city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്ണിനെ കിട്ടുമോ? എത്രയാണ് ചാര്‍ജ്? തീയില്‍ കടഞ്ഞെടുത്ത സാമൂഹ്യ പ്രവര്‍ത്തനം

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 01.07.2019)
പ്രവര്‍ത്തിക്കുന്നവരിലേ തെറ്റ് കാണാന്‍ സാധ്യതയുള്ളൂ. മാങ്ങയുള്ള മാവിലേ കല്ലെറിയൂ. പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുമ്പോള്‍ സാന്ത്വനം സ്വയം കൈവരിക്കാന്‍ ഓര്‍ക്കുന്ന ചില പ്രസ്താവനകളാണിത്. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ നന്നേ പ്രായാസം  തോന്നുക സ്വഭാവികമാണ്. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ അതിനെ തകര്‍ക്കാന്‍ മെനയുന്ന കെട്ടു കഥകളും നോവേല്‍പ്പിച്ചിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ച് ഇപ്പോഴും അടങ്ങിയിരിക്കാതെ ജാതി-മത-രാഷ്ടീയ പിന്തുണയില്ലാതെ ഒപ്പം നില്‍ക്കുന്ന ചില സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ സാമൂഹ്യ പ്രവര്‍ത്തന പാതയില്‍ തുടരുന്നു. സമൂഹ്യ നന്മ കാംക്ഷിക്കുന്ന സുമനസ്സുകളുടെ മുമ്പില്‍ അത്തരം ദുരനുഭവങ്ങള്‍ തുറന്നു വെക്കുകയാണ്.

ഏപ്രില്‍ ഫൂള്‍: 1985 ഏപ്രില്‍ ഒന്ന് കരിവെള്ളൂര്‍ ബസാറില്‍ വലിയൊരു ഫ്‌ളക്‌സ് ബോര്‍ഡ്
'ലഹളാസമാജം'
സംവിധാനം: കൂക്കാനം റഹ് മാന്‍.
തിരക്കഥ: ഭരത് കുഞ്ഞികൃഷ്ണന്‍.

പെണ്ണിനെ കിട്ടുമോ? എത്രയാണ് ചാര്‍ജ്? തീയില്‍ കടഞ്ഞെടുത്ത സാമൂഹ്യ പ്രവര്‍ത്തനം

കരിവെള്ളൂര്‍ ബസാറില്‍ ആരംഭിച്ച സെന്‍ട്രല്‍ മഹിളസമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ അസൂയാലുക്കളായ ചിലരുടെ വികൃതി. പക്ഷേ കൊച്ചുകുട്ടികള്‍ക്കും, അമ്മമാര്‍ക്കും റൊട്ടി, പാല്‍, പയറ് വര്‍ഗ്ഗങ്ങള്‍ എന്നിവ സമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പ്രസ്തുത മഹിളാസമാജം മുഖേന വിതരണം ചെയ്തതിലും, ഒരു തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിച്ചതിലും എതിര്‍പ്പുള്ളവരുടെ സമ്മാനമായിരിക്കാം ഇത്. മനസ്സ് വേദനച്ചില്ല. പക്ഷേ സ്വയം ചോദിച്ചു 'എന്തേ ചിലര്‍ ഇങ്ങനെ?'

പെണ്ണുങ്ങളെ കൂട്ടിക്കൊടുപ്പ് നടത്തുന്ന സ്ഥലം: എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ ഞാന്‍ നേതൃത്വം നല്‍കുന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ ഒരു പ്രൊജക്ട് അനുവദിച്ചു തരികയുണ്ടായി. മള്‍ട്ടി പാര്‍ട്ട്‌ണേര്‍സുള്ള സ്ത്രീകളെ കൗണ്‍സിലിംഗിലൂടെ കണ്ടെത്തി അവര്‍ക്ക് സുരക്ഷിത ലൈംഗിക ബന്ധം നടത്താന്‍ ഉപദേശിച്ചു കൊടുക്കുക; കോണ്ടം ഉപയോഗിക്കുന്ന രീതി പറഞ്ഞു കൊടുക്കുക, എച്ച്‌ഐവി അണുബാധ ഉണ്ടോ എന്ന് പരിശോധിക്കുക, ലൈംഗികരോഗങ്ങള്‍ പരിശോധിച്ച് മരുന്ന് കൊടുക്കുക എന്നിവയാണ് പ്രസ്തുത പ്രൊജക്ടിലൂടെ നടത്തേണ്ടത്. അതിനൊരു ഓഫീസ് ഉണ്ട്. അവിടേക്ക് വന്ന ഒരു വനിതാ നേതാവ് ഒരു പ്രമുഖ പത്രത്തിന് കൊടുത്ത വാര്‍ത്തയിലെ വാചകമായിരുന്നു ഇത്. ഈ കൊടും ചതിക്ക് എന്തു പേരിടണം?

സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം: 1990 ഏപ്രില്‍ 18ന് കോഴിക്കോട് മാനഞ്ചിറ മൈതാനിയില്‍ നടക്കുകയാണ്. ജില്ലയില്‍ നിന്ന് എല്ലാ പഞ്ചായത്തുകളിലേയും പ്രവര്‍ത്തകരും പഠിതാക്കളും പരിപടിയില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസം ഒരു സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ 'ജില്ലയില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ കോഴിക്കോട് ഹോട്ടലില്‍ കയറി പ്രശ്‌നമുണ്ടാക്കി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂക്കാനം റഹ് മാന്‍ ഇടപട്ട് പ്രശ്‌നം ഒതുക്കി തീര്‍ത്തു. ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിരുന്നില്ല. ഇല്ലാക്കഥ മെനഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നതില്‍ സന്തോഷം കാണുന്ന ചിലര്‍. അതിന്റെ പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായി..

എഴുതാത്ത ഊമക്കത്ത്: ഹോം നഴ്‌സിംഗ് സര്‍വ്വീസിന്റെ ജില്ലയിലെ തുടക്കക്കാരന്‍ ഞാനാണ്. അതിന് നേതൃത്വം കൊടുക്കാന്‍ ഒരു സ്ത്രീക്ക് ചുമതല നല്‍കി. അവരോട് കാര്യങ്ങള്‍ കൃത്യമായി നടത്തിക്കൊണ്ടു പോകാന്‍ പലപ്പോഴും കര്‍ക്കശമായി നിര്‍ദേശിക്കും. അതിന്റെ വിരോധം തീര്‍ക്കാനാണെന്ന് തോന്നുന്നു. ഞാന്‍ എഴുതുന്ന പോലെ ആ സ്ത്രീയുടെ അഡ്രസില്‍, അവരെയും വേറൊരു വ്യക്തിയേയും ബന്ധപ്പെടുത്തി എഴുതിയ കത്ത് കിട്ടുന്നു. ആ കത്തുമായി അവര്‍ പരാമര്‍ശിച്ച വ്യക്തിയുടെ അടുത്തു ചെന്ന് പരാതി പറയുന്നു. ഞാനാണ് അതെഴുതിയതെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ചെയ്യാത്ത കാര്യം ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കുബുദ്ധികള്‍ ഇങ്ങനെയും കള്ളക്കഥ പ്രചരിപ്പിക്കും. എന്തു ചെയ്യാന്‍?

മാഷും മദ്യപിക്കും അല്ലേ? കാസര്‍കോട് അഡ്വ: മാധവന്‍ മാലങ്കാടിന്റെ വാടക വീട്ടില്‍, രാത്രി നാട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റാത്ത കുറേ കാന്‍ഫെഡ് പ്രവര്‍ത്തകര്‍ താമസിക്കുന്നു. രാത്രി വളരെ വൈകിയതിനാല്‍ വീട്ടിലെ ഭക്ഷണം തീര്‍ന്നിട്ടുണ്ടാകും. അതിനാല്‍ റൊട്ടി വാങ്ങിക്കാം എന്ന് അഡ്വക്കറ്റ് പറഞ്ഞു. വീട്ടില്‍  രണ്ടു മുറിയിലായിട്ടായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഫ്രിഡ്ജിലെ വെള്ളവുമെടുത്ത് ഞങ്ങള്‍  പുരുഷന്മാര്‍ മുറിയുടെ വാതിലടച്ച് റൊട്ടിയും വെള്ളവും കഴിച്ചു. മറ്റേ മുറിയില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് വീട്ടിലുണ്ടായിരുന്ന കഞ്ഞി അഡ്വക്കേറ്റിന്റെ ഭാര്യ ഷയര്‍ ചെയ്തു കൊടുത്തിരുന്നു. രാവിലെ എഴുന്നേറ്റ് പുറപ്പെടാന്‍ ഇറങ്ങിയപ്പോള്‍ സ്ത്രീ പ്രവര്‍ത്തകരുടെ കമന്റ്. 'രാത്രി നല്ല പോലെ മിനുങ്ങി എന്നായിരുന്നു' വാതിലടച്ച് ഫ്രിഡ്ജിലെ വെള്ളമെടുത്തു.. അവര്‍ സംശയിക്കാന്‍ കാരണമിതാണ്. സത്യത്തിന്റെ കണിക പോലുമില്ലാത്ത പ്രതികരണം.

എയ്ഡ്‌സ് റഹ്മാന്‍: കാഞ്ഞങ്ങാട് ആവിക്കരയില്‍ സുരക്ഷാ പ്രൊജക്ടിന് ഒരു ഓഫീസുണ്ടായിരുന്നു. യ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന് എതിരെ ശക്തമായ കുപ്രചരണങ്ങള്‍ നടക്കുന്ന കാലം. ഒരു ദിവസം ഓഫീസിലേക്ക് ചെല്ലുമ്പോള്‍, ഓഫീസിന്റെ ജനലുകളെല്ലാം തല്ലിപൊളിച്ചിട്ടുണ്ട്. ചുമരു മുഴുവന്‍ 'എയ്ഡ്‌സ്  റഹ്മാന്‍' എന്ന് എഴുതിവെച്ചിരിക്കുന്നു. ഞാന്‍ എയ്ഡ്‌സ് രോഗ ബാധിതനാണെന്ന തരത്തിലാണ് പ്രസതുത ചുമരെഴുത്ത്. വ്യക്തിഹത്യ നടത്താന്‍ ഇതിനപ്പുറം മറ്റെന്തു വേണം?

സ്ത്രീകളെയും കൂട്ടിയുള്ള പഠന യാത്ര: കാന്‍ഫെഡിന്റെ നേത്യത്വത്തില്‍ നിരവധി പഠനയാത്രകള്‍ നടത്തിടിട്ടുണ്ട്. മിക്കതും കുടുംബ സമേതമുള്ള പഠന യാത്രകളായിരിക്കും. ഇപ്പോഴും ഇത്തരം പഠനയാത്രകയള്‍ സംഘടിപ്പിക്കാറുണ്ട്. 1995ല്‍ നടത്തിയ പഠന യാത്രയില്‍ ചിലരെ ഒഴിവാക്കേണ്ടി വന്നു. അതിന്റെ പ്രതിഷേധമെന്നോണം ഒരു സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ, 'സ്ത്രീകളെയും കൂട്ടിയുള്ള പഠന യാത്രയ്ക്ക് നേതൃത്വം കൊടുത്ത സുമുഖനായ അധ്യാപകന്‍ പനിപിടിപെട്ട് ആശുപത്രിയില്‍ കിടപ്പിലായി' എന്തു ചെയ്യാന്‍. അസൂയക്ക് മരുന്നില്ലല്ലോ?

റഹ് മാന്‍ മാഷ് മിസ്സായി: ഒരു വൈകുന്നേരം രണ്ടു മൂന്ന് സുഹൃത്തുക്കള്‍ വീട്ടിലെ ലാന്റ് ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഞാനാണ് ഫോണെടുത്തത്. എല്ലാവരും ഒരേ പ്രതികരണം. 'ഒന്നുമില്ല മാഷ് വീട്ടിലുണ്ടോ എന്നറിയാന്‍ വിളിച്ചത്.' എന്തിനാണ്.. ഇങ്ങനെ വിളിച്ചത്. ഒരു സുഹൃത്തിനെ വിളിച്ച് ഞാന്‍ കാര്യം അന്വേഷിച്ചു, അപ്പോഴാണറിഞ്ഞത്. ഒരു ബാറില്‍ നിന്ന് രണ്ടു മൂന്നു പേര്‍ ഒന്നിച്ചിരുന്നു മദ്യപിച്ചു പറയുന്നത് കേട്ടു പോലും 'റഹ്മാന്‍ മാഷെ കാണാനില്ല', എന്റെ മൊബൈല്‍ ചാര്‍ജിന് വെച്ചിരുന്നു. അതില്‍  വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആണ്. അപ്പോള്‍ സംശയം വന്നു, അതാണ് ലാന്‍ഡ് ലൈനില്‍ വിളിച്ചതെന്ന്.

ബാറില്‍ കുടിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ഭാര്യ ഞങ്ങള്‍ നടത്തുന്ന സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷയുമായി വന്നു. കൊടുക്കാന്‍ പറ്റിയില്ല. അതില്‍ പ്രതിരോധിക്കാന്‍ പ്രസ്തുത ഭര്‍ത്താവ് കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണ് മിസിംഗ.് വ്യക്തിയോടുള്ള വിരോധം തീര്‍ക്കാന്‍ ഇങ്ങനെയും.

ഓഫീസ് തുറക്കാന്‍ വിട്ടില്ല: 2004 പയ്യന്നൂര്‍ ബിആര്‍സിയില്‍ ബിപിഒ ആയി ജോലി നോക്കുന്ന സമയം. അന്ന് അധ്യാപകര്‍ക്ക് പരിശീലനം വെച്ചിട്ടുണ്ടായിരുന്നു. ഓഫീസിന്റെ താക്കോല്‍ കണ്ണൂരില്‍ നിന്ന് വരുന്ന ഓഫീസ്  സ്റ്റാഫിന്റെ കയ്യിലാണ്. അവര്‍ രാവിലെ വന്നു തുറക്കും. എന്റെ വീടിന്റെ അയല്‍വാസിയായ കുട്ടിക്ക് കടുത്ത പനി. അവളെയും കൂട്ടി ഞാന്‍ ആശുപത്രിയില്‍ കൊണ്ടു പോയി അഡ്മിറ്റ് ചെയ്തു. ഓഫീസിലെത്താന്‍ അഞ്ച് മിനുട്ട് വൈകി. സ്റ്റാഫിന് ബസ്് ആക്‌സിഡന്റായതിനാല്‍ എത്താനും കഴിഞ്ഞില്ല. ഞാന്‍ ഓടിക്കിതച്ചെത്തി.

ഒരു അധ്യാപക നേതാവ് വന്ന് എന്നെ തടഞ്ഞു. 'ഓഫീസ് തുറക്കേണ്ട' അയാളുടെ ആജ്ഞ. ഞാന്‍ കാര്യം വിശദീകരിച്ചു. അയാള്‍ വഴങ്ങുന്നില്ല. ഞാന്‍ ഉള്‍പ്പെട്ട സംഘടനയുടെ നേതാവാണ് എന്നെ തടയുന്നത്. നേതാവ് ചെറുപ്പക്കാരനാണ്. പ്രായവും പക്വതയുമുള്ള ഒന്ന് രണ്ട് അധ്യാപകര്‍ വന്ന് അയാളെ സമാധാനിപ്പിച്ചു കൊണ്ടു പോയി. പിന്നീട് പ്രവര്‍ത്തനം കൃത്യമായി നടന്നു. പൊതു പ്രവര്‍ത്തനത്തിന് പോയാലും അതൊന്നും മനസ്സിലാക്കാന്‍ ചോരത്തിളപ്പുള്ള ചെറുപ്പക്കാര്‍ക്ക് സാധിക്കുന്നില്ല. അവര്‍ക്കും വേദനിപ്പിക്കുന്നത് സന്തോഷമാണ്.

കേസ് മധ്യസ്ഥതയില്‍ തീര്‍ത്തുകൂടെ: അച്ഛനും മകനും തമ്മില്‍ പ്രശ്‌നം. അച്ഛന്‍ മകനെ ക്രൂരമായി മര്‍ദിക്കുന്നു. പുസ്തകവും ഡ്രസും നല്‍കുന്നില്ല. വീട്ടില്‍ നിന്ന് അടിച്ചു പുറത്താക്കുന്നു. കുട്ടി അച്ചനെതിരെ പോലീസില്‍ കേസു കൊടുത്തു. അത് രമ്യമായി തീര്‍ത്തുകൂടെ മോനെ എന്ന് ഞാന്‍ കുട്ടിയോട് തിരക്കി. കുട്ടി മേലധികാരികള്‍ക്ക് എനിക്കെതിരെ പരാതി കൊടുത്തു. കേസ് രമ്യമായി തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് കാണിച്ചാണ് പരാതി. നന്മ ചെയ്താലും എതിരായി വരുന്ന കാലം.

ഒരു പെണ്ണിനെ കിട്ടുമോ? 1995 കാലം പെണ്ണുങ്ങളെ കൂട്ടിക്കൊടുപ്പ് നടത്തുന്ന സ്ഥാപനം എന്നവാര്‍ത്ത വന്ന ദിവസം മുതല്‍ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് തുരതുരാവിളിയാണ്. പെണ്ണിനെ കിട്ടുമോ? എത്രയാണ് ചാര്‍ജ്? മിക്കവാറും ഞാന്‍ വീട്ടിലുണ്ടാവില്ല. ഭാര്യയും മകളുമാണ് ഫോണെടുക്കുക. അവരനുഭവിച്ച മാനസിക വിഷമം ഓര്‍ത്തു നോക്കൂ.. ഇതെല്ലാം സഹിച്ചത് സമൂഹ നന്മ കാംക്ഷിച്ച് ചെയ്ത പ്രവര്‍ത്തിയാണല്ലോയെന്നോര്‍ത്ത് മാത്രം..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  kasaragod, Kerala, Kookanam-Rahman, Article, Risk behind social work. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia