിരിക്കുന്ന സ്വഭാവം.. ഇതൊക്കെയാണ് ഭട്ടതിരി മാഷ്. അദ്ദേഹത്തിന്റെ മരുമകളാണെന്ന് തോന്നുന്നു. 'പൊന്നു' എന്ന് പേരായ ഒരു സുന്ദരി പെണ്‍കുട്ടിയും ഞങ്ങളുടെ ക്ലാസിലുണ്ടായിരുന്നു. 'നീ ഇവളെ കല്യാണം കഴിക്കുന്നോ?' എന്ന് എന്നോടു ചോദിച്ചതും, സ്ലേറ്റ് മുഖത്ത് പൊത്തിപ്പിടിച്ച് സീറ്റിലേക്കോടിയതും ഓര്‍മയുണ്ട്. മനോഹരമായ പാട്ടും, കഥയും, ചിത്രം വരയും മാഷിന്റെ പ്രത്യേകതയായിരുന്നു. കഴിഞ്ഞ തവണത്തെ അധ്യാപകദിനത്തിന് മാഷിന്റെ വീട്ടില്‍ ചെന്ന് പൊന്നാടാ അണിയിച്ച് ആദരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

മൂന്നാം ക്ലാസില്‍ മാരാര്‍ മാഷാണ്. നീണ്ടുമെലിഞ്ഞ രൂപം. ക്ലാസില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നാണ് പഠിപ്പിക്കുക. കണക്ക് പഠിപ്പിക്കാനാണ് മാഷ് കുടുതല്‍ താല്‍പര്യമെടുത്തത്. ഉത്തരം തെറ്റിയാല്‍ പുറത്ത് ശക്തമായി അടിക്കും. ഒരു ദിവസം സ്‌കൂളില്‍ ചെന്നപ്പോഴാണറിഞ്ഞത് മാരാര്‍ മാഷെ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തു എന്ന്. അന്ന് ഞങ്ങള്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചു. രാവിലെ മാഷ് ക്ലസില്‍ വന്നിരുന്നു. ഞങ്ങളോടൊക്കെ ക്ലാസിന് പുറത്തു പോകാന്‍ മാഷാണ് പറഞ്ഞത്. സംഗതിയുടെ ഗൗരവമൊന്നും ഞങ്ങള്‍ക്കറിയില്ല. അത് കേള്‍ക്കേണ്ട താമസം ഞങ്ങളെല്ലാം സ്ലേറ്റും പുസ്തകമെടുത്ത് ഒരേ ഓട്ടമാണ് വീട്ടിലേക്ക്. സമരം വിജയിച്ചു എന്നാണ് മനസ്സിലായത്. പിറ്റേ ദിവസവും മാഷ് ക്ലാസിലുണ്ടായിരുന്നു. മാരാര്‍ മാഷ് മരിച്ചു.

നാലാം ക്ലാസില്‍ കേശവന്‍ മാഷായിരുന്നു. നീളം കുറഞ്ഞ വ്യക്തി. നെറ്റിയില്‍ നീളത്തില്‍ ചന്ദനക്കുറി ചാര്‍ത്തിയിട്ടുണ്ടാവും. നമ്പൂതിരിയായിരുന്നെങ്കിലും ഞങ്ങള്‍ കേശവന്‍ മാഷെന്നാണ് വിളിക്കാറ്. നീലനിറമുള്ള അരക്കയ്യന്‍ ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം. വായയില്‍ കുറച്ചധികം പല്ലുകളുണ്ടായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടേ പഠിപ്പിക്കൂ. മലയാള പദ്യം നീട്ടിച്ചൊല്ലി പഠിപ്പിച്ചത് നല്ല ഓര്‍മയുണ്ട്. മൂന്നു വര്‍ഷം മുമ്പ് അന്തരിച്ചു.

അഞ്ചാം ക്ലാസിലെ മാഷ് ചെറുപ്പക്കാരനും സുന്ദരനും ടീച്ചേര്‍സ് ട്രൈനിംഗ് കഴിഞ്ഞ ഉടനെ വന്ന വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ ക്ലാസിലിരിക്കാന്‍ പേടിയായിരുന്നു. കണ്ടമാനം അടി തരും. എന്റെ ക്ലാസ് മേറ്റ് പുളുക്കുല്‍ കൃഷ്ണനുമായി ഉച്ചസമയത്ത് ഞാന്‍ അടിപിടി കൂടി. നഖം കൊണ്ട് പരസ്പരം മാന്തി. കുറച്ചധികം കൃഷ്ണന് പരുക്കുണ്ട്. അവന്‍ പരാതിയുമായി കുഞ്ഞിക്കണ്ണന്‍ മാഷെ സമീപിച്ചു. എന്നെ മാഷിന്റെ അടുത്തേക്ക് വിളിച്ചു. ചൂരല്‍ കൊണ്ട് തുടയ്ക്ക് തുരുതുരാ അടിച്ചു. കണ്ണില്‍ ചോരായില്ലാത്ത മനുഷ്യന്‍. എന്നെ അത്രയും അടിക്കാന്‍ കാരണം, അദ്ദേഹം കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണിന്റെ ആങ്ങളയാണ് പോലും കൃഷ്ണന്‍. അക്കാര്യം പിന്നീടാണറിഞ്ഞത്. നാലാം ക്ലാസ് വരെ പാവം മാഷന്മാരായിരുന്നു. പക്ഷേ കുഞ്ഞിക്കണ്ണന്‍ മാഷ് നല്ലപോലെ പഠിപ്പിക്കും. കുഞ്ഞിക്കണ്ണന്‍ മാഷും ജിവിച്ചിരിപ്പുണ്ട്.

ആറാം ക്ലാസില്‍ പഠിപ്പിച്ച കുമാരന്‍ മാഷ് ഇന്നും ജീവിച്ചിരിപ്പുണ്ട്. സ്‌കൂളിലെ ഡെപ്യൂട്ടി ഹെഡ്മാഷാറായിരുന്നു അദ്ദേഹം. നാട്ടുകാരനാണ്. അമ്മാവന്റെ പീടികയില്‍ വന്ന് പത്രം വായിക്കുകയും സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്യും. ഞാനായിരിക്കും മിക്ക ദിവസങ്ങളിലും മാഷിന് സാധനങ്ങള്‍ തൂക്കി കെട്ടിക്കൊടുക്കുക. സാമൂഹ്യപാഠം വളരെ ഭംഗിയായി പഠിപ്പിക്കും. ദേഷ്യം വരാത്ത മാഷ്. മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകുന്ന തോടും വയലും കൈപിടിച്ച് കടത്തുന്നതും കുമാരന്‍ മാഷാണ്. അമ്മാവനെ കച്ചവടത്തിന് സഹായിക്കുന്നതു കൊണ്ട് അക്കൊല്ലം സ്‌കൂളില്‍ ഹാജര്‍ കുറവായിരുന്നു എനിക്ക്. എന്റെ കൂട്ടുകാരെല്ലാം ആറാം ക്ലാസില്‍ നിന്ന് ഏഴാം ക്ലാസിലേക്ക് പോയപ്പോള്‍ ഞാന്‍ ആറാം ക്ലാസില്‍ തന്നെയായി. പക്ഷേ എഇഒവിന് കണ്ടോഷന് കൊടുത്തതിനാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാനും ഏഴാം ക്ലാസുകാരനായി.

ഏഴാം ക്ലാസില്‍ പഠിപ്പിച്ചത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആലക്കാടന്‍ നാരായണന്‍ മാഷാണ്. വെളുത്ത ഖദര്‍ മുണ്ടും ഷര്‍ട്ടുമാണ് വേഷം. കഞ്ഞിമുക്കി ഇസ്തിരിയിട്ട് തെറിച്ച് നില്‍ക്കുന്ന മുണ്ടും ഷര്‍ട്ടും. നോട്ടം കണ്ടാല്‍ തന്നെ പേടിയാവും. ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പദ്യം മനഃപാഠം പഠിക്കാത്തതിന് ക്ലാസിന് പുറത്തു നിര്‍ത്തിയതും, കൈ വെള്ളയില്‍ ചുരല്‍ പ്രഹാരം കിട്ടിയതും മറക്കില്ല. പക്ഷേ പ്രോത്സാഹിപ്പിക്കുന്ന മാഷാണ്. അന്നത്തെ സ്‌കൂള്‍ കൈ എഴുത്തു മാസിക 'കുസുമം' പത്രാധിപരായിരുന്നു ഞാന്‍. മാസികയില്‍  എഴുതിയ കഥ നാരായണന്‍ മാഷ് വായിച്ചു. 'നീ നല്ല എഴുത്തുകാരനാവും' അദ്ദേഹം പറഞ്ഞത് തമാശയാണെങ്കിലും മനസില്‍ സന്തോഷമുണ്ടായി.

ക്ലാസ് മാഷന്മാരല്ലെങ്കിലും പ്രാഥമിക ക്ലാസുകളില്‍ മറക്കാന്‍ പറ്റാത്ത വ്യക്തിത്വമുള്ള മാഷന്മാര്‍ നിരവധിയുണ്ട്. മണി പ്രവാളം പഠിപ്പിച്ച 'നുള്ളിപ്പറിയന്‍ മാഷ്', കൈവേല പഠിപ്പിച്ച അമ്പാടി മാഷ്, പാല് വിളമ്പിത്തരുന്ന ശങ്കരന്‍ മാഷ്, ചുവന്ന ഖദര്‍ ഷര്‍ട്ടിടുന്ന ശങ്കരനാരായണന്‍ മാഷ്, മാനേജര്‍ കാനാ മാഷ്, എന്നെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ കൂട്ടിക്കൊണ്ടുപോയ കാനാ കണ്ണന്‍ മാഷ്...

ഹൈസ്‌കൂളിലെത്തുമ്പോള്‍ മാഷന്മാരുമായുള്ള അടുപ്പം കുറഞ്ഞു വന്നു. ഒരു അകലം പാലിച്ചു കൊണ്ടേ അവരുമായി അടുത്തുള്ളു. എങ്കിലും എട്ടാം ക്ലാസിലെ ക്ലാസുമാഷ് സയന്‍സ് പഠിപ്പിച്ച കയ്യൂരിലെ പി ടി ബാലകൃഷ്ണന്‍ മാഷാണ്. ഒമ്പതാം ക്ലാസിലെ മാഷ് ഞങ്ങളൊക്കെ 'കുറ്റിബാലന്‍ മാഷ്' എന്ന കുറ്റപ്പേരു വിളിക്കുന്ന പയ്യാടക്കത്ത് ബാലന്‍ മാഷാണ്. ഉയരം കുറഞ്ഞ അദ്ദേഹം ഞങ്ങളെ പോലുള്ള നീളം കൂടിയ കുട്ടികളെ ചെമ്മാടിക്ക് ചാടിയാണ് അടിക്കാറ്. പത്താംക്ലാസിലെ ക്ലാസ് മാഷ് ഞങ്ങളൊക്കെ 'കൊശനാങ്കന്‍' എന്ന് കുറ്റപ്പേരു വിളിക്കുന്ന ദാമോദരന്‍ മാഷായിരുന്നു. ഇതില്‍ ബാലന്‍ മാഷ് മരിച്ചു പോയി.

ഹൈസ്‌കൂള്‍ പഠനകാലത്ത് മറക്കാന്‍ പറ്റാത്ത ചില മാഷന്മാരു കൂടിയുണ്ട്. ഹിന്ദി പഠിപ്പിച്ചിരുന്ന കെ ഒ വി രാഘവന്‍ മാസ്റ്റര്‍, ഇംഗ്ലീഷ് അധ്യാപകനായ ജോണ്‍ മാഷ്, പി ഇ ടി ബാല കൃഷ്ണന്‍ മാഷ്, ഡ്രോയിംഗ് അധ്യാപകന്‍ മാധവന്‍ മാഷ്, (ഇന്നും ചെറുപ്പക്കാരനായി കാണാം). ഇവരെയൊക്കെ ഓര്‍ക്കുമ്പോള്‍ മനസിന് വല്ലാത്ത സുഖം തോന്നുന്നു. അറുപത്തെട്ടിലെത്തിയിട്ടും അവരെക്കുറിച്ചുള്ള മധുര സ്മരണകള്‍  അയവിറക്കിക്കൊണ്ടേയിരിക്കുന്നു ഇപ്പോഴും.

ഒരു പക്ഷേ വരുംതലമുറ ഇവരെക്കുറിച്ച് അന്വേഷിച്ചു പഠിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. ആ പാവപ്പെട്ട അധ്യാപകരുടെ മക്കളെല്ലാം ഇന്ന് ഉയര്‍ന്ന പദവികളില്‍ വിരാജിക്കുന്നുണ്ടാവാം. അവര്‍ക്കും തങ്ങളുടെ പിതാക്കള്‍ ഇങ്ങിനെയൊക്കെയുള്ള വഴികളിലൂടെ കടന്നു വന്നവരാണെന്ന് ഓര്‍മിക്കാന്‍ പറ്റിയാല്‍ അതും ഗുണകരമാവും.

ഓര്‍മത്തിളക്കമുള്ള സ്‌കൂള്‍ പഠനകാലം


Keywords:  Article, Kookanam-Rahman, school, Story of my footsteps - 105, Education, Memories, Teachers, Enjoy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia