അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
Aug 9, 2017, 20:30 IST
നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം പതിമൂന്ന്)
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 09.08.2017) കുഞ്ഞുനാളിലെ ചില സംഭവങ്ങള്‍ ഓര്‍മയില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു. അതിലൊന്നാണ് തറവാട്ടില്‍ നടന്ന റാത്തീബ് നേര്‍ച്ച. കുടുബാംഗങ്ങളെല്ലാം ഒന്നിച്ചു കൂടുന്ന ദിവസം. അന്ന് രാവിലെ മുതല്‍ ബന്ധു ജനങ്ങള്‍ എത്താന്‍ തുടങ്ങും. രാത്രിയാണ് റാത്തീബ്. ഒന്നിച്ചു കളിക്കാന്‍ ഒരുപാടു കുട്ടികളുണ്ടാവും. ഓടിത്തിമിര്‍ക്കാം. വഴക്കുകൂടാം. വീണ്ടും കൂട്ടുകൂടാം. പ്രശ്‌നമായാല്‍ കുട്ടികളായ ഞങ്ങള്‍ ഉമ്മമാരുടെ അടുത്തേക്ക് ഓടിച്ചെല്ലും. പരാതി പറയും കോടതി എല്ലാ കുട്ടികളെയും ഒരുമിപ്പിച്ച് നിര്‍ത്തി പ്രശ്‌നമാക്കാതെ, വഴക്കുകൂടാതെ കളിക്കാന്‍ ഉത്തരവിടും. വീണ്ടും ഓട്ടവും, ഒളിച്ചുകളിയും തകൃതിയാവും. ആ നനുത്ത കുളിരുള്ള ഓര്‍മകള്‍ ഇന്നും മനസില്‍ ആഹ്ലാദമുണ്ടാക്കുന്നു. ഒപ്പം ആ നല്ല കാലം നഷ്ടപ്പെട്ടു പോയതിലുള്ള നൊമ്പരങ്ങളും.
റജബ് മാസം പതിനേഴാം രാവാണ് നേര്‍ച്ച കൂടുക. കരിവെള്ളൂര്‍ പള്ളിയില്‍ നിന്നാണ് മൗലവിമാരും, മുക്രിയും, തണ്ണീന്‍ കോരിയും മറ്റ് സ്ഥിരം നേര്‍ച്ചചൊല്ലാന്‍ പോകുന്ന ആളുകളും കൂക്കാനത്തുള്ള തറവാട്ടു വീട്ടിലേക്ക് വരേണ്ടത്. അരമണിക്കൂറെങ്കിലും നടന്നു വേണം വരാന്‍, റോഡില്ല. വാഹനങ്ങളില്ല. മുമ്പിലൊരാള്‍ പെട്രോമാക്‌സ് പിടിച്ചു നടക്കും. വീട്ടിനടുത്ത് എത്താറാവുമ്പോള്‍ അവര്‍ 'ബൈത്ത്' ചൊല്ലാന്‍ തുടങ്ങും. ആ വരവ് ഞങ്ങള്‍ കുട്ടികള്‍ ഭയപ്പാടോടെയാണ് നോക്കി നില്‍ക്കുക.
മുറ്റത്ത് വലിയ ചെമ്പു പാത്രങ്ങളില്‍ വെള്ളം നിറച്ചു വെച്ചിട്ടുണ്ടാകും. വെള്ളം കോരിയെടുക്കാന്‍ അതില്‍ 'ഓലങ്ക'വും ഉണ്ടാവും. വന്നവര്‍കാലും കഴുകി അകത്തുകയറും. 'കൊട്ടിലപ്പുറത്തെ' തിണ്ണമേല്‍ പായ പിരിച്ചിട്ടുണ്ടാവും. അതിലേക്ക് എല്ലാവരും കയറി ഇരിക്കും.
നേര്‍ച്ച ചൊല്ലാന്‍ വൃത്താകൃതിയിലാണ് ആളുകള്‍ ഇരിക്കുക. ഒത്തനടുവില്‍ നിലവിളക്ക് കത്തിച്ചു വെച്ചിട്ടുണ്ടാവും. വാഴക്കാമ്പിന്‍ കഷണത്തില്‍ ചന്ദനത്തിരി കത്തിച്ചു വെച്ചിട്ടുണ്ടാവും. നേര്‍ച്ച ചൊല്ലാന്‍ നേതൃത്വം കൊടുക്കുന്ന ഉസ്താദ് നിലവിളക്കിനരികില്‍ നിവര്‍ത്തിവെച്ച 'കിത്താബ്' നോക്കി ഓതാന്‍ തുടങ്ങും. ദുആ നടത്തിയ ശേഷം നേര്‍ച്ച ചൊല്ലല്‍ ആരംഭിക്കും. ഇരുന്നാണ് ആദ്യം ചൊല്ലുക. ഉറക്കെ എല്ലാവരും ആവര്‍ത്തിക്കും. പിന്നെ എഴുന്നേറ്റ് നിന്നും ചൊല്ലും. അഹ്.......... ഇഹ്........ഉഹ്..... ഹയ്യു എന്നിങ്ങനെ ചൊല്ലുമ്പോള്‍ കുട്ടികളായ ഞങ്ങള്‍ അത്യൂച്ചത്തില്‍ ആവര്‍ത്തിക്കും. അഹ്.......... ഇഹ്........ഉഹ്..... അര്‍ത്ഥമറിയില്ലെങ്കിലും താളാത്ഥകമായി ഞങ്ങള്‍ ഉറക്കെ ആവര്‍ത്തിച്ചു ചൊല്ലും. തൊണ്ട ശരിയാവാന്‍ കല്‍ക്കണ്ടവും തേങ്ങാപൂളും കിട്ടും. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നാവില്‍ വെള്ളമൂറും.
***
റാത്തീബ് നേര്‍ച്ചയ്ക്ക് ഒരു വര്‍ഷം മുമ്പേ ഒരുക്കങ്ങളാരംഭിക്കും. ചെറിയ കോഴിക്കുഞ്ഞുങ്ങളെ നാലോ അഞ്ചോ എണ്ണത്തിനെ നേര്‍ച്ചയ്ക്കിടും. കോഴി അടയിരുന്ന് വിരിഞ്ഞ കുഞ്ഞുങ്ങളെയാണ് നേര്‍ച്ചക്കോഴികളാക്കുക. അവയെ പരുന്തും മറ്റും റാഞ്ചിക്കൊണ്ടു പോവില്ല എന്നാണ് വിശ്വാസം. ആ കോഴികളെ ചീത്ത വിളിക്കാന്‍ പാടില്ല, അവ കൊഴുത്ത് തടിച്ച് വളരും...
നേര്‍ച്ച ദിവസം ഈ കോഴികളെ അറുക്കാന്‍ മൊയ്‌ലാര്‍ക്ക ഉച്ചയോടെ എത്തും. കോഴിയെ അറുക്കുന്നത് കാണാന്‍, അവ പിടഞ്ഞു മരിക്കുന്നതു കാണാന്‍, ഞങ്ങള്‍ ഭയത്തോടെയാണെങ്കിലും നോക്കി നില്‍ക്കും. കോഴിയെ അറുക്കാന്‍ പിടിച്ചു കൊടുക്കണം, അതിന് ഞങ്ങളുടെ കൂട്ടത്തിലെ ധൈര്യവാന്മാര്‍ തയ്യാറാവും.
മുടിക്കത്തിക്ക് മൂര്‍ച്ചവരുത്തി മൊയ്‌ലാര്‍ക്ക അദ്ദേഹത്തിന്റെ പാദത്തിന്‍മേല്‍ വെക്കും. കിണ്ടിയും വെള്ളവും അടുത്ത് തയ്യാറാക്കി വെക്കും. കോഴിയുടെ ഇരുകാലുകളും കൂട്ടിപ്പിടിച്ച്, കഴുത്ത് വലിച്ചു പിടിക്കലാണ് കുട്ടികളുടെ പണി. മൊയ്‌ലാര്‍ക്ക കുനിഞ്ഞ് നിന്ന് കോഴിയുടെ കഴുത്തില്‍ കത്തിവെച്ച് ബിസ്മി ചൊല്ലി അറുക്കും. ചോരവാര്‍ന്നൊലിക്കും. അറവു കഴിഞ്ഞാല്‍ കോഴിയെ നിലത്തു വെക്കും. അതിന്റെ പിടച്ചിലു കാണണം!! ചില കുരുത്തംകെട്ട കുട്ടികള്‍ ആ കാഴ്ച കണ്ട് ആര്‍ത്തു ചിരിക്കുന്നുണ്ടാവും.
ചിലകോഴികള്‍ കുറേ സമയം ചോരവാര്‍ന്നൊഴുകുന്ന കഴുത്തുമായി എഴുന്നേറ്റു നടക്കും. പിന്നെ വീണു പിടച്ചു പിടച്ചു മരിക്കും. ശ്വാസം നിലച്ചാല്‍ കോഴികളെ തൂക്കിയെടുത്ത് അടുക്കള ഭാഗത്തേക്ക് എത്തിച്ചു കൊടുക്കേണ്ട ചുമതലയും ആണ്‍ കുട്ടികളായ ഞങ്ങളുടേതാണ്. കുശിനിപ്പണിക്കായി കരല്ലൂറില്‍ (കരിവെള്ളൂര്‍) നിന്ന് പെണ്ണന്ത്രുമാന്‍ച്ച, ഉസ്സനിച്ച, ആദന്‍ച്ച, അയ്‌സ്മിത്ത എന്നിവര്‍ അന്ന് രാവിലെ തന്നെ വീട്ടില്‍ ഹാജരാവും.
കുലക്കാന്‍ പ്രായമായ നാലഞ്ചുവാഴകളെ നേര്‍ച്ചവാഴകളായി മാറ്റിവെക്കും. അവ കാറ്റത്ത് പൊട്ടിവീഴില്ല. ഉണങ്ങിപ്പോവില്ല, എന്നൊക്കെയാണ് വിശ്വാസം. നേര്‍ച്ചയ്ക്ക് ഒരു ആഴ്ച മുമ്പേ കുലവെട്ടും. കുഴിയെടുത്ത് അതില്‍ പഴുക്കാന്‍ വെക്കും. ഓലച്ചൂട്ട് അതിനകത്തേക്ക് കടത്തിവെക്കും. ദിവസം രാവിലെയും വൈകിട്ടും പുകയിടും. നേര്‍ച്ച ദിവസം രാവിലെ കുഴിതുറക്കും. നല്ല തുടുത്ത വാഴപ്പഴം. പഴുത്തവാഴക്കുല മീത്തലെ കൊട്ടിലില്‍ തുലാത്തിന് തൂക്കിയിടും. ഒരു പഴം പോലും എടുക്കാന്‍ പറ്റില്ല. നേര്‍ച്ചക്കാര്‍ക്ക് കൊടുത്തിട്ടേ അത് തൊടാന്‍ പോലും പാടുള്ളൂ...
കുട്ടികളായ ഞങ്ങള്‍ക്ക് ഇനിയും കുറേ പണികളുണ്ട്. അക്കരമ്മലെ കുഞ്ഞാമിന്‍ത്താന്റെ പുരക്ക് പോയി പാത്രങ്ങള്‍ കൊണ്ടുവരണം. കുഞ്ഞാമിന്‍ത്താന്റെ പുയ്യാപ്ല സിങ്കപ്പൂര്‍ക്കാരാനാണ്. ഓറ് സിങ്കപ്പൂരില്‍ നിന്ന് കൊണ്ടു വന്ന പാത്രം കുഞ്ഞാമിന്‍ത്ത പത്തായത്തില്‍ പൂട്ടിവെക്കും. അരയിലെ നൂലില്‍ തൂക്കിയിട്ട് താക്കോലെടുത്ത് കുഞ്ഞാമിന്‍ത്ത പാത്രങ്ങളെടുത്ത് പുറത്ത് വെക്കും. വലിയസാണ്. കുഞ്ഞിസാണ്, പിഞ്ഞാണം, പൂവുള്ളഗ്ലാസ്, സൂപ്ര ഇതൊക്കെ വീട്ടിലെത്തിക്കണം. 'സൂച്ചിച്ച് കൊണ്ടോണം മക്കളേ' എന്ന് കുഞ്ഞാമിന്‍ത്ത നാലഞ്ചു തവണ ഓര്‍മിപ്പിക്കും...
നേര്‍ച്ച കഴിഞ്ഞ ഉടനെ ഭക്ഷണം. എല്ലാം തയ്യാറായിട്ടുണ്ടാകും. തിണ്ണമേല്‍ വലിയ സൂപ്രവിരിക്കും. ആദ്യ ഭക്ഷണം അവല് കുഴയും, പഴവുമാണ്. അത് കഴിഞ്ഞാല്‍ നെയ്‌ച്ചോറും കോഴിക്കറിയും. നാടന്‍ പശുവിന്‍ നെയ്യിലുണ്ടാക്കിയ നെയ്‌ച്ചോറിന്റെയും, നാടന്‍ കോഴിക്കറിയുടെയും മണവും രുചിയും ഇന്നലെയെന്നപോലെ ഇന്നും ഓര്‍മവരുന്നു.
വലിയസാണില്‍ നിറയെ നെയ്യ്‌ച്ചോര്‍ വിളമ്പും. ചോറിന് മുകളില്‍ കോഴിക്കാല്‍ പൊരിച്ചത് കുത്തിവെച്ചിട്ടുണ്ടാവും. എല്ലാവരും ഒരേ പാത്രത്തില്‍ നിന്ന് കഴിക്കും. ഒരു വലിയ സാണില്‍ എട്ടോപത്തോ ആള്‍ക്ക് ഒന്നിച്ചു കഴിക്കാന്‍ പറ്റും. ആ ഒരുമ... സ്‌നേഹം....പങ്കുവെയ്പ് ഇനി എന്നുണ്ടാവാന്‍?.
ഭക്ഷണം കഴിഞ്ഞ് ഏമ്പക്കംവിട്ട്. ഒന്നു കൂടി ഇരുന്ന് ദുആ ചെയ്ത് മൊയ്‌ലാറുടെ നേതൃത്വത്തിലുള്ള സംഘം യാത്രയാവും. ആണ്ടില്‍ കാണാമെന്ന് പറഞ്ഞു സലാം ചൊല്ലി പിരിയും. നേര്‍ച്ചയും വിശ്വാസവുമല്ല. ഇതിനുപിന്നില്‍ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന ഒരു സംഭവമുണ്ട്. അതിന് അനുയോജ്യമായ രീതിയില്‍ പഴയ കാരണവന്മാര്‍ ഉണ്ടാക്കിവെച്ച ഒരു ചടങ്ങാണിത്. പരിഷ്‌ക്കാരത്തിന്റെ പേരില്‍ ഇത്തരം നേര്‍ച്ചകളും മറ്റും അന്യം നിന്നുപോയി.
നേര്‍ച്ച കഴിച്ചില്ലെങ്കില്‍ തറവാട്ടിലെ അംഗങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്നോ, നേര്‍ച്ചക്കാര്‍ കോപിക്കുമെന്നോ ഒക്കെയുള്ള വിശ്വാസത്തിന്റെ പേരില്‍ അത് നിര്‍ബന്ധമായി ചെയ്തുവന്നു. കുടുംബാംഗങ്ങളും അതേ വിശ്വാസത്തില്‍ ഒത്തുകൂടി. വര്‍ഷത്തിലൊരു ദിവസം വിശ്വസത്തിന്റെ പേരിലാണെങ്കില്‍ പോലും കുടുംബാഗങ്ങളെ ഐക്യപ്പെടുത്തുന്ന ഒരു വേദിയായിരുന്നു അത്.
വിശ്വസത്തിന്റെയും ഭയത്തിന്റെയും പേരിലായാലേ ഇത്തരം കൂടിച്ചേരലുകള്‍ നടക്കൂവെന്ന് പഴയകാല മനുഷ്യര്‍ക്കറിയാമായിരുന്നു. അതിനവര്‍ ആ വഴി കണ്ടെത്തി. പക്ഷെ ഇന്ന് വിശ്വാസമില്ലായ്മയുടെ പേരില്‍ കുടുംബ കൂടിച്ചേരലുകള്‍ ഒരുക്കിയിരുന്ന നേര്‍ച്ചകളും മറ്റും പഴഞ്ചനാക്കി മാറ്റി നിര്‍ത്തപ്പെട്ടു. തറവാടുകള്‍ പൊളിഞ്ഞു. വീതം വെച്ച് അംഗങ്ങള്‍ സ്വന്തം വീട് വെച്ച് താമസം തുടങ്ങി. അപ്പോള്‍ തറവാട്ടിലെ നേര്‍ച്ച വേണ്ടാതായി. പരസ്പരം കൂടിച്ചേരാനോ, സുഖദുഃഖങ്ങള്‍ പങ്കിടാനോ ഉള്ള അവസരങ്ങളില്ലാതായി. ഓരോതുരുത്തായി കഴിഞ്ഞു കൂടുന്ന അണുകുടുംബങ്ങള്‍, അവരുടെ വേദനകളും യാതനകളും തേങ്ങലുകളായി ഒതുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറി...
പരിഷ്‌ക്കാരികളായ ചില തറവാടുകാര്‍ കുടുംബസംഗമങ്ങളും, ഒത്തുചേരലുകളും നടത്തുന്നുണ്ട്. പക്ഷെ മനസ്സറിഞ്ഞ്, ഉള്ളുതുറന്ന്, സുഖ ദുഃഖങ്ങള്‍ പങ്കിടാന്‍ അതുകൊണ്ടാവുമോ? നഷ്ടപ്പെട്ടുപോയ ഗ്രാമീണത നിറഞ്ഞ, സുകൃത കാഴ്ചകളും സൗഹൃദ കൂടിച്ചേരലുകളും ഇനി എന്നുണ്ടാവാന്‍, പഴയകാല അനുഭവങ്ങള്‍ ഓര്‍ത്ത് നെടുവീര്‍പ്പിടുകയും, മനസിന്റെ ഏതെങ്കിലും കോണില്‍ കുളിര്‍മയോടെ കാത്തു സൂക്ഷിക്കുകയും ചെയ്യുകയേ നിര്‍വാഹമുള്ളൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kookanam-Rahman, Article, House, Programme, Religion, Aandu Nercha, Muslims, Story of my foot steps part 13.