city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സേട്ടുസാഹിബിന്റെ ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രസക്തിയും പിന്നെ ബാബരി മസ്ജിദും

മൗവ്വല്‍ മുഹമ്മദ് മാമു


(www.kasargodvartha.com 27.04.2017) രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങളും അത്യന്തം പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇന്ത്യയുടെ അധികാരം കയ്യാളിയിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും നിരന്തരം അക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവഗതികള്‍ തീര്‍ത്ത അരക്ഷിതാവസ്ഥയില്‍ ഒരു രക്ഷാനായകന്റെ അഭാവവും ശൂന്യതയും ഈ വിഭാഗങ്ങള്‍ ഇന്ന് അനുഭവിച്ചറിയുന്നു.

ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും അതിനുവേണ്ടി സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്ത ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം, മതേതരത്വത്തിന്റെ പ്രതിരോധനിരയെ നയിക്കാന്‍ തക്ക പ്രാപ്തിയുള്ള രാഷ്ട്രീയശക്തിയായി മാറുമായിരുന്നു.

സേട്ടുസാഹിബിന്റെ ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രസക്തിയും പിന്നെ ബാബരി മസ്ജിദും


ആ നിലയ്ക്കുള്ള രാഷ്ട്രീയ മുന്നേറ്റത്തിന്റെ ചാലകശക്തിയായി മുന്നോട്ടുപോകുന്നതിനിടെയാണ് സുലൈമാന്‍ സേട്ടിന് ജീവിതത്തിന്റെ കര്‍മ്മപഥം അവസാനിപ്പിക്കേണ്ടിവന്നിരിക്കുന്നത്. അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ധാര്‍മികദൗത്യം ആര് ഏറ്റെടുക്കുമെന്ന ചോദ്യത്തിന് ഉത്തരമാകാന്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട് 12 വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും സാധിച്ചിട്ടില്ല.

അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷപിന്നോക്കപീഡിത ജനവിഭാഗങ്ങള്‍ക്ക് മഹത്തായ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ഘനഗാംഭീര്യമാര്‍ന്ന ശബ്ദമുയര്‍ത്തിയ സേട്ട് സാഹിബില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷ വളരെ വലുതായിരുന്നു. ആദര്‍ശത്തിനു പോറലേല്‍പ്പിക്കുന്നതാണ് അധികാരമെങ്കില്‍ ആ അധികാരം വേണ്ടെന്നുവെക്കാന്‍ സേട്ടുസാഹിബിനെ പോലുള്ള അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ക്കു മാത്രമേ സാധിക്കൂ.

ബാബരി മസ്ജിദ് ദുരന്തത്തെ തുടര്‍ന്ന് ന്യൂനപക്ഷ മനസ്സിനും മതേതരത്വത്തിനും ഏറ്റ മുറിവ് വളരെ വലുതായിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഇതിനു സാഹചര്യമൊരുക്കിയ കേന്ദ്രത്തിലെ അന്നത്തെ കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിടാനാകാതെ ബന്ധം അവസാനിപ്പിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയ സേട്ടുസാഹിബിന്റെ ലക്ഷ്യം സ്ഥാനമാനങ്ങളായിരുന്നില്ല.

രാജ്യത്തെ ന്യൂനപക്ഷഅധഃസ്ഥിത വിഭാഗങ്ങളുടെ തുല്യനീതിയും അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുകാനാണ് തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം വിനിയോഗിച്ചത്. അപാരമായ നേതൃഗുണം, അചഞ്ചലമായ ആത്മവിശ്വാസം മുതലായ സംഘടനാ മൂല്യങ്ങള്‍ക്കുടമയായിരുന്നു സേട്ടുസാഹിബ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴുണ്ടായ മനോവേദന മൂലം പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കുന്ന ഘട്ടത്തില്‍പോലും അദ്ദേഹം വിതുമ്പിപ്പോയത് സമുദായത്തോടും ആദര്‍ശത്തിലൂന്നിയ രാഷ്ട്രീയ രീതിയോടുമുള്ള ആത്മാര്‍ത്ഥതയുടെ പ്രതിഫലനമായിരുന്നു.

എന്റെ എല്ലാമായിരുന്ന മാതാപിതാക്കള്‍ മരണപ്പെട്ടപ്പോള്‍ ഞാനിത്രക്ക് വേദനിച്ചിട്ടില്ല. ജീവിതത്തിന്റെ സായാഹ്നത്തില്‍ എന്റെ സഹധര്‍മിണി യാത്രപറഞ്ഞപ്പോഴും എന്റെ ദുഃഖത്തിന് ഇത്രയ്ക്ക് തീവ്രതയുണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ ജീവനും ശക്തിയും കരള്‍ച്ചോരയും നല്‍കി കെട്ടിപ്പെടുത്ത ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗില്‍നിന്നും മാറി മറ്റൊരു സംഘടനക്ക് രൂപം നല്‍കാനുണ്ടായ സാഹചര്യം നിര്‍ബന്ധമാക്കപ്പെട്ട വേളയിലാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം ദുഃഖം അനുഭവിക്കുന്നത്. സേട്ടുസാഹിബിന്റെ വേദന നിറഞ്ഞ ഈ വാക്കുകള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ ഒരിക്കലും മറക്കില്ല. ഇന്ത്യന്‍ നാഷണല്‍ലീഗ് രൂപീകരിക്കാന്‍ 1994 ഏപ്രില്‍ 23ന് ദല്‍ഹിയിലെ ഐവാന ഗാലിബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സേട്ടുസാഹിബ് നടത്തിയ പ്രസംഗത്തിലാണ് വികാരനിര്‍ഭരമായ ഈ പരാമര്‍ശമുള്ളത്.

1922 നവംബര്‍ 3ന് ബംഗളൂരിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ച സേട്ട് സാഹിബിന്റെ വൈജ്ഞാനിക ജീവിതം രാഷ്ട്രീയ ജീവിതം പോലെതന്നെ മാതൃകാപരമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദം നേടിയ അദ്ദേഹം പത്തൊമ്പതാമത്തെ വയസിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. മുസ്ലിംലീഗിന്റെ എക്കാലത്തെയും പ്രഗത്ഭനായ നേതാവ് സീതിസാഹിബ് ആണ് സേട്ടുസാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നത്. രാഷ്ട്രീയത്തില്‍ സേട്ടുസാഹിബിനെപ്പോലെ തന്നെ ആദര്‍ശവിശുദ്ധി കാത്തുസൂക്ഷിച്ച നേതാവായിരുന്നു സീതിസാഹിബ്.

പാര്‍ട്ടിക്കും സമുദായത്തിനും വേണ്ടി ജീവിതവും സമ്പത്തും അര്‍പ്പിച്ച സീതിസാഹിബ് എന്ന രാഷ്ട്രീയ ഗുരുനാഥന്റെ ആദര്‍ശത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ പാര്‍ലമെന്റില്‍ 35 വര്‍ഷത്തോളും അംഗമായി തുടരുകയും ചെയ്ത സേട്ടുസാഹിബ്, നെഹ്റു മുതല്‍ എല്ലാ പ്രധാനമന്ത്രിമാര്‍ക്കു മുന്നിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ശക്തവും വ്യക്തവുമായ നിലപാട് സ്വീകരിച്ചിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലും വിളിച്ചുപറയാന്‍ മടിക്കാത്ത ആര്‍ജ്ജവുമുള്ള നേതാവായിരുന്നു സേട്ടുസാഹിബ്.

ത്യാഗസമര്‍പ്പണങ്ങളുടെ നിസ്തുലമായ പാദമുദ്രകള്‍ ചരിത്രപഥത്തില്‍ പതിപ്പിച്ചുകൊണ്ട് കുരിശു പടയോട്ടക്കാരുടെ മേല്‍ അജയ്യത തെളിയിച്ച സ്വലാഹുദ്ദീന്‍ അയ്യൂബിയുടെയും മതനിരാസത്തിന്റെ പുതുനാമ്പുകളുമായി പരീക്ഷണത്തിനിറങ്ങിയ അക്ബര്‍ ചക്രവര്‍ത്തിയോട് കലാപം പ്രഖ്യാപിച്ച ശൈഖ് അഹ് മദ് സര്‍ ഹിന്ദിയുടെയും ഇറ്റാലിയന്‍ ഫാസിസത്തിന്റെ സാമ്രാജ്യത്വ ശക്തികളോട് ചെറുത്തുനിന്ന ശഹീദ് ഉമര്‍ മുക്താറിന്റെയും യന്ത്ര പീരങ്കികളോട് യുദ്ധം പ്രഖ്യാപിച്ച സദ്ദാം ഹുസൈന്റെയും വഴിയിലൂടെയുള്ള ധീരമായ പോരാട്ട വീര്യമായിരുന്നു സേട്ടുസാഹിബ് കാഴ്ചവെച്ചത്.

നിശ്ചയദാര്‍ഢ്യം കൈമുതലാക്കിയ ശത്രുസമൂഹത്തെ സധൈര്യം നേരിട്ട ആ ജൈത്രയാത്ര അന്ത്യനിമിഷം വരെ തുടര്‍ന്നു. സര്‍വ്വ സമര്‍പ്പണത്തിലൂന്നിയുള്ള രാഷ്ട്രീയ ജീവിതം കൊണ്ട് താന്‍ ജീവിച്ച കാലഘട്ടത്തെ കൈക്കുമ്പിളിലൊതുക്കിയ മഹാനായ സുലൈമാന്‍ സേട്ടു സാഹിബിന്റെ അഭാവം ദേശീയ രാഷ്ട്രീയത്തില്‍ ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്.

സേട്ടു സാഹിബിന്റെ വിയോഗത്തിനുശേഷം രാജ്യം മുഴുക്കെ വ്യാപിച്ച വ്യക്തിപ്രഭാവമോ ദേശീയ പ്രതിച്ഛായയോ ഉള്ള ഒരു ജനകീയ നേതാവ് ഉണ്ടായിട്ടില്ല. മര്‍ദിതരും പ്രാന്തവത്കൃതരുമായ ജനമനസ്സുകള്‍ക്ക് ആത്മാര്‍ത്ഥ തോഴനായിരുന്നു അദ്ദേഹം. കല്ലും മുള്ളും നിറഞ്ഞ കനല്‍പാതകളില്‍ നഗ്നപാദങ്ങള്‍ കൊണ്ട് സഞ്ചരിച്ച് ധീരമായി മുന്നോട്ടുനയിക്കാന്‍ ചരിത്രത്തില്‍ അപൂര്‍വ്വം മഹാത്മാക്കള്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. ആ നിലയില്‍ മുന്‍നിരയില്‍ തന്നെയാണ് സേട്ടുസാഹിബിന്റെ സ്ഥാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, INL, Muslim-league, Politics, Ibrahim Sulaiman Setu Sahib, Rights, Indian constitution, Politics of Sait Saheb.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia