പള്ളിക്കരയിലെ പുഴകള്‍ പുത്തന്‍ വസ്ത്രമണിയുന്നു
May 22, 2012, 09:27 IST
ഗാന്ധി ജയന്തിക്കും, ക്ലബ്ല് വാര്‍ഷികങ്ങള്‍ക്കും മറ്റും ദേശാഭിമാനികള്‍ കാടുവെട്ടിത്തെളിച്ചും, ശ്രമദാനം നടത്തിയും തികച്ചും സൗജന്യമായി ചെയ്തു തീര്‍ക്കാറുള്ള സേവനവാര പരമ്പരകള്‍ നാടുനീങ്ങിയത് പെയ്ഡ് സര്‍വ്വീസായ തൊഴിലുറപ്പ് പദ്ധതിയുടെ ആവിര്‍ഭാവത്തോടെയാണെന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍.
തൊഴിലുറപ്പു പദ്ധതികള്‍ പ്രത്യുല്‍പ്പാദനപരമല്ലെന്ന പൊതു സമൂഹത്തിന്റെ മുറവിളിക്കിടയില്‍ നിന്നുമാണ് നീര്‍ത്തടപദ്ധതികള്‍ ജനിച്ചു വീഴുന്നത്. തൊഴിലുറപ്പും, സംസ്ഥാന കയര്‍ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് പള്ളിക്കര പഞ്ചായത്തിലെ 5ാം വാര്‍ഡിലെ മുക്കുണ്ട് പുഴയെ വീതി കൂട്ടി ജല നിബിഡമാക്കി കയര്‍ വസ്ത്രമണിയിക്കുന്നതിന് 25ലക്ഷം രൂപയുടെ പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പഞ്ചായത്ത് പ്രസിഡണ്ടും കര്‍ഷക നേതാവുമായ കെ. കുഞ്ഞിരാമന്‍.
ഇടതു ഭരണ കാലത്ത് തെക്കന്‍ കേരളത്തിലെ കൊല്ലത്തും കാസര്‍കോടും ഒരുമിച്ചു പദ്ധതിയിട്ട കപ്പല്‍ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട് (മാരിടൈം) കൊല്ലത്ത് മാത്രമെ പൂത്തുള്ളു, കാസര്‍കോടില്‍ അത് നടുമ്പോള്‍ തന്നെ വാടിക്കരിഞ്ഞ പദ്ധതിയായി മാറി. കപ്പല്‍ ജീവനക്കാരുടെ ഈറ്റില്ലമാണ് കാസര്‍കോട് ജില്ലയെന്നത് കൂടി ഓര്‍ക്കണം. കൊല്ലത്തിനു വേണ്ടി ജില്ലയിലെ കശുവണ്ടി ഫാക്റ്ററി വരെ അടച്ചു പൂട്ടേണ്ടി വന്നിട്ടുണ്ട്. ഇത്തരം ദുര്‍ഗതികളെ കുറിച്ചൊന്നും ആര്‍ക്കും മിണ്ടാട്ടമില്ല.
ബിആര്‍ഡിസി ടൂറിസ്റ്റുകള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പള്ളിക്കര പഞ്ചായത്തിലെ ബംഗാടിലെ കരിച്ചേരി പുഴ തുരന്നു. നാട്ടുകാര്‍ എതിര്‍ത്തപ്പോള്‍ സൗജന്യമായി ഗ്രാമീണര്‍ക്ക് വെള്ളം തരാമെന്ന് ഏറ്റെങ്കിലും പാലം കടന്നപ്പോള്‍ വെള്ളം നല്‍കാതെ ചതിക്കുകയായിരുന്നു. കാഞ്ഞങ്ങാട് പട്ടണം വഴി പോകുന്ന സ്‌റ്റേറ്റ് ഹൈവേ റോഡ് അഹല്യയെ പോലെ മോക്ഷത്തിനായി കാത്തു നില്‍ക്കുന്നു. തരിശു ഭൂമി കൃഷിയോഗ്യമാക്കാന്‍ തോഴിലുറപ്പു പദ്ധതികള്‍ ചിലവിട്ട പണം പലയിടത്തും പാതി വഴിയിലാണ്. മഞ്ചേശ്വരത്തു പുരാതന ശിലയായി കിടക്കുന്ന സമ്പൂര്‍ണ ശുദ്ധജല പദ്ധതി കോടികള്‍ തുലച്ചാണ് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത്. നീലേശ്വരത്തെ കോട്ടപ്പുറത്തു നിന്നും തിരുവന്തപുരത്തിലേക്കുള്ള കെഎസ്ഡബ്ല്യൂടിസി ബോട്ടു സര്‍വ്വീസ് പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തിനപ്പുറം ജീവനുണ്ടായില്ല എന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന പറശ്ശനിക്കടവ് ട്രിപ്പും ഉപേക്ഷിച്ചു. വടക്കന്‍ പദ്ധതികളോട് സര്‍ക്കാരിനും നാട്ടിലെ ജനത്തിനും വലിയ താല്‍പര്യമില്ലാ എന്നതിനുള്ള ഉദാഹരണങ്ങളാണിവ. ഭരണ സിരാകേന്ദ്രങ്ങളിലിറങ്ങിച്ചെന്ന് പദ്ധതികള്‍ പിടിച്ചു വാങ്ങാന്‍ തെക്കിന്റെ മിടുക്കു വടക്കന്‍ രാഷ്ട്രീയം സ്വായത്തമാക്കിയിട്ടില്ല. വികസന വിഷയത്തിലേക്ക് വരാതെ പരസ്പരം പഴി പറയാനും സ്വയം പഴിക്കാനും മാത്രമെ ഇവിടുത്തെ പൊതു സമൂഹം ശ്രമിക്കുന്നുള്ളു.
കേരളത്തെ കയര്‍ ഭൂവസ്ത്ര സംസ്ഥാനമായി പ്രഖ്യാപിച്ചത് 2001ലാണ്. കയര്‍ വസ്ത്രമണിഞ്ഞ് കാസര്‍കോടന്‍ പുഴകള്‍ സുന്ദരികളാകുമ്പോള്‍ അതിന്റെ പരോക്ഷ നേട്ടവും തെക്കിനു തന്നെ. കേന്ദ്ര സഹമന്ത്രി കെസി വേണുഗോപാലന്റെ നാട്ടിലാണ് മിക്ക കയര്‍ നിര്‍മ്മാണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് കരിങ്കല്‍ ഭിത്തി പണിയുന്നത് കരിങ്കല്ലിന്റെ സുലഭ്യതയെന്നതു പോലെയാണ് ആലപ്പുഴക്ക് കയര്‍. ഈടു നില്‍ക്കില്ലെങ്കിലും പദ്ധതിയെ നമുക്ക് സ്വാഗതം ചെയ്യാം. പൂച്ച ഏതായാലെന്ത് നമുക്ക് എലിയെ പിടിച്ചാല്‍ പോരെ.
കൊടവലത്തിന്റെ വിജയം ചരിത്രത്തിലേക്ക്
പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭരണം മഹാബലിയുടെ ക്ഷേമരാജ്യസദ്യശ്യമായതിനാലാണെന്നും, അതിന്റെ തെളിവാണ് കൊടവലത്തെ വന്‍ വിജയമെന്നും ഒരു ഭാഗം കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ അതല്ല, വിനോദ് കുമാര്‍ പള്ളയില്‍ ശുദ്ധ മുരളീധരന്‍- കരുണാകര വിശ്വാസിയായതാണ് വിജയ കാരണമെന്നാണ് ചില പത്രങ്ങള്‍. ഏതായാലും യുഡിഎഫില്‍ വെൡം വിതറിയാണ് തെരെഞ്ഞെടുപ്പ് കടന്നു പോയത്. സിപിഐ തങ്ങളുടെ ഇളയ വലിയേട്ടന്മാര്‍ ഇടയില്‍ പാലം വലിച്ചതിലെ ദഹനക്കേടിലാണ്. ടിവി കരിയന്‍ പ്രസിഡണ്ടായിപ്പോകരുതെന്ന ഒരേ വിചാരത്തില്‍ വോട്ടു മാറ്റി കുത്തിയ കുലംകുത്തികളും കോടവലത്തുണ്ടായതായി അവര്‍ പറയുന്നു. പഴയ സിപിഎം കാരനായ മാധവ വാര്യര്‍ക്കോ ബിജെപി സ്ഥാനാര്‍ത്ഥിക്കോ യുഡിഎഫിന്റെ വിജയത്തെ തടയിടാനായില്ല.ബിജെപിയുടെ ജില്ലാ സ്ഥാനാര്‍ത്ഥിക്ക് 2010ല്‍ കൊടവലത്ത് 145 വോട്ടുകളുണ്ടായിരുന്നു. അവ മൊത്തമായി യുഡിഎഫിലേക്ക് ചേക്കേറിയത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. അതിന്റെ അലയൊലികള്‍ മാവുങ്കാലിലും മറ്റും പ്രകടമായി.
വിനോദിന്റെ വിജയത്തിനൊപ്പം ഒരു ചരിത്രം കൂടി ജില്ലയില്‍ പിറന്നു. മുളിയാര്‍ പഞ്ചായത്തിലെ ബാലനടുക്കത്ത് 2010ല്‍ യുഡിഎഫ് ജയിച്ചത് 700 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇത്തവണത്തെ ഭൂരിപക്ഷം 89 മാത്രം. വിനോദിന്റെ ജയത്തിനു മുമ്പില്‍ ഇത് ഭീമമായ തോല്‍വിയെന്നതാണ് വിനോദ് വിജയത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. വിനോദിന് സമാനമായ മറ്റൊരു വിജയമാണ് തൃശൂരിലെ അളഗപ്പ നഗര്‍ പഞ്ചായത്തില്‍ നടന്നത്. കഴിഞ്ഞ 35 വര്‍ഷമായി ഇടതു ഭരണമാണിവിടെ. കെഎസ്‌യു സംസ്ഥാന സെക്രട്ടറി കെകെ ലീഷ്മ പോരിനിറങ്ങിയപ്പോള്‍ സിപിഎം സിറ്റിങ്ങ് സീറ്റ് മുട്ടുകുത്തി. ലീഷ്മയും ചരിത്രമായി. 35 വര്‍ഷത്തിനു ശേഷം അളഗപ്പ നഗര്‍ പഞ്ചായത്ത് ലീഷ്മ വഴി യുഡിഎഫിന്.
തീരുമാനമെടുക്കാന്‍ പ്രയാസമില്ല നടപ്പാക്കാനാണ്
ഹോട്ടലില്‍ കയറി ചോറു വിളമ്പിയാല്‍ കഴിച്ചു ബാക്കി വലിച്ചെറിയാന്‍ സ്വാതന്ത്ര്യമുള്ള ഇന്ത്യക്കാര്‍ക്ക് വേണ്ടി ലണ്ടനില്‍ നിന്നുമൊരു വാര്‍ത്ത. കിലന്‍ ബുഫെ റസ്റ്റോറന്റില്‍ ഭക്ഷണത്തിന് തുച്ഛ വില. കേവലം 20 പൗണ്ട് മാത്രം. വേണ്ടതിലധികം കഴിക്കാം. പക്ഷെ ചെറിയൊരു നിബന്ധന. ഭക്ഷണം വേസ്റ്റ് ആക്കി കളയരുത്. കളഞ്ഞാല്‍ പിഴ അടക്കണം. അതും 20 പൗണ്ട് തന്നെ. ഇതു വാര്‍ത്തായാവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.
ബെവര്‍ലി ക്ലാര്‍ക്ക് എന്ന അമ്മയും മകനും റെസ്റ്റാറന്റില്‍ കയറി ഭക്ഷണം കഴിച്ചു. 20 പൗണ്ടും ഏല്‍പ്പിച്ചു. ജീവനക്കാരന്‍ എച്ചിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്ലേറ്റില്‍ ഉള്ളിയുടെ ഒരു പാടയും, ചെമ്മീനിന്റെ നാരും ശ്രദ്ധയില്‍പ്പെട്ടത്. വീട്ടമ്മക്ക് പിഴയൊടുക്കേണ്ടി വന്നു, ഇവിടെ തീരുമാനമെടുക്കാന്‍ പ്രയാസമില്ല നടപ്പിലാക്കാനാണ് പ്രയാസം.
പാഞ്ചാലി പണ്ട് ഉണ്ട പാത്രം കഴുകി വെച്ചതില്‍ ചീരഇലയുടെ തുണ്ട് ഒഴിഞ്ഞു പോയത് ഉപയോഗപ്പെടുത്തി ദുര്‍വ്വാസാവിനും കൂട്ടര്‍ക്കും വീണ്ടും ചോറുണ്ടാക്കി വിളമ്പിയ കഥ ഇന്ത്യയുടെ സ്വന്തമാണല്ലോ.
പിണറായിക്കെതിരെ കേസ്
പിണറായിക്കെതിരെ കേസെന്ന് കേട്ട് വായനക്കാര്‍ ഞെട്ടിത്തരിക്കണ്ട. കോടതിയില്‍ പോകാന്‍ കൂട്ടിന് വിഎസും, കാരാട്ടുമുണ്ട് കൂടെ. കേസേതെന്നല്ലെ? 2009ല്‍ ആസിയാന്‍ കരാറിനെതിരെ രാജ്ഭവനു മുമ്പില്‍ പ്രകടനം നടത്തിയതിന്. പശുവും ചത്തു. മോരിന്റെ പുളിയും മാറി. കേസിനിയും ബാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌റ്രേട്ടിന് മുമ്പാകെ ആഗസ്റ്റ് 20ന് പ്രതികള്‍ ഹാജരാകണം.
സര്‍ക്കാരിന് ഒരു വയസ്സു തികഞ്ഞു
പതിമൂന്നാം നിയമസഭയുടെ-ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം വടകരയില്‍ ചന്ദ്രശേഖര വധത്തിനെതിരെയുള്ള സത്യാഗ്രഹ ആചരണമായി പരിണമിക്കുകയായിരുന്നു. മുഖ്യമന്ത്രി, രമേശ് ചെന്നിത്തലയടക്കം പിറന്നാള്‍ ദിനത്തില്‍ സത്യാഗ്രഹമിരുന്നു. ഏതാനും മന്ത്രിമാര്‍ പരിധികള്‍ക്കപ്പുറം ഉയരുന്നില്ല എന്ന പരാതിക്കപ്പുറം പറയത്തക്ക വൈകല്യങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ ചെവിക്കു പിടിച്ചില്ലെങ്കിലും പിറവം തെരെഞ്ഞെടുപ്പിലെ വിജയവും തുടര്‍ന്നുയര്‍ന്നു വന്ന അഞ്ചാം മന്ത്രി വിവാദവും ഉമ്മന്‍ ചാണ്ടിയെ കെപിസിസിയുടെ വരെ ശത്രുവാക്കി മാറ്റി. രാഷ്ട്രീയത്തെ മതത്തിലേക്ക് വഴി തിരിച്ചു വിട്ട ഭരണ നേതൃത്വമെന്ന പഴി കേള്‍ക്കലിനിടയിലാണ് ടിപി ചന്ദ്രശേഖരന്റെ വധം മുഖ്യമന്ത്രിയുടെ രക്ഷക്കെത്തിയത്.
വിഴിഞ്ഞം പദ്ധതിക്ക് വേഗത കൂട്ടിയതും, സ്മാര്‍ട്ട് സിറ്റിയും മെട്രോലൈനും കടലാസില്‍ നിന്നും പറമ്പിലേക്കിറങ്ങി വന്നതും ഈ കാലത്താണ്. നിയമന നിരോധന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ തന്നെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി. നോക്കു കൂലി നിരോധനം നടപ്പിലാക്കി ഷിബു ജോണ്‍ കോണ്‍ഗ്രസ് മുന്നണിയില്‍ വിപ്ലവത്തിനു തിരി കൊളുത്തി. അനുവദിച്ച ആയിരം കോടിയേക്കാള്‍ പണം റോഡിലിറക്കി ഇബ്രാഹിം കുഞ്ഞും, പാഠപുസ്തകങ്ങളുടെ പണി സമയത്തു തന്നെ പൂര്‍ത്തീകരിച്ചും, റിസള്‍ട്ട് വിവാദമാക്കാതെ അബ്ദുല്‍ റബ്ബും മന്ത്രിസഭയുടെ യശ്ശസ് ഉയര്‍ത്തി.
ഒരു വര്‍ഷത്തെ മുഴുവന്‍ വികസനവും ഇടതു മുന്നണി തുടങ്ങി വെച്ചതാണെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. ഒന്നാം തിരുപിറവി വഞ്ചനാ ദിനമായി ബിജെപി കൊണ്ടാടുന്നു. ചെന്നിത്തല ഉപവാസമിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ വീട്ടു പടിക്കലാണെന്നും, ഘടക കക്ഷികള്‍ സുപ്പര്‍ മുഖ്യമന്ത്രിയാവുകയാണെന്നു വി,മുരളീധരന്‍ പറഞ്ഞു.
Keywords: Varthavaram, Prathibha Rajan