സി.ബി.ഐയുടെ ബുദ്ധി അപാരം തന്നെ!
Nov 20, 2013, 08:30 IST
ഉസ്മാന്‍ ചെമ്പിരിക്ക
ഭാഗം -2
ഏതൊരാളും തങ്ങളുടെ ബാധ്യതകള്‍ പെട്ടെന്ന് തീര്‍ക്കാനല്ലേ നോക്കുക? ബാധ്യതകള്‍ മൂലം
ആത്മഹത്യ ചെയ്യുന്നതാണ് നാം സാധാരണ കണ്ടിട്ടുള്ളത്. തികച്ചും വിഡ്ഢിത്തമാണ് സി.ബി.ഐ വിളമ്പുന്നത്. സി.ബി.ഐ നല്‍കുന്ന വേറൊരു മഹാ തെളിവ് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ചിരുന്നു എന്നാണ്. പിതാവിന്റെ ഖബര്‍ സന്ദര്‍ശിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ചടത്തോളം അപൂര്‍വ സംഭവമൊന്നുമല്ല. ഒരു മുസ്ലിമായ വിശ്വാസി മരണം ആസന്നമാകുമ്പോള്‍ ബാധ്യതകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് താന്‍ അറിയാതെ തന്നെ തയ്യാറെടുപ്പ് നടത്തുക എന്നത് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും നല്ല മരണത്തെയാണ് ഇതിലൂടെ ദര്‍ശിക്കാന്‍ കഴിയുന്നത്.
ഇത് ആത്മഹത്യക്കുള്ള തയ്യാറെടുപ്പായി കാണുന്ന സി.ബി.ഐയുടെ ബുദ്ധി അപാരം തന്നെ!
ഒരേ സമയം അസഹ്യമായ കാല്‍ വേദനയുണ്ടായിരുന്നെന്നും നടകളും ദുര്‍ഘട പാറക്കല്ലുകളും മലകളും കയറാന്‍ കഴിയുമെന്നുള്ള വൈരുദ്ധ്യാത്മക റിപോര്‍ട്ടുകള്‍ മാത്രമല്ല കള്ള മൊഴികളും ചേര്‍ത്താണ് സി.ബി.ഐ കോടതിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കാണാം. വിഷാദ രോഗമുണ്ടായിരുന്നു എന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പള്ളി യോഗത്തില്‍ ഖാസി വളരെ വിഷാദ ഭാവത്തിലായിരുന്നു കണ്ടതെന്ന് ചില വ്യക്തികളുടെ കള്ള മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഒരു മൊഴി തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് അവര്‍ തന്നെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ ഈ സാക്ഷികളെ സി.ബി.ഐ കോടതിക്ക് മുമ്പില്‍ ഹാജരാക്കട്ടെ.
ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണ വിഭാഗമെന്ന് അവകാശപ്പെടുന്ന സി.ബി.ഐയുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള ആടിനെ പട്ടിയാക്കുന്ന രീതിയുള്ള വാദങ്ങള്‍ നാം കാണുന്നതും കേള്‍ക്കുന്നതും പുതുമയുള്ള കാര്യമല്ല. ഈയടുത്ത് നടന്ന സമ്പത്ത് കേസിലും മലബാര്‍ സിമന്റ്‌സ് കേസിലും നാം അത് കണ്ടതാണ്. ഈ രണ്ടു കേസിന്റെയും ചുമതല ഖാസി കേസ് അന്വേഷണ ചുമതലക്കാരനായ നന്ദകുമാരന്‍ നായര്‍ തന്നെ ആയിരുന്നു എന്ന യാഥാര്‍ത്ഥ്യവും നമുക്ക് മുന്നിലുണ്ട്. കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനു വിധേയമായി റിപോര്‍ട്ടുകള്‍ തള്ളപ്പെടുന്ന കാര്യത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പ്രശസ്തമായ അഭയ കേസിലെ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെന്ന നിലയിലായിരുന്നു അദ്ദേഹം കുറച്ചു നാള്‍ മുമ്പ് വരെ അറിയപ്പെട്ടതെങ്കിലും ആ കേസിന്റെ പൂര്‍വ ചരിത്രവും നിരന്തരമായ കോടതികളുടെ ഇടപെടല്‍ മൂലവുമാണ് അത്തരം ഒരു ഫലം ഉണ്ടായതെന്ന കാര്യം മറന്നു കൂടാ.
എന്നിട്ടും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ ഇത് വരെ സി.ബി.ഐക്ക് സാധിച്ചിട്ടില്ല എന്ന കാര്യവും വിസ്മരിക്കാനാവില്ല. ഈ കേസില്‍ തുടക്കത്തില്‍ സി.ബി.ഐയുടെ ഭാഗത്തുനിന്നു ചെന്നൈയില്‍ നിന്നുള്ള സി.ഐ ലാസറിന്റെ നേതൃത്വത്തില്‍ തൃപ്തികരമായ അന്വേഷണമാണുണ്ടായതെങ്കിലും അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് നീങ്ങുന്നുവെന്നു കണ്ടപ്പോള്‍ ബാഹ്യ ഇടപെടലുകളുടെയും സ്വാധീനങ്ങളുടെയും ഫലമായി സി.ബി.ഐ ഉന്നതങ്ങളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥന് നേരെ സമ്മര്‍ദങ്ങള്‍ വരികയും അന്വേഷണം വഴി തിരിച്ചു വിട്ടു ആത്മഹത്യാ തിയറി ഉണ്ടാക്കുകയുമാണ് ചെയ്തത്.
തുടക്കത്തില്‍ അന്വേഷണത്തില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും താന്‍ ഈ കേസ് ഒരു വെല്ലുവിളിയായി എടുക്കുന്നുവെന്നും പറഞ്ഞ അതേ ഉദ്യോഗസ്ഥന്‍ താന്‍ സ്ഥലം മാറ്റപ്പെട്ടപ്പോള്‍ തന്റെ നിസഹായാവസ്ഥ പ്രകടിപ്പിക്കാനും മടിച്ചില്ല. താന്‍ ഉണ്ടാക്കിയ റിപോര്‍ട്ട് തന്റെ മേലുദ്യോഗസ്ഥര്‍ അംഗീകരിക്കുന്നില്ല. ഇനി നിങ്ങള്‍ക്ക് ഹൈക്കോടതിയില്‍ പോയി മറ്റൊരു ടീമിനെക്കൊണ്ട് അന്വേഷണം ആവശ്യപ്പെട്ടുകൊള്ളാനുള്ള
ഉപദേശവും നല്‍കിയിട്ടാണ് പോയതെന്ന് മനസിലാക്കുമ്പോള്‍ എവിടെയൊക്കെയോ ആരൊക്കെയോ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നമുക്ക് തിരിച്ചറിയാനാകുന്നു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752