city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശാഹിന സലിം; ഭരണരംഗത്ത് വേറിട്ട സ്ത്രീശബ്ദം

ലേഖനം 

/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 15.02.2022)
തന്നില്‍ അര്‍പ്പിതമായ കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കപ്പെടുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മേന്മ. കുടുംബഭരണം പോലെ തന്നെ ഒരുവേള അതിലും മികച്ച നിലയില്‍ നാടിന്റെ ഭരണവും ഒരു വനിതയ്ക്ക് സാധിക്കും എന്ന് തെളിച്ച വ്യക്തിയാണ് ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷാഹിന സലിം. വ്യക്തമായ കാഴ്ചപ്പാടുകള്‍, ദീര്‍ഘവീക്ഷണം, അതുപോലെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഇതെല്ലാം ചേര്‍ന്ന ഒരു ശൈലിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയരഹസ്യം. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ സ്വന്തമായ ജീവിതരീതികള്‍ ഷാഹിനയ്ക്ക് ഉണ്ടായിരുന്നു. പഠന കാര്യങ്ങളിലും അതുപോലെ മറ്റു പ്രവര്‍ത്തനങ്ങളിലും ആരെയും ആകര്‍ഷിക്കുന്ന മികവ്. ഓരോ പരീക്ഷകളിലും നല്ല മാര്‍ക്ക് വാങ്ങി ജയിച്ച് എംബിഎ ബിരുദം നേടി.

  
ശാഹിന സലിം; ഭരണരംഗത്ത് വേറിട്ട സ്ത്രീശബ്ദം



പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ഉപ്പ കല്ലട്ര അബ്ദുല്‍ഖാദര്‍ തന്നെയാണ് ഷാഹിനയുടെ മാതൃക. നിസ്വാര്‍ത്ഥമായ ജനസേവനവും ശ്രദ്ധേയമായ നേതൃത്വപാടവവും കൊണ്ട് ചെമ്മനാട്ടെ അറിയപ്പെടുന്ന രാഷ്ട്രീയനേതാവാണ് 2015 മുതല്‍ 2020 വരെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കല്ലട്ര അബ്ദുല്‍ഖാദര്‍. അതെ കാലയളവില്‍ തന്നെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി ഷാഹിന സലിം തെരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രഗിരി പുഴയ്ക്ക് അക്കരെയും ഇക്കരെയും അങ്ങനെ ഉപ്പയും മകളും ഭരണസാരഥികളായി എന്ന അപൂര്‍വ്വതയും ഇവര്‍ക്ക് നേടാന്‍ കഴിഞ്ഞു.

ചെമ്മനാട്ടുകാരിയായ ഷാഹിന 2006 ലാണ് സലീമിനെ വിവാഹം കഴിച്ചു ചെര്‍ക്കളയില്‍ എത്തുന്നത്. കുടുംബത്തിലെ മൂത്തമകനായ സലീമിന്റെ ഭാര്യയായതോടെ, വലിയ കുടുംബത്തിലെ മൂത്തമരുമകനും കുടുംബത്തിന്റെ നായികയുമാകേണ്ടിവന്നു. സ്‌നേഹവും സൗഹൃദവും കൊണ്ട് കുടുംബത്തിലെ എല്ലാവരുടെയും ഇഷ്ടപ്പെട്ട വീട്ടുകാരിയായി. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെയും പ്രിയപ്പെട്ടവളായി. 2010-ല്‍ ചെങ്കള പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ട് എല്ലാവരുടെയും പിന്തുണയും പ്രീതിയും സമ്പാദിക്കാന്‍ ഷാഹിനയ്ക്ക് സാധിച്ചു. 2015 ലെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച ഷാഹിന സലിം ചെങ്കള പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഏത് കാര്യങ്ങളിലും കാര്യക്ഷമതയോടെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് തന്നെയാണ് ഷാഹിന എന്ന ഭരണാധികാരിയുടെ വിജയം. ആരെയും അനുകരിക്കാറില്ല. മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കും. പക്ഷെ തനിക്ക് ശരിയെന്ന് തോന്നുന്നതായിരിക്കും പലപ്പോഴും തീരുമാനങ്ങള്‍. അധിക തീരുമാനങ്ങളിലും സഹപ്രവര്‍ത്തകരുടെയും അതുപോലെ കുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണ നേടിയെടുക്കാന്‍ കഴിയുന്നത് കൊണ്ട് പ്രവര്‍ത്തനങ്ങള്‍ വിജയിക്കുന്നു.

ഏതൊരു ഭരണാധികാരിക്കും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ഇച്ഛാശക്തി പോലെ തന്നെ ജീവിത അനുഭവങ്ങളും തികഞ്ഞ സാമൂഹ്യബോധവും നല്ല വിദ്യാഭ്യാസവും വേണമെന്നതാണ് ഷാഹിന സലീമിന്റെ ചിന്താഗതി. ഒരു പഞ്ചായത്തിന്റെ സാരഥി എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ജനങ്ങള്‍ ഏല്‍പ്പിക്കുന്നത് എന്ന ഉത്തമ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും നാടിനുവേണ്ടിയും പല കാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ പറ്റുമെന്ന് അഞ്ചുവര്‍ഷത്തെ നിരന്തരമായ പ്രവര്‍ത്തനം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ഷാഹിന സലിം. കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കും അതീതമായി ഒരു കാഴ്ചപ്പാട് എവിടെയും മുന്നോട്ടുവെച്ച് സഹപ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണയാണ് തന്റെ പ്രവൃത്തിപദത്തിലെ വിജയങ്ങള്‍ക്ക് കാരണമെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടിന്റെയും തനതു ഫണ്ടിന്റെയും വിനിയോഗം പൂര്‍ണമായി ഉപയോഗിച്ച പഞ്ചായത്താണ് ചെങ്കള. കാര്‍ഷിക മേഖലയില്‍ നൂറുശതമാനമാണ് വിനിയോഗം. എസ്സി-എസ്ടി മേഖലയ്ക്കുള്ള വിഹിതം ഉപയോഗിക്കുന്നതിലും വിജയം കണ്ടു.

പുരോഗതിയുടെ പാതയില്‍ മിന്നല്‍ വേഗതയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചെര്‍ക്കള നല്ലൊരു നഗരമായി മാറുന്നു. ദേശീയപാതയോരത്താണ് ചെങ്കള ഗ്രാമപഞ്ചായത്ത്. ചെര്‍ക്കള നഗരത്തില്‍ മാലിന്യം ഉണ്ടായാല്‍ അതിന്റെ ദുര്‍ഗന്ധം അന്തര്‍സംസ്ഥാനതലത്തിലേക്ക് അറിയപ്പെടും. കാരണം, ചെര്‍ക്കള എന്നത് രണ്ടു ഹൈവേകള്‍ കടന്നുപോകുന്ന നഗരമാണ്. കേന്ദ്രഹൈവേയും കര്‍ണ്ണാടക സ്റ്റേറ്റ് ഹൈവേയും. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് എല്ലാതലങ്ങളില്‍ നിന്നും സഹായം തേടിക്കൊണ്ടുള്ള പരിപാടികള്‍ പഞ്ചായത്ത് ആസൂത്രണം ചെയ്തുവരുന്നു.

ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്നു. പ്രൈമറി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടമുള്‍പ്പെടെ, എംഎല്‍എ ഫണ്ട്, കാസര്‍കോട് വികസന പാക്കേജ്, പഞ്ചായത്ത് ഫണ്ട് എന്നിങ്ങനെയായി രണ്ടുകോടിയോളം രൂപയുടെ പുതിയ വികസന നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. ഹോമിയോ, ആയുര്‍വ്വേദ ചികിത്സാ രീതികള്‍ക്കും മികച്ച പരിഗണനയാണ് നല്‍കുന്നത്. നായന്മാര്‍മൂലയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രി ഏറ്റവും തിരക്കുള്ള ആരോഗ്യകേന്ദ്രമാണ്. അതിന് ഇരുനില കെട്ടിടമുള്‍പ്പെടെയുള്ള സൗകര്യമുണ്ട്. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ചെയ്യാനിരിക്കുകയാണ്.

ഭരണസിരാകേന്ദ്രമായ പഞ്ചായത്ത് ഓഫീസിന് 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ കെട്ടിടം പൂര്‍ത്തിയാക്കി. ഫ്രണ്ട് ഓഫീസ്, റെക്കോഡ് റൂം, പ്രത്യേക ക്യാബിനുകള്‍, വെയിറ്റിംഗ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിംഗ് ഹാള്‍, അഞ്ചു ടോയ്‌ലെറ്റ്, വിവിധ വകുപ്പുകള്‍ക്ക് പ്രത്യേക സംവിധാനം എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

താന്‍ ഇരിക്കുന്ന സ്ഥാനത്തോടും തന്റെ ജനതയോടുമുള്ള കര്‍ത്തവ്യബോധം പോലെ തന്നെ സ്ത്രീക്കും പുരുഷനും എവിടെയും തുല്യ പരിഗണന എന്നത് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഷാഹിന സലിം. തന്റെ വേഷം, തന്റെ ഭക്ഷണം, പൗരസ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റങ്ങള്‍ക്ക് ഒരിക്കലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ പുലര്‍ത്തുന്നു. ഒരു വനിതാദിനത്തില്‍ ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം എത്തിയ ഷാഹിനക്കും കൂട്ടുകാര്‍ക്കും നേരിടേണ്ടിവന്ന വസ്ത്രധാരണപ്രശ്‌നം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

കാസര്‍കോട് ജില്ലയില്‍ നിന്ന് അഞ്ച് വനിതാ പ്രസിഡന്റുമാരെയാണ് ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും മൊത്തം ആറായിരത്തോളം വനിതാ പ്രതിനിധികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടനസമ്മേളന ഹാളിലേക്ക് കടക്കുന്നതിന് വേണ്ടി വനിതാ പ്രവര്‍ത്തകര്‍ ക്യൂനിന്നു. ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്ത വേഷവിധാനങ്ങള്‍ അവിടെ കാണാന്‍ കഴിഞ്ഞു. കേരളത്തില്‍ നിന്നും എത്തിയ സ്ത്രീകളില്‍ രണ്ടുപേര്‍ പര്‍ദ്ദ ധരിച്ചിരുന്നു. ഗേറ്റില്‍ വെച്ചു സെക്യൂരിറ്റി ജീവനക്കാര്‍ പര്‍ദ്ദ ധരിച്ച ഷാഹിനയെയും കൂട്ടുകാരിയെയും ഹാളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. സുരക്ഷാപ്രശ്‌നം കൊണ്ട് പര്‍ദ്ദ മാറ്റാന്‍ സെക്യൂരിറ്റിക്കാര്‍ നിര്‍ദ്ദേശിച്ചു.

ഷാഹിന അതിന് തയ്യാറായില്ല. സ്‌നേഹത്തോടെ പ്രതികരിച്ചു. ഞങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പില്‍ വേഷത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് മറ്റു വസ്ത്രങ്ങള്‍ ഞങ്ങള്‍ കരുതിയിട്ടുമില്ല. വേഷവിധാനനിയമങ്ങള്‍ നിര്‍ബന്ധമാണെങ്കില്‍ വരികയോ വരാതിരിക്കുകയോ ചെയ്യുമായിരുന്നു. സുരക്ഷയുടെ പേരില്‍ നിങ്ങള്‍ക്ക് ശരീരപരിശോധന നടത്താം. അല്ലാതെ വേഷത്തിന്റെ പേരില്‍ തടയുന്നത് പൗരാവകാശലംഘനമാണ്. പ്രധാനമന്ത്രിയാണ് ഞങ്ങളെ ക്ഷണിച്ചത്. അദ്ദേഹത്തിന് പരാതി അറിയിച്ച് ഞങ്ങള്‍ തിരിച്ചുപോകാം. ഷാഹിനയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സെക്യൂരിറ്റിക്കാര്‍ മേലധികാരികളോട് ബന്ധപ്പെട്ടശേഷം അതേ വേഷത്തില്‍ തന്നെ ഹാളില്‍ കടത്തിവിട്ടു.

തന്റെ ഭരണകാര്യങ്ങളിലും ഇതേ നിലപാട് അഞ്ച് വര്‍ഷവും നിലനിര്‍ത്താന്‍ ഷാഹിന സലീമിന് കഴിഞ്ഞു.

ഏറെ പഴക്കമുള്ള പാണാര്‍ക്കുളം കാലങ്ങളായി ചപ്പുചവറുകള്‍ കൊണ്ട് നിറഞ്ഞ് ആരും ശ്രദ്ധിക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസ്സായിരുന്നു. ഷാഹിനയുടെ സൗന്ദര്യബോധവും ഉത്സാഹവും കൊണ്ട് ഇത് ഇന്ന് ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചു. മനോഹരമായ വിനോദ-വിശ്രമ കേന്ദ്രമായി അത് മാറി. നായന്മാര്‍മൂല ടെന്നീസ് കോര്‍ട്ട്, ചെര്‍ക്കള ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട്, വനിതാ ഫിറ്റ്‌നസ് സെന്റര്‍, ചെര്‍ക്കളയിലുള്ള ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടത്തിന് തുടക്കം കുറിക്കല്‍ എന്നിങ്ങനെ നാടിന്റെ ആരോഗ്യ-വിദ്യാഭ്യാസ വിനോദ രംഗങ്ങളിലും പുതിയ ഉണര്‍വ്വു പകര്‍ന്നു.

സഹപ്രവര്‍ത്തകരുടെയും നാട്ടിലെ ജനങ്ങളുടെയും പൂര്‍ണ്ണ പിന്തുണ നേടി അഞ്ച് വര്‍ഷം നല്ലൊരു ഭരണസാരഥിയാകാന്‍ കഴിഞ്ഞതിലെ ചാരിതാര്‍ത്ഥ്യവും സന്തോഷവും ഷാഹിന സലിം പങ്കുവെച്ചു.

കാന്‍ഫെഡിന്റെ 42-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ഷാഹിന സലീമിന് പിഎന്‍ പണിക്കര്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. നല്ലൊരു കുടുംബിനിയും രണ്ട് പെണ്‍കുട്ടികളുടെ മാതാവുമാണ്. വനിതാ ലീഗിന്റെ നേതൃസ്ഥാനത്ത് സേവനം തുടരുന്നു.

Keywords:  Kasaragod, Kerala, Ibrahim Cherkala, Article, Chengala, Panchayath, President, Women, Woman, Chemnad, Issue, Health-Department, Development Project, Shahina Salim; A distinct female voice in governance.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia