city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതപരിപാടികള്‍ ശക്തിപ്രകടനമാക്കണോ?

മതപരിപാടികള്‍ ശക്തിപ്രകടനമാക്കണോ?
ര്‍വമതങ്ങളുടെയും സന്ദേശം മനുഷ്യര്‍ ആത്മീയമായ ഉല്‍ക്കര്‍ഷ കൈവരിക്കാനാണ്. അതിനാണ് പ്രാര്‍ത്ഥനകള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ മതങ്ങള്‍ നിഷ്‌ക്കര്‍ഷിക്കുന്നത്. മതനിഷ്ഠകള്‍ ഉള്‍ക്കൊളളാനും, തദനുസൃതമായ നടപടികള്‍ കൈക്കൊളളാനും മതാനുയായികള്‍ ബാധ്യസ്ഥരാണ്. അത്തരം പ്രവര്‍ത്തികള്‍ ആത്മ ശൂദ്ധീകരണത്തിനും, ആത്മ സംതൃപ്തിപ്പിക്കും വേണ്ടിയുളളതാണ്. മറ്റുളളവരെ ബോധ്യപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളായി വിശ്വാസത്തെയും, പ്രാര്‍ത്ഥനകളെയും മാറ്റരുത്.

വിശ്വാസപ്രമാണങ്ങളെ പ്രദര്‍ശനാത്മകവും, പ്രചരണാത്മകവും,  ആക്കി മാറ്റേണ്ട ആവശ്യമില്ല. പക്ഷെ ഇന്ന് മതാനുയായികള്‍ തെരുവുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചടങ്ങുകളായി വിശ്വാസങ്ങളെ മാറ്റി എടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസം കൃസ്ത്യന്‍ വിഭാഗക്കാരുടെ ഒരു പളളി പെരുനാള്‍ കാണുവാനിടയായി. കാഞ്ഞങ്ങാട് ടൗണിലൂടെ സന്ധ്യമയങ്ങിയ സമയത്തായിരുന്നു ആ പരിപാടി. നൂറുകണക്കിന് യുവതികള്‍ മെഴുകുതിരി വെട്ടവുമായി നഗര ഹൃദയത്തിലൂടെ നടന്നു നീങ്ങുന്നുണ്ടായിരുന്നു. അതിന് ആര്‍ഭാടവും കൊഴുപ്പുമേകാന്‍ ശിങ്കാരിമേളം. ബാന്‍ഡ് മേളം, സംഗീതട്രൂപ്പ് എല്ലാം സജ്ജീകരിച്ചിരുന്നു.

അതിന് തൊട്ടുമുമ്പുളള ദിവസങ്ങളില്‍ തെരുവുനീളെ നബിദിന റാലികളായിരുന്നു അരങ്ങേറിയത്. കൊഴുപ്പുകൂട്ടാന്‍ ദഫ് മുട്ട് സംഘമുണ്ടായി; അച്ചടക്കത്തോടെയും ചിട്ടയോടെയും നടന്നു നീങ്ങുന്ന വൈറ്റ് വളണ്ടിയര്‍മാരുണ്ടായി. ഉച്ചഭാഷിണിയിലൂടെ അനൗണ്‍സുമെന്റും. നബി വചനങ്ങളുടെ സംഗീതാവിഷ്‌ക്കരണങ്ങളുമുണ്ടായി. തെരുവോരങ്ങള്‍ പച്ചപുതപ്പ് അണിഞ്ഞു നിന്നു.

മാസങ്ങള്‍ക്കുമുമ്പ് ശ്രീകൃഷ്ണ ജയന്തിയും വ്യത്യസ്തമായ, പ്രചാരണകോലാഹലങ്ങളുമായി തെരുവുകള്‍ നിറഞ്ഞു നീങ്ങുന്ന  ആബാലവൃദ്ധം ജനസഹസ്രങ്ങള്‍ പങ്കെടുക്കുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു.

മതപരിപാടികള്‍ ശക്തിപ്രകടനമാക്കണോ?ഓരോ മതവിഭാഗവും മത്സരം പോലെ നടത്തപ്പെടുന്ന  ഇത്തരം ചടങ്ങുകള്‍ കാണുമ്പോള്‍ ഇതര മതസ്ഥര്‍ക്കുണ്ടാകുന്ന  മനോവികാരമെന്തായിരിക്കും? ഇവരെന്താണ് ഇങ്ങിനെയൊക്കെ ചെയ്യുന്നത്? ഇവര്‍ പ്രചരണാത്മകതയില്‍ ഞങ്ങളെ കടത്തി വെട്ടിക്കളയുമോ? വരും വര്‍ഷം ഇവരേക്കാള്‍ മെച്ചമാവണം ഞങ്ങളുടേത് എന്ന മനോഭാവം വളരില്ലേ? വളരുമെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഇതോടൊപ്പം മനസിന് കുളിര്‍മയേകുന്ന ചില സമീപനങ്ങളും പലേടങ്ങളിലും നടക്കുന്നുണ്ട്. നബിദിനറാലിയില്‍ പങ്കെടുത്തവര്‍ക്ക് അമ്പലക്കമ്മറ്റിവക ലഘുപാനീയ വിതരണം, ശബരിമല തീര്‍ത്ഥാടകര്‍ക്ക് പളളിക്കമ്മറ്റിവക യാത്രയയപ്പ്, ഒരേ ഫ്‌ളക്‌സ് ബോര്‍ഡില്‍ അമ്പലക്കമ്മറ്റിയുടെയും പളളിക്കമ്മറ്റിയുടെ ആശംസകള്‍ തുടങ്ങിയവ.....

അമ്പലങ്ങളിലും പളളികളിലും ചര്‍ച്ചുകളിലും മാത്രം നടത്തേണ്ട ആത്മീയ പ്രവര്‍ത്തനങ്ങള്‍ അവിടങ്ങളില്‍ മാത്രം നടത്തപ്പെടുന്നതല്ലേ ഉചിതം? തെരുവോരങ്ങളില്‍ നടത്തപ്പെടുന്ന ഈ കെട്ടു കാഴ്ചകള്‍ കൊണ്ട് മതാനുയായികളില്‍ അവരുടെ മനസ്സകങ്ങളില്‍ നന്മയുടെ വെളിച്ചം പകരാന്‍ സാധിക്കുന്നുണ്ടോ? ഈ പ്രചരണോപാധികളിലൂടെ അന്യമതത്തില്‍പെട്ടവരില്‍ മാനസാന്തരം വരുത്താന്‍ കഴിയുന്നുണ്ടോ? അതാത് മതവിഭാഗം തെരുവുകളില്‍ നടത്തപ്പെടുന്ന ആഘോഷങ്ങള്‍ വഴി ആ വിഭാഗത്തിന് ആവേശം തോന്നാം. വിജയിച്ചു എന്ന മനോഭാവം ഉണ്ടാവാം. ഇതില്‍ കൂടുതല്‍ എന്തുനേടാന്‍?

മതസ്പര്‍ദ്ദ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന  കാഴ്ചയാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഹിന്ദു സര്‍വകലാശാലയും, മുസ്ലിം സര്‍വകലാശാലയും നിലവിലുണ്ട്. പക്ഷെ  ഇന്നിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകയില്‍ 'ടിപ്പുസുല്‍ത്താന്‍ സര്‍വകലാശാല' തുടങ്ങാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ, ശ്രീരാം സേന തലവന്‍ മുത്താലിക്ക് അതൊരിക്കലും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മുമ്പില്ലാത്തവിധം മാനസിക വികാസം സിദ്ധിക്കാത്ത ഒരു സമൂഹവളര്‍ച്ചയാണ് ഇവിടെ കണ്ടു വരുന്നത്.

പി.ജിയുടെ മതം

ധൈഷണിക ശ്രേണിയില്‍ ഉന്നതസ്ഥാനം കൈവരിച്ചിട്ടുളള മഹാനായ എഴുത്തുകാരന്‍ പി. ഗോവിന്ദപിളള അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഇസ്ലാം മതത്തെക്കുറിച്ചു പരാമര്‍ശിച്ചത് സഹിക്കാന്‍ കഴിയുന്നില്ല കേസരി വാരികയ്ക്ക്. പി.ജി.യെപോലുളള ഒരാള്‍ ഒരിക്കലും ഇസ്ലാം മതം ലോകത്തിലെ ഏറ്റവും ഉന്നതമായ മതമാണെന്ന് പറയാന്‍ ഒരു സാധ്യതയുമില്ലായെന്നാണ് 'കേസരി' വാരിക റിപോര്‍ട്ടു ചെയ്യുന്നത്.

രണ്ടു കാര്യങ്ങളാണ് ഒരഭിമുഖത്തില്‍ പി.ജി. വ്യക്തമാക്കിയിട്ടുളളത്. 1-പലതും വെച്ചു നോക്കുമ്പോള്‍ ഏറ്റവും നല്ലമതം ഇസ്സാം മതമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും, 2-പുണ്യ ഗ്രന്ഥങ്ങളില്‍ ഏറ്റവും നല്ലത് ഖൂര്‍-ആന്‍ ആണെന്നുമാണ്. ഈ പ്രസ്താവന കേട്ടപാടെ കേസരിയിലെ എഴുത്തുകാരന് ചൊടിവന്നു.

ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്നും, വ്യക്തിപരമായി ഒരു മതത്തിന്റെയും ആവശ്യകത തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും അസന്നിഗ്ധമായി പറഞ്ഞ പി.ജി.യാണ് ഇങ്ങിനെ ഒരു പ്രസ്താവന നടത്തിയത് എന്നു കൂടി നാം ഓര്‍ക്കണം. അദ്ദേഹം പഠിച്ചു പറഞ്ഞ കാര്യമാണിത്. ഇത്തരം സത്യങ്ങള്‍ പറയുന്നത് പോലും സഹിക്കാന്‍ കഴിവില്ലാത്തവരായി മനുഷ്യര്‍മാറുന്നു.

മതപരിപാടികള്‍ ശക്തിപ്രകടനമാക്കണോ?
പി.ജി.യുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന  പുസ്തകത്തില്‍ ഇസ്ലാം മതത്തെയും നബിയെയും കുറിച്ചു പറയുന്ന പരാമര്‍ശം ശ്രദ്ധിക്കുക 'ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധിയിലേക്കും, അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കും അന്ധതയില്‍ നിന്ന് അറിവിലേക്കും തിന്മയില്‍ നിന്ന് നന്മയിലേക്കുമുളള പ്രയാണത്തിലും പോരാട്ടത്തിലും തത്പരരായ ഒരാള്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ആവേശകമായ ഒരധ്യായമാണ് ഇസ്ലാമിന്റെ ചരിത്രവും പ്രവാചകന്റെ ദൗത്യവും'.

മതത്തെക്കുറിച്ചു പഠിച്ചു പറയുന്ന മതവിശ്വാസിപോലുമല്ലാത്ത പി.ജി യെ ഇസ്ലാമിനെക്കുറിച്ചു നല്ലതു പറഞ്ഞു പോയി എന്ന കാരണത്താല്‍ മാത്രം വിമര്‍ശിക്കുന്ന മതവിരോധമാണ് കേസരി പ്രചരിപ്പിക്കുന്നത്. ഇത്തരം നന്മകള്‍ പോലും കാണാന്‍ മനസ്സില്ലാത്തവരാണ് മതത്തിന്റെ പേരില്‍ അപ്പോസ്തലന്മാരായി നടക്കുന്നവര്‍. അവിടെയാണ് പുറം മോടികള്‍ കാട്ടിക്കൂട്ടുന്ന വിധത്തില്‍ ആത്മീയത തെരുവുകളിലേക്ക് വലിച്ചിഴക്കുമ്പോള്‍ ഇത്തരക്കാരുടെ മനസ് പിടയുക എന്നു കൂടി പരിപാടികള്‍ സംഘടിപ്പിക്കുന്നവരുടെ മനസ്സില്‍ ഉണ്ടാവണം.

മതവിശ്വാസികളും, അല്ലാത്തവരും മതത്തെക്കുറിച്ച് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സാംസ്‌ക്കാരിക മൂല്യമുളളവര്‍  അത് മനസ്സിലാക്കുകയും ചിന്തിക്കുകയും, വിമര്‍ശിക്കുകയും വേണം. അല്ലാതെ ആ വ്യക്തിയെ നിഷ്‌ക്കാസനം ചെയ്തു കൊണ്ടോ, ആക്ഷേപിച്ചതു കൊണ്ടോ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകുന്നില്ല. പരിഷ്‌ക്കരണ വാദികളോ, ചിന്തകരോ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാനും, ചിന്തിക്കാനും മിനക്കെടാന്‍ ആര്‍ക്കും പറ്റുന്നില്ല. പക്ഷെ കണ്ണടച്ച് അധിക്ഷേപിക്കാന്‍ പ്രാവീണ്യം കാണിക്കുന്നവരാണ് പലരും.

മതപരിഷ്‌ക്കാരവാദിയായ ചേകന്നൂര്‍ മൗലവിക്ക് അതിന്റെ വിലയായി തന്റെ ജീവന്‍ ബലി നല്‍കേണ്ടി വന്നു ഇസ്ലാമിന്റെ അടിസ്ഥാനതത്വം ഏകദൈവവിശ്വാസമാണെന്നും, ഖുര്‍-ആനിനെ അടിസ്ഥാനമാക്കിയുളള പ്രവര്‍ത്തനങ്ങളാണ് വിശ്വാസികള്‍ നടത്തേണ്ടതെന്നും മാത്രമാണ് അദ്ദേഹം സൂചിപ്പിച്ചത്. അതാണ് ചിലരെ പ്രകോപിതരാക്കിയത്. അതിന്റെ നന്മ തിന്മകളെക്കുറിച്ച് പറയാനല്ല ഞാന്‍ ഉദ്ദേശിച്ചത്. ചിന്തകളെയും, അഭിപ്രായങ്ങളെയും മാനിക്കാനുളള വിവേകം കാണിക്കാന്‍ മനസില്ലാത്തവരെക്കുറിച്ചാണ്.

പക്ഷെ ആദ്യം സൂചിപ്പിച്ച തെരുവ് കാഴ്ചകള്‍ നടത്താന്‍ ഏത് പരിഷ്‌ക്കാരവും അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാണ്. ഓരോ വര്‍ഷവും ഓരോ ശൈലി കൈക്കൊളളാനും മടിയില്ലതാനും. ഇവിടെ ചിന്തയ്ക്കല്ല പ്രധാനം പ്രവര്‍ത്തിക്കാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാനും, മാതൃകയാക്കാനും യുവത്വം തയ്യാറാണു താനും. മതനേതൃത്വം ഒപ്പമിരുന്ന് ആലോചിക്കേണ്ട കാര്യങ്ങളാണിതെല്ലാം. മതത്തെ, മതബോധത്തെ ആഘോഷത്തിമിര്‍പ്പില്‍ നിന്നു മോചിപ്പിക്കാനും ആന്തരികവും ആത്മീയവുമായ ചോദനകളെ വളര്‍ത്തിക്കൊണ്ടുവരാനും എല്ലാ മതങ്ങളും തയ്യാറാവണം.

മതപരിപാടികള്‍ ശക്തിപ്രകടനമാക്കണോ?
-കൂക്കാനം റഹ്മാന്‍

Article: Kookkanam Rahman, Article, Rally, Religion, Kesari newspaper, Report, Islam, Shree Krishna Jayanthi, Fest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia