city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രതിസന്ധികള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന ഭരണകര്‍ത്താക്കള്‍

പ്രതിസന്ധികള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന ഭരണകര്‍ത്താക്കള്‍
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി എല്ലാ ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായി നടത്തിയ രണ്ടുനാളത്തെ പണിമുടക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യം സ്തംഭിക്കുകയുണ്ടായി.

ഏതൊരു ഈര്‍ക്കില്‍ പാര്‍ട്ടിയും ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടും കടകമ്പോളങ്ങള്‍ അടച്ച് വാഹനങ്ങള്‍ റോഡിലിറക്കാതെ ആഘോഷമാക്കി മാറ്റുന്ന കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും ഒരു ബന്ദിന്റെ പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് പണിമുടക്ക് കടന്നുപോയത്.

ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു പണിമുടക്കിനോട് ജനങ്ങള്‍ സഹകരിച്ചത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളോടുള്ള വിയോജിപ്പാണെന്ന് മനസ്സിലാക്കാം. അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തുക തുടങ്ങിയ പത്തിന കാര്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്കിലേക്ക് ട്രേഡ് യൂണിയന്‍ നേതാക്കളെ വലിച്ചിഴച്ചത്.

സാധാരണക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ക്ക് ദിവസേന വില വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്രോളിയം വിലവര്‍ധനവിന് ഒരു നിയന്ത്രണവും ഏര്‍പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതുകൊണ്ടുതന്നെ സാധന സാമഗ്രികളുടെ വില പിന്നെയും പിന്നെയും കൂട്ടാന്‍ നിര്‍ബന്ധിതരാവുകയാണ്.

കുത്തക മുതലാളിമാരില്‍ നിന്നും മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നിന്നും ഓരോ ആവശ്യങ്ങള്‍ക്കും പിന്‍വാതിലിലൂടെ പണം പറ്റിയും ഓരോ ഇടപാടിലൂടെ കമ്മീഷന്‍ വ്യവസ്ഥകളുടെ പങ്ക് വന്നെത്തുമ്പോള്‍ അവരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാനല്ലാതെ 'കമാ എന്നൊരു ബാക്ക് മറുത്തുപറയാനൊക്കുമോ'? അതുകൊണ്ടുതന്നെയാണ് അവര്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്കും അവര്‍ വില നിശ്ചയിക്കുന്നത്.

മുന്‍കാലങ്ങളില്‍ കടകളിലും ഹോട്ടലുകളിലും വിലനിയന്ത്രണ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നത് കാണാനേയില്ല. ഹോട്ടലുകളില്‍ കയറി ചായ കുടിച്ചാല്‍ ഏഴു രൂപ മുതല്‍ 10 രൂപ വരെ ഈടാക്കുന്ന രീതിയാണുള്ളത്. വിത്തൗട്ട് കട്ടനുപോലും ഇതേ കാശ് ഈടാക്കുന്നു എന്നത് എന്തിന്റെ പേരിലാണാവോ? മറ്റു പലഹാരങ്ങള്‍ കഴിച്ചാല്‍ കൈപൊള്ളും.

ഇതിനൊന്നും കച്ചവടക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഉപ്പുതൊട്ട് കര്‍പൂരം വരെയുള്ള സാധനങ്ങളുടെ താങ്ങാനാവാത്ത വിലയും ഗ്യാസ്, വൈദ്യുതി തുടങ്ങിയവയുടെ അമിത ചാര്‍ജുകളും തൊഴിലാളികളുടെ വര്‍ധിച്ച ശമ്പളവും കാരണം ഹോട്ടല്‍ വ്യവസായം തകര്‍ച്ചയുടെ വക്കത്തെന്നാണ് ഇവരുടെ അവകാശവാദം.

ഏറെ പ്രതീക്ഷകളോടെ നിയമ നിര്‍മാണ സഭയിലേക്ക് നാം തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ രാജ്യത്തിന്റെയും പ്രജകളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മാറുകയും, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരുമായി മാറിയതാണ് നാടിന്നും നാട്ടുകാര്‍ക്കും വിനയായിത്തീര്‍ന്നത്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തികളോട് സമരം നടത്തി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ തത്വസംഹിതകള്‍ പാടെ വിസ്മരിച്ചുകൊണ്ടാണ് പിന്‍മുറക്കാരായ നേതാക്കളുടെ പ്രവര്‍ത്തനശൈലി തന്നെ.

പ്രതിസന്ധികള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന ഭരണകര്‍ത്താക്കള്‍
കാസര്‍കോടന്‍ പഴഞ്ചൊല്ലായ 'ബെയിച്ചോനറിയില്ല പയിച്ചോന്റെ ഹാല്'. എന്നതുപോലത്തെ സ്ഥിതിവിശേഷമാണുള്ളത്.അരിയില്ലെങ്കില്‍ കോഴിയും പാലും കുടിക്കാന്‍ പറഞ്ഞ പഴയ ഭക്ഷ്യമന്ത്രിയുടെ നാട്ടിലാണല്ലോ നാം വസിക്കുന്നത് എന്നൊരാശ്വാസം മാത്രം.

വസ്തു നികുതി അടയ്ക്കാന്‍ വില്ലേജോഫീസില്‍ പോയി കാത്തിരിക്കേണ്ട ഗതികേടാണ് ഇന്നു നമുക്കുള്ളത്. നികുതിപ്പണം വാങ്ങുന്നതിന് വില്ലേജോഫീസുകാരന് വലിയ നേട്ടമൊന്നുമില്ലല്ലോ? ഈ സമയം കൊണ്ട് വല്ല ഭൂമാഫിയകളുടെ വസ്തു പതിച്ചു കൊടുക്കാന്‍ പോയാല്‍ ചില്ലറ ഒക്കുമല്ലോ എന്നു ചിന്തിക്കുന്ന പാവം ഉദ്യോഗസ്ഥന്‍മാരെ പഴി പറഞ്ഞിട്ട് കാര്യമൊന്നുമില്ല.

2 ജി സ്‌പെക്ട്രം ഇടപാടിലൂടെ ഏതാണ്ട് 1.75 ലക്ഷം കോടിയുടെ ഇടപാടു നടത്തി അതിനെ തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുന്നതു പോലും ഏതാണ്ട് വിജയിച്ച ഒരു രാജ്യത്തെ താഴേക്കിടയിലുള്ള ജീവനക്കാരന്‍ വയറ്റു പിഴപ്പിനുവേണ്ടി അല്പം വളഞ്ഞു ചിന്തിച്ചുപോകുന്നുവെങ്കില്‍ ആരോടാണു പരാതി പറയാനാവുക?

മുന്‍കാലങ്ങളിലൊക്കെ അവിഹിതമായി വല്ലതും വാങ്ങാന്‍ ആദര്‍ശബോധം അനുവദിക്കാത്ത ജനനേതാക്കളും ഉദ്യോഗസ്ഥന്‍മാരുമാണ് നമുക്കുണ്ടായിരുന്നതെങ്കില്‍ ഇന്ന് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവരെ മഷിയിട്ടുനോക്കിയാല്‍ പോലും കാണാനാവില്ല.

രാജ്യതന്ത്രങ്ങളറിയുന്ന ജനനേതാക്കള്‍ കാര്യ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഭരണകര്‍ത്താക്കള്‍ ജനതാല്‍പര്യം കാത്തുസൂക്ഷിക്കുന്നതില്‍ സശ്രദ്ധരായി പ്രവര്‍ത്തിക്കുന്നതിനുപകരം പഞ്ചനക്ഷത്ര ആഡംബരത്തോടെ ജീവിതം സുഖസുന്ദരമാക്കാന്‍ വേണ്ടി മാത്രമല്ല, തന്റെ മൂന്ന് തലമുറകള്‍ക്കെങ്കിലും ഇതുപോലെ മേലനങ്ങാതെ ജീവിക്കാനുള്ള വക അഞ്ചു വര്‍ഷം കൊണ്ട് നേടിയെടുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന മിടുക്കന്‍മാരാണല്ലോ നമ്മുടെ ഭരണകര്‍ത്താക്കള്‍.

പ്രതിസന്ധികള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന ഭരണകര്‍ത്താക്കള്‍നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും വാണംപോലെ വില കുതിച്ചുയരുമ്പോള്‍ പൊങ്ങി വരുന്ന ജനശബ്ദങ്ങള്‍ ആഗോള പ്രതിഭാസമാണെന്നും ഇത് പിടിച്ചു നിര്‍ത്താനുള്ള മാജിക്ക് എന്റെ കയ്യിലില്ലെന്നും പറഞ്ഞ് വാക്കസര്‍ത്തുനടത്തുന്ന ജനവികാരത്തെയാണ് വിസ്മരിച്ചുപോകുന്നത്.

ആദര്‍ശങ്ങളുടെ പെരുമ്പറ മുഴക്കി ജനാധിപത്യ വ്യവസ്ഥകളിലൂടെ മന്ത്രി സഭകളിലേക്കെത്തിക്കഴിഞ്ഞാലും അധികാരം കൈവിടാതെ കാത്തുസൂക്ഷിക്കാനുള്ള കസര്‍ത്തുക്കള്‍ നടത്തുക മാത്രമല്ല വേണ്ടത്.കാലങ്ങളായി ജീവിതത്തില്‍ കാത്തുസൂക്ഷിച്ച സംശുദ്ധി നിലനിര്‍ത്തുവാന്‍ തന്റെ അധികാരങ്ങള്‍ കൈവിടാനും തയ്യാറാവണം.

പദവികള്‍ നിലനിര്‍ത്തുവാന്‍ വേണ്ടി പൊതു ഖജനാവിന് വന്‍ തുകകള്‍ നഷ്ടം വരുത്തി ജനത്തിന്റെ തലയില്‍ താങ്ങാനാവുന്നതിനപ്പുറം കെട്ടിവെച്ച് ആദര്‍ശമേനി നടിക്കുന്ന ആര്യാടന്‍ജി പോലും തന്റെ കയ്യിലുള്ള വൈദ്യുതി, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകള്‍ ഇതിനകം തന്നെ കുട്ടിച്ചോറാക്കി മാറ്റിയതല്ലേ...?

അവശ്യ സാധനങ്ങള്‍ പോലെത്തന്നെ ജനങ്ങളുടെ അവശ്യഘടകമായ വൈദ്യുതി ക്ഷാമവും വിലവര്‍ധനവും മൂലം വലിയ ആഘാതം തന്നെയാണ് ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. അതുപോലെത്തന്നെ കെ.എസ്.ആര്‍.ടി.സി.യുടെ കെടുകാര്യസ്ഥതമൂലം അധിക ബാധ്യത വന്നതിനാല്‍ എട്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടം വഹിക്കേണ്ടി വന്നിരിക്കുന്നത്. പ്രതിമാസം 91.5 കോടിയോളം രൂപയുടെ നഷ്ടമാണ് താങ്ങേണ്ടത്.

പ്രതിസന്ധികള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന ഭരണകര്‍ത്താക്കള്‍
കെ.എസ്.ആര്‍.ടി.സി.ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് രൂക്ഷമായ പ്രതിസന്ധിയിലാണിപ്പോള്‍. ഇന്ധനം വാങ്ങാനോ മറ്റു ചിലവുകള്‍ക്കോ കാശ് തികയുന്നില്ല. എന്തിനധികം ടിക്കറ്റ് അടിച്ചുകൊടുക്കാനുള്ള ഉപകരണം പോലും ഇല്ലാ എന്നു പറയുന്നതില്‍ വകുപ്പിനു ലജ്ജിച്ചു തലതാഴ്ത്താം. പലയിടങ്ങളിലും ബസുകള്‍ നിര്‍ത്തലാക്കി കഴിഞ്ഞിരിക്കുകയാണിപ്പോള്‍. മംഗലാപുരം - കാസര്‍കോടു റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ പുന:സ്ഥാപിച്ചു.

കര്‍ണ്ണാടക സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുടെ സര്‍ക്കാര്‍ ബസുകള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തുന്നതും, കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതകള്‍ കേരള ജനത ഏറ്റെടുക്കണമെന്ന് പറയുന്നതും.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ജീവിതം തളളി നീക്കാന്‍ പെടാപാടുപെടുന്നവരുടെ തലയില്‍ തന്നെ തന്റെ വകുപ്പിലെ പിടിപ്പുകേടുകൊണ്ട് വന്ന അധിക ബാധ്യത കൂടി കെട്ടിവെക്കണോ?

നഷ്ടങ്ങളില്‍ കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ എക്കാലവും എല്ലാം സഹിച്ച് ജനങ്ങളാല്‍ സംരക്ഷിക്കപ്പെടേണ്ട കാര്യമില്ല. പകരം ഈ സ്ഥാപനത്തെ ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗരേഖകള്‍ നല്‍കി ആ ഉത്തരവാദിത്തം തൊഴിലാളികള്‍ക്കു തന്നെ ഏല്‍പിക്കുകയല്ലേ നല്ലത്.

ഇന്ത്യന്‍ കോഫി ഹൗസ് പ്രസ്ഥാനം പോലെ ജീവനക്കാരില്‍ തന്നെ ഉത്തരവാദിത്തം ഏല്‍പിച്ചാല്‍ അവരും സ്വയം നന്നായി വരും. അല്ലെങ്കില്‍ ഇതു നിര്‍ത്തിവെച്ച് തൊഴിലാളികളെ മറ്റു തസ്തികകളിലേക്ക് നിയോഗിച്ചാലും മതിയാവുമല്ലോ?

അധികാരങ്ങള്‍ കൈവരുമ്പോള്‍ ഇച്ഛാശക്തിയില്ലാതെ നേരെ ചൊവ്വേ കൊണ്ടു നടക്കാതെ നേട്ടങ്ങള്‍ കൊയ്ത് നഷ്ടങ്ങല്‍ മാലോകരുടെ തലയില്‍ വെച്ച് ഉടയാടകളില്‍ ചെളി പുരളാതെ ഉളുപ്പില്ലാതെ നഷ്ടങ്ങളുടെ കണക്കുനിരത്തലിനെയല്ലാ ആദര്‍ശമെന്നു പറയുന്നത്.

പഴയ നമ്മുടെ ആന്റണി സാറിനെപ്പോലെ ഏത് പദവിയിലാണെങ്കിലും വലിച്ചെറിയാനുള്ള തന്റേടമാണ് കാട്ടേണ്ടത്. ചക്കരക്കുടത്തില്‍ വീണ് കൈ നക്കി ഉദര സേവനം നടത്തുന്നവര്‍ നാടിനെ കുട്ടിച്ചോറാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ശക്തമായ ഏകാധിപതികള്‍ പോലും വാണിരുന്ന ഈജിപ്തില്‍ പോലും ജനങ്ങള്‍ തെരുവിലിറങ്ങിയതും സ്ഥാന തേജനം നടത്തി ഓടേണ്ടി വന്നതും. അതിനെ അറബ് വസന്തമെന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്നെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ അതിപ്രസരത്തില്‍ എന്തും ചെയ്യാമെന്നായ നമ്മുടെ നാട്ടിലും ഒരു വസന്തം പൊട്ടിപ്പുറപ്പെടാതിരിക്കില്ല, അതിന്റെ മുന്നൊരുക്കം തന്നെയല്ലേ സര്‍വ തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക്...


പ്രതിസന്ധികള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന ഭരണകര്‍ത്താക്കള്‍
-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

Keywords: Labour, History, Loksabha, People,Sarkkar, Cost, Independence, A.K. Antony, Indian coffee house, A.K.Antony,Harthal, Vehicle, Increase, Protect, K.S.R.T.C, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Rulers and victims of Harthal

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia