city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്റെ രണ്ട് കുഞ്ഞുങ്ങളുടെ തന്തയാരാണെന്ന് എനിക്കും അങ്ങേര്‍ക്കും ദൈവത്തിനും മാത്രമെ അറിയൂ.. അദ്ദേഹത്തിന് ഒരു കുടുംബവും വിവാഹപ്രായമെത്തിയ രണ്ട് പെണ്‍മക്കളുണ്ട്; ഞാനത് പുറത്ത് പറഞ്ഞാല്‍ ആ കുടുംബം തകരും; മിനിയുടെ അനുഭവം

നടന്നുവന്ന വഴിയിലൂടെ (ഭാഗം-107) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 03.09.2019)  
വെസ്റ്റ് എളേരി പഞ്ചായത്തില്‍പെട്ട നര്‍ക്കിലക്കാട് ബസിറങ്ങി അല്പം നടന്നാല്‍ വലിയ തൊട്ടി കോളണിയിലെത്താം. അവിടെ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച കുടിലില്‍ അഞ്ച് ജീവിതങ്ങള്‍ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി കഴിയുന്നു. ഞങ്ങള്‍ അവിടെ കടന്നു ചെല്ലുമ്പോള്‍ ഏകദേശം നാല്പത് വയസിനോടടുപ്പം തോന്നുന്ന ഒരു സ്ത്രീ കുടിലിനകത്ത് ഇരിപ്പുണ്ട്. പേര് മിനി എന്ന് പറഞ്ഞു. കുട്ടികളെല്ലാം സ്‌കൂളില്‍ പോയിരിക്കയാണ്.

ഒരാഴ്ച മുമ്പ് സുരക്ഷാ പ്രോജക്ട പ്രവര്‍ത്തകര്‍ ഏളേരിയില്‍ നടത്തിയ ഒരു ബോധവല്‍ക്കരണ ക്ലാസില്‍ മിനി പങ്കെടുത്തിരുന്നു. പ്രസ്തുത ക്ലാസ് കഴിഞ്ഞപ്പോള്‍ മിനി സ്വന്തമായി എഴുതിയ ഒരു നാടന്‍ പാട്ട് പാടി. അത് ക്ലാസിനെക്കുറിച്ചായിരുന്നു. അതിന്റെ ഉള്ളടക്കം ഇതായിരുന്നു. ബോധവല്‍ക്കരണ ക്ലാസ് എത്ര തവണ നടന്നു സാറെ.. എന്നിട്ടും ഞങ്ങള്‍ക്കാര്‍ക്കും ഒരു ബോധവും ഇതേവരെ വന്നിട്ടില്ല. രോഗം വന്നാല്‍ തുറന്നു പറയില്ല. പുകയിലമുറുക്ക് ഒഴിവാക്കിയില്ല. റാക്ക് കുടി നിര്‍ത്തിയില്ല. പിന്നെന്തിനാ സാറെ ഈ ബോധവല്‍ക്കരണം?'

എന്റെ രണ്ട് കുഞ്ഞുങ്ങളുടെ തന്തയാരാണെന്ന് എനിക്കും അങ്ങേര്‍ക്കും ദൈവത്തിനും മാത്രമെ അറിയൂ.. അദ്ദേഹത്തിന് ഒരു കുടുംബവും വിവാഹപ്രായമെത്തിയ രണ്ട് പെണ്‍മക്കളുണ്ട്; ഞാനത് പുറത്ത് പറഞ്ഞാല്‍ ആ കുടുംബം തകരും; മിനിയുടെ അനുഭവം

മിനിയുടെ വേഷവും ഭാവവും പുറമേ പരുപരുത്തതാണെങ്കിലും മനസ്സ് നിര്‍മലമാണ്. പട്ടിണിയാണെങ്കിലും ആരോടും പരിഭവമില്ല. പത്താം ക്ലാസ് വരെ സ്‌കൂളില്‍  പോയിട്ടുണ്ട്. പാസായില്ല. കുറേ നോട്ടുബുക്കുകള്‍  ഞങ്ങളുടെ മുന്നിലേക്ക് വെച്ചു. നിറയെ കവിതകളാണ്. കയ്യെഴുത്ത് മനോഹരം. മനസ് നൊമ്പരപ്പെടുമ്പോള്‍ വയറ് വിശന്നാലും ഞാന്‍ എഴുതും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെകുറിച്ച് അതിമനോഹരമായി അവരുടെ വേദന നേരിട്ടനുഭവിച്ച രീതിയില്‍ ഒരു കവിതയുണ്ട് ബുക്കില്‍. രാഷ്ട്രീയ വൈര്യം വെച്ച് സ്‌കൂളിലേക്ക് പോകും വഴി ഒരു കുഞ്ഞിനെ കത്തിക്കിരയാക്കിയതിനെക്കുറിച്ച് ഒരമ്മയുടെ ദുഃഖം വിളിച്ചോതുന്ന വേറൊരു കവിത വായിച്ചു നോക്കി. ഹൃദയത്തില്‍ തട്ടുന്നതാണത്.

ഒരു കൂരയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മിനിയെന്ന ദളിത് സ്ത്രീയില്‍ കാവ്യദേവത പ്രസാദിച്ചിട്ടുണ്ട്. അവസരങ്ങളില്ലാത്തതിനാല്‍ അവരുടെ ജീവിതം പോലെ തന്നെ കവിതയെഴുത്തും മരവിച്ചു കിടപ്പാണ്. ഒന്ന് തൊട്ടുണര്‍ത്തിയാല്‍ മിനിയില്‍ നിന്ന് മിന്നുന്ന കവിതകള്‍  ഉറവിടും തീര്‍ച്ച.

മിനി കവിതയെഴും പോലെ തന്നെ അവര്‍ക്കൊരുപാട് അനുഭവ കഥയുണ്ട് പറയാന്‍. കേള്‍ക്കുന്ന നമ്മള്‍  പോലും ഞെട്ടിപ്പോവുന്ന അനുഭവങ്ങള്‍ നന്മയുടെ കാര്യത്തില്‍ അവരുടെ നാലയലത്തു പോലും നമുക്കെത്താന്‍ കഴിയില്ല. അനുഭവം കേട്ടിരുന്നു പോയി..

2002ല്‍ മിനിയുടെ 22-ാം വയസ്സില്‍ വിവാഹിതയായി. പ്രണയ വിവാഹമായിരുന്നു. ചന്ദ്രനെന്നാണ് ഭര്‍ത്താവിന്റെ പേര്. ആദ്യമൊക്കെ നല്ല സ്‌നേഹത്തിലായിരുന്നു. ക്രമേണ മദ്യത്തിന്നടിമയായി. മദ്യപിക്കാത്ത ദിവസങ്ങളില്ല. വഴക്കും തമ്മില്‍ തല്ലും തുടങ്ങി. അയല്‍പക്കക്കാരെയും ബന്ധുക്കളെയും മറ്റും വഴക്കു പറയല്‍ പതിവാക്കി. ഒരു ദിവസം മിനിയുടെ അമ്മയുടെ ഏച്ചിയുടെ മകനുമായി വഴക്കു കൂടുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്തു. അവന്‍ മരിച്ചു. കൊലപാതകിയായ ചന്ദ്രനെ അറസ്റ്റ് ചെയ്തു. ഒമ്പതു വര്‍ഷം ജയിലില്‍ കിടന്നു. ജയില്‍മോചിതനായി നാട്ടില്‍ വന്നു. വീണ്ടും സ്വഭാവം പഴയപടി തന്നെയായി.

ആത്മഹത്യക്കു ശ്രമിച്ചു. എലി വിഷം കഴിച്ചു. പക്ഷേ മരിച്ചില്ല. ദീര്‍ഘനാള്‍ ചികിത്സയിലായി. ആ കാലയളവിലും സ്‌നേഹമയിയായ മിനി അദ്ദേഹത്തെ പരിചരിച്ചു. അയാള്‍ മരണത്തിന് കിഴടങ്ങി.. അവിടെയും മിനി പിടിച്ചു നിന്നു. അതില്‍ രണ്ടു മക്കളുണ്ടായി. 9 ാം ക്ലാസില്‍ പഠിക്കുന്ന നിര്‍മല്‍ ചന്ദ്രനും, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നിശാന്ത് ചന്ദ്രനും. ഇതൊക്കെയായിട്ടും മിനിയുടെ മനസ്സു പതറിയില്ല. പട്ടിണി കിടന്നും കൂലിപ്പണി ചെയ്തും മക്കളെ പഠിപ്പിക്കുകയാണ്.

ഭര്‍ത്താവ് മരിക്കുമ്പോള്‍ രണ്ടു കുട്ടികളും പറക്കമുറ്റാത്തവരായിരുന്നു. ദുഃഖം കടിച്ചമര്‍ത്തി ജീവിച്ചു വരുന്നതിനിടയില്‍ സ്‌നേഹ പ്രകടനങ്ങളുമായി ഒരാള്‍ കടന്നു വന്നു. സ്ഥലത്തെ മാന്യനാണ്. അയാള്‍ക്ക് വേണ്ടത് കാമപൂരണത്തിന് മിനിയെ പ്രയോജനപ്പെടുത്തുകയെന്നത് മാത്രമാണ്. അല്പമെന്തെങ്കിലും സഹായം കിട്ടുമല്ലോ എന്ന ആശയും മിനിക്കുണ്ടായി. അയാളുടെ സ്‌നേഹ പ്രലോഭനത്തില്‍ അവള്‍ വീണു പോയി.

സന്താന നിയന്ത്രണത്തിന്റെ വിദ്യയൊന്നും അറിയില്ലായിരുന്നു അവള്‍ക്കന്ന്. മിനി ഗര്‍ഭിണിയായി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അവള്‍ക്കിന്ന് അഞ്ച് വയസായി. ആ മനുഷ്യന്റെ പീഡനം തുടര്‍ന്നു കൊണ്ടേയിരുന്നു. വീണ്ടും അവള്‍ ഗര്‍ഭിണിയായി. പലരും പറഞ്ഞു അബോര്‍ട്ട് ചെയ്യാന്‍. പക്ഷേ മിനി അതിന് വിസമ്മതിച്ചു. ഒരു ജീവന്‍ കളയാന്‍ അവള്‍ക്ക് മനസ്സു വന്നില്ല. മാത്രമല്ല ഞാന്‍ പിഴച്ച് പ്രസവിക്കുന്നതല്ലല്ലോ? ഒരു തന്തയുണ്ട് ഈ കുഞ്ഞിന്. അതയാള്‍ സമ്മതിക്കുന്നുമുണ്ട്. അതിനാല്‍ അയാളുടെ രണ്ടാമത്തെ കുഞ്ഞിനും ഞാന്‍ ജന്മം നല്‍കി.

പക്ഷേ അയാളുടെ മുമ്പില്‍ കൈ നീട്ടാനൊന്നും അവള്‍ പോവില്ല. കുഞ്ഞുങ്ങള്‍ക്കായി അറിഞ്ഞു നല്‍കുന്നത് ഞാന്‍ വാങ്ങിക്കും. 'അദ്ദേഹത്തിന്റെ പേരു പറയാമോ? ഇവിടെ അടുത്തു തന്നെയാണോ താമസം?' ഞങ്ങളുടെ ചോദ്യത്തിന് ദളിതും ദരിദ്രയുമായ മിനിയുടെ മറുപടി ഞങ്ങളെ അമ്പരപ്പിച്ചു.

'അതു ഞാന്‍ പറയില്ല സാറമ്മാരെ, കാരണം എന്താണെന്നോ? ഇതേവരെ ആരും അറിയില്ല ഈ കൊച്ചുങ്ങളുടെ തന്തയാരാണെന്ന്. എനിക്കും അങ്ങേര്‍ക്കും ദൈവത്തിനും മാത്രമെ അക്കാര്യമറിയൂ. അദ്ദേഹത്തിന് കുടുംബമുണ്ട്. വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍മക്കളുണ്ട്്. അദ്ദേഹത്തിന്റെ പേരും നാടും അിറഞ്ഞാല്‍ ആ കുടുംബം തകരും.'

നോക്കണേ. വിശാല മനസിന്റെ ഉടമയായ ഈ സഹോദരിയുടെ കാഴ്ചപ്പാട്. മറ്റാരുമാണെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് നമുക്കു ഊഹിക്കാവുന്നതേയുളളൂ. താന്‍ കഷ്ടപ്പെട്ടാലും തന്നെക്കൊണ്ട് മറ്റാരും കഷ്ടപ്പെടരുത് എന്ന ചിന്ത എത്ര മഹനീയമാണ്.

ഇതൊക്കെയായിട്ടും ഞാന്‍ ഇപ്പോള്‍ ഫുള്‍ ഹാപ്പിയാണെന്നാണ് മിനി ഞങ്ങളോട് പറഞ്ഞത്. പട്ടിണിയാണ് പല ദിവസങ്ങളിലും, ചോര്‍ന്നൊലിക്കുന്ന കൂരയാണ്. ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ല. മാസം 30 കിലോ അരി കിട്ടും. അത് കൊണ്ട് ഒരു വിധം ഒപ്പിച്ചു പോകുന്നു. മക്കള്‍ക്ക് സ്‌കൂളില്‍ നിന്ന് ഭക്ഷണം കിട്ടും. ഇതൊക്കെയാണ് മിനിയുടെ ന്യായം.

ആത്മ വിശ്വാസമുള്ള ഒരു സ്ത്രീ. അറ്റുള്ളവരെ പ്രയാസപ്പെടുത്താന്‍ തുനിയാത്ത മനസ്സ്. താന്‍ വേദനിച്ചാലും മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ നിന്ന് പിന്‍തിരിഞ്ഞു നില്‍ക്കാനുള്ള മനോനില. ഇതൊക്കെ സംസ്‌ക്കാര ചിത്തരെന്നും മറ്റും വീമ്പുപറഞ്ഞു നടക്കുന്നവര്‍ പഠിക്കേണ്ടതല്ലേ?

ജൂലൈ മാസം പതിനൊന്നാം തീയതി കാഞ്ഞങ്ങാട് പാന്‍ടെക്ക് സുരക്ഷാ ഓഫീസില്‍ വെച്ച് മിനിയെ അനുമോദിച്ചു. തുടര്‍ന്നും കവിതകള്‍ എഴുതുമെന്നും, വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ വേദനയോടെ ഞാനുമുണ്ടാകുമെന്നും മിനി പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചത് പ്രവര്‍ത്തകര്‍  ഹര്‍ഷാരവത്തോടെയാണ് അംഗീകരിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kookanam-Rahman, Article, Woman, Story of a Dalit Woman  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia