city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണീരോര്‍മയായി ഖാസിം മുസ്ലിയാര്‍

അനുസ്മരണം/ സ്വിദ്ദീഖ് നദ് വി ചേരൂര്‍

(www.kasargodvartha.com 29.07.2020) എം എ ഖാസിം മുസ്ലിയാരുടെ വിയോഗത്തിന് ഒരു വര്‍ഷം പിന്നിട്ടെങ്കിലും ആ വേര്‍പ്പാട്  ഉള്‍കൊള്ളാന്‍ ഇപ്പോഴും സംഘടനാ രംഗത്തുള്ളവരുടെ മനസ് പാകപ്പെട്ടിട്ടില്ല. അത്രമേല്‍ ആകസ്മികവും അപ്രതീക്ഷിതവുമായിരുന്നു, ആ വിയോഗം. പ്രകാശം തൂകി നില്‍ക്കുന്ന ഒരു വിളക്ക് പെട്ടെന്ന് അണഞ്ഞുപോയ പ്രതീതിയാണ് ആ നിര്യാണം സൃഷ്ടിച്ചത്. പൊതുരംഗത്ത് സജീവമായിരിക്കേ യാത്ര പറയാതെ ഇറങ്ങിപ്പോയ അനുഭവം.

ഒരു അറഫാ ദിനം. വ്രതശുദ്ധിയില്‍ രാവിലെ സംഘടനാ നേതാക്കള്‍ക്കൊപ്പം വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങി വരവേയാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. അതും ഒരു ലക്ഷണവും കാണിക്കാതെ. സന്ദര്‍ശനം കഴിഞ്ഞു മകന്റെ കൂടെ കാറില്‍ മടങ്ങി വരികയായിരുന്നു.

അതിനിടയില്‍ ഒരു ഫോണ്‍ കോള്‍ വന്നു. അത് അറ്റന്റ് ചെയ്ത ശേഷം ചെറിയൊരു ഇടവേള. പെട്ടെന്ന് കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ നിലത്ത് വീഴുന്നു. വണ്ടി ഓടിക്കുകയായിരുന്ന മകന്‍ ഉപ്പയുടെ മുഖത്ത് നോക്കിയപ്പോള്‍ എന്തോ പന്തികേട്. ഉടനെ വണ്ടി അരികിലേക്കു മാറ്റി നിര്‍ത്തി പരിശോധിച്ചതോടെ അപകടം മണത്തു. ഉടനെ തൊട്ടടുത്ത ക്ലിനിക്കിലേക്ക്. അവിടെയും നിലയില്‍ മാറ്റം കാണാതെ മംഗലാപുരത്തേക്ക് കുതിച്ചു. പക്ഷെ, ആ ഫോണ്‍ കയ്യില്‍ നിന്ന് വീണ ശേഷം അദ്ദേഹത്തില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. പിന്നെ എല്ലാ ശ്രമങ്ങളും വൃതാവിലാവുകയായിരുന്നു. ഖാസിം മുസ്ലിയാര്‍ എന്നെന്നേക്കമായി യാത്രയായി.

നിര്യാണത്തിന് കഷ്ടിച്ചു ഒരു മാസം മുമ്പാണദ്ദേഹം സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അത് വരെ അദ്ദേഹം വര്‍ക്കിങ്ങ് സെക്രട്ടറിയായിരുന്നു. സമസ്തയുടെ പ്രവര്‍ത്തന വേദികളില്‍ സജീവമായിരുന്ന ഖാസിം മുസ്ലിയാര്‍, നേരത്തേ എസ് വൈ എസ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. മഹല്ല് ഫെഡറേഷനിലും ജില്ലാ ഭാരവാഹിയായി. ദീര്‍ഘകാലം കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് മെമ്പറുമായി പ്രവര്‍ത്തിച്ചു. മരിക്കുമ്പോള്‍ ജോ: സെക്രട്ടറിയായിരുന്നു.
കണ്ണീരോര്‍മയായി ഖാസിം മുസ്ലിയാര്‍

സമസ്തയില്‍ തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു ഖാസിം മുസ്ലിയാര്‍. എസ് കെ എസ് എസ് എഫ് അടക്കമുളള കീഴ്ഘടങ്ങളിലെ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒന്നാം നിര നേതാക്കളുമായി ബന്ധപ്പെടാനുള്ള പാലമായി അദ്ദേഹം വര്‍ത്തിച്ചു. അത് ഉന്നത നേതാക്കള്‍ക്ക് കീഴ്ഘടങ്ങളുമായി ആശയവിനിമയം നടത്താനും ഖാസിം മുസ്ലിയാര്‍ വേണമായിരുന്നു.

മത വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം മുന്‍കയ്യെടുത്തു സ്ഥാപിച്ച ഇമാം ശാഫിഈ അക്കാദമിയുടെ വളര്‍ച്ച അദ്ദേഹത്തിന് തന്റെ പ്രദേശത്തുകാര്‍ക്കിടയില്‍ ഉണ്ടായിരുന്ന മതിപ്പിനും സ്വീകാര്യതയ്ക്കും കൂടി തെളിവാണ്.  പത്ത് വര്‍ഷം കൊണ്ട് അസൂയാവഹമായ പുരോഗതിയാണ് സ്ഥാപനം നേടിയത്. പത്താം വാര്‍ഷികത്തോടനുബന്ധിച്ചു വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ക്ഷീണം മാറുംമുമ്പേ അന്ത്യവിശ്രമത്തിനായി അദ്ദേഹത്തെ തിരിച്ചു പോയി.

നീണ്ട കാലം വിവിധ ദര്‍സുകളില്‍ മുദര്‍രിസായി സേവനം ചെയ്യുക വഴി നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവരെല്ലാം ഇന്ന് വിവിധ സ്ഥാപനങ്ങളിലും സംഘടനകളിലുമായി കേരളത്തിലും കര്‍ണാടകയിലും ദീനി സേവനം നടത്തുന്നു. അങ്ങനെ നേരിട്ടും അല്ലാതെയും സമുദായത്തിനും സംഘടനയ്ക്കും ഏറെ മുതല്‍കൂട്ടാകുന്ന സേവനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കേയാണ് ഖാസിം മുസ്ലിയാരെ നാഥന്‍ തിരിച്ചു വിളിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ജില്ലയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉശിരും ഊര്‍ജവും പകരാനുള്ള തയ്യാറെടുപ്പുകള്‍ അതോടെ പാതി വഴിയിലായി. ആ വിടവ് ഉചിതമായ രൂപത്തില്‍ സര്‍വശക്തന്‍ നികത്തിത്തരട്ടെ.



Keywords: Article, remembering Qasim Musliar with tears

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia