city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം മിടുമിടുക്കന്‍മാര്‍; ആഹ്ലാദം അലതല്ലുന്നു പ്രവേശനോത്സവങ്ങളില്‍

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 01.06.2017) ഇന്ന് സ്‌കൂള്‍ പ്രവേശനോത്സവം. മൂന്ന് ലക്ഷത്തില്‍പ്പരം കുട്ടികള്‍ അറിവിന്റെ പടികേറുന്ന മുഹൂര്‍ത്തം. തോരണങ്ങള്‍ ചാര്‍ത്തിയും ബലൂണും ഇതര കളി ഉപകരണങ്ങളുമായി കേരളത്തിലെ വിദ്യാലയങ്ങളെല്ലാം കുട്ടികളെ വരവേല്‍ക്കുകയാണ്. കുന്നോളം പ്രതീക്ഷകളുമായാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. വലതുകാല്‍ വെച്ച് എത്തുന്ന കുട്ടികള്‍ക്ക് മധുരവും പായസവുമൊക്കെ റെഡി. അംഗണ്‍വാടികളില്‍ ഇതുവരെ കളിച്ചു തിമിര്‍ത്തവര്‍ ജൂണ്‍ ഒന്ന് മുതല്‍ ഗൗരവക്കാരായി.

ഒരാഴ്ച്ചയിലധികമായി കാഞ്ഞങ്ങാട് പട്ടണത്തിലെ സ്‌കൂള്‍ ചന്ത സജീവമായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ താല്‍ക്കാലിക വില്‍പ്പന കേന്ദ്രങ്ങള്‍ക്കു വരെ ചാകര. സ്‌കൂളുകള്‍ക്കൊപ്പം വീടുകളിലും ഒരുക്കങ്ങള്‍ തകൃതി. മികച്ച ബ്രാന്‍ഡിലുള്ള ബാഗും വര്‍ണ കുടയും ടിഫിന്‍ ബോക്സും (പഴയ ചോറ്റുപാത്രം) രണ്ട് സെറ്റ് യൂണിഫോമും ഷൂസും ബെല്‍റ്റുമെല്ലാം വാങ്ങിക്കഴിഞ്ഞു.

രാവിലെ കുട്ടി സ്‌കൂളില്‍ പോയി വൈകിട്ട് വീട്ടിലെത്തുന്നതുവരെ നീളുന്ന അമ്മമാരുടെ ആശങ്കകള്‍ മഴച്ചാറു പോലെ അന്തരീക്ഷത്തെ അലോസരപ്പെടുത്തുന്നു. മുഴുനേരവും ഒപ്പം കൂടിയിരുന്നവര്‍ പകല്‍ മുഴുവന്‍ മറ്റൊരിടത്തേക്ക് മാറുന്നതിലെ വിഷമം. പലരും മൂക്കു ചീറ്റുന്നത് കാണാം. കാലഘട്ടത്തിന്റെ മാറ്റവും ആരെയും വിശ്വസിക്കാന്‍ കഴിയാത്ത പൊതു അവസ്ഥയും, സമൂഹത്തിന്റെ മാറ്റവും അമ്മമാരെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്.

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം മിടുമിടുക്കന്‍മാര്‍; ആഹ്ലാദം അലതല്ലുന്നു പ്രവേശനോത്സവങ്ങളില്‍

സാധാരണയായി ഇടവപ്പാതി തുടങ്ങുമ്പോഴാണ് സ്‌കൂള്‍ തുറക്കുക. ഇത്തവണയും വ്യത്യാസമുണ്ടായില്ല. പോയ വര്‍ഷത്തേപ്പോലെ ഇത്തവണയും ഇടവം 18ന്. കുടയുണ്ട് പക്ഷെ മഴയില്ല. സംസ്ഥാനം കണ്ട ഏറ്റവും വലിയ ചൂടിനിടയിലൂടെയാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. മിക്ക സ്‌കൂള്‍ കിണറുകളും വറ്റി വരണ്ടു കിടക്കുന്നു. ലോറി വെള്ളം മാത്രമാണ് ആശ്രയം. മഴയും ചെളിയുമില്ലാത്ത, ഓര്‍മ്മകളുടെ കളിവഞ്ചിയില്ലാത്ത സ്‌കൂള്‍ കാലമാണ് കടന്നു വരുന്നത്.

