city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇവരുടെ ഖാസി സ്‌നേഹം ദുരൂഹമോ?

അഹമദ് ഷുക്കൂര്‍ കിളിയന്തിരിക്കാല്‍

(www.kasargodvartha.com 11.11.2014) പ്രവാചകനും അനുയായികളും ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ ഒളിച്ചു താമസിക്കുന്ന ഭവനത്തിലേക്ക് ഊരിപ്പിടിച്ച വാളുമായി ഉമര്‍ കടന്നു വരുന്നു. ഒരു അനുചരന്‍ വിളിച്ചു പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരെ, ഖത്വാബിന്റെ മകന്‍ ഉമര്‍ ഇങ്ങോട്ട് വരുന്നുണ്ട് അവന്റെ കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ട്. ആ വരവ് ഒരിക്കലും നല്ലതിനാവില്ല തന്നെ. എന്ത് ചെയ്യണം?'

പ്രവാചകന്‍ ക്ഷമയുടെ പ്രതീകമാണ്. അദ്ദേഹം പറഞ്ഞു: 'വരട്ടെ. ചിലപ്പോള്‍ നല്ലതിനായിരിക്കാം.' അതെ ഉമര്‍ വന്നത് ഇസ്ലാം മതം സ്വീകരിക്കാനാണ് അദ്ദേഹം പുറത്തു നിന്നും വിളിച്ചു പറഞ്ഞു. 'അല്ലാഹുവിന്റെ പ്രവാചകരെ, ഞാന്‍ ഖത്വാബിന്റെ മകന്‍ ഉമര്‍ കീഴടങ്ങി വന്നവനാകുന്നു. ഞാന്‍ ഇവിടെ പ്രകാശം തേടി വന്നതാകുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉമര്‍ സാക്ഷ്യം വഹിക്കുന്നു.'

വിശുദ്ധ ഖുര്‍ആന്റെ മനോഹാരിതയും, പ്രവാചകന്റെ നല്ല പെരുമാറ്റവും മറ്റുമാണ് ഉമറിനെ ഇസ്ലാമിലേക്ക് വരാന്‍ പ്രേരിപ്പിച്ചത് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ആ മഹാനുഭാവന്റെ മാറ്റം മറ്റനേകം പേര്‍ക്ക് ഇസ്‌ലാമിലേക്ക് വരാന്‍ നിമിത്തമായി. ഒരു ശത്രുവിനെ അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശം മനസിലാവാതെ അന്തവും കുന്തവുമില്ലാതെ ആക്രമിക്കാന്‍ ചെന്നാല്‍, വരുന്നയാള്‍ നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് വരുന്നതെങ്കില്‍, നമ്മുടെ പ്രവര്‍ത്തി വീണ്ടും അയാളെ നമ്മുടെ ശത്രുവായി മാറ്റുകയാണ് ചെയ്യുന്നത്. ഇതൊരു പാഠമാണ്. എല്ലാ മുസ്ലിംകള്‍ക്കും. ക്ഷമ, അതാണ് നമുക്ക് വേണ്ടത്.

മക്ക വിജയം മുസ്ലിം ഉമ്മത്തിന് ക്ഷമ എങ്ങിനെ വേണം എന്നതിനെ കുറിച്ചുള്ള ഒരു പാഠമാണ്. പ്രവാചകന് മുമ്പില്‍ നിസഹായരായി കൈകൂപ്പി നിന്ന ശത്രു നിരയോട് 'പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്' എന്നാണ് പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്റെ ഈ വാക്യം ലോകത്ത് ഇന്നേവരെ ഒരൊറ്റ ഭരണാധികാരിയില്‍ നിന്നും നമ്മള്‍ കേട്ടിട്ടില്ലാത്തത്ര മഹത്തരമാണ്. ക്ഷമ ഈമാനിന്റെ പകുതിയാണ് എന്ന് പഠിപ്പിച്ച പ്രവാചകനില്‍ നിന്നും അങ്ങനെയാവാതെ തരമില്ലല്ലോ. അതെ, അങ്ങനെയാവണം. ക്ഷമിക്കുന്നവരും, പൊറുക്കുന്നവരും ആയിരിക്കണം യഥാര്‍ത്ഥ മുസ്ലിംകള്‍.

പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടല്‍ മാല ശത്രുക്കള്‍ കഴുത്തിലേക്ക് ചാര്‍ത്ത പെട്ടപ്പോള്‍ ക്ഷുഭിതനാവാതെ ശാന്തനായി ചിരിച്ചു കൊണ്ട് നടന്നു നീങ്ങിയ പ്രവാചകന്‍. നടന്നു നീങ്ങുന്ന വഴിയില്‍ മുള്ളുകളും കല്ലുകളും വിതറി തിരുദൂതരെ കഷ്ടപ്പെടുത്തിയ ഒരു ജൂത സ്ത്രീയെ ഒരു ദിവസം കാണാതായപ്പോള്‍ അവരെ കുറിച്ച് അന്വേഷിക്കുകയും രോഗമാണെന്ന് അറിഞ്ഞപ്പോള്‍ അവരെ സന്ദര്‍ശിക്കുകയും ചെയ്തു പ്രവാചകന്‍. 'അള്ളാഹു ക്ഷമിക്കുന്നവന്റെ കൂടെയാണ്' എന്ന് പഠിപ്പിച്ചു തന്നത് ആ പ്രവാചകനാണല്ലോ. അതെ മുസ്ലിംകള്‍ ക്ഷമിക്കുന്നവരും പൊറുക്കുന്നവരും ആയിത്തീരുക തന്നെ വേണം. ഇല്ലെങ്കില്‍ അവന്‍ പേര് കൊണ്ടുള്ള മുസ്ലിം മാത്രമായി തീരുന്നു.

ഇവിടെ പറഞ്ഞുവരുന്നത് നമ്മുടെ നാട്ടില്‍ കാണുന്ന ചില ക്ഷമ കെട്ട പണ്ഡിതന്മാരുടെ ജല്‍പനങ്ങള്‍ കാണുമ്പോഴാണ്. ആ 'പണ്ഡിതര്‍' നമ്മെ ഹദീസും ഖുര്‍ആനും ഓതി ക്ഷമയും മറ്റും പഠിപ്പിക്കും. പക്ഷെ അവരുടെ അഭിപ്രായത്തിനെതിരെ ഒരാള്‍ എന്തെങ്കിലും പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, അവര്‍ക്ക് ഇഷ്ടമില്ലാത്ത ഏതെങ്കിലും ഒരു വ്യക്തിയെ കണ്ടാല്‍ ഒരു ഉളുപ്പിമില്ലാതെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കും. അത് ആവര്‍ത്തിക്കുകയും ചെയ്യും. അതിന്റെ അവസാനത്തെ ഇരയാണ് റിട്ട. എസ്.പി ഹബീബ് റഹ്മാന്‍. കൃത്യ നിര്‍വഹണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങിനെയായിരിക്കണം എന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഹബീബ് റഹ്മാന്‍. മത, ജാതി, രാഷ്ട്രീയ, പ്രാദേശിക പക്ഷപാതിത്വം ഇല്ലാതെ എല്ലാവരോടും ഒരു പോലെ പെരുമാറിയ ഒരാള്‍. എന്റെ അഭിപ്രായത്തില്‍ പോലീസ് സേനയിലെ വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ഹബീബ് റഹ്മാന്‍.

എന്നിട്ടും അദ്ദേഹത്തെ ഒരു സുന്നി സംഘടന ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നത് കാണുമ്പോള്‍, മഹാന്മാരായ പണ്ഡിതര്‍ പടുത്തുയര്‍ത്തിയ ഒരു സംഘടനക്ക് സംഭവിച്ച അപചയം നമ്മെ നിരാശപ്പെടുത്തുന്നു. മഹാനായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ തൊട്ട്  ഇ.കെ. ഉസ്താദിനെ പോലുള്ള സാത്വികര്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തെ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇഷ്ടപ്രകാരം ദുഷിച്ച പ്രവണതയിലേക്ക് തിരിച്ചു വിടുന്നത് കാണുമ്പോള്‍ ദുഃഖം തോന്നി പോകുന്നു.

ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ നിര്യാണം മുസ്ലിം സമുദായത്തിന് വന്‍ നഷ്ടമാണ് വരുത്തിയത്. അതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ദാരുണ മരണം എല്ലാവരിലും നടുക്കമുണ്ടാക്കിയ കാര്യം തന്നെയാണ്. കേരളത്തിലെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന പണ്ഡിത സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രഗത്ഭ പണ്ഡിതനും നാടിന്റെ ആത്മീയ തീരവുമായിരുന്നു അദ്ദേഹം. ഞങ്ങള്‍ ചെമ്മനാട്ടുക്കാര്‍ക്ക് ഖാസിയില്ലെങ്കിലും പല ഖാസിമാരുമായി രക്ത ബന്ധമുള്ളവര്‍ ഞങ്ങളുടെ നാട്ടിലുണ്ട്. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച ഖാസിയായിരുന്നു ചെമ്പിരിക്ക ഖാസി. ആ ദാരുണ മരണം നടന്നിട്ട് വര്‍ഷങ്ങളായി. എന്താണ് ഖാസിയ്ക്ക് സംഭവിച്ചതെന്നത് ഇന്നും ദുരൂഹമായി തന്നെ കിടക്കുന്നു.

പക്ഷെ അതിന്റെ പേരില്‍ ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഹബീബ് റഹ്മാന്‍. അത് എന്തിന്റെ പേരിലാണ്? അന്ന് അദ്ദേഹം ആ സംഭവം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുകയും അവിടെ ഒരു പോലീസുകാരന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ ചെയ്തു കൊടുത്ത കാര്യങ്ങള്‍ ഉപദ്രവമായിത്തീരുന്ന കാഴ്ചയാണ് പിന്നീട് നമുക്ക് കാണേണ്ടി വരുന്നത്. എന്തിന് അദ്ദേഹം അവിടെ ഓടിയെത്തി, അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്ഥലമല്ലല്ലോ. ഇതില്‍ എന്തോ ദുരൂഹത ഉണ്ട്. എന്നൊക്കെയാണ് ഒരു സംഘടനയുടെ നേതാക്കളുടെ ജല്‍പനങ്ങള്‍. ഒരു ദാരുണമായ സംഭവം ഒരു നാട്ടില്‍ നടന്നാല്‍, അവിടെ ഓടിയെത്തേണ്ടത് പോലീസുകാരന്റെ കടമയാണ്. അവിടെ ആര് പോകണം, ആര് പോകരുത് എന്ന് തീരുമാനിക്കേണ്ടത് പോലീസ് വകുപ്പാണ്. അല്ലാതെ ഏതെങ്കിലും മത സംഘടനയല്ല എന്ന സത്യം ഇവര്‍ എന്നാണാവോ മനസിലാക്കുക.

ആരുടെയോ ഭാവനയില്‍ ഉരുത്തിരിഞ്ഞു വന്ന 'ആത്മഹത്യാ കഥ' അവസാനം 'ഹബീബ് റഹ്മാന്റെ' തലയില്‍ കെട്ടി വെക്കുന്നത് തീര്‍ത്തും ബാലിശമാണ്. 'ആത്മഹത്യാ കഥ' ഇത്രയും വ്യാപിപ്പിച്ചതില്‍ ഖാസിയുടെ മരണത്തെ തുടന്ന് വ്രണിതഹൃദയരായി കഴിയുന്നവരെന്ന് സ്വയം അവകാശപ്പെടുന്ന(?) ഈ 'സുന്നി' സംഘടനയുടെ പങ്ക് ചെറുതൊന്നുമല്ല . ഇത്തരം വാര്‍ത്തകള്‍ ഇവര്‍ തന്നെ ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ഖാസിയുടെ ആത്മാവിനോട് കാണിക്കുന്ന ക്രൂരതയാണ്.

ഇവര്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഇത്ര കലി തുള്ളാനുള്ള കാരണം ഹബീബ് റഹ്മാന് പാര്‍ട്ടി മെമ്പര്‍ ഷിപ് കൊടുക്കാന്‍ ചെമ്മനാട്ടെ മുസ്ലിം ലീഗുകാര്‍ എടുത്ത ഒരു തീരുമാനമാണെന്ന് തോന്നുന്നു. ഒരു ഇന്ത്യന്‍ പൗരന് ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ച് നിയമാനുസൃതമായ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മൗലീകമായ അവകാശമുണ്ട് എന്നിരിക്കെ, ഹബീബ് റഹ്മാന് മുസ്ലിം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ എന്ത് തടസമാണ് ഇവര്‍ കാണുന്നത്? ഈ സുന്നി സംഘടന മുസ്ലിം ലീഗിന്റെ പോഷക സംഘടന പോലുമല്ല എന്നതാണ് വസ്തുത. നാട്ടില്‍ പണ്ഡിതന്മാര്‍ ഇടപെടേണ്ട ധാരാളം കാര്യങ്ങള്‍ ചുറ്റിലും ഉണ്ടായിരിക്കെ ഒരാളുടെ രാഷ്ട്രീയ പാര്‍ട്ടിയിലേക്കുള്ള പ്രവേശനത്തെ കുറിച്ചു ഇവര്‍ എന്തിനു സമയം കളയണം!

ഇനി ഒരാളുടെ ഭാഗത്ത് നിന്നു സംസാരത്തിലോ, പെരുമാറ്റത്തിലോ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെകില്‍ തന്നെ വര്‍ഷങ്ങളോളം മനസില്‍ വെച്ച് നടക്കുകയാണോ നല്ല പണ്ഡിതന്മാരുടെ രീതി? ക്ഷമ പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ ചെയ്യേണ്ട രീതിയാണോ ഇതൊക്കെ? ക്ഷമ ആദ്യം സ്വയം നടപ്പില്‍ വരുത്തേണ്ടവര്‍ കഥകള്‍ പെരുപ്പിച്ചു കാട്ടി അക്ഷമരായ അനുയായികളെ സൃഷ്ടിക്കുകയാണോ ചെയ്യേണ്ടത്?

മറ്റേ സുന്നി വിഭാഗം മഞ്ചേശ്വരം ചെക്ക് പോസ്റ്റും കടന്ന് ഗാട്ടി ചുരവും കയറി അങ്ങ് കര്‍ണാടക കീഴടക്കി ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സംഘടന ഇപ്പോഴും ഹബീബ് റഹ്മാന്റെ വീട്ടില്‍ നഷ്ടപ്പെട്ട ഉറുമാലും തപ്പിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനിടയില്‍ ഇവരുടെ തലപ്പാവ് തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇവര്‍ എന്നാണാവോ തിരിച്ചറിയുക!

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia