city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Reading | ആട് വളര്‍ത്തിയ വായനക്കാരി

-കൂക്കാനം റഹ്മാന്‍

(www.kasargodvartha.com) ആടു കഥാപാത്രമായ ഒന്നുരണ്ട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. പാത്തുമ്മാന്റെ ആട്, ആടു ജീവിതം, അതേപോലുള്ള ഒരു കഥയായിരിക്കാം ആടു വളര്‍ത്തിയ വായനക്കാരി എന്നു കരുതി. വായനാദിനവുമായി ബന്ധപ്പെട്ട് കരിവെള്ളൂര്‍ പാലക്കുന്ന് പാഠശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് ആട് വളര്‍ത്തിയ വായനക്കാരി സതീദേവിയായിരുന്നു. ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും നേരിട്ടു കാണാന്‍ സാധിച്ചതില്‍ സന്തോഷിച്ചു. അവരുടെ സംസാരം കേള്‍ക്കാന്‍ താല്‍പ്പര്യത്തോടെ കാത്തിരുന്നു. കാസര്‍കോടന്‍ ശൈലിയിലാണ് സംസാരം. അവരുടെ ജീവിതം കേള്‍വിക്കാരുടെ മുമ്പില്‍ തുറന്നുവെച്ചു.
         
Reading | ആട് വളര്‍ത്തിയ വായനക്കാരി

നീണ്ടുമെലിഞ്ഞ അറുപത് പിന്നിട്ട സതീദേവി അനുഭവിച്ച സന്തോഷങ്ങളും സന്താപങ്ങളും പറഞ്ഞു. സദസ്യരോട് സതീദേവിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ സംഘാടകര്‍ അവസരം ഒരുക്കിയിരുന്നു. കേള്‍ക്കേണ്ട താമസം സദസ്സില്‍ നിന്ന് ഒരു കുട്ടി ചാടി എഴുന്നേറ്റു. 'വായിക്കാനുള്ള പ്രേരണ എന്തായിരുന്നു?' ചോദ്യം കേട്ടമാത്രയില്‍ സതീദേവി പറഞ്ഞു. 'ഞാന്‍ നിന്റെ ഗ്രാമത്തിലെ കല്ലളി സ്‌കൂളില്‍ മൂന്നാം ക്ലാസ്സുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അതൊക്കെ മറന്നുപോയി. വാക്കുകള്‍ കൂട്ടിവായിക്കാന്‍ വരെ മറന്നു പോയിരുന്നു. എന്റെ മകന്‍ രതു കൃഷ്ണന്‍ അന്ന് ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് വന്ന അവന്‍ എനിക്ക് ലൈബ്രറിയില്‍ നിന്ന് ഒരു പുസ്തകം എടുത്തു തരണം അമ്മേ എന്ന് പറഞ്ഞു.

അവന്റെ ഏതാഗ്രഹവും സാധിച്ചു കൊടുക്കാന്‍ ഞാന്‍ സദാസന്നദ്ധയായിരുന്നു. കുറച്ചകലെയുള്ള വായനശാലയിലേക്ക് ചെന്നു. അവിടുത്തെ ലൈബ്രേറിയനോട് മകനുവേണ്ടി ഒരു പുസ്തകം വേണമെന്ന് ആവശ്യപ്പെട്ടു. കിട്ടിയ മറുപടി സതീദേവിയെ നിരാശയിലാക്കി. പുസ്തകം കിട്ടണമെങ്കില്‍ അറുപത് രൂപ കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കണം എന്നായിരുന്നു മറുപടി. സതീദേവിയുടെ കൈയില്‍ തുക ഇല്ലായിരുന്നു. അവരുടെ വിഷമം മനസ്സിലാക്കിയ ലൈബ്രേറിയന്‍ അറുപത് രൂപ കടമായി നല്‍കി മെമ്പര്‍ഷിപ്പ് എടുത്തു.
പുസ്തകവുമായി വീട്ടില്‍ വന്നു. രതുകൃഷ്ണന് നല്‍കി. അവനോട് തിരിച്ചു വാങ്ങി പുസ്തകം നിവര്‍ത്തി നോക്കി. എഴുത്തിനു പുറമേ എന്തെല്ലാമോ ചിത്രങ്ങളും കാണുന്നുണ്ട്. വായിക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല.
          
Reading | ആട് വളര്‍ത്തിയ വായനക്കാരി

അക്ഷരങ്ങള്‍ അറിയാം. കൂട്ടി വായിക്കാന്‍ വിഷമം. അമ്മയുടെ വിഷമം മനസ്സിലാക്കിയ മകന്‍ ഞാന്‍ അമ്മയെ പഠിപ്പിക്കാം എന്ന് പറഞ്ഞു. അങ്ങനെ അമ്മ മകന്റെ ശിഷ്യയായി. വായിക്കാനുള്ള ആഗ്രഹം മൂത്ത് വേഗം കാര്യങ്ങള്‍ പഠിച്ചു. കൂട്ടിവായിക്കാന്‍ പറ്റി. സതീദേവി കൊച്ചു കുട്ടികളെ പോലെ സന്തോഷം മൂലം തുള്ളിച്ചാടി. അങ്ങനെ കൂട്ടിവായിച്ചു വായിച്ച് പുസ്തകം വായിക്കാന്‍ തുടങ്ങിയെങ്കിലും ചിലവാക്കുകളുടെ അര്‍ത്ഥം മനസ്സിലായില്ല. അര്‍ത്ഥം മനസ്സിലാകാത്ത വാക്കുകള്‍ മകനോട് ചോദിച്ചു മനസ്സിലാക്കും. 'ആരാച്ചാര്‍' എന്ന പദം ഒരു കഥാപുസ്തകത്തില്‍ കണ്ടു. തൂക്കിക്കൊല്ലുന്ന ജയില്‍ ജീവനക്കാരനാണ് ആരാച്ചാര്‍ എന്നവര്‍ മനസ്സിലാക്കി.

രതുകൃഷ്ണന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് ആട്ടിന്‍കുട്ടിയെ കിട്ടി. അതിനെ താലോലിച്ചു വളര്‍ത്തികൊണ്ടു വരുമ്പോള്‍ വീടിനടുത്തുള്ള മാധവന്‍ നായര്‍ ഗര്‍ഭിണിയായ ഒരാടിനെ വളര്‍ത്താന്‍ കൊടുത്തു. ക്ലബ്ബില്‍ നിന്ന് വേറൊരാടിനെയും കിട്ടി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ പന്ത്രണ്ട് ആടുകളായി, അവയെയും മക്കളെയെന്നപോലെ സതീദേവി പോറ്റി വളര്‍ത്തി. വളര്‍ച്ചയെത്തിയ ഒരു മുട്ടനാട് ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിനെ വാങ്ങാന്‍ കച്ചവടക്കാരന്‍ വന്നു. ആട് സതീദേവിയുടെ മുഖത്ത് മുത്തമിടുന്നതാണ് അയാള്‍ കണ്ടത്. ഓളോടത്രയും സ്‌നേഹമുള്ള ആട് എനിക്കുവേണ്ടായെന്ന് പറഞ്ഞു. അയാള്‍ തിരിച്ചുപോയത് സതീദേവി ഓര്‍മ്മിച്ചു പറഞ്ഞു.
           
Reading | ആട് വളര്‍ത്തിയ വായനക്കാരി

ആദ്യപുസ്തകം മകന്റെ ശിഷ്യത്വത്തില്‍ വായിച്ചു കഴിഞ്ഞപ്പോള്‍ അടുത്ത പുസ്തകം വായിക്കാന്‍ ഇഷ്ടം തോന്നി. അങ്ങനെ വായന ഒരു ഹരമായി മാറി. അഞ്ഞൂറോളം പുസ്തകങ്ങള്‍ ഇതിനോടകം വായിച്ചിട്ടുണ്ട്. വായിച്ച പുസ്തകങ്ങളുടെ ഗ്രന്ഥകാരനെക്കുറിച്ചും പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ചെറുകുറിപ്പുകള്‍ നോട്ടുപുസ്തകത്തില്‍ കുറിച്ചു വെച്ചുകൊണ്ടിരിക്കുകയാണ്. ഉച്ചവരെ പുറമേ പണിക്കു പോകും. വീട്ടിലെ മറ്റുപണികളൊക്കെ കഴിഞ്ഞ് നാല് മണിയാവുമ്പോള്‍ ആടുകളെ മേയ്ക്കാന്‍ പാറപ്പുറത്തേക്കോ, റബ്ബര്‍തോട്ടത്തിലേക്കോ പോവും. ആ യാത്രയാണ് എനിക്ക് വായിക്കാന്‍ അവസരമൊരുക്കിയത്. വൈകിട്ട് ഏഴുമണി വരെയെങ്കിലുമാവും ആടുകളെ കൊണ്ട് തിരിച്ചു വരാന്‍. ഇവയെ മേയ്ക്കാന്‍ കൊണ്ടുപോവുമ്പോള്‍ പുസ്തകം, കുടിവെള്ളം കണ്ണട ഇവയെല്ലാം ബാഗില്‍ വെക്കും.

ആടുകള്‍ പ്രസവിച്ച കുട്ടികള്‍ക്ക്, വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിലെ കഥാപാത്രത്തിന്റെ പേരിടും. ആ പേരുവിളി കേള്‍ക്കുമ്പോള്‍ തിരിച്ചറിഞ്ഞ് അവ ഓടിയെത്തും. മകന്‍ ആവശ്യപ്പെട്ട പ്രകാരം ലൈബ്രറിയില്‍ നിന്ന് എടുത്തുകൊണ്ടുവന്ന പുസ്തകം പാത്തുമ്മാന്റെ ആട് മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് സതീദേവിയും ആടു വളര്‍ത്തലില്‍ മുഴുകിയത്. അക്ഷരം മറന്നുപോയിട്ടും വാക്കുകള്‍ കൂട്ടിവായിക്കാന്‍ ആവാഞ്ഞിട്ടും മകനെ ഗുരുസ്ഥാനത്തു നിര്‍ത്തി വായനലോകത്തേക്കു കടന്നുവന്ന സതീദേവി മലയാളത്തിന്റെ അഭിമാനമാണ്.

ആടുകളെ മേയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ സതീദേവിയുടെ കൂടെ വളര്‍ത്തു നായയും പോകും. നായയ്ക്ക് തന്റെ യജമാനത്തിയുടെ വായനയെക്കുറിച്ചറിയാം. പുസ്തകത്തില്‍ തന്നെ ശ്രദ്ധയൂന്നി വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ആടുകളെ മറന്നുപോകും. നായയാണ് പിന്നീട് ആടുകളെ ശ്രദ്ധിക്കുക. അവയെ അകലെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു നിര്‍ത്തി സഹായിക്കാന്‍ നായ സദാ സന്നദ്ധനാണ്. റബ്ബര്‍ മരത്തില്‍ ചാരി ഇരുന്നോ, പുല്‍ത്തകിടില്‍ ഇരുന്നോ ഉള്ള വായനയില്‍ ചിലപ്പോള്‍ പരിസരം തന്നെ മറന്നു പോകും. അവിടെയാണ് നായ സഹായിയായിത്തീരുന്നത്.

ആടിനെ മേയ്ക്കാന്‍ പോയി സമയം വൈകിയാല്‍ വീട്ടില്‍ നിന്ന് ഭര്‍ത്താവ് വിളിക്കും. ആടിന്റെ പളള നിറഞ്ഞിട്ടില്ല. അതാണ് വൈകുന്നത് എന്ന ഉത്തരമാണ് സതീദേവി പറയുക. നിന്റെ പുസ്തകം വായിച്ചു തീര്‍ന്നാലെ ആടിന്റെ പളള നിറയൂ എന്നെനിക്കറിയാം. പുസ്തകം വായിച്ചു തീരാത്തതു കൊണ്ടാണ് സതീദേവി തിരിച്ചു വരാത്തതെന്ന് തെങ്ങുകയറ്റ തൊഴിലാളിയായ ഭര്‍ത്താവ് രാമകൃഷ്ണനറിയാം. പതിനെട്ട് വര്‍ഷത്തോളം സതി ബീഡിതെറുപ്പ് ജോലി ചെയ്താണ് ജീവിച്ചു വന്നത്. മുള്ളേരിയ, ബിംബുങ്കാല്‍, കൊളത്തൂര്‍ എന്നീ സ്ഥ ലങ്ങളിലെ ദിനേശ്ബീഡി ബ്രാഞ്ചുകളിലാണ് ജോലി ചെയ്തുവന്നത്. കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ പത്രം വായിക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യാറുണ്ട്.

അവര്‍ വായിച്ച കാര്യങ്ങള്‍ പണി ചെയ്യുമ്പോള്‍ പരസ്പരം പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കാവുന്നില്ലല്ലോ എന്ന വേദന ശരിക്കുണ്ടാവും. ആ വേദന ഇപ്പോള്‍ മാറി. ഞാന്‍ അവരേക്കാളെല്ലാം മികച്ച വായനക്കാരിയായി എന്ന് അഭിമാനിക്കുന്നു. ഇന്നാണെങ്കില്‍ വായിച്ച പുസ്തകങ്ങളിലെ ഉള്ളടക്കത്തെ കുറിച്ചും ഗ്രന്ഥകാരനെക്കുറിച്ചും കൃത്യമായി പറയാന്‍ എനിക്കാവും. 1997ല്‍ ബീഡി തെറുപ്പ് ജോലി മതിയാക്കി.

കഴിഞ്ഞ ദിവസം ഞാന്‍ വിളിക്കുമ്പോള്‍ സതി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരല്‍മീന്‍ നീന്തുന്ന പാടം എന്ന സി വി ബാലക ഷ്ണന്റെ നോവലാണ് വായിച്ചുകൊണ്ടിരിക്കുന്നത് എന്ന മറുപടിയാണ് കിട്ടിയത്. യു കെ കുമാരന്‍, സന്തോഷ് ഏച്ചിക്കാനം, സി രാധാകൃഷ് ണന്‍, രാഘവന്‍ ബെള്ളിപ്പാടി, ശശിധരന്‍ ആലപ്പടമ്പന്‍, പി വി പ്രഭാകരന്‍ എന്നിവരുടെ പുസ്തകങ്ങള്‍ അടുത്തിടെ വായിച്ചവയില്‍ പെടും. പ്രൊഫ. ടി ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' ഏറ്റവും സ്വാധീനിച്ച കഥയാണെന്ന് സതി സാക്ഷ്യപ്പെടുത്തുന്നു. മാധവിക്കുട്ടി, കെ ആര്‍ മീര, ബഷീര്‍ എന്നിവരെയും ആരാധനയോടെയാണ് സതി ഓര്‍ത്തു പറയുന്നത്.
       
Reading | ആട് വളര്‍ത്തിയ വായനക്കാരി

മകന്‍ രതുകൃഷ്ണന്‍ പെരിയ ഗവ. പോളിടെക്‌നിക്കില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. അവനെ ഒരു നിലയില്‍ എത്തിക്കുകയെന്നതാണ് സതിയുടെ ജീവിത ലക്ഷ്യം. അതോടെ ആടു വളര്‍ത്തലും മറ്റും നിര്‍ത്തി വായനാലോകത്ത് തന്നെ കഴിയണമെന്ന മോഹമുണ്ട്. ഇതയും കാലം പണി ചെയ്തിട്ടും കിടുന്നുറങ്ങാന്‍ പറ്റുന്ന ഒരു വീടെന്ന സ്വപ്നം പൂവണിയിക്കാന്‍ ഇതേവരെ സാധിക്കാത്തതില്‍ സതിക്ക് വിഷമമുണ്ട്. പഞ്ചായത്തിന്റെയും മറ്റും സഹായമുണ്ടായാല്‍ ആഗ്രഹം സഫലീകരിക്കുമെന്ന വിശ്വാസത്തിലാണ് സതി.

വായിക്കാത്ത സതിയും വായിച്ചു കൊണ്ടിരിക്കുന്ന സതിയും തമ്മില്‍ ഏറെ അന്തരമുണ്ട്. എവിടെ ചെന്നും ആരോടും സംസാരിക്കാന്‍ എനിക്കാവും. ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ശരിയും ശരികേടും തിരിച്ചറിയാന്‍ സാധിക്കുന്നു ണ്ട്. കുഞ്ഞുണ്ണിമാഷ് പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് സതീദേവി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 'വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും'. വരും തലമുറക്ക് സതീദേവി ഒരു മാതൃകയാണ്.

Keywords: Reading, Books, Malayalam literature, Novel, Strory, Kokkanam Rahman, Reader who took care of goat.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia