മരിച്ചിട്ടും മറക്കാത്ത ശിക്ഷയും സ്നേഹവും
Mar 1, 2021, 16:30 IST
ഓര്‍മ്മ
കൂക്കാനം റഹ്മാൻ
(www.kasargodvartha.com 01.03.2021) കാനാ കുഞ്ഞിക്കണ്ണന് മാഷ് കഴിഞ്ഞ ദിവസം (21.01.21) മരിച്ചു എന്ന് അയല്‍വാസിയും ബന്ധുവുമായ ഫത്താഫ് പറഞ്ഞറിഞ്ഞു. ഓലാട്ട് സ്ക്കൂളില്‍ ഞങ്ങളെ രണ്ടുപേരേയും പഠിപ്പിച്ച അധ്യാപകനാണദ്ദേഹം. ആ വിവരം അറിഞ്ഞപ്പോള്‍ അറുപത് വര്‍ഷത്തേക്കപ്പുറം എന്റെ ഓര്‍മ്മ ഓടിപ്പോയി. ഞാനന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഊര്‍ജ്ജ്വസ്വലനും, സുമുഖനുമായ ഒരു ചെറുപ്പക്കാരനായ മാഷ് ഞങ്ങളുടെ ക്ലാസ് മാഷായി വന്നു. പേര് കുഞ്ഞിക്കണ്ണന് മാഷ്. ട്രൈനിംഗ് കഴിഞ്ഞ ഉടനെയുളള ആര്‍ജ്ജവവും ഉന്മേഷവുമൊക്കെയുണ്ട്. ക്ലാസില്‍ എത്തുമ്പോള്‍ കയ്യില്‍ ചൂരല്‍ വടി എന്നുമുണ്ടാവും. അടിവീരനാണ് മാഷെന്ന് കുറച്ച് ദിവസങ്ങള്‍ക്കകം ഞങ്ങള്‍ തിരിച്ചറിഞ്ഞു.
മാഷിന്റെ വീട് ഞങ്ങള്‍ കൂക്കാനത്ത് നിന്ന് വരുന്ന കുട്ടികള്‍ക്കെല്ലാം അറിയാം. അദ്ദേഹം മാഷായി സ്ക്കൂളില്‍ ചേര്‍ന്നതിനുശേഷമാണ് ഈ വീട് മാഷിന്റെതാണെന്ന് ഞാനറിയുന്നത്. കൂക്കാനത്തെ വയലിന്റെ നടുവിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. മഴക്കാലത്ത് വെളളം കുത്തിയൊലിച്ചൊഴുകും. വേനല്‍ക്കാലത്ത് തോട്ടില്‍കൂടി ഇറങ്ങി നടന്ന് മറുഭാഗത്തെത്താം. തെങ്ങ് തടി കൊണ്ടുണ്ടാക്കിയ പാലത്തിലൂടെയാണ് തോട് കടക്കേണ്ടത്. പേടിച്ച് കൊണ്ടേ പാലം കടക്കാനാവൂ. പിടിച്ച് നടക്കാന്‍ ഒരു കയര്‍ കെട്ടിയിട്ടുണ്ടാകും. പാലം കടക്കുക എന്നത് ഒരു പേടി സ്വപ്നം തന്നെയായിരുന്നു എനിക്ക്. പാലം കടന്നാല്‍ വയലിലൂടെ നടന്ന് പറമ്പില്‍ കയറാം. അവിടെയാണ് 'അക്കരമ്മലപൊര' എന്ന് എന്റെ വീട്ടുകാര്‍ വിളിക്കുന്ന ഇരു നില വീട്. അതിന്റെ മുകള്‍ നിലയിലെ ജനാലകളിലെല്ലാം മഞ്ഞ, നീല, പച്ച നിറത്തിലുളള ഗ്ലാസ് ഫിറ്റ് ചെയ്തിട്ടുണ്ട്. അത് നോക്കി നടക്കല്‍ എന്റെ കുട്ടിക്കാല സ്വഭാവങ്ങളില്‍ ഒന്നാണ്. ആ വീട്ടില്‍ സിങ്കപ്പൂരുകാരന്‍ അവ്വക്കറിച്ചയാണ് താമസം. അന്നത്തെ വലിയ പൈസക്കാരനാണദ്ദേഹം. സിങ്കപ്പൂരിലേക്ക് വരവും പോക്കുമെല്ലാം കപ്പലിലാണ്.
അക്കരമ്മലപൊരന്റെ തൊട്ടടുത്താണ് മാവിലന് രാമന്റെ കുടില്‍ കൊട്ടമെടയലാണ് രാമന്റെ കുടുമംബാംഗങ്ങളുടെ തൊഴില്‍. ആ കുടിലിന് മുന്നിലുളള കളത്തില്‍ ഓട ക്കഷ്ണങ്ങള്‍ ഉണ്ടാവും. സ്ക്കൂള് കുട്ടികളായ ഞങ്ങള്‍ അത് പെറുക്കിയെടുത്ത് അതില്‍ കഷ്ണം സ്ലേറ്റ് പെന്‍സില്‍ തിരുകി വെച്ചാണ് പെന്സിലിന് നീളം ഉണ്ടാക്കല്‍. ആ കുടിലിന് ഇടയില്‍ ഒരു നടവഴിയുണ്ട്. അതിന്റെ തൊട്ട് ഇടതു വശത്താണ് കുഞ്ഞിക്കണ്ണന് മാഷിന്റെ വീട്. ഓലയും പുല്ലും മേഞ്ഞ വീടായിരുന്നു അത്. കാലികളെ വളര്‍ത്തുന്ന ഒരു വലിയ ആല അതിനടുത്തായിട്ടുണ്ട്. വലിയൊരു കര്‍ഷകനായിരുന്നു മാഷിന്റെ അച്ഛന്. മാഷിന്റെ ഏറ്റവും ഇളയ അനുജന് രാമകൃഷ്ണനും ആ കാലത്ത് ഓലാട്ട് സ്ക്കൂളില്‍ പഠിക്കുന്നുണ്ട്.
ഇനി മാഷ് ചെയ്ത ക്രൂരതയുടെ കെട്ടഴിക്കാം. അഞ്ചാം ക്ലാസിലെ മിടുക്കനായ കുട്ടിയായിരുന്നു ഞാന്‍. ആ വര്‍ഷം നടന്ന സ്ക്കൂള് വാര്‍ഷികത്തിന് കുട്ടികളുടെ നാടകമായ് 'തിരുവിതാംകൂര്‍ മഹാരാജാവ്' എന്ന നാടകത്തിലെ രാജാവായി അഭിനയിച്ച എനിക്കായിരുന്നു ഒന്നാം സമ്മാനം. സമ്മാനമായി കിട്ടിയത് ഒരുചെറിയ കണ്ണാടിയായിരുന്നു. അഞ്ചാം ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിക്കുളള സമ്മാനവും എനിക്കായിരുന്നു. കിട്ടിയ സമ്മാനം ഒരു കുപ്പി ഗ്ലാസായിരുന്നു.
ആ കാലത്ത് ഉച്ച ഭക്ഷണമൊന്നുമില്ല. ഒരു മുക്കാലിന് വാങ്ങുന്ന ആണി വെല്ലം തിന്ന് പച്ചവെളളം കുടിച്ചാണ് ഞങ്ങള്‍ വിശപ്പടക്കിയിരുന്നത്. ഉച്ചയ്ക്ക് കളിക്കാന്‍ ഒരു പാട് സമയം അതുമൂലം കിട്ടുമായിരുന്നു. അന്ന് എന്റെ കൂടെ പഠിക്കുന്ന പുളീല് വീട്ടില്‍ കൃഷ്ണനും ഞാനും തമ്മില്‍ അടിപിടികൂടി . എന്റെ കൈനഖം തറച്ച് അവന്റെ ശരീരത്തില്‍ ചോരപൊടിഞ്ഞു വന്നു. ഉച്ചക്ക് ശേഷമുളള ക്ലാസ് തുടങ്ങുന്ന ബെല്ല് മുഴങ്ങി. കുഞ്ഞിക്കണ്ണന് മാഷ് ഉച്ചയൂണ് കഴിഞ്ഞ് ഏമ്പക്കം വിട്ട് കൊണ്ടാണ് ക്ലാസിലെത്തിയത്. മാഷെത്തിയ ഉടനെ പുളീരു വീട്ടില്‍ കൃഷ്ണന് പരാതിയുമായി മാഷിന്റെ മേശക്കരികിലെത്തി. കരഞ്ഞുകൊണ്ടാണ് അവന് പ്രശ്നം ഉന്നയിച്ചത്. അത് കേള്‍ക്കേണ്ട താമസം കുഞ്ഞിക്കണ്ണന് മാഷ് കണ്ണുരുട്ടി എന്നെ അടുത്തേക്ക് വിളിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടികൂടി വന്നു. 'ഇങ്ങിനെ ചെയ്യാമോടാ അസത്തേ' എന്ന് പറഞ്ഞ് എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് അദ്ദേഹം കസേരയില്‍ നിന്ന് എഴുന്നേറ്റു രണ്ട് കാലിന്റെ തുടയിലും ചൂരല്‍ കൊണ്ട് അതിശക്തമായി അടിച്ചു. ഞാന്‍ നിലവിളിച്ചു. അടുത്ത ക്ലാസിലെ കുട്ടികളും മാഷന്മാരും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അടി മതിയാക്കി… അന്നദ്ദേഹം കാണിച്ച ക്രൂരത ഇന്നലെ അദ്ദേഹം മരിച്ചതറിഞ്ഞപ്പോള്‍ കൂടി മനസ്സിലേക്ക് തികട്ടിവന്നു....
അന്ന് വൈകീട്ട് സ്ക്കൂള് വിട്ട് പോകുമ്പോള്‍ കൂടെയുളള സുഹൃത്തുക്കള്‍ ഒരു സ്വകാര്യം എന്നോട് പറഞ്ഞു. പുളീരു വീട്ടില്‍ കൃഷ്ണന്റെ സഹോദരിയെ ആണ് കുഞ്ഞിക്കണ്ണന് മാഷ് കല്ല്യാണം കഴിക്കുന്നത്. അതാണ് നിന്നെ ഇത്ര ക്രൂരമായി അടിക്കാന്‍ കാരണം എന്ന്. ഇക്കാര്യം അറിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ആ മാഷോട് കൂടുതല്‍ ശത്രുത തോന്നി.... (അതിന്റെ സത്യാവസ്ഥ എനിക്കറിയില്ല അന്നും ഇന്നും) ആ വര്‍ഷം തന്നെ അദ്ദേഹം പി എസ് സി കിട്ടി പോയെന്നറിഞ്ഞു. അറുപത് വര്‍ഷം കഴിഞ്ഞിട്ടും പിന്നീട് ഞാനദ്ദേഹത്തെ കണ്ടിട്ടേയില്ല.
അടുത്ത ദിവസം തന്നെ ഞാനും കൃഷ്ണനും ലോഹ്യത്തിലായി. പഴയപടി കളികളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഏഴാം ക്ലാസുവരെ ഞങ്ങള്‍ ഒപ്പമുണ്ടായി. എനിക്ക് കൃഷ്ണനെ ഇഷ്ട്ടപ്പെടാന്‍ വേറൊരു സംഭവമുണ്ട്. അവന്റെ അച്ഛന്റെയോ അതോ അമ്മയുടേയോ എന്നോര്‍മ്മയില്ല, വീട് പുത്തൂരായിരുന്നു. അവന് ഓലാട്ട് നിന്ന് കൂക്കാനം വഴിയാണ് പുത്തൂരിലേക്ക് പോവുക. ഞാന്‍ അക്കാലത്ത് അമ്മാവന്റെ കടയില്‍ നില്‍ക്കാറുണ്ട്. എന്നെ കാണാന്‍ അവന് കടയിലേക്കു വന്നു. മിഠായിയും മറ്റും വാങ്ങി. അപ്പോള്‍ അവന് എന്നോട് പറഞ്ഞു 'നിന്നെ കാണാന്‍ എന്തു പാങ്ങാണ്. എനിക്ക് കണ്ടാല്‍ മതിയാവുന്നില്ല'. ഒരു പ്രണയ സല്ലാപം പോലെയായിരുന്നു ആ പറച്ചില് എന്നോട് അവന് ഇഷ്ടമായിരുന്നു. ക്ലാസില്‍ എപ്പോഴും എന്റെ കൂച്ചുകൂടിയിട്ടേ അവന് നടക്കാറുളളൂ.
അടുത്ത ദിവസം തന്നെ ഞാനും കൃഷ്ണനും ലോഹ്യത്തിലായി. പഴയപടി കളികളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഏഴാം ക്ലാസുവരെ ഞങ്ങള്‍ ഒപ്പമുണ്ടായി. എനിക്ക് കൃഷ്ണനെ ഇഷ്ട്ടപ്പെടാന്‍ വേറൊരു സംഭവമുണ്ട്. അവന്റെ അച്ഛന്റെയോ അതോ അമ്മയുടേയോ എന്നോര്‍മ്മയില്ല, വീട് പുത്തൂരായിരുന്നു. അവന് ഓലാട്ട് നിന്ന് കൂക്കാനം വഴിയാണ് പുത്തൂരിലേക്ക് പോവുക. ഞാന്‍ അക്കാലത്ത് അമ്മാവന്റെ കടയില്‍ നില്‍ക്കാറുണ്ട്. എന്നെ കാണാന്‍ അവന് കടയിലേക്കു വന്നു. മിഠായിയും മറ്റും വാങ്ങി. അപ്പോള്‍ അവന് എന്നോട് പറഞ്ഞു 'നിന്നെ കാണാന്‍ എന്തു പാങ്ങാണ്. എനിക്ക് കണ്ടാല്‍ മതിയാവുന്നില്ല'. ഒരു പ്രണയ സല്ലാപം പോലെയായിരുന്നു ആ പറച്ചില് എന്നോട് അവന് ഇഷ്ടമായിരുന്നു. ക്ലാസില്‍ എപ്പോഴും എന്റെ കൂച്ചുകൂടിയിട്ടേ അവന് നടക്കാറുളളൂ.
പിന്നെ നമ്മള് തമ്മില്‍ കണ്ടിട്ടില്ല. കൂറേ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അറിഞ്ഞത് അവന് വിദേശത്താണെന്നും കപ്പല്‍ ജോലിക്കാരനാണെന്നും ഒരു പാട് സമ്പാദിച്ച് കൊട്ടാര സമാനമായ വീട് നിര്‍മ്മിച്ചിട്ടുണ്ട് എന്നുമാണ്. എന്നിട്ടും കാണാന്‍ പറ്റിയില്ല. ചെറുപ്പകാലത്ത് കാതില്‍ കടുക്കന്‍ ഇട്ട് നടക്കുന്ന ഉയരം കുറഞ്ഞ ഒരു കുട്ടിയായിരുന്നു. ഇപ്പോള്‍ നല്ല ആരോഗ്യവാന്‍ ആയിരിക്കും. എന്നൊക്കെ മനസ്സില്‍ക്കണ്ടു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.… ഒരു ദിവസം ഞങ്ങള്‍ ഒപ്പം പഠിച്ചിരുന്ന നാരായണന് പറഞ്ഞു. 'അവന് ആത്മഹത്യ ചെയ്തു. ആള് താമസമില്ലാത്ത വീടിനകത്താണ് മൂന്ന് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു ശവത്തിനെന്നും. വഴിപോക്കര്‍ നാറ്റം സഹിക്കാന്‍ പറ്റാതെ വീടിനടുത്ത് ചെന്നപ്പോഴാണ് ഡഡ്ബോഡി കണ്ടതെന്നും' മറ്റും. ആ പ്രിയ സുഹൃത്ത് ഉയര്‍ച്ചയുടെ കൊടുമുടിയെത്തിയിട്ടും കുടുംബ പ്രശ്നം മൂലമായിരിക്കാം ഇങ്ങിനെയൊരു അവിവേകത്തിന് മുതിര്‍ന്നത്. കാലമെത്ര കഴിഞ്ഞാലും പുളിരു വീട്ടില്‍ കൃഷ്ണനെയും ഞങ്ങളുടെ അടിപിടിയേയും കണ്ണന് മാഷിന്റെ മര്‍ദനത്തെയും ഒരിക്കലും മറക്കില്ല....
കൃഷ്ണന്റെ അമ്മാവന്റെ മകന് ഒരു സി പി കരുണാകരനും ഞങ്ങളുടെ ക്ലാസിലുണ്ടായിരുന്നു. കറുത്ത് തടിച്ച ശരീരപ്രകൃതിയാണ്. ആരേയും വകവെക്കാത്ത പ്രകൃതമാണ് പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം അവനേയും കാണാന്‍ പറ്റിയില്ല. അവന് ക്ലാസില്‍ വന്ന് അഭിമാനത്തോടെ പറയുന്ന കാര്യമുണ്ടായിരുന്നു. 'ഞാന്‍ അമ്മയുടെ അമ്മിഞ്ഞ കുടിച്ചിട്ടാണ് വരുന്നത്'. അത് ശരിയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്നിലും രണ്ടിലും പഠിക്കുമ്പോഴൊക്കെ ഈ പ്രക്രിയ തുടര്‍ന്നിട്ടുണ്ട്. ഏറ്റവും ഇളയ മകനോട് അമ്മ കാണിച്ച സ്നേഹ വായ്പായിരിക്കാമിത്…. പക്ഷേ വളര്‍ന്നതോടെ അവന്റെ സ്വഭാവത്തില്‍ മാറ്റം വരാന്‍ തുടങ്ങിയെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രായം ചെന്നിട്ടും അമ്മിഞ്ഞപ്പാല് നല്കിയ ആ പെറ്റമ്മയുടെ മുന്നില്‍ വെച്ചാണ് പോലും അവന് വിഷം കഴിച്ച് മരിച്ചു വീണത്....
ചില അധ്യാപകരേയും സഹപാഠികളേയും സ്നേഹാദരപൂര്‍വ്വം ഓര്‍മ്മിക്കുമ്പോഴും ക്രൂരതയുടെ മുഖമുദ്രയണിഞ്ഞ നിഷ്ഠൂരമായി ശിക്ഷിക്കുന്ന ചില അധ്യാപകരെ പ്രയാസത്തോടെ മാത്രമേ ഓര്‍ക്കാന്‍ പറ്റൂ. അറുപത് വര്ഷത്തിനപ്പുറമുണ്ടായ ഒരനുഭവം പച്ചയായി കുറിച്ചത് ഇങ്ങിനെയൊക്കെ ഉണ്ടായിരുന്നു നമ്മുടെ മുന്‍കാല സമൂഹത്തില്‍ എന്ന് വരുംകാല സമൂഹത്തില്‍ എന്ന് വരും തലമുറയെ ഓര്‍മ്മപ്പെടുത്താനാണ്.
Keywords: Kerala, Article, Remembrance, Kookanam-Rahman, Teacher, Students, Friend, Class, School, Suicide, Punishment and love that will not be forgotten even after death.