city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാമാവശേഷങ്ങളായ നാട്ടുപള്ളങ്ങള്‍

എ ബെണ്ടിച്ചാല്‍

(www.kasargodvartha.com 03.03.2019) ഒരു കാലത്ത് നമ്മുടെ നാട്ടില്‍ പള്ളങ്ങള്‍ ധാരാളമുണ്ടായിരുന്നു. കൗംപള്ളം, തോണിപ്പള്ളം, കടപ്പള്ളം, പൊടിപ്പള്ളം ഇങ്ങനെ വ്യത്യസ്ഥ പേരുകളിലാണ് പള്ളങ്ങളെ അറിയപ്പെട്ടിരുന്നത്. ഇന്ന് നാട്ടുപേരുകളുടെ വാലില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ് പള്ളങ്ങള്‍. അരനൂറ്റാണ്ട് മുമ്പ് വരെ ജീവിത ഉപാധിയായി കൃഷിക്കാര്‍ക്ക് ധാരാളം കാലികള്‍ ഉണ്ടായിരുന്നു, അതിനു വേണ്ട കരക്കകളും (തൊഴുത്ത്). വളത്തിനു വേണ്ടി വളര്‍ത്തുന്ന കാലികളെ കൂട്ടാനുള്ള തൊഴുത്തിന് കുണ്ട്കരക്ക എന്നും, കറവപ്പശുക്കളെയും, ഉവ്വാന്‍ (നിലം പൂട്ടാന്‍) ഉപയോഗിക്കുന്ന കാളകളെ കൂട്ടുന്ന തൊഴുത്തിന് വല്ലം കരക്ക എന്നുമായിരുന്നു പേര്. ഇത്തരം വീടുകളിലെ കാലികളെ മേയ്ക്കാന്‍ ചെറുപ്പക്കാര്‍ ജോലിക്കും ഉണ്ടാകും. കാലികളുടെ നിറത്തിനനുസരിച്ച് കറുത്തതിനെ കാരിച്ചി (കരിയന്‍) വെളുത്തതിനെ വെള്ളച്ചി (വെള്ളി) എന്നിങ്ങനെ പേരുകള്‍ വിളിച്ചു കൊണ്ട് മേയ്ച്ചു നടക്കും.

നാട്ടുപള്ളങ്ങളുടെ ചുറ്റുവട്ടങ്ങളിലാണ് അധികവും കാലികളെ മേയാന്‍ വിടാര്‍. കൊടുംവേനലില്‍ പോലും വെള്ളം വറ്റാത്ത പള്ളങ്ങളില്‍ നിന്നാണ് കാലികളും, പറവകളും വെള്ളം കുടിച്ചിരുന്നത്. കഴുകന്മാര്‍ വെള്ളം കുടിക്കാന്‍ വന്നിരുന്നതിനാല്‍ ഒരു പള്ളത്തിന് കാലികളെ മേയ്ച്ച് നടന്ന പിള്ളേര്‍ കൗംപള്ളം എന്നു പേര് വിളിച്ചത് കൊണ്ടാണ് ആ പേര് വരാന്‍ കാരണമെന്ന് പഴമക്കാര്‍ പറയുന്നു.

എല്ലാ പള്ളങ്ങളുടെയും ഉള്‍ഭാഗം ചീനച്ചട്ടി പോലെയായിരുന്നു. മഴയത്ത് നിറയുന്ന വെള്ളം ഒരു തുള്ളി പോലും ചോര്‍ന്നു പോകാതിരിക്കാന്‍ കാരണവും ഇതാണ്. ഒരു കാലത്ത് നാട്ടിന്‍ പുറങ്ങളിലെ ജലസംഭരണികളായിരുന്ന നാട്ടുപള്ളങ്ങളെ സംരക്ഷിക്കേണ്ടതിന്നു പകരം പള്ളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കുറുക്ക് വഴികളിലൂടെ പതിച്ചുനല്‍കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നത്.

കഴുകക്കണ്ണുകളില്‍ പെടാതെ ഒഴിഞ്ഞുകിടക്കുന്ന നാട്ടുപള്ളങ്ങളെ സംരക്ഷിക്കേണ്ട ദൗത്യം പഞ്ചായത്തുകള്‍ ഏറ്റെടുത്തിരുന്നങ്കില്‍ എന്നാശിച്ചു പോകുന്നു.

നാമാവശേഷങ്ങളായ നാട്ടുപള്ളങ്ങള്‍

Keywords:  Kerala, Article, water, Save our Water resources, A Bendichal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia