city-gold-ad-for-blogger
Aster MIMS 10/10/2023

മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം പതിനാല്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 19.08.2017) 'പാത്തുമ്മേത്യാറെ ങ്ങ്‌ളെ പൈ ഞാങ്ങളെ പൊട്ട കിണറില്‍ വീണിറ്റിണ്ട്' അയല്‍ വീട്ടിലെ കോയ്യന്‍ ചിരുകണ്ടന്റെ ഭാര്യ കുഞ്ഞാതി ഉമ്മൂമ്മയോട് പറയുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കണ്ണുതിരുമ്മി അടുത്ത വീട്ടിലെ പൊട്ടന്‍ കിണറിനെ ലക്ഷ്യമാക്കി ഓടി. മാതൈ പൈ കിണറില്‍ നിന്ന് കരയുന്നു. ആളുകളെ വിളിച്ചു കൂട്ടി കോത്തായി കുഞ്ഞിരാമനും, ഉണ്ടത്തിമ്മനും കിണറിലിറങ്ങി. കയര്‍ കെട്ടി വലിച്ചു കയറ്റാന്‍ ശ്രമിച്ചു. എങ്ങിനെയെല്ലാമോ പാവം മാതൈ പൈ കരയ്ക്കു കയറി.

മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

അന്ന് എല്ലാവീടിലും കന്നുകാലി വളര്‍ത്തലുണ്ട്. മൂന്നു പശുക്കള്‍ ഞങ്ങളുടെ ആലയിലും ഉണ്ടായിരുന്നു. മാതൈ, കല്യാണി, സുന്ദരി എന്നൊക്കെയാണവയുടെ പേര്. മാപ്പിളാരുടെ വീട്ടിലാണ് വളരുന്നതെങ്കിലും പശുക്കളുടെ പേരെല്ലാം ഹിന്ദുക്കളുടേതായിരുന്നു. എന്തുകൊണ്ട് പശുക്കള്‍ക്ക് മുസ്ലിം പേരായ പാത്തുമ്മ. കുഞ്ഞാമി, എന്നൊന്നൊന്നും പേരുവിളിച്ചില്ല എന്ന സംശയമൊന്നും അന്നുണ്ടായിരുന്നില്ല. ഇന്നാണെങ്കില്‍ അത്തരം പേരു വിളിക്കുന്നതിന് തടസ്സമുണ്ടായേനെ.

അതിരാവിലെ കാലികളെ മേയാന്‍ കൊണ്ടു പോകുന്നതിന്റെ ചുമതല അതത് വീടുകളിലെ കുട്ടികള്‍ക്കായിരുന്നു. അതൊരു സുഖമുള്ള പ്രവര്‍ത്തിയായിട്ടാണ് ഞങ്ങള്‍ കുട്ടികള്‍ കണ്ടിരുന്നത്. ഓരോ വീട്ടില്‍ നിന്നും കന്നുകാലികളെ ആലയില്‍ നിന്ന് തുറന്നുവീടും. കഴുത്തില്‍ തട്ട (മരം കൊണ്ട് നിര്‍മിച്ച ശബ്ദം ഉണ്ടാക്കുന്ന ഉപകരണം) കെട്ടും. അവ കഴുത്തില്‍ കിടന്നാടുമ്പോള്‍ ശബ്ദം ഉണ്ടാകും. കന്നുകാലികള്‍ എവിടെ ഉണ്ട് എന്നറിയാനുള്ള ഒരു വിദ്യയായിരുന്നു അത്.

കിളകളിലൂടെ കന്നുകാലികള്‍ ഒന്നിനു പിറകെ ഒന്നായി നടന്നു നീങ്ങും. കോരന്‍ മേസ്ത്രീയുടെയും കാരിക്കുട്ടിയുടെയും പറമ്പുകളുടെ സമീപത്തൂടെ കൂളിക്കുന്ന് ലക്ഷ്യമാക്കി അവ നടന്നകലും. ഞങ്ങള്‍ കുട്ടികള്‍ വടിയുമായി പിന്നിലുണ്ടാവും. പച്ചപ്പുല്ല് വിരിച്ച കുന്നിന്‍ പുറങ്ങളിലൂടെ യഥേഷ്ടം അവ മേഞ്ഞു നടക്കും. അല്‍പം ചില കൊസ്രാക്കൊള്ളികളൊക്കെ പശുക്കളും കാളകളും തമ്മില്‍ നടക്കും. തമ്മില്‍ കൊമ്പുരുമ്പി കുത്തിയോടിക്കലും, കാളകൂടലും എല്ലാം ഇവിടെ വെച്ചു നടക്കും. അവ കുന്നിന്‍ മുകളില്‍ മേയാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ കുട്ടികള്‍ തിരിച്ചു വീടുകളിലെത്തും.

സന്ധ്യയോടെ കന്നുകാലികള്‍ തിരിച്ചു വരും. ആരും അതിനെ തെളിച്ചു കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. കൃത്യമായി അവ തങ്ങളുടേതായ പറമ്പുകളിലെ ആലയിലെത്തിക്കൊള്ളും. ആലയിലെത്തിയാല്‍ അവയെ കെട്ടിയിടുന്ന ജോലിയെ വീട്ടുകാര്‍ക്കുള്ളൂ. ഒരു ദിവസം വൈകീട്ട് കാലികളെ ആലയില്‍ കെട്ടിയത് ഞാനായിരുന്നു. നേരം സന്ധ്യ കഴിഞ്ഞിരുന്നു. ആല വീട്ടില്‍ നിന്ന് കുറച്ചകലെയുള്ള വടക്കേവളപ്പിലാണ്. ഒറ്റയ്ക്കായതിനാല്‍ ഭയന്നാണ് കാലികളെ കെട്ടിയത്. അതില്‍ കല്യാണി പൈയെ കെട്ടിയപ്പോള്‍ കയറ് കുടുങ്ങി പോയെന്ന് തോന്നി. രാവിലെ ആലയില്‍ ചെന്ന് നോക്കിയപ്പോള്‍ ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി. കല്യാണി പൈ കയര്‍ കഴുത്തില്‍ കുടുങ്ങി തലകുത്തി വീണു കിടക്കുന്നു. കയര്‍ അറുത്തുമാറ്റി. ശ്വാസം മുട്ടി പശു ചത്തു പോയി. ഞാന്‍ കുറേനേരം കരഞ്ഞു. അന്ന് ഭക്ഷണം പോലും കഴിച്ചില്ല. അതിനെ ചെരുപ്പു കുത്തികള്‍ വന്ന് തണ്ടിട്ട് കെട്ടിക്കൊണ്ടു പോയി. മറക്കാന്‍ കഴിയാത്ത ഒരു വേദനയായി മനസ്സില്‍ ഇന്നും അത് തങ്ങി നില്‍ക്കുന്നു.

എല്ലാവീട്ടിലും കറവയുണ്ട്. പാലിനും, മോരിനും പഞ്ഞമില്ലാത്ത കാലം. കാലികള്‍ക്ക് ഇഷ്ടം പോലെ മേഞ്ഞു നടക്കാനുള്ള കുന്നിന്‍ പുറങ്ങളും, മൈതാനങ്ങളും. അവയ്ക്ക് ദാഹം തീര്‍ക്കാന്‍ പറ്റുന്ന ചെറിയ ചെറിയ വെള്ളക്കെട്ടുകളും കുന്നിന്‍ പുറങ്ങളില്‍ സുലഭം. മിക്ക വീടുകളിലും കറവയുടെ ഉത്തരവാദിത്തം സ്ത്രീകള്‍ക്കായിരുന്നു. നാടന്‍ പശുക്കളാണ്. പാലിന്റെ അളവു കുറവാണ്. എങ്കിലും ആവശ്യത്തിന് പാല് ലഭിക്കുകയും ചെയ്യും. രണ്ടു നേരം കറവ ഉണ്ടാവും. പശുക്കിടാവിനെക്കൊണ്ട് തളളപ്പശുവിന്റെ മുലകുടിപ്പിക്കും പശുവിന്റെ അകിട് നിറയുമ്പോള്‍ കറന്നെടുക്കും.

അക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വയറില്‍ നിന്ന് ചോര പോകുന്ന അസുഖമുണ്ടാവാറുണ്ട്. അത്തരം അസുഖത്തിന് ഏറ്റവും നല്ല ഔഷധം എരുമപ്പാലാണ്. ചില വീടുകളില്‍ എരുമകളെയും വളര്‍ത്താറുണ്ട്. ചോര പോക്കുള്ളവര്‍ അതിരാവിലെ വെറും വയറ്റില്‍ കറന്നെടുത്ത ഉടനെയുള്ള എരുമപ്പാല്‍ കുടിച്ചാല്‍ അസുഖംമാറും. അപ്യാല്‍ ചെറിയമ്പുവേട്ടന്റെ വീട്ടില്‍ പലപ്പോഴും വെറും വയറ്റില്‍ ചുടുള്ള ഏരുമപ്പാല്‍ കുടിക്കാന്‍ ചെന്നതും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.

വീടിനകവും കളവും ചാണകം മെഴുകിയാണ് വെടിപ്പാക്കിയിരുന്നത്. മുസ്ലിം വീടുകളും അത് വിഭിന്നമായിരുന്നില്ല. ചകിരിക്കരിയും ചാണകവും കുഴച്ച് വീടിനകം ചാണകം മെഴുകും. ചാണകം 'നെജീസ്' ആണ് ദേഹത്ത് വീഴരുത് എന്നൊക്കെ ഉമ്മുമ്മ ഇടയ്ക്ക് പറയും. അന്ന് ഗ്രാമത്തിലെ എല്ലാം വീടുകളും ചാണകം മെഴുകി വൃത്തിയായും വെടിപ്പായും സൂക്ഷിക്കുമായിരുന്നു.

കന്നുകാലി വളര്‍ത്തലും, കൃഷിയും, ഭക്ഷണരീതികളിലും, ജീവിത ശൈലിയും പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്നു. അക്കാലത്ത് എന്റെ ഗ്രാമത്തിന്റെ ആ പഴയമുഖം മാറിക്കൊണ്ടിരിക്കുന്നു. ആലകളില്ലാതായി, കന്നുകാലി വളര്‍ത്തല്‍ മോശപ്പെട്ട തൊഴിലായി കൃഷിയിടങ്ങളെല്ലാം പറമ്പുകളായി. അവിടങ്ങളില്‍ കോണ്‍ക്രീറ്റ് വീടുകള്‍ ഉയര്‍ന്നു വന്നു. എല്ലാത്തിനും മാര്‍ക്കറ്റുകളെ ആശ്രയിക്കേണ്ടി വന്നു. ജീവിതത്തിന്റെ സകല മേഖലകളിലും മാറ്റം വന്നു. മനുഷ്യരുടെ സ്വഭാവത്തില്‍ ജീവിതത്തില്‍ നടപ്പില്‍ സ്‌നേഹ പ്രകടനത്തില്‍ എല്ലാം മാറ്റം വന്നുകൊണ്ടിരിക്കുന്നു.

ഒരു കാലത്ത് നിലനിന്നിരുന്ന ഗ്രാമീണ സൗകര്യം നഷ്ടപ്പെട്ടു കഴിഞ്ഞു. അക്കാലത്തേക്ക് ഒരു തിരിച്ചു പോക്ക് ഇനി സാധ്യമല്ല. പക്ഷെ ഒരു തിരിഞ്ഞു നോട്ടം വേണം താനും. ഇങ്ങിനെയൊക്കെയായിരുന്നു കഴിഞ്ഞ തലമുറ ഇവിടെ ജീവിച്ചു വന്നതെന്ന് ഇളം തലമുറയെ ബോധ്യപ്പെടുത്താനെങ്കിലും ഈ തിരിഞ്ഞു നോട്ടം സഹായകമായെങ്കില്‍ എന്നാശിച്ചു പോവുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kookanam-Rahman, Article, Cow, Family, Milk, Name, Farming, Village, Story of my foot steps part 14. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia