city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസജീവിതത്തിന്റെ സാമൂഹ്യപാഠങ്ങള്‍

കുട്ടിയാനം മുഹമ്മദ് കുഞ്ഞി

സംസ്‌കൃതി കാസര്‍കോട് എന്ന സംഘടന കഴിഞ്ഞ പ്രാവശ്യം കാസര്‍കോട്ട് നടത്തിയ പുസ്തകോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പുസ്തക ചര്‍ചയിലേക്ക് ഇ.കെ. ദിനേശന്റെ ''ഗള്‍ഫ് കുടിയേറ്റത്തിന്റെ സാമൂഹ്യ പാഠങ്ങള്‍'' എന്ന പുസ്തകം തെരഞ്ഞെടുത്തതിനാലാണ് ഞാന്‍ ഈ പുസ്തകം ഗൗരവത്തോടെ വായിക്കാനിടയായത്.

ജന്മനാട്ടിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതാന്തരീക്ഷങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി കടല്‍ കടന്നുപോയ പ്രവാസികള്‍ അവിടങ്ങളിലെ അത്യുഷ്ണത്തേയും അതി ശൈത്യത്തേയും വകവെക്കാതെ പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ചു അന്നത്തിനു വേണ്ടി പെടാപാടുപെടുന്നതിനിടയിലും ചിലര്‍ സമയം കണ്ടെത്തി സ്വതസിദ്ധമായ കലാവാസനകളെ പരിപോഷിപ്പിക്കുകയാണ്.

അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഹൃദയരക്തത്താല്‍ ചാലിച്ചെഴുതിയപ്പോള്‍ ഗള്‍ഫിലെ എഴുത്തുകാരുടെ രചനകളും പ്രവാസി എഴുത്തുകാര്‍ എന്ന തരംതിരിവില്ലാതെ തന്നെ മലയാളത്തിലെ ഒന്നാംകിട എഴുത്തുകാരുടെ കൃതികളെപ്പോലെ കൊണ്ടാടി ഏറെ ചര്‍ച ചെയ്യപ്പെട്ടുവെന്നതിന്ന് ബെന്യാമിന്റെ ആടുജീവിതം പോലുള്ള കൃതികള്‍ ഉദാഹരണമാണല്ലോ?

പ്രവാസജീവിതത്തിന്റെ സാമൂഹ്യപാഠങ്ങള്‍ചുണ്ടില്‍ കൃത്രിമ ചിരിവിടര്‍ത്തി അത്തറിന്റെ നറുമണം പരത്തി നടക്കുന്ന ഗള്‍ഫുകാരന്റെ സ്വന്തം പ്രശ്‌നങ്ങള്‍ ഒരു ഭാഗത്തും പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചത് മുതല്‍ നാളിത് വരെയും തീരാതെ കിടക്കുന്ന താമസരേഖകളെയും യാത്രാക്കാര്യങ്ങളെയും മറ്റും സംബന്ധിച്ചുള്ള പൊതുപ്രശ്‌നങ്ങള്‍ മറുവശത്തും നീറ്റലായി അനുഭവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ട ഗള്‍ഫുകാരുടെ ആധിയും വ്യാധിയും വേണ്ടതുപോലെ ഉള്‍ക്കൊള്ളുന്ന ഇരുപത് ലേഖനങ്ങളുടെ സമാഹാരമാണ് ഇ.കെ. ദിനേശന്റെ ഈ പുസ്തകം.

പ്രവാസത്തെ എക്കാലവും സുഖദമായ ജീവിതത്തിന് ആവശ്യമാണെന്നു കരുതിയ മലയാളികള്‍ ആദ്യം വീടും നാടും വിട്ടുപോയത് മദ്രാസും ബോംബെയും സിലോണും, ബര്‍മയും സിങ്കപ്പൂരുമൊക്കെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടപ്പോള്‍ നമുക്ക് മുമ്പില്‍ മലര്‍ക്കെ തുറക്കപ്പെട്ട മായാലോകമായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍.

പെട്രോ ഡോളറിന്റെ അത്ഭുത പ്രതിഭാസത്തിലേക്ക് തൊഴില്‍തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനം ഒഴുകിയെത്തിയെങ്കിലും കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രം അവിടെ തങ്ങി അവരെല്ലാം സ്വന്തം നാടുകളിലേക്ക് തന്നെ തിരിച്ചുപോകുമ്പോഴും മലയാളികളില്‍ ബഹുഭൂരിപക്ഷവും നാളുകളെണ്ണി മരുഭൂമിയില്‍ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. എന്നാല്‍ ഇവരാരും തന്നെ ജന്മദേശത്തെ വിസ്മരിക്കാതെ ചോരനീരാക്കിയുണ്ടാക്കിയ നാണയത്തുട്ടുകളത്രയും തങ്ങളെ കാത്തിരിക്കുന്ന ബന്ധുമിത്രാദികള്‍ക്കെത്തിച്ചു.

ഗള്‍ഫ് നാടുകളില്‍ നിന്നും മലയാളക്കരയിലേക്കെത്തിയ സമ്പത്തുകള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള നാട്ടിന്‍പുറങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുകയായിരുന്നു. വിദ്യാഭ്യാസ-സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെന്നല്ല സമസ്ത മേഖലകളിലും നാടിന്റെ പുരോഗതികള്‍ക്ക് വേണ്ടി പ്രവാസികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നിരുന്നാലും അവരെ നാട് വേണ്ടരീതിയില്‍ പരിഗണിച്ചില്ല എന്നതാണ് സത്യം.
കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തെ താങ്ങിനിര്‍ത്തിയ സാമ്പത്തിക സ്രോതസായ പ്രവാസി മലയാളികള്‍ ഒറ്റയായും കൂട്ടമായും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ മാറിമാറി വരുന്ന നമ്മുടെ സര്‍ക്കാരുകള്‍ അവര്‍ക്ക് നല്‍കിയത് മോഹന വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു.

നമ്മുടെ കഴിഞ്ഞ തലമുറ നാലുകാലോലപ്പുരയില്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയും കിടന്ന് മടുത്തതോടെ കുടുംബത്തെ രക്ഷിക്കുവാന്‍ ദാരിദ്ര്യത്തിന്റെ ആഴക്കടല്‍ താണ്ടിപ്പോയവരാണ്. ഘോര്‍ഫുഖാന്‍ കടലില്‍ മുങ്ങിമരിച്ച ആദ്യകാലപ്രവാസികള്‍ക്ക് വേണ്ടി സമര്‍പിച്ചു തുടക്കം കുറിച്ച ഈ പുസ്തകത്തില്‍ അന്നുതൊട്ടിന്നുവരെ ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും എണ്ണിയെണ്ണി വിവരിക്കുകമാത്രമല്ല, അവയ്ക്കുള്ള പരിഹാരങ്ങളും ദിനേശന്‍ നിര്‍ദേശിക്കുന്നുണ്ട്.

വിരലിലെണ്ണാവുന്ന ഗള്‍ഫ് മലയാളികളായ സമ്പന്നവര്‍ഗത്തിന്റെ പളു പളുപ്പ് കാണിക്കാനല്ല ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചത്. സാധാരണക്കാരായ പ്രവാസി മലയാളികള്‍ നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളുടെ ഉള്ളം ചികഞ്ഞെടുത്ത് വായനക്കാരുമായി പങ്കുവെക്കുന്ന കാര്യത്തില്‍ ഇ.കെ. ദിനേശന്റെ ഗള്‍ഫ് കുടിയേറ്റത്തിന്റെ സാമൂഹ്യ പാഠങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

പ്രവാസത്തെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രിയങ്കരനായ എഴുത്തുകാരന്‍ ബാബു ഭരദ്വാജ് തന്റെ അവതാരികയില്‍ സൂചിപ്പിച്ചത് പോലെ പ്രവാസത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ തന്മയത്വത്തോടെയും അത്യന്തം ഉള്‍ക്കാഴ്ചകളോടെയും കുടിയേറ്റ ജീവിതത്തെ സ്പര്‍ശിച്ചു. ഒരുപാട് കാര്യങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞിട്ടുള്ള ഈ കൃതി മലയാളി സമൂഹം ഏറെ ചര്‍ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

പ്രവാസജീവിതത്തിന്റെ സാമൂഹ്യപാഠങ്ങള്‍
Kuttiyanam
Mohammed Kunhi
(writer)


Keywords:  Article, Book review, Kuttiyanam Mohammed Kunhi, Gulf, Malayalees, Jail, E.K Dineshan, Gulf Kudiyettathinte Samoohya Padangal, Education, Victims, Job, Rooms, Dubai, Social studies of expatriate life

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia