city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ആത്മഹത്യകളിലേക്ക് നാം എത്തപ്പെടുമ്പോള്‍'; റഫറി രാജന്‍ കുതിരക്കോട് മരിച്ചതിന്റെ കാരണം?

പ്രതിഭാരാജന്‍

(www.kasargodvartha.com 27.07.2016) സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന റഫറിയും സംഘചേതനാ കുതിരക്കോട് ക്ലബ്ബിനെ വളര്‍ത്തിക്കൊണ്ടു വരികയും, അതിന്റെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളും, കബഡി താരവുമായ രാജന്‍ കുതിരക്കോടിന് സ്വവസതിയിലെ കിടപ്പുമുറിയില്‍ തുങ്ങിമരിക്കാനുണ്ടായ സാഹചര്യം ഏവരേയും വേദനിപ്പിക്കുന്നു. ജില്ലയിലെ കലാകായിക പ്രേമികള്‍ ഒരു നോക്കു കാണാന്‍ ഓടിയെത്തി. മൃതദേഹം വന്‍ജനാവലിയെ സാക്ഷിയാക്കി സംസ്‌കരിച്ചു.

വിഷം കഴിച്ചും, വണ്ടിക്കു ചാടിയും, തൂങ്ങിയുമുള്ള മരണം വാര്‍ത്തകളാവാത്ത വിധം അപ്രസക്തമാകുന്ന കാലത്തിലുടെയാണ് നാം സഞ്ചരിക്കുന്നത്. മനുഷ്യന്റെ, പ്രത്യേകിച്ച് യുവതി - യുവാക്കളുടെ മനസിന് പഴമക്കാരുടേതു പോലെ ശക്തിയില്ലാതായി തീരുകയും, പ്രശ്‌നങ്ങളെ നേരിടാനുള്ള സഹനശക്തി ചോര്‍ന്നു പോകുന്നതും അമിതമായ ആഗ്രഹങ്ങളും അവ നടപ്പിലാകാതെ വരുമ്പോഴുള്ള നിരാശാബോധവും അതിഭക്തിയും എന്നിങ്ങനെ പ്രണയനൈരാശ്യവും, ദാമ്പത്യ ജീവിത തകര്‍ച്ചയും പീഡനവും എല്ലാം വര്‍ദ്ധിച്ചു വരുന്ന പൊതു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു.

അതിനെ അതിജീവിക്കാന്‍ കഴിയാത്ത വിധം പക്വമെത്താത്ത മനസുകളാണ് ഇങ്ങനെ ചെയ്തു കുട്ടുന്നതെന്ന് പോലീസ് കേസുകളും മനശാസ്ത്ര വിശകലനങ്ങളും പരിശോധിച്ചാല്‍ കാണാന്‍ കഴിയും. മരണമാണ് എല്ലാത്തിനും പരിഹാരമെന്ന ചിന്തയിലേക്ക് കടന്നു വരുന്നവര്‍ അനുദിനം പെരുകി വരുന്നു. ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കുറവാണ് മരണ നിരക്ക് കൂട്ടുന്ന മറ്റൊരു കാരണം. എല്ലാം ഇടകലര്‍ന്ന ജീവിതത്തില്‍ സമുഹത്തിനോടൊപ്പം വളരാന്‍ സാധിക്കാതെ വരുമ്പോഴുള്ള ഒളിച്ചോട്ടമാണ് ഇത്തരം അത്യാഹിതങ്ങള്‍ക്ക് ഹേതു. നമ്മുടെ ജില്ലയില്‍ തന്നെ 2016 ലും മറ്റുമായി നടന്ന ഏതാനും ആത്മഹത്യകള്‍ എടുത്തു പരിശോധിച്ചാല്‍ നമുക്കത് കാണാന്‍ കഴിയും.

ചികില്‍ത്സിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ഈ കഴിഞ്ഞ ജുണ്‍ മൂന്നിന് സ്വയം ജീവത്യാഗം ചെയ്ത എന്‍ഡോസള്‍ഫാന്‍ രോഗി പ്രകാശന്റെ മരണം കരളലിയിക്കുന്നതായിരുന്നു. ചികില്‍സാ ചിലവിന് ആരും സഹായിച്ചില്ല. പ്രകാശന്‍ ആത്മഹത്യ ചെയ്തു. ഇതിനു പൊതു സമുഹം അടക്കം പ്രതികളാണ്. ഈ മാസം ഏഴിനാണ് കുന്നുംകൈയിലെ ഇലക്ട്രീസിറ്റി ജീവനക്കാരന്‍ ഒരു കേസില്‍ പ്രതിയായതിന്റെ പേരില്‍ ജിവത്യാഗം ചെയ്തത്. ഇന്ത്യന്‍ നിയമവ്യവസ്ഥയേയും ജയിലിനേയും കുറിച്ചുള്ള അമിത ഭയമായിരിക്കണം അതിനു കാരണം. മാതാവിനെ ഭയപ്പെടുത്താന്‍ സ്റ്റൂളില്‍ കയറി നിന്ന് അപായത്തില്‍ സ്റ്റൂള്‍ തെന്നിപ്പോയതു കൊണ്ട് മൃത്യു വരിക്കേണ്ടി വന്ന കേസുണ്ടായത് ജൂലൈ 16 നാണ്.

ഇത്തരം വൈകാരിക ജീവികള്‍ വളര്‍ന്നു വരുന്നു. ജൂണ്‍ 24 ന് മഞ്ചേശ്വരം റെയില്‍വേ ട്രാക്കില്‍ കമിതാക്കള്‍ ഒരുമിച്ചു മരിക്കാന്‍ തീരുമാനിച്ചു. അവസാന നിമിഷം കാമുകന്‍ പിന്മാറുകയും വണ്ടി തട്ടി യുവതിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രണയം ചെയ്തു കൂട്ടുന്ന ക്രോപ്രായങ്ങള്‍ ഇങ്ങനെ ഏത്ര വേണം റിപ്പോര്‍ട്ട് ചെയ്യാന്‍. മെയ് 12ന് അമിത ഗുളിക കഴിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇഖ്ബാല്‍ സ്‌കുളിനടുത്തുള്ള വീട്ടില്‍ വെച്ച് മരണത്തിനു കീഴടങ്ങിയത്. മാതാപിതാക്കളുടെ പ്രശ്‌നങ്ങളാണത്രെ കാരണം. നെക്രാജെക്കടുത്ത് സ്വന്തം മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച് സ്വയം മരിക്കാന്‍ ശ്രമിച്ച ഐ ടി ജീവനക്കാരന്റെ ജീവിതവും നമുക്ക് വലിയ പാഠമാണ് സമ്മാനിച്ചത്.

പള്ളിക്കര പാലത്തിനടുത്ത് വണ്ടിക്കു ചാടി ആത്മഹത്യ ചെയ്ത കുറിച്ചിക്കുന്ന് സ്വദേശിയായ ബാങ്കു ജീവനക്കാരി ബ്ലേഡിന്റെ പിടിയില്‍പ്പെട്ടാണ് ജീവിതം തകര്‍ത്തു കളഞ്ഞത്. ബട്ടപ്പാറയില്‍ നിന്നും വന്ന നവവധു രാവണേശ്വരത്തു വെച്ച് ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞ ജനുവരി 28ന് രാവണേശ്വരത്തെ തളര്‍ത്തിക്കളഞ്ഞിരുന്നു. കാസര്‍കോട് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യവെ ക്ലീനിംഗ് ലോഷന്‍ കഴിച്ച് മരിക്കാന്‍ ശ്രമിച്ച യുവതി ഭയപ്പാട് എന്ന വികാരത്താല്‍ മരിക്കാന്‍ ശ്രമിച്ചതായിരുന്നുവെന്ന് മൊഴി നല്‍കി.

2015 ഡിസംബര്‍ 15നാണ് ചിറ്റാരിക്കലില്‍ വെച്ച് പിതാവിനെ കിണറ്റില്‍ തള്ളിയിടാന്‍ ശ്രമിച്ചതിന്റെ പേരില്‍ കേസായപ്പോള്‍ മകന്‍ കുടി ആത്മഹത്യക്കു ശ്രമിച്ചത്. ഇങ്ങനെ പരിശോധിച്ചാല്‍ ഏത്രയോ സംഭവങ്ങളില്‍ മിക്കതും കേവല യാഥാര്‍ത്ഥ്യങ്ങളിലുടെ ജീവിക്കാന്‍ കൂട്ടാക്കാതെ വൈകാരികതമുറ്റിയ അന്തരീക്ഷത്തില്‍ സ്വയം വരുത്തി വെക്കുന്ന ക്രൈം ആണ് എന്ന് പോലീസ് വിലയിരുത്തുന്നു.

സാമ്പത്തിക പരാധീനത പറഞ്ഞു തീര്‍ക്കാനും ആര്‍ക്കും അടിയറവു പറയാതിരിക്കാനുള്ള മനക്കരുത്തില്ലാത്തതുമാണ് കുതിരക്കോട് രാജന്റെ ആത്മഹത്യക്ക് കാരണമായി പോലീസ് കണക്കാക്കുന്നത്. കാഞ്ഞങ്ങാട് അഹല്യാ ആശുപത്രിക്കടുത്തുള്ള സെക്യുരിറ്റി ജീവനക്കാരന്‍ ധനേഷ് മൃദുല വികരത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നത് ഇത്തരം അജ്ഞതയുടെ മറ്റൊരു പതിപ്പാണ്.

തീവണ്ടിക്കും കടലിലും ചാടി ഇതുപോലെ ഏത്രയോ മരണങ്ങള്‍ സംഭവിച്ചു. ചിലരുടെ തലയോട്ടികള്‍ മാത്രം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുക്കുന്ന സംഭവങ്ങള്‍ വരെ നമ്മുടെ ജില്ലയില്‍ തന്നെ ഉണ്ടായി. മകളെ ചുട്ടു കൊന്ന് കാമുകന്റെ കൂടെപോകാന്‍ ശ്രമിച്ച തൃക്കരിപ്പൂര്‍കാരിയെ സഹൃദയ ലോകത്തിന് ഏങ്ങനെ വെറുപ്പോടെയല്ലാതെ നോക്കാന്‍ കഴിയും. പ്രണയത്തിന്റെ ഇരകളാണവര്‍.

സിപിസിആര്‍ഐ ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടെ സ്വന്തം കിടപ്പു മുറിയില്‍ തുങ്ങിമരിച്ചതിനും കുതിരക്കോട് കഴിഞ്ഞ ദിവസം മരിച്ച മെയ്ക്കരുത്തിന്റെ പര്യായമായ, റഫറി എന്ന നിലയില്‍ മനക്കരുത്തുള്ള രാജനുമെല്ലാം സ്വജീവിതത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടാനുള്ള ത്രാണി നഷ്ടപ്പെട്ടവരും, സമുഹത്തിനിടയില്‍ അമിതമായ അഭിമാനം വെച്ചു പുലര്‍ത്തിയും സമുഹത്തെ ഭയന്നും ജീവിതം അവസാനിപ്പിച്ചവരുടെ പട്ടികയിലാണ്. പണം ആരുടേയും സ്വന്തമല്ല, അതു വരും, പോകും എന്ന പഴമക്കാരുടെ ആപ്തവാക്യം അവര്‍ മുഖവിലക്കെടുത്തില്ല. ഇങ്ങനെ വാര്‍ത്താ പ്രസക്തവും അപ്രസക്തവുമായ എത്രയെത്ര സംഭവങ്ങളാണ് നാട്ടില്‍.

മനുഷ്യ ജീവനകുളുടെ മഹത്വവും വിലയും ആ വര്‍ഗം തന്നെ സ്വയം നശിപ്പിക്കുന്നു. അമിത ഭക്തിയും നിരാശയും, സുഖലോലുപതയും ആത്മഹത്യ പ്രവണത വര്‍ദ്ധിപ്പിക്കുന്ന രോഗങ്ങളാണ് എന്ന് മനശാസ്ത്ര വിദഗ്ദ്ധര്‍ പറഞ്ഞു വെക്കുന്നു. രാഷ്ട്രീയ-സാമുഹ്യ-സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇവിടെ എന്തെങ്കിലും ചെയ്‌തേ മതിയാകു. സമ്പൂഷ്ടമായ ഒരു രാഷ്ട്രത്തെ നിര്‍മ്മിക്കണം എന്ന് ആഗ്രഹിക്കുന്ന ഏവരുടേയും കടമയാണ് അത്.

'ആത്മഹത്യകളിലേക്ക് നാം എത്തപ്പെടുമ്പോള്‍'; റഫറി രാജന്‍ കുതിരക്കോട് മരിച്ചതിന്റെ കാരണം?

Keywords:  Article, Prathibha-Rajan, Club, Kabaddi-Team, suicide, Suicie attempt, Kasargod, Lovers.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia