Monsoon | പ്രണയാർദ്രമായി പ്രവാസിയുടെ മനസിലെ മഴക്കാലം
മഴയും മലയാളിയും തമ്മിലുള്ള ആത്മ ബന്ധം അറിയണമെങ്കിൽ നാട്ടിലെ മഴക്കാലത്ത് ഒരിക്കലെങ്കിലും ഗൾഫിൽ ഉണ്ടാവണം. മരുഭൂമി സമ്മാനിക്കുന്ന ആദ്യ തിരിച്ചറിവാണത്.
വൈ ഹനീഫ കുമ്പടാജെ
(KasaragodaVartha) മഴയുടെ ഭീകരതയെ കുറിച്ചാണ് നാട്ടിലെ വർത്തമാനങ്ങളൊക്കെയും. ഓടിട്ട വീട്ടിൽ നിന്നും തിമർത്തു പെയ്യുന്ന മഴവെള്ളം കുഞ്ഞിക്കൈകളിൽ പതിഞ്ഞു സംഗീതം പോലെ ഒലിച്ചു പോയിരുന്ന കുട്ടിക്കാലത്തെ ഓർമ്മയില്ലേ. മഴ കവിതയും കഥയും കുസൃതിയുടെ കൂട്ടുകാരനുമൊക്കെയായിരുന്ന ബാല്യകാല ഓർമ്മകൾ എന്തോ നുണക്കഥ പോലെ തോന്നിപ്പോകും ഇന്നത്തെ മഴയുടെ ഭീകര കാഴ്ച കാണുമ്പോൾ. മനുഷ്യൻ മാറുമ്പോൾ പ്രകൃതിയും മാറിത്തുടങ്ങേണ്ടേ.
അന്ന് ഒരു പാത്രത്തിൽ നിന്ന് അപ്പുറത്തെ വീട്ടിലെ സൈനബയും ഇപ്പുറത്തെ കല്യാണിയമ്മയും ചക്കക്കുരു പെറുക്കി ഒന്നിച്ചിരുന്നു സാന്താണിയുണ്ടാക്കി കഴിച്ചിരുന്ന കാലമായിരുന്നു. മനുഷ്യ സ്നേഹത്തിന്റെ ഉത്തമ മാതൃക വരച്ചു വെച്ച കാലം. ഇന്ന് അതൊക്കെ പരസ്പരം മതിൽ കെട്ടി മറച്ചപ്പോൾ, കാറ്റിനെയും ഇടി മിന്നലുകളെയും തടുത്തു വെച്ച പച്ച മാവും പ്ലാവുമൊക്കെ ജെസിബി വന്നു മറിച്ചിട്ട്, പച്ച വിരിച്ച മണ്ണിനെ മരുഭൂമിയാക്കിയപ്പോൾ മഴയും കാറ്റും ക്ഷോഭിക്കാൻ തുടങ്ങി.
കാട് വെട്ടി നിരത്തിയപ്പോൾ മലകൾ അങ്ങനെ തന്നെ ഒഴുകി വരാൻ തുടങ്ങി. കാറ്റിനെ തടുക്കാൻ മാത്രം ശേഷിയുള്ള സകല മരങ്ങളും വെട്ടി മാറ്റി. കവുങ്ങുകളും തെങ്ങുകളും കടപുഴകാനും കറന്റ് പോയി നാട് ഇരുട്ടിലാവാനും കാരണമായി. മഴയെ തോൽപിക്കാൻ ഓടിയ ബാല്യകാലം ഓർമ്മകളിൽ അങ്ങനെ കറങ്ങുകയാണ്. വരണ്ടു കീറിയ വിള്ളലുകളിൽ നീർച്ചാലുകൾ തെളിയുമ്പോൾ പുതുമണ്ണിന്റെ മടിപ്പിക്കുന്ന ഗന്ധം.
മിഴിച്ച കണ്ണുകളുമായി ജനാലഴികൾക്കിടയിലൂടെ മഴയെ നോക്കിയിരുന്ന രാവുകൾ, തവള കൂവുമ്പോൾ അതിനു പ്രകാശം നൽകുന്ന മിന്നാ മിനുങ്ങുകളുടെ വെളിച്ചം മാറ്റി സൂര്യനുദിച്ചോ എന്നറിയാതെ ഉണർന്ന്,
തണുത്ത പ്രഭാതത്തിൽ ആകെയുള്ള ഒരു കൂട്ടം പകുതി ഉണങ്ങിയ യൂണിഫോമും ധരിച്ചു കുട കൊണ്ട് തല നനയാതെ പകുതി നനഞ്ഞു വിറ വിറച്ചു കാറ്റിനോപ്പം താളത്തിൽ പെയ്യുന്ന മഴയത്തു സ്കൂളിലേക്ക് പോവുന്നതും, ബാല്യ കാലത്തിന്റെ അവസാന കാലങ്ങളിൽ കളിക്കളത്തിൽ മഴ തീർത്ത ചെറു തടാകങ്ങളിൽ പന്ത് തട്ടി പാഞ്ഞു നടന്നതുമൊക്കെ ഇങ്ങനെ ഓർത്തിരിക്കാൻ വല്ലാത്തൊരു ഫീലാണ്.
പുതു മണ്ണിന്റെ ഗന്ധം, സർവ വ്യാപിയായ പച്ചപ്പ്, ചെളിപാതകൾ, കാറ്റിലാടുന്ന തെങ്ങുകൾ, കുടകൾ, നനഞ്ഞ യൂണിഫോമും ബാഗും, എല്ലാം കേരളത്തിലെ മൺസൂൺ കാലത്തെ ഒരു നൊസ്റ്റാൾജിയ ഓർമ്മകളാണ്. പ്രവാസിയുടെ മഴയോർമ്മകൾ എന്നും അവസാനിക്കുന്നത് ഗൃഹാതുരതയുടെ നൊമ്പരങ്ങളിലാണ്. നാട്ടിൽ മൺസൂൺ തകർക്കുമ്പോൾ പ്രവാസികൾ ഫ്ലാറ്റിലിരുന്ന് കുട പിടിക്കുന്നു.
മഴയും മലയാളിയും തമ്മിലുള്ള ആത്മ ബന്ധം അറിയണമെങ്കിൽ നാട്ടിലെ മഴക്കാലത്ത് ഒരിക്കലെങ്കിലും ഗൾഫിൽ ഉണ്ടാവണം. മരുഭൂമി സമ്മാനിക്കുന്ന ആദ്യ തിരിച്ചറിവാണത്.
വെന്തുരുകുന്ന ഗൾഫ് ചൂട്ടിലിരുന്ന് ഇപ്പോൾ കേൾക്കുന്നതത്രയും നാട്ടിൽ മഴ കൊണ്ട് പോയ ഒരുപാട് ജന്മങ്ങളെയാണ്. കർണാടകയിലെ ഷിരൂരിൽ എവിടെ നിന്നാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ പോലെ മണ്ണ് ഒലിച്ചു വന്നത്. കാലങ്ങളായി അവിടെ ട്രക്ക് ഡ്രൈവർമാർ വിശ്രമിക്കുകയും ഇപ്പോൾ നാമാവശേഷമായ കൊച്ചു ഭക്ഷണ ശാലയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും പതിവായിരുന്നു. പക്ഷേ റോഡ് വീതി കൂട്ടാൻ മല ഇടിച്ചു നിരപ്പാക്കി നമ്മൾ. ദേശീയപാതയുടെ വീതികൂട്ടാനായി കുന്ന് തുരന്ന് നടത്തിയ നിര്‍മാണം മണ്ണിടിച്ചിലിന് ഇടയാക്കിയതായി നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു.
ഇത് ശരിവയ്ക്കുന്നതാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. കുന്നും മരങ്ങളും നശിപ്പിച്ചപ്പോൾ സ്വഭാവികമായും പ്രകൃതി പിണങ്ങാൻ തുടങ്ങി. കേരളം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന അർജുൻ അടക്കം ഒരു കുടുംബം തന്നെ ഒഴുകിപ്പോയത് നമ്മൾ മറക്കുമ്പോൾ, വീണ്ടും ആവർത്തിക്കപ്പെടുന്ന വൻ ദുരന്തങ്ങൾക്ക് തടയിടാൻ പ്രകൃതിയെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. രണ്ട് മാസങ്ങൾക്ക് മുന്നേ വെള്ളമില്ലാതെ അലയുമ്പോൾ വറ്റി വരണ്ട കിണറും കുഴൽകിണറും നോക്കി നാഥാ ഒരിറ്റു വെള്ളത്തിനായി ഞങ്ങൾ കൊതിക്കുന്നു മഴ തരണമേ എന്ന് പ്രാർത്ഥിച്ചത് നമ്മൾ മറന്നു പോവുകയാണോ.?
മഴയും കാറ്റും പണ്ടും ഉണ്ടായിരുന്നു. അന്ന് റെഡ്, ഓറഞ്ച് അലെർട്ടുകൾ ഉണ്ടാവാതിരുന്നത് എത്ര വലിയ കാറ്റിനെയും തടുക്കാൻ മരങ്ങളുണ്ടായത് കൊണ്ടാണ്. ഉറച്ച കുന്നുകൾ വെട്ടി മാറ്റി അംബരചുംബികളായ മണി മാളികകളുടെ പണി കഴിപ്പിക്കാത്തത് കൊണ്ടായിരുന്നു. മഴ ഇനിയും പെയ്യണം. തോരാതെ പെയ്യണം.
മഴയേ നിന്നോട് പ്രണയമാണ്. തീരാത്ത വാടാത്ത പ്രണയം. നിന്റെ വരവിനെ സ്നേഹത്തോടെ സ്വീകരിക്കാൻ പഠിക്കാത്ത മനുഷ്യരാണ് ക്രൂരന്മാർ. മഴ കാരുണ്യമാണ്. മനുഷ്യന് മാത്രമല്ല സകല ജീവികളും, സസ്യലതാതുക്കളും കൊതിക്കുന്നത് മഴയുടെ സ്നേഹ സാനിധ്യം തന്നെയാണ്. പഴിചാരേണ്ടത് മഴയെ അല്ല മനുഷ്യന്റെ ചിന്തകളെയാണ്.