Tribute | അച്ചോ എന്ന് ഇനി ഞാനാരെ വിളിക്കും!
കൊച്ചു കുട്ടികളോട് പോലും എത്ര വാത്സല്യത്തോടെയാണ് അദ്ദേഹം പെരുമാറുന്നത് എന്ന് ഞാനത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്
ഇഖ്ബാൽ കിന്നിംഗാർ
(KasargodVartha) മനുഷ്യ സ്നേഹിയും, പര സഹായിയുമൊക്കെയായിരുന്ന റവ. ഫാ. മാത്യു (ഷിൻസ്) കുടിലിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരണത്തിന് കീഴടങ്ങിയ സംഭവം ഞെട്ടലോടെയാണ് കേട്ടതെങ്കിലും അത് വിശ്വസിക്കാനിപ്പോഴും എന്റെ മനസ് പാകപ്പെടുന്നില്ല. ഞാനും, അച്ഛനും, തമ്മിൽ ഇന്നെലകളിൽ നടന്ന സംഭാഷണങ്ങളും, ഇടപെഴകലുകളും അറിയാതെ മനസ്സിന്റെ താളം തെറ്റി കടന്ന് വരുമ്പോൾ ഒരനുസ്‌മരണം എങ്ങനെ എഴുതണമെന്നോ, എങ്ങനെ തുടങ്ങണമെന്നോ, എങ്ങനെ അവസാനിപ്പിക്കണമെന്നോ അറിയുന്നില്ല.
ജീവിതത്തിലാദ്യമായി ഒരാളെ കുറിച്ച് അനുസ്മരണമെഴുതാൻ പാകത്തിൽ എന്റെ മനസ്സിന്റെ താളം ഈ അച്ഛന്റെ മരണം തെറ്റിച്ചിട്ടുണ്ടെങ്കിൽ അച്ഛനും ഞാനും തമ്മിലുള്ള അഭേദ്യമായ ആത്മ ബന്ധത്തിന്റെ ബലം ഏത് അളവ് കോൽ വെച്ചാണളക്കുക. എന്റെ പെട്രോൾ പമ്പും, അച്ഛൻ സേവനമനുഷ്ഠിക്കുന്ന പള്ളിയും അടുത്തടുത്തായത് കൊണ്ട് തന്നെ ഒഴിവ് വേളകൾ അച്ഛൻ ചെലവഴിച്ചിരുന്നത് ഞങ്ങളുടെ ഓഫീസിലായിരുന്നു. വിദ്യാർത്ഥികളെയും, പിഞ്ചുമക്കളെയും വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. എന്റെ കൊച്ചുമോളുമൊത്ത് വീട്ടിൽ വന്ന് സമയം ചെലവഴിക്കുമായിരുന്ന അച്ഛൻ വരാൻ പറ്റാത്ത ദിവസങ്ങളിൽ ഇഫെക്കുട്ടിയെവിടെ എന്ന് തിരക്കിക്കൊണ്ടേയിരിക്കും.
കൊച്ചു കുട്ടികളോട് പോലും എത്ര വാത്സല്യത്തോടെയാണ് അദ്ദേഹം പെരുമാറുന്നത് എന്ന് ഞാനത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. സ്നേഹ വാക്കുകൾ പലപ്പോഴും കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ മനസ്സ് കീഴടക്കി അദ്ദേഹം. ഏറ്റവും നല്ല പെരുമാറ്റത്തിലൂടെ നല്ലൊരു മനുഷ്യനായി ജീവിച്ചു. അതാവാം ആ മരണം പലരെയും കണ്ണ് നനനയിപ്പിച്ചത്.
അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു, 'മറ്റുള്ളവരെ സഹായിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്'. അദ്ദേഹം തന്റെ ജീവിതത്തിലൂടെ തന്നെ ഈ വാക്കുകൾ തെളിയിച്ചു. പള്ളിയിലെ സേവനമെന്നത് അദ്ദേഹത്തിന്റെ ജീവതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു. അവിടെ വച്ച് അദ്ദേഹം നൽകിയ ആത്മീയമായ പോഷണം, വിശ്വാസികളായ പലരുടെയും ജീവിതത്തെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, ഹൃദയങ്ങളിൽ തൊട്ട്, മനസ്സുകളെ ഉണർത്തി.
ഒരു മനുഷ്യനെന്ന നിലയിൽ എല്ലാവരോടും തുല്യമായി പെരുമാറുക എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറം വലിയൊരു മനുഷ്യ സ്നേഹിയായിരുന്നു റവ. ഫാ. മാത്യു കുടിലിൽ എന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആർക്കും മനസ്സിലാവും. ജാതിമതഭേദമന്യേ എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം മുന്നിൽ നിന്നു.
ഒരു സമൂഹത്തിൽ ജാതി, മത, രാഷ്ട്രീയം എന്നിവ പലപ്പോഴും വിഭജനത്തിന്റെ കാരണമാകാറുണ്ട്. എന്നാൽ, റവ. ഫാ. മാത്യു (ഷിൻസ്) കുടിലിൽ അത്തരം വിഭജനങ്ങളെ അതിജീവിച്ച്, മനുഷ്യത്വത്തിന്റെ സാരാംശം മുന്നോട്ടു വച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന് മനുഷ്യൻ എന്ന നിലയിലുള്ള സമത്വം എന്നത് ഒരു ആശയം മാത്രമല്ല, ജീവിതത്തിലെ ഏറ്റവും വലിയ സത്യമായിരുന്നു. ഒരു വ്യക്തിയുടെ സാമൂഹിക പദവി, സമ്പത്ത് അല്ലെങ്കിൽ മതം എന്നിവയെ അടിസ്ഥാനമാക്കി അദ്ദേഹം ഒരിക്കലും ആരെയും വിധിച്ചില്ല. മറിച്ച്, അവരുടെ മനുഷ്യത്വത്തെയാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തിന്റെ ഈ സമീപനം, സമൂഹത്തിൽ ഒരു പുതിയ തരം ബന്ധത്തിന് തുടക്കം കുറിച്ചു.
ഞാനുറക്കെ അച്ചോ! എന്ന് വിളിക്കുന്ന ഷിൻസച്ചൻ ദേശീയ പതാക അഴിച്ചെടുക്കുന്നതിനിടെയാണ് ഷോക്കേറ്റ് മരണം വരിച്ചത്. മുള്ളേരിയ ഇടവക വികാരിയച്ചൻ കൂടിയായ ഷിൻസച്ചനു കണ്ണീരിൽ കുതിർന്ന യാത്രമൊഴി. ചെറിയ ഒരു അശ്രദ്ധ മഹത്തായ ഒരു ജീവൻ എടുത്തു. ദൈവ വിധി എന്ന് സമാധാനിക്കാം.
slug
റവ. ഫാ. മാത്യു (ഷിൻസ്) കുടിലിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരണത്തിന് കീഴടങ്ങിയ സംഭവം ഞെട്ടലോടെയാണ് കേട്ടതെങ്കിലും അത് വിശ്വസിക്കാനിപ്പോഴും എന്റെ മനസ് പാകപ്പെടുന്നില്ല. ഏറ്റവും നല്ല പെരുമാറ്റത്തിലൂടെ നല്ലൊരു മനുഷ്യനായി ജീവിച്ചു. അതാവാം ആ മരണം പലരെയും കണ്ണ് നനനയിപ്പിച്ചത്.