ഇന്ന് പഠിക്കുന്ന കുട്ടികളുടെ അച്ഛനമ്മമാര്‍ മിക്കവര്‍ക്കും കടലാസു തോണിയും, പുഴയും വഞ്ചിയിറക്കല്‍ കളിയും മറ്റുമായി കുടയുണ്ടെങ്കിലും മഴ നനഞ്ഞാണ് സ്‌കൂളിലെത്തുക. എത്തുമ്പോഴേക്കും നനഞ്ഞു കാണും. തിരിച്ചു വരുമ്പോഴും നനയും. ഇന്ന് സ്‌കൂളിലേക്കും തിരിച്ചും നടക്കേണ്ടതില്ല. സ്വിച്ചിട്ടതു പോലെ വീട്ടു മുറ്റത്തെത്തും കുട്ടികള്‍. ഒരു ചുവടു പോലും നടക്കാന്‍ അവസരം കിട്ടാതെ അവരും മാറുകയാണ്. കളിയില്ല, കാര്യം മാത്രം. തുള്ളിച്ചാടി ആര്‍ത്തു തിമിര്‍ക്കാന്‍ മഴയുമില്ല.

കുട്ടികള്‍ മാത്രമല്ല, സ്‌കൂളും, അധ്യാപകരും അടിമുടി മാറിയിട്ടുണ്ട്. വലിയ ചൂരലുമായി നില്‍ക്കുന്ന അധ്യാപകന്‍ ഇന്നില്ല. മക്കളെ അടിച്ചു പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കുമില്ല താത്പര്യം. പറഞ്ഞത് അനുസരിക്കുന്നില്ലെങ്കില്‍ രണ്ടു പെട പെടക്കണം മാഷെ എന്ന് ഗുണദോഷിക്കുന്ന അച്ഛന്‍ ഈ കുറിപ്പുകാരന്റെ സ്‌കൂള്‍ ജീവിത കാലത്തോടു കൂടി തന്നെ അസ്തമിച്ചതായറിയുന്നു.

മതിലിനു പകരം തട്ടി കെട്ടി മറച്ചു വെച്ച ക്ലാസ്മുറികളും നാട് നീങ്ങി. ചെമ്മണ്ണോ കുമ്മായം കൊണ്ട് പാകിയ ചുമരുകളോ നിലമോ ഇന്നില്ല. എല്ലാം ടൈല്‍സും മാര്‍ബിളും കൈവശപ്പെടുത്തിയിരിക്കുന്നു. പണ്ട് അകത്ത് ചെരിപ്പിടാറില്ല. ഇന്ന് ചെരുപ്പ് പുറത്തഴിച്ചു വെക്കാറില്ല. പണ്ട് ഫാനുകള്‍ വിരളമെങ്കില്‍ ഇന്ന് സ്മാര്‍ട്ട് ക്ലാസ് റൂമില്‍ എ.സിയും ഫാനും യഥേഷ്ടം. മൂലക്കിരുന്നിരുന്ന ബ്ലാക്ക് ബോര്‍ഡും ഹൈട്ടെക്കായിക്കൊണ്ടിരിക്കുന്നു.

എല്‍.ഇ.ഡി ബള്‍ബുകളാണ് അവിടെ ക്ലാസെടുക്കുന്നത്. കുട്ടികളുടെ ബസ് യാത്ര സുഗമമാക്കാനായി ആര്‍.ടി.ഒമാരും ഒരുങ്ങിക്കഴിഞ്ഞു. മിനുക്കു പണികള്‍ കഴിഞ്ഞ് ബസുകളും മറ്റു വാഹനങ്ങളും പുറത്തിറങ്ങി. ചീറിപ്പായുന്ന വാഹന വ്യൂഹത്തിനിടയിലൂടെ കുട്ടികള്‍ ലക്ഷ്യത്തിലെത്താന്‍ പൊതു സമൂഹം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, School, Students, Rain, Teachers, Parents, Balloons, Sweets, Bag,Umbrella, LED Bulbs, RTO, Bus, Class rooms, Fan, Black board, Schools opened for new academic year.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia