city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറിയപ്പെടാത്ത വനിതാ സമൂഹ്യപ്രവര്‍ത്തകര്‍ - 7; എഴുപതിലെത്തിയിട്ടും ടി സി ശാന്തകുമാരി ടീച്ചര്‍ക്ക് പതിനേഴിന്റെ ചുറുചുറുക്കും സൗന്ദര്യവും നഷ്ടപ്പെടാത്തതിന്റെ കാരണം ഇതാണ്

കൂക്കാനം റഹ് മാന്‍ / നടന്നു വന്ന വഴി ( ഭാഗം- 102)

(www.kasargodvartha.com 14.06.2019) കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുകയെന്നത് ജീവിത ചര്യയാക്കിയ എഴുപതിലെത്തിയിട്ടും പതിനേഴിന്റെ ചുറുചുറുക്ക് കാണിക്കുന്ന ഒരു ടിച്ചറുണ്ട്, ജില്ലയുടെ തെക്കേ അറ്റത്ത് ജീവിച്ചു വരുന്നു. പേര് ടി സി ശാന്തകുമാരി. താന്‍ ചെയ്യുന്ന സഹായങ്ങളോ, നന്മകളോ ആരും അറിയേണ്ട എന്ന മനോഭാവമാണ് ടീച്ചര്‍ക്ക്. അത്തരം പ്രശസ്തി ആഗ്രഹിക്കാത്ത വ്യക്തിയായതിനാലാണ് ടീച്ചറെ വായനക്കാരുടെ മുമ്പില്‍ ഞാന്‍ അവതരിപ്പിക്കുന്നത്..

സ്‌പോര്‍ട്‌സ്, ഗൈഡ്, വിദ്യാഭ്യാസം ഈ മൂന്നു മേഖലയിലും പ്രയാസ മനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ നേരെ കൈമെയ് മറന്ന് ടീച്ചറുടെ സഹായഹസ്തം നീളുന്നുണ്ട്. സ്‌പോര്‍ട്‌സിലും, ഗെയിംസിലും താല്‍പര്യമുളള നിര്‍ദ്ദനരായ കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ടീച്ചര്‍ അതീവ തല്‍പരയാണ്. കാലിക്കടവ് കേന്ദ്രമാക്കി വനിതാ ഫുട്ബാള്‍ ടീം രുപീകരിച്ച് പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍ രംഗത്ത് തീപ്രപരിശീലനം നല്‍കി മികച്ച ഫുട്ബാള്‍ കളിക്കാരികളാക്കി മാറ്റിയ ഒരു പാട് കഥകള്‍ ടീച്ചര്‍ക്ക് പറയാനുണ്ട്.

ടീച്ചറുടെ നേതൃത്വത്തില്‍ പഠിച്ചു മുന്നേറി ലോകോത്തര ടീമുകളില്‍ വരെ എത്തിയ നിരവധി പെണ്‍കുട്ടികളുണ്ട്. അകൂട്ടത്തില്‍പെട്ട ഒരു പെണ്‍കുട്ടിയാണ് ശ്രീലത. ഫുട്‌ബോള്‍ കളിയിലൂടെ ജീവിത വിജയം കൈവരിച്ച പുഷ്പലത, ഷീബ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഫുട്‌ബോള്‍ രംഗത്ത് ടീച്ചറിന്റെ വലംകൈ ആയി പ്രവര്‍ത്തിക്കാനും, പ്രോത്സാഹിപ്പിക്കാനും ഭര്‍ത്താവ് വിജയരാഘവന്‍ നമ്പ്യാരും കൂടെയുണ്ട്. ഫുട്‌ബോള്‍ പ്ലയറും, കോച്ചും, സെലക്ടറുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് വിജയരാഘവന്‍.

സ്‌കൗട്ട് ഗൈഡ് രംഗത്തും സന്നദ്ധതയോടെയും, ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഗൈഡ് രംഗത്തെ മികച്ച ബഹുമതിയായ 'ഹിമാലയന്‍ വുഡ് ബാഡ്ജ്' നേടിയിട്ടുണ്ട് ശാന്തകുമാരി ടീച്ചര്‍. 1990 മുതല്‍ ഗൈഡ് അധ്യാപികയായി ടീച്ചര്‍ സേവനം ചെയ്യുന്നുണ്ട്. ഈ പ്രവര്‍ത്തനം വഴി പെണ്‍കുട്ടികളുമായി കൂടുതല്‍ ഇടപഴകാനും, അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും കഴിയുന്നുണ്ട്. പെണ്‍കുട്ടികളുടെ പ്രയാസം കണ്ടറിഞ്ഞും, കേട്ടറിഞ്ഞും ഒരുപാട് കുട്ടികള്‍ക്ക് രക്ഷകയായി തീരാനും ടീച്ചര്‍ക്ക് സാധിച്ചിട്ടുണ്ട്.

ടീച്ചര്‍ 2003ല്‍ റിട്ടയര്‍ ചെയ്യുന്നതുവരെ സ്‌കൗട്ട് ഗൈഡ് രംഗത്ത് സജീവമായി നിലകൊണ്ടു. അഞ്ഞൂറോളം പെണ്‍കുട്ടികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചിട്ടുണ്ട്. ഗൈഡ് രംഗത്ത് പരിശീലനം നേടിയ കുട്ടികള്‍ക്ക് വേദനിക്കുന്നവരെ സഹായിക്കാനുളള മനസ്സ്, പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് എന്നീ ഗുണങ്ങള്‍ അങ്കുപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുള്ളതില്‍ ശാന്ത ടീച്ചര്‍ക്ക് അഭിമാനമുണ്ട്.

പാവപ്പെട്ട കുട്ടികളെ മാത്രം കേന്ദ്രീകരിച്ചല്ല ടീച്ചറുടെ സന്നന്ധ സഹായം നീളുന്നത്. ഇന്ന് ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ മറുപടി കിട്ടിയത് സ്ഥലത്തില്ല, കാഞ്ഞങ്ങാട് ഉള്ളതെന്നാണ്. തിരിച്ചു വന്ന് വീണ്ടും സംസാരിക്കുമ്പോഴാണ് ചെയ്ത സേവനത്തെക്കുറിച്ച് പറഞ്ഞത്. പ്രായമായ ഒരു സ്ത്രീയേയും കൂട്ടി കാഞ്ഞങ്ങാട് ജില്ലാ ആശൂപത്രിയില്‍ പോയതായിരുന്നു എന്ന്. ആ സ്ത്രീ ആരാണെന്നോ, അവര്‍ക്കു വേണ്ടി ചെയ്ത സഹായങ്ങള്‍ എന്താണെന്നോ ടീച്ചര്‍ പറഞ്ഞില്ല. പറയുകയുമില്ല. ടീച്ചര്‍ ഉറപ്പിച്ചു പറഞ്ഞു. എന്റെ സേവന പരിപാടികളും, പ്രവര്‍ത്തനങ്ങളും ഇങ്ങനെയാണ്. ആരെയും അറിയിക്കനോ, പ്രചാരണത്തിനോ എന്നെ കിട്ടില്ല എന്നാണ്.

ഇത്തരം സേവനങ്ങളും സഹായങ്ങളും ചെയ്യുന്നത് മക്കള്‍ അറിഞ്ഞിട്ടൊന്നുമല്ല. അമ്മ അങ്ങിനെയൊക്കെ ചെയ്യുമെന്ന് അവര്‍ക്കറിയാം. അവരും അമ്മയുടെ പാത തന്നെ തുടരുകയാണ്. പുതുക്കൈ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് തസ്തികയില്‍ നിന്ന് വിരമിക്കുന്നത് 2003ലാണ്. അധ്യാപിക എന്ന നിലയില്‍ ടീച്ചര്‍ പറയുന്ന നേരനുഭവങ്ങളും ശ്രദ്ധേയമാണ്. 'അധ്യാപക വിദ്യാര്‍ത്ഥി ബന്ധം പഴയപോലെയല്ല ഇന്ന്. അധ്യാപകരും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളെ പോലെ പെരുമാറുന്നത് ഗുണകരമല്ല. പണ്ട് കാലത്തെ പോലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു അകല്‍ച്ച പാലിക്കണം. കുട്ടികളെ സ്‌കൂളിലെ കലാ-കായിക പരിപാടികളിലും മറ്റ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങളിലും സക്രിയരാക്കിയാല്‍ അവരില്‍ ദുസ്വഭാവങ്ങള്‍ വളരുകയില്ല. ഈ കാര്യങ്ങളിലൊക്കെ ഇടപെടുന്ന അധ്യാപികാ-അധ്യാപകരെ കുട്ടികള്‍ സ്‌നേഹത്തോടെയും, ബഹുമാനത്തോടെയും കാണുകയും ചെയ്യും.

പെണ്‍കുട്ടികളും സ്ത്രീകളും വഴിവിട്ട് സഞ്ചരിക്കാന്‍ ഇടയാക്കുന്ന കാര്യങ്ങളെക്കുറിച്ചും ടീച്ചര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. 'വാര്‍ത്താ മാധ്യമങ്ങളും, സോഷ്യല്‍മീഡിയകളും ആണ് ഇവരെ വഴിതെറ്റിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം. സീരീയലുകള്‍ക്ക് അഡിക്ട് ആവുന്നവരും തെറ്റായ വഴിയിലേക്ക് നയിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. അമ്മമാര്‍ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, സ്‌നേഹത്തോടെ പറഞ്ഞ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ പറ്റും.

ടീച്ചറിന്റെ യുവ പ്രസരിപ്പിനുളള കാരണമെന്താണെന്ന് തിരക്കിയപ്പോള്‍ പ്രതികരണം ഇങ്ങനെ 'മാനസികമായി ഒരു പ്രയാസവും ഇന്നേവരെ അനുഭവപ്പെട്ടിട്ടില്ല. എപ്പോഴും സന്തോഷവതിയായി തന്നെ ജീവിക്കുന്നു. ഈ പ്രായം വരെ ഒരു ഗുളിക പോലും അസുഖത്തിന് വേണ്ടി കഴിച്ചിട്ടില്ല. ഭക്ഷണം കൃത്യ സമയങ്ങളില്‍ തന്നെ കഴിക്കും. പരിമിതമായേ ഭക്ഷണം കഴിക്കു. വീട്ടുപറമ്പിലും മറ്റും നട്ടുനനച്ചു വളര്‍ത്തിയ പച്ചക്കറികള്‍ മാത്രമെ ഉപയോഗിക്കൂ. കൃഷിയിടത്തില്‍ നിന്ന് കിട്ടിയ നെല്ലരി മാത്രമെ ഉപയോഗിക്കാറുള്ളു. ഇതു കൊണ്ടെല്ലാമാവാം യുവത്വം നഷ്ടപ്പെടാതിരിക്കുന്നതിന്റെ രഹസ്യം.'

കരിവെള്ളൂര്‍ ഗവ. ഹൈസ്‌കൂളില്‍ പത്താം ക്ലാസുവരെ ഞങ്ങള്‍ ഒപ്പം പഠിച്ചതാണ്. അന്നേ ശാന്തകുമാരി സൗന്ദര്യവതിയാണ്. മുടിയില്‍ സ്ഥിരമായി ഒരു പനിനീര്‍പൂവ് കുത്തിവെച്ചിട്ടുണ്ടാവും. അതിപ്പോഴും തുടരുന്നുണ്ട്. പൂക്കളോടും ചെടികളോടും ഉള്ള സ്‌നേഹം കുട്ടിക്കാലം മുതലേ ഉള്ളതാണുപോലും.

തന്റെ വഴികാട്ടിയും, പ്രോത്സാഹനം നല്‍കുന്ന വ്യക്തിയും ഭര്‍ത്തവായ വിജയരാഘവന്‍ നമ്പ്യാരാണ്. ദുബൈയില്‍ പ്രിന്റിംഗ് ടെക്‌നോളജി ഉദ്യോഗസ്ഥനായ ജീവന്‍ നമ്പ്യാര്‍, പാറ്റ്‌ന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വൈസ് പ്രീന്‍സിപ്പളായി സേവനം ചെയ്യുന്ന ജീനാ സജിത്ത്, ബെംഗളൂരുവില്‍ തോസണ്‍ റോയിട്ടേര്‍സില്‍ ജോലി ചെയ്യുന്ന ജിനേഷ് നമ്പ്യാര്‍ എന്നിവരാണ് മക്കള്‍.

എഴുപതിലെത്തിയിട്ടും തളരാതെ മുന്നേറുന്ന ടീച്ചറുടെ ഇപ്പോഴത്തെ ലക്ഷ്യം ഇന്ത്യ മുഴുവന്‍ കാണുകയെന്നതാണ്. കഴിഞ്ഞ മാസം ജമ്മുകാശ്മീര്‍ സന്ദര്‍ശിച്ചു വന്നതേയുള്ളു. ശാന്തകുമാരി ടീച്ചര്‍ എന്നും പാവപ്പെട്ടവരെ സഹായിക്കാന്‍ മുന്നിലുണ്ടാവും. സ്വന്തം മനസ്സിന് സന്തോഷമുണ്ടാക്കുന്ന ഒരു പ്രവൃത്തിയായിട്ടേ ടീച്ചര്‍ അത് കാണുന്നുള്ളു. പേരിനും പ്രശസ്തിക്കും വേണ്ടിയല്ല. അങ്ങനെ ചെയ്യുന്നതെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. യുവത്വം വിട്ടുമാറാത്ത ഈ എഴുപതുകാരിയെ സദാ പുഞ്ചിരിപൊഴിച്ചു നില്‍ക്കുന്ന മുഖഭാവത്തോടെ മാത്രമെ കാണാന്‍ കഴിയൂ. സാധുജനങ്ങളെയും ജീവിത വഴിയില്‍ തളര്‍ന്നു നില്‍ക്കുന്ന കുട്ടികളെയും സഹായിക്കാന്‍ ഇനിയുമവര്‍ക്കു കഴിയട്ടെയെന്ന് നമുക്കു പ്രത്യാശിക്കാം..

 അറിയപ്പെടാത്ത വനിതാ സമൂഹ്യപ്രവര്‍ത്തകര്‍ - 7; എഴുപതിലെത്തിയിട്ടും ടി സി ശാന്തകുമാരി ടീച്ചര്‍ക്ക് പതിനേഴിന്റെ ചുറുചുറുക്കും സൗന്ദര്യവും നഷ്ടപ്പെടാത്തതിന്റെ കാരണം ഇതാണ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Story of my footsteps - 102, kasaragod, Article, Kerala, Kookanam-Rahman, Writer

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia