city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നമുക്കിടയില്‍ ഇങ്ങിനെയും ചിലര്‍!

അബ്ദൂര്‍ റഹ്‌മാന്‍ എ.എം 

ങ്ങിനെയും ചിലരുണ്ട്. ഇവരെ പല സ്ഥലത്തും കണ്ടു മുട്ടാം. നടപ്പും വേഷവും സ്വഭാവവും ഏകദേശം തുല്യതയിലായിരിക്കും ഇത്തരക്കാര്‍. വേഷത്തിലും ഭാവത്തിലും ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്തും. ചടങ്ങുകള്‍കൊപ്പിച്ചാണ് വേഷ ഭാവാദികള്‍ മാറ്റപ്പെടുന്നത്. ഉദ്ഘാടനച്ചടങ്ങുകളിലും, ആദരവ് ഏറ്റുവാങ്ങുന്ന ചടങ്ങിലും ലളിത വസ്ത്ര ധാരികളായിരിക്കും. അല്ലാത്തപ്പോള്‍ കോട്ടും ടൈയും പാന്റ്‌സും ഒക്കെയായി വിലസും.

ഭരണമാറ്റത്തിനനുസരിച്ച് ചുവടുമാറ്റവും ഇക്കൂട്ടരുടെ പ്രത്യേകതയാണ്. കാര്യം നേടാന്‍ ആരുടെ പിറകെയും കൂടും. കാര്യം നേടിക്കഴിഞ്ഞാല്‍ സഹായിച്ചവരെ നിന്ദിക്കാനും മിടുക്കരാണിവര്‍. അടുത്തഘട്ടം ഭരണം ആരുടെ കയ്യിലേക്കാണെത്തുകയെന്നത് മൂന്‍കൂട്ടി കാണാന്‍ ബുദ്ധിയുളളവരാണിവര്‍. ഏതെങ്കിലും ഒരു പക്ഷത്തിന്റെ ഭരണം അവസാനിക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം ബാക്കിനില്‍ക്കേയാണ് അടുത്ത പക്ഷത്തേക്ക് ഇവരുടെ അരങ്ങേറ്റം ഉണ്ടാവുക. അവരുടെ സാംസ്‌ക്കാരിക സംഘങ്ങളുമായും, പോഷക സംഘങ്ങളുമായും ശക്തമായി സഹകരിച്ച് പ്രവര്‍ത്തിച്ചു മുന്നേറും. അടുത്തഘട്ടത്തില്‍ ഭരണത്തിലേറുന്നവരെ വലയിലാക്കാനുളള സൂത്രപ്പണികളാണിതൊക്കെ. പക്ഷെ ആര്‍ക്കും പിടികൊടുക്കാതെ സംശയത്തിനിടവരാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കുളളവരായതിനാല്‍ ലക്ഷ്യം നേടിയെടുക്കും.

നിരീശ്വരവാദികളുടെ വേദിയിലും, അമ്പലക്കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന ഭാഗവതസപ്താഹ യജ്ഞത്തിലും ഇക്കൂട്ടര്‍ സജീവമായിക്കാണും. എല്ലാവരുടേയും സഹായം നേടാനോ-സഹാനുഭൂതിനേടാനോ അല്ല. പത്രത്താളുകളില്‍ പേരടിച്ചു വരണം. ഫോട്ടോ വരണമെന്ന് നിര്‍ബന്ധം. ഇവരെ ക്ഷണിക്കപ്പെടുന്ന വേദികളിലെല്ലാം മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ വെമ്പല്‍ കാണിക്കും. വെറും ആശംസാ പ്രസംഗകരായി എത്തിയാല്‍ പോലും മുന്‍നിരകസേരയിലാണിവരുടെ ഇരിപ്പിടം. സംഘാടകര്‍ അസ്വാസ്ഥ്യം കാണിച്ചാലൊന്നും ഇത്തരക്കാര്‍ക്ക് പ്രശ്‌നമില്ല.

മിക്ക സംഘടനകളിലും ഭാരവാഹികളാകാന്‍ ശ്രമിക്കും. പ്രവര്‍ത്തിക്കാനൊന്നും കിട്ടില്ല. പാവങ്ങള്‍ അധ്വാനിച്ചു പടുത്തുയര്‍ത്തിയ സംഘടനകളിലേക്ക് വളഞ്ഞ വഴിയിലൂടെ എത്തപ്പെടുകയും, പ്രസ്തുത സംഘത്തിന്റെ കേന്ദ്ര സ്ഥാനങ്ങളിലെത്തിപ്പെടുകയും ചെയ്യും. പിന്നെ, തുരപ്പന്‍ പണികളാണ്. സംഘടനകളുണ്ടാക്കാന്‍ അധ്വാനിച്ചവരെയും നേതൃത്വസ്ഥാനത്തുണ്ടാവരേയും പുറത്താക്കാന്‍ ശ്രമിക്കലാണ് അടുത്തപടി. അതിനുളള കുതന്ത്രങ്ങള്‍ മെനയാനും തന്നോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പുളള വരെ (കാലുവാരികളെ) ഉപയോഗിച്ച് തങ്ങളുടെ കൃത്യം നിര്‍വഹിക്കുകയും ചെയ്യും.

നമുക്കിടയില്‍ ഇങ്ങിനെയും ചിലര്‍!
പ്രാദേശിക പത്രലേഖകരെ കയ്യിലെടുക്കാന്‍ അതിമിടുക്കുളളവരാണിക്കൂട്ടര്‍. തങ്ങള്‍ പങ്കെടുത്ത പരിപാടിയുടെ വാര്‍ത്തകളും ഫോട്ടോകളും വന്നുവോ എന്നന്വേഷിക്കല്‍, സംഘാടകരെക്കൊണ്ട് നിര്‍ബന്ധിച്ച് വാര്‍ത്തകളും മറ്റും ലേഖകര്‍ക്ക് എത്തിച്ചു കൊടുക്കല്‍, ചിലപ്പോള്‍ സ്വന്തം കൈപ്പടകൊണ്ട് വാര്‍ത്തയെഴുതി പത്രമാഫീസിലേക്ക് നേരിട്ട് അയച്ചു കൊടുക്കല്‍ എന്നിവയും ഇക്കൂട്ടരുടെ കലാപരിപാടികളില്‍പെടുന്നവയാണ്.

സ്റ്റേജ് പരിപാടികളില്‍ മാത്രമല്ല മുന്‍സീറ്റിലിരുപ്പ്. സാംസ്‌ക്കാരിക ഘോഷയാത്രകളിലും മറ്റും മുന്‍നിരയില്‍ നില്‍പ്പ് ഉറപ്പാക്കും. ഫോട്ടോയും വാര്‍ത്തയും വരുന്ന യാത്രയാണെന്ന് ഉറപ്പുണ്ടെങ്കിലേ നടക്കാന്‍ തയ്യാറാവൂ. ഫോട്ടോക്കാരനും, ചാനലുകാരനുമൊക്കെ പോയാല്‍, ഇത്തരം കക്ഷികള്‍ മെല്ലെ ഘോഷയാത്രയില്‍ നിന്ന് പിന്‍തിരിയും.

പേരുണ്ടാകണം, തങ്ങളെ എല്ലാവരും അംഗീകരിക്കണം. മറ്റുളളവരേക്കാള്‍ തങ്ങള്‍ ഉന്നത ശ്രേണിയില്‍ പെട്ടവരാണ് എന്നും പൊതു ജനത്തെ ബോധ്യപ്പെടുത്തണം. പാരമ്പര്യവും പ്രൗഢിയും എടുത്തെഴുന്നെളളിക്കാനും ഇവര്‍ക്ക് ആവേശമാണ്. ജാതികൂട്ടുകെട്ടുകള്‍ പരസ്യമായി കാണിക്കില്ലെങ്കിലും സ്വകാര്യമായി ജാതി സംഘടനകളിലും അംഗത്വമെടുക്കുകയും അവരുടെ പ്രീതി സമ്പാദിക്കുകയും ചെയ്യുന്നതും ഇവരുടെ രീതിയാണ്.

അവാര്‍ഡുകള്‍ക്ക് പിന്നാലെ നടന്ന് എന്തു വിലകൊടുത്തും അവാര്‍ഡും സംഘടിപ്പിക്കും. അതും ദേശീയ തലത്തിലാവലാണ് എളുപ്പം. പത്തായിരം മുതല്‍ ലക്ഷം വരെ വില നല്‍കി അവാര്‍ഡു ലഭിക്കാന്‍ ഇക്കാലത്ത് സൗകര്യമുണ്ട്. അതും ദേശീയ  അവാര്‍ഡുകളാണ്. ദല്‍ഹിയിലാണ് അവാര്‍ഡ് വില്പന മുതലാളിമാരുടെ താവളം. തുക നല്‍കിക്കഴിഞ്ഞാല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ കയ്യില്‍ നിന്ന് അത് ഏറ്റുവാങ്ങാം. ചടങ്ങ് പേരിന് നടത്തും. പക്ഷെ സ്റ്റേജില്‍ വെച്ച് അവാര്‍ഡ് സ്വീകരിക്കുന്ന ഫോട്ടോ കിട്ടും (സര്‍ട്ടിഫിക്കറ്റ് മാത്രം).

അങ്ങിനെ സംഘടിപ്പിക്കപ്പെട്ട അവാര്‍ഡ് ഫോട്ടോയുമായി നാട്ടിലെത്തിയാല്‍ അതിന്റെ നിരവധി പ്രിന്റുകള്‍ സംഘടിപ്പിക്കും. പത്രമാഫീസുകളിലോ, പ്രാദേശിക ലേഖകരുടെ കയ്യിലോ ഫോട്ടോ എത്തിക്കും. പത്രത്തില്‍ അടിച്ചു വരാനുളള പെടാപാടാണ് പിന്നീട്. പത്രത്തില്‍ ഫോട്ടോ വന്നാല്‍ നാലാളുകളറിയും. എന്തിന്റെ പേരിലാണ് അവാര്‍ഡ് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ ചെയ്തു കൊണ്ടിരുന്ന ജോലിയില്‍ മികവ് കാട്ടിയതിനാണെന്ന് വീമ്പിളക്കുകയും ചെയ്യും.

അടുത്തശ്രമം അനുമോദനച്ചടങ്ങുകള്‍ ലഭ്യമാവാനുളള നെട്ടോട്ടമാണ്. തങ്ങള്‍ ഉള്‍ക്കൊളളുന്ന സംഘടനകളെയും, വ്യക്തികളെയും സമീപിക്കും. അവര്‍ക്ക് നിവേദനം സമര്‍പിക്കും. എങ്ങിനെയെങ്കിലും ഒരു അനുമോദനച്ചടങ്ങ് സംഘടിപ്പിക്കും. സംഘാടകര്‍ പലപ്പോഴും മറ്റേതെങ്കിലും പരിപാടിയുടെ കൂടെ പേരിന് അനുമോദനവും സംഘടിപ്പിച്ചു കൊടുക്കും. അതിന്റെ ഫോട്ടോ, മാത്രമാണ് ഇവരുടെ ലക്ഷ്യം. പത്രത്താളുകളില്‍ അനുമോദനച്ചടങ്ങുകളുടെ ഫോട്ടോകള്‍ വന്നാല്‍ തൃപ്തിയായി.

ഇത്തരക്കാരുടെ ഒപ്പം പ്രവര്‍ത്തിക്കാന്‍ നിര്‍ഭാഗ്യം കിട്ടിയവരെ ഇകഴ്ത്തിപ്പറയുകയെന്നത് ഇവരുടെ ഹോബിയാണ്. ആരെക്കുറിച്ചും ഇവര്‍ക്ക് നല്ല അഭിപ്രായമുണ്ടാവില്ല. ഇത്തരതില്‍ പെട്ട മഹല്‍ വ്യക്തിയോട് ഒരു സാധാരണ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ച ഒരു വ്യക്തിയെ കൂടി യോഗത്തില്‍ ക്ഷണിക്കുന്നുണ്ട് എന്നു പറഞ്ഞപ്പോള്‍ അദ്ദേഹമുളള വേദി പങ്കിടാന്‍ ഞാനില്ല എന്നാണ് പോലും പറഞ്ഞത്.

ഇവര്‍ അപാരബുദ്ധിയുളളവരാണ്. ആരെയും കയ്യിലെടുക്കും. ചിലപ്പോള്‍ എടുത്തു പൊക്കി തലയില്‍ വെക്കും. കാര്യം നേടിക്കഴിഞ്ഞാല്‍ ഠപ്പോ എന്ന് താഴേക്ക് എടുത്തെറിയുകയും ചെയ്യും. കണ്ടാല്‍ നല്ല പേര്‍സണാലിറ്റി ഉളളവരായിരിക്കും. കുറ്റിത്താടി കട്ട് ചെയ്തു ഭംഗിയായി വെക്കും. പാന്റ്‌സിന്റെ പോക്കറ്റില്‍ സ്ഥാപിച്ച ചീര്‍പ്പെടുത്ത് ഇടയ്ക്കിടെ തല ചീകിയൊതുക്കും. ആകെ കൂടി കുട്ടപ്പന്‍മാരായിരിക്കും. മനസു നിറയെ അവജ്ഞയും അഹന്തയും വഞ്ചനയുമായിരിക്കും. നമുക്കു ചുറ്റും ശ്രദ്ധിച്ചു നോക്കിയാല്‍ ഇക്കൂട്ടരെ കാണാം.

Also read:
ഒന്നും മിണ്ടാതെ പോയവള്‍

Keywords: Abdul Rahman AM. Some people in our lives, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia