city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനം ചോദിക്കുന്നു: കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം 2017ലെന്ന മന്ത്രിയുടെ വാക്ക് ചാക്കാകുമോ?

-രവീന്ദ്രന്‍ പാടി

(www.kasargodvartha.com 04.11.2014) ദിയടുക്ക പെര്‍ളയില്‍ സ്ഥാപിക്കാന്‍ പോകുന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് 2017ല്‍ പൂര്‍ത്തിയാക്കുമെന്ന് ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ ആരോഗ്യമാന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിക്കുകയുണ്ടായി. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയുടെ ഉദ്ഘാടന പരിപാടി അടക്കമുള്ള ഒരു കൂട്ടം തിരക്കിട്ട പരിപാടികളില്‍ സംബന്ധിക്കാന്‍ തിരക്കിട്ടെത്തിയ മന്ത്രി കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടും തുടര്‍ന്ന് കാസര്‍കോട് നഗരസഭയുടെ വനിതാഭവന്‍ ഓഡിറ്റോറിയത്തില്‍ സീതാലയം പരിപാടി ഉദ്ഘാടനം ചെയ്തും സംസാരിക്കവേയാണ് ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞത്.

മെഡിക്കല്‍ കോളജ് വിഷയത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. എന്നാല്‍ മെഡിക്കല്‍ കോളജ് എന്ന ആശയം ഉദിച്ചതുമുതല്‍ ഇതുവരെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക മാത്രമെ ഉണ്ടായിട്ടുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. ഇനിയും പണിതുടങ്ങാത്ത ഗവ. മെഡിക്കല്‍ കോളജ് 2017ല്‍ പൂര്‍ത്തിയാകുമെന്നതിന് എന്തുറപ്പാണ് തന്റെ പക്കലുള്ളതെന്ന് മന്ത്രി വ്യക്തമാക്കിയില്ല. ആരും അത് അന്വേഷിച്ചുമില്ല. മെഡിക്കല്‍ കോളജിനുവേണ്ടി നബാര്‍ഡിനോട് 150 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമെ പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ പണംകൊണ്ട് പണി തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

നവംബര്‍ 30ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപന കര്‍മം നടത്തുമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ ഔദ്യോഗിക വിവരം. ആരോഗ്യ വകുപ്പ് മന്ത്രിയും ചടങ്ങില്‍ സംബന്ധിക്കും. ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വരുന്നതും ബദിയടുക്ക വില്ലേജില്‍പെടുന്നതുമായ ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളജ് വരാന്‍ പോകുന്നത്. ഇതിനായി 65 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. 300 കിടക്കകളുള്ള ആശുപത്രിയാണ് മെഡിക്കല്‍ കോളജിന്റെ ആദ്യപടിയായി സ്ഥാപിക്കുക. ആകെ 283 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.

175 കോടി രൂപയാണ് മന്ത്രി പറഞ്ഞുപ്രകാരം ഇതുവരെ പദ്ധതിക്കായി അനുവദിച്ച് കിട്ടിയിരിക്കുന്നത്. ബാക്കിതുക എങ്ങനെ, എവിടെനിന്ന് കിട്ടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് ഉടന്‍ നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബദിയടുക്കയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിനിമാനടന്‍ ജയറാം ഉള്‍പെടെയുള്ളവര്‍ പങ്കെടുത്ത പ്രക്ഷോഭത്തെതുടര്‍ന്നാണ് മന്ത്രി ഇപ്പോള്‍ മെഡിക്കല്‍ കോളജ് 2017ല്‍ തുറക്കുമെന്ന് തറപ്പിച്ചുപറഞ്ഞിരിക്കുന്നത്. മന്ത്രി പറഞ്ഞതുപോലെതന്നെ നടക്കട്ടെ എന്നുതന്നെയാണ് ജനങ്ങളും ആഗ്രഹിക്കുന്നത്.

2017 ല്‍ ഈ മന്ത്രി തന്നെ അധികാരത്തില്‍ ഉണ്ടാകുമെന്നതിന് എന്താണ് ഉറപ്പുള്ളത്. അതുകൊണ്ടുതന്നെ മന്ത്രിയുടെ വാക്കിന് വലിയ വിലയൊന്നും ജനങ്ങള്‍ കല്‍പിക്കുന്നില്ല. വികസന രംഗത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട്ടെത്തുമ്പോള്‍ മന്ത്രിമാര്‍ എന്തെങ്കിലുമൊക്കെ വാഗ്ദ്ധാനങ്ങളും ഉറപ്പുകളുംനല്‍കി കയ്യടിവാങ്ങി തിരിച്ചു പോവുക എന്നത് പണ്ടേയുള്ള ഏര്‍പാടാണ്. ഇത്തരത്തിലുള്ള ഒരു ഏര്‍പാടായി ഇപ്പോഴത്തെ പ്രഖ്യാപനത്തെ കണക്കുകൂട്ടിയാലും കുറ്റംപറയാന്‍ കഴിയില്ല.

ഏറെക്കാലം താലൂക്ക് ആശുപത്രിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കിടക്കപോലും ഇല്ലാതെ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ തറയില്‍ കിടക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ് മന്ത്രി 283 കോടി രൂപയുടെ മെഡിക്കല്‍ കോളജ് ഉടന്‍തന്നെ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നടത്തി മടങ്ങിയിരിക്കുന്നത്.

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും, മരുന്നും, വെളിച്ചവും, എന്തിന് കേറിക്കിടക്കാന്‍ കിടക്കപോലും ഇല്ലാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നെടുങ്കല്‍ പ്രഖ്യാപനം എന്നുകൂടി ഇവിടെ ഓര്‍മിക്കണം. ആരോഗ്യമന്ത്രിയാണ് സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത്. തന്റെ കണ്‍മുന്നിലുള്ള ഒരു പ്രശ്‌നം പരിഹരിക്കാന്‍ താല്‍പര്യമെടുക്കാത്ത മന്ത്രിയാണ് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ നപ്പാക്കുന്ന കാര്യം എടുത്തുപറഞ്ഞ് കയ്യടി നേടിയിരിക്കുന്നത്. എന്നാല്‍ ഇപ്പറഞ്ഞ എത്ര ആശുപത്രികളില്‍ ഡോക്ടര്‍മാരും മരുന്നും ഉണ്ടെന്നു ചോദിച്ചാല്‍ മന്ത്രിയല്ല, രോഗികള്‍ പറയും അവിടെ ഒന്നുമില്ലെന്ന്.

ജനറല്‍ ആശുപത്രിയുടെ സ്ഥിതിയും അതുതന്നെ. സ്വന്തം പാര്‍ട്ടിയുടെ നേതാക്കള്‍ പറഞ്ഞതുകൊണ്ടാകാം കാസര്‍കോട്ടെത്തിയ മന്ത്രി ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറായത്. സൂപ്രണ്ടും രോഗികളും നേഴ്‌സുമാരുമെല്ലാം ആശുപത്രിയുടെ പ്രശ്‌നങ്ങളുടേയും പരിദേവനങ്ങളുടേയും കെട്ട് മന്ത്രിക്കുമുന്നില്‍ അഴിച്ചപ്പോള്‍ എല്ലാ പ്രശ്‌നത്തിനും ഉടന്‍ പരിഹാരം കാണാമെന്ന് പറഞ്ഞ് മന്ത്രി വേഗം അവിടെനിന്ന് സ്ഥലം വിടുകയായിരുന്നു. അപ്പോഴാണ് ആശുപത്രി കവാടത്തില്‍വെച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിക്കുമുന്നില്‍ ചാടിവീണത്.

നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന്റെ പണി ഉടന്‍ തുടങ്ങണമെന്നും ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ചാ പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ ഈ പ്രതിഷേധം കണ്ടഭാവം നടിക്കാതെ മന്ത്രി കാറില്‍കയറി പോലീസ് അകമ്പടിയോടെ അടുത്ത പരിപാടി സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു, അവിടേയും പ്രഖ്യാപനങ്ങള്‍ നടത്തി കയ്യടിവാങ്ങാന്‍!
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ജനം ചോദിക്കുന്നു: കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം 2017ലെന്ന മന്ത്രിയുടെ വാക്ക് ചാക്കാകുമോ?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia