city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കവര'; കേള്‍ക്കാന്‍ രസമുള്ള ഒട്ടും അതിര് കവിയാത്ത കവിതയുടെ ഇമ്പമാര്‍ന്ന ഉര

പുസ്തക പരിചയം/ സാപ്

(www.kasargodvartha.com 15.05.2020) സുഹൃത്ത് രവീന്ദ്രന്‍ പാടിയുടെ കാവ്യ സമാഹാരമാണ് മുന്നില്‍.  'കവര' എന്നാണ് കവിതാ സമാഹരത്തിന്റെ പേര്.  കവിഞ്ഞ് ഉരക്കുന്നതിനെയാണ് (സംസാരിക്കുന്നതിനെ) കവര എന്ന് പറയുക എന്ന് കവി. കുട്ടികള്‍ പറയുന്ന നിഷ്‌കളങ്ക വര്‍ത്തമാനങ്ങളാണ് കവര എന്നും ആളുകള്‍ വെടിപറയുന്നതിനെയും മറ്റും കവര എന്ന് പറയുമെന്നും ആമുഖമായി കവി തന്നെ വിശദീകരിക്കുന്നുണ്ട്. ഏതായാലും ഈ കാസര്‍കോടന്‍ വായ്‌മൊഴി പൊതു മലയാളത്തിന് പരിചയമില്ലാത്തതാണ് എന്ന് തോന്നുന്നു, ചിലപ്പോള്‍ കാസര്‍കോട് തന്നെ പലരും ആദ്യമായി കേള്‍ക്കുകയുമാകാം. ഏതായാലും 'കവര' കേള്‍ക്കാന്‍ രസമുള്ള ഒട്ടും അതിര് കവിയാത്ത കവിതയുടെ ഇമ്പമാര്‍ന്ന ഉരയാണ് എന്നതില്‍ സംശയമില്ല.

ഉത്തര കേരളത്തിലെ എണ്ണം പറഞ്ഞ കവികളില്‍ പ്രമുഖനാണ് രവി.  അദ്ദേഹത്തിന്റെ ആറാമത്തെ കവിതാ സമാഹാരമാണ് 'കവര'.  ഇരുപത്തിയഞ്ച് ഗദ്യകവിതകളും പിന്നെ ചുടുക്കുകവിതകള്‍ എന്നൊരദ്ധ്യായവും ചേര്‍ന്ന മൊത്തം ഇരുപത്തിയാറ് കവിതകളുടെ സമാഹാരം.
ചുടുക്കു കവിതകള്‍ കുഞ്ഞുണ്ണിക്കവിതകളെന്നോ ഹൈക്കുവെന്നോ വേര്‍തിരിക്കാന്‍ കഴിയാത്ത തികച്ചും വ്യത്യസ്തമായ ഒരു ശ്രമമാണ്.

'നരിയെ വേട്ടയാടുന്നതിലും
പ്രയാസമാണ് ചിലപ്പോള്‍ മീന്‍ പിടിക്കല്‍.
ചില മീനുകള്‍ ചൂണ്ടയോടൊപ്പം,
അല്ലെങ്കില്‍ വലയോടൊപ്പം
അതുമല്ലെങ്കില്‍ ബോട്ടിനോടൊപ്പം
മീന്‍ പിടുത്തക്കാരനെ
വലിച്ചു കൊണ്ട് പോകും
ആഴങ്ങളിലേക്ക്!
പിന്നെ പൊങ്ങിയെന്നേ വരില്ല!'

'മീന്‍പിടിത്തം' എന്ന കവിതയിലെ വരികളാണിത്.

പരാന്നഭോജികളായ (ജമൃമശെലേ)െ മനുഷ്യരുടെ നെറികേടിന്റെ നേര്‍കാഴ്ച്ചയാണ് ഈ കവിത. കൈ നനയാതെ മീന്‍ പിടിക്കുന്നവര്‍ അഥവാ മേലനങ്ങാതെ അന്യന്റെ അദ്ധ്വാനത്തിന്റെ പങ്കു പറ്റി ജീവിക്കുന്നവര്‍, എങ്ങിനെയാണ് വെള്ളം കലക്കി മീന്‍ പിടിക്കേണ്ടത് എന്നും വ്യക്തമായി അറിയുന്നവരാണ്. ഈ ഇത്തിള്‍ കണ്ണികളാണ് വൃക്ഷത്തിന്റെ കാമ്പുകള്‍ കാര്‍ന്നു തിന്നു അതിന്റെ തായ് വേര് പോലും നശിപ്പിച്ചു കളയുന്നത്!
സമൂഹത്തിന്റെ ആന്തരിക കരുത്തിനെ ഉല്‍മൂലനം ചെയ്യുന്നവരെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഉറപ്പിച്ച് പറയുകയാണ് കവി.
അധ്യാനിച്ച് ജീവിക്കണമെന്നും ആരെക്കെയോ പിടിച്ച് തരുന്ന മീന്‍ തിന്നുന്നത് കൊണ്ടാണ് നമുക്ക് മീന്‍ പിടിക്കുന്നത് കേവലം വിനോദമാകുന്നത് എന്നും കവി പറഞ്ഞുവെക്കുന്നുണ്ട്.

'ജന്മനാളില്‍' എന്ന കവിതയില്‍ എന്തിനാണീ ജന്മദിനം എന്ന് ചോദിക്കുന്നു.

'പിന്നിട്ട പാതകള്‍ കോറിയിട്ട
രക്തം പൊടിയുമനുഭവങ്ങള്‍
ഓര്‍മ്മയില്‍ നിന്നും കഴുകി നീക്കി
പുതിയവ വീണ്ടുമെഴുതുവാനോ?'

അവസാന വരികളില്‍
സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാല കഷ്ട നഷ്ടങ്ങള്‍ക്ക് അറുതി വരുകയും ജിവിതം ഹരിതാഭമാവുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.

വ്യക്തിപരവും സാമൂഹ്യവുമായ ജീവിതാനുഭവങ്ങളുടെ ചിട്ടയായി അടുക്കിവെച്ച പുസ്തകങ്ങള്‍ പോലെയാണ് ഓരോ കവിതയും. ഒക്കെയും സമൂഹത്തിന്റെ നേര്‍ക്ക് പിടിച്ച കണ്ണാടികള്‍,  നവോത്ഥാന രചനകള്‍ എന്ന് വിശേഷിപ്പിക്കാവുന്നവയാണ്.

'കറക്കം' എന്ന കവിതയില്‍ പുതിയ കാലത്തെ കര്‍ഷകന്റെ വ്യഥകളെ വളരെ തന്മയത്വത്തോടെ കോറിയിടുന്നുണ്ട്.

'സൂര്യനൊപ്പമാണ്
കൃഷ്‌ണേട്ടന്റെ കറക്കം
രാവിലെ തൊഴുത്തില്‍
കുത്തിയിരുന്ന്
പശുക്കളെ കറക്കും
.....
നാളുകള്‍ കറങ്ങവെ
പശുക്കളുടെ കറവ നിന്നു;
.......
പശുക്കള്‍ ലോറിയേറി
നഗരം കറങ്ങി
.........
തോട്ടമുണ്ടായ സ്ഥലം
പ്ലോട്ടുകളായി
പിന്നെയത് കൃഷ്ണ
ഹൗസിംഗ് കോളനിയായി.'

മനുഷ്യന്‍ കാര്‍ഷിക വൃത്തിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുന്ന
കോവിഡ് കാലത്ത് ഹൗസിംഗ് കോളനികള്‍ വീണ്ടും പച്ചപിടിച്ച തോട്ടങ്ങളാകുമെന്നും കൃഷ്‌ണേട്ടന്‍ പശുക്കളെ
കറക്കാന്‍ ഒരു വരവ് കൂടി
വരുമെന്ന് തന്നെയും പ്രതീക്ഷിക്കണം.

അവസാന അധ്യായമാണ് ചുടുക്കു കവിതകള്‍.  ജീവിതമെന്ന സമസ്യയുടെ അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍ പോലെ, വേദനകളെ അടയാളപ്പെടുത്തുന്നവയാണ്
മിക്ക ചുടുക്കു കവിതകളും
ഉദാ:

'മൈതാനം പോലെ
വിശാല വഴിയിലും
സൂചിക്കുഴ പോലെ
എന്നുടെ നേര്‍വഴി'

'പെരുകും കടങ്ങളും
കുറയും ആയുസ്സുമാ-
ണെന്റെ സമ്പാദ്യം, അതില്‍-
തൃപ്തനായിരിപ്പൂ ഞാന്‍!'

'പുതിയ കാര്യങ്ങള്‍
പറയണം എന്നാല്‍
പഴയതിന്‍ ബാധ
ഒഴിഞ്ഞിട്ടു വേണ്ടേ!'

'തിരയടിക്കാത്ത കടലെന്തു കടല്‍'

'ചില സംഗതികള്‍ എങ്ങനെയെങ്കിലും നടന്നു കൂടും;
മരണ വീട്ടിലും
നേരം പുലരാറുണ്ടല്ലോ!'

വ്യക്തിയും സമൂഹവും കാലവും പ്രകൃതിയും ഉള്‍ക്കൊള്ളുന്ന കവിതകള്‍
അതിജീവനത്തിന്റെ  ഉണ്മയായി, ജീവിത വ്യഥകള്‍ക്ക് നേരെ സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമായി
അറുപത്തിനാല് പേജുകളിലായി കുറിച്ചിട്ടിരിക്കുന്നു.  അല്പം മാത്രം പറയുന്നവനാണല്ലോ കവി.  അത് കൊണ്ട് തന്നെ രവി അല്പം മാത്രം പറഞ്ഞു മതിയാക്കിരിക്കുകയാണ്.  ബാക്കി പറയാന്‍ അനുവാചകരെ ഏല്‍പ്പിച്ചു കൊണ്ട്.
'കവര'; കേള്‍ക്കാന്‍ രസമുള്ള ഒട്ടും അതിര് കവിയാത്ത കവിതയുടെ ഇമ്പമാര്‍ന്ന ഉര


Keywords:  Kerala, Article, Poem, Raveendran Pady's Kavara poem

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia