അനുസ്മരണം: പട്ടുവത്തില്‍ ടി കെ അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ് - മറക്കാനാവാത്ത നന്മമരം
Nov 13, 2019, 20:52 IST
- ജലാല്‍ കട്ടപ്പണി ബേവിഞ്ച
അദ്ദേഹം ആജീവനാന്ത പ്രസിഡന്റായിരുന്നതും നിര്‍മിതിക്ക്ചുക്കാന്‍ പിടിച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നതുമായ ചട്ടംഞ്ചാല്‍ ജുമുഅത്ത് പള്ളിയുടെ ഖബര്‍സ്ഥാനില്‍ ഭൗതികശരീരം അടക്കം ചെയ്യുമ്പോള്‍, വിതുമ്പുന്ന കുറേ മുഖങ്ങളില്‍ കുടുംബക്കാരെ കൂടാതെ അദ്ദേഹം സാമ്പത്തികമായി സഹായിച്ച ഒത്തിരി പേരുമുണ്ടായിരുന്നു.
നാട്ടില്‍ പല കലാപങ്ങളും പ്രശ്‌നങ്ങളുമുണ്ടാകുമ്പോള്‍ ശാന്തിദൂതുമായി എത്തുമായിരുന്ന അദ്ദേഹം. എന്നും സമാധാനം ആഗ്രഹിച്ച ഗാന്ധിയനായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്രായത്തില്‍ തന്നെ, അതായത് സുന്നത്ത് കല്യാണം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്ക് ശേഷം പിതാവ് മരണപ്പെട്ടു. തെക്കില്‍ കാനത്തിലെ തറവാട് വീട്ടിലായിരുന്നു അവര്‍ അന്ന് താമസിച്ചിരുന്നത്. കുടുംബപ്രാരാബ്ധം കാരണം തെക്കില്‍ വെസ്റ്റ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടാനേ സാധിച്ചിട്ടുളളു.
മക്കളില്‍ മൂത്തവനായതിനാല്‍ മാതാവിനെയും അനിയന്മാരെയും മറ്റു കുടുംബാഗങ്ങളേയും ചേര്‍ത്തുപിടിച്ച് പിതാവിന്റെ സ്ഥാനം സ്വയമേറ്റടുത്ത് ഇല്ലായ്മയില്‍ നിന്നും നേരിന്റെ വഴിയിലൂടെ കഠിനപ്രയത്‌നം ചെയ്തിട്ടാണ് അദ്ദേഹം പിന്നീട് ചട്ടംഞ്ചാലിന്റെ കിരീടം വെക്കാത്ത രാജാവായി മാറിയത്.
ധര്‍മിഷ്ഠന്‍ എന്നതിന്റെ പര്യായമാണ് ടി കെ സാഹിബ്. പട്ടുവത്തില്‍ ഉമ്മ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ മാതാവും തികഞ്ഞ ദാനശീലയായിരുന്നു. വിധവകളെ തിരഞ്ഞുപിടിച്ച് അവര്‍ക്ക് വസ്ത്രങ്ങളും മറ്റും എത്തിക്കുന്നതില്‍ ഉമ്മ കാണിക്കുന്ന ഉത്സാഹത്തിന് മകന്‍ ടി കെ സാഹിബിന്റെ മികച്ച പിന്തുണയുണ്ടായിരുന്നു.
വീട്ടുകാര്‍ക്ക് വേണ്ടിമാത്രമല്ല ഭക്ഷണം വെച്ച് വിളമ്പിയിരുന്നത്, അകന്ന കുടുംബക്കാര്‍ക്കും, സ്‌കൂളില്‍ പഠിക്കുന്ന ഒരുപാട് കുട്ടികള്‍ക്കും, പാവപ്പെട്ടവര്‍ക്കും കൂടിയായിരുന്നു. ജില്ലയുടെ നാനാഭാഗത്തു നിന്നും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവര്‍ നോമ്പുകാലത്ത് കൂട്ടമായി ഹാജി സാഹിബിനെ തേടി വരുന്നത് ഇപ്പോഴും എനിക്ക് കാണുന്നത് പോലെയുണ്ട്. മികച്ച സാമൂഹ്യപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ചട്ടംഞ്ചാലിലെ ആദ്യത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെസ്ഥലം സര്‍ക്കാരിന്റേതാണങ്കിലും അതില്‍ കെട്ടിടം സ്വന്തം ചിലവില്‍ ടി കെ സാഹിബാണ് നിര്‍മിച്ചു നല്‍കിയതെന്ന് നാട്ടുകാരില്‍ ചിലര്‍ സ്മരിക്കുന്നു.
ജില്ലയിലെ ഏറ്റവും നല്ലസ്‌കൂളുകളില്‍ ഒന്നാണ് അദ്ദേഹം നിര്‍മിച്ച ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ധാരാളം സ്ഥലസൗകര്യവും ബഹുനില കെട്ടിടങ്ങളുംമൈതാനമൊക്കെയുള്ള വലിയൊരു സ്‌കൂളാണത്. ആ സ്‌കൂളിന്റെ മഹത്വമറിഞ്ഞ് ജില്ലയുടെ നാനാഭാഗത്തു നിന്നും ഞാനടക്കം കുട്ടികള്‍ പഠിക്കാനായി എത്തിച്ചേര്‍ന്നു. സ്‌കൂള്‍ കലോത്സവം ഉദ്ഘാടകനായി അദ്ദേഹം വന്നാല്‍ ഞങ്ങളോട് പറയുമായിരുന്നു... 'എന്റെ ചെറുപ്പകാലത്ത് പഠിക്കാന്‍ സൗകര്യങ്ങള്‍ നന്നേ കുറവായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്കൊന്നും കൂടുതല്‍ വിദ്യാഭ്യാസം നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് പഠിക്കാനുളള എല്ലാ സൗകര്യങ്ങളുമുണ്ടിവിടെ. അതുപയോഗപ്പെടുത്തി നിങ്ങള്‍ നന്നായി പഠിച്ചു വളരണം'.
ആ കനത്ത ശബ്ദം ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നത് പോലെ തോന്നുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പഠിച്ച് ഉന്നതിയില്‍ എത്തിയവര്‍ നിരവധിയാണ്. 1990 ല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടപ്പോള്‍... സ്വന്തംവീട്ടില്‍ നിന്നും അര കിലോമീറ്ററോളംപൈപ്പ് ലൈന്‍നേരിട്ട് സ്‌കൂളിലേക്ക് സ്ഥാപിക്കുകയും, വലിയൊരു ടാങ്കും, താഴെ കുറേ ടാപ്പുകളും ഉണ്ടാക്കിത്തന്നതും, അതില്‍ നിന്നും വെള്ളം കുടിച്ച് ഞങ്ങള്‍ ദാഹം ശമിപ്പിച്ചതും ഓര്‍ക്കുമ്പോള്‍ എങ്ങിനെയാണ് ടി കെ സാഹിബിനെ മറക്കാന്‍ സാധിക്കുന്നത്? അതിന്റെ നന്മകളൊക്കെയും എപ്പോഴും അദ്ദേഹത്തിന്റെ ആത്മാവിനൊപ്പമുണ്ടാകണമെന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. നാലു തലമുറകള്‍ ഇതുവരെ അദ്ദേഹത്തിന്റെ സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നു. ഇനിയുമത് പത്തും പതിനഞ്ചും തലമുറകളായി നീണ്ടുനീണ്ടു പോകട്ടെയെന്ന് ആശംസിക്കുന്നു.
1989 ല്‍ അദ്ദേഹത്തിന്റെ സ്‌കൂളില്‍ നിന്നും ഞങ്ങള്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന വഴിക്ക് പഴശ്ശിരാജ അണക്കെട്ട് കാണാന്‍ പോയപ്പോള്‍... രാജന്‍ മാഷ് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.. 'നമ്മുടെ സ്‌കൂളിന്റെ ഉടമയാണ് ഈ ഡാം പണികഴിപ്പിച്ചത്', മുപ്പത് വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഏപ്രിലില്‍ വീണ്ടും ഞാന്‍ അവിടെ പോയപ്പോള്‍, ഒരു പോറലുമില്ലാതെ അതേപടി നിലനില്‍ക്കുന്നു ആ ഭീമന്‍ ഡാം. ഇപ്പോള്‍ നമ്മുടെ കേരളത്തില്‍ പാലങ്ങളും ഡാമുകളും നിര്‍മിച്ച് ഉദ്ഘാടനത്തിനു മുമ്പേ തകരുന്ന കാഴ്ച കാണുമ്പോഴാണ്, കരാര്‍ ജോലികളില്‍ അദ്ദേഹത്തിന്റെ കഴിവും മഹത്വവും നമ്മള്‍ക്ക് കൂടുതല്‍ബോധ്യമാവുന്നത്.
എത്രയെത്ര കരാര്‍ ജോലികളാണ് അദ്ദേഹം ചെയ്തു വെച്ചത്. തൃശൂര്‍ ചേറ്റുവ പദ്ധതി, കാക്കടവ് പദ്ധതി പോലെയുള്ള വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം ചെയ്ത വലിയ വലിയ പദ്ധതികളൊക്കെയും ഇന്നും ഒരു നാശവും സംഭവിക്കാതെ അതേപടി നിലകൊള്ളുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ പൊയിനാച്ചി മുതല്‍ കരിച്ചേരി വഴി ബന്തടുക്കയിലേക്കുള്ള കയറ്റത്തിന്റെ വ്യാപ്തി കുറച്ചു ശാസ്ത്രീയമായ രീതിയില്‍ പുതിയ പാതയുടെ കരാര്‍ പല കൊമ്പന്മാരും ഏറ്റെടുക്കാന്‍ ഭയപ്പെട്ടപ്പോള്‍, ധൈര്യസമേതംമുമ്പോട്ട് വന്ന് ഭംഗിയായി നിര്‍മിച്ച് 1968 ല്‍ നാടിന് സമര്‍പ്പിച്ച് ചരിത്രം കുറിച്ച മഹാവ്യക്തിത്വമാണ് പട്ടുവത്തില്‍ ടി കെ അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ്.
ബാഫഖി തങ്ങളുടെ ഉറ്റ തോഴനായിരുന്നു അദ്ദേഹം. പലപ്പോഴായി തങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായി വരാറുണ്ടായിരുന്നുവത്രെ. തങ്ങളുടെ അവസാന ഹജ്ജ് സമയത്ത് നിഴല്‍ പോലെ ടി കെ സാഹിബും കൂടെയുണ്ടായിരുന്നു. ഒരേ ടെന്റിലാണ് രണ്ടുപേരും അറഫയില്‍ താമസിച്ചത്. തങ്ങള്‍ മക്കയില്‍ വെച്ച് മരണപ്പെടുമ്പോള്‍ അടുത്തുണ്ടായിരുന്നതും അദ്ദേഹമായിരുന്നു. അന്ന് ചന്ദ്രിക പത്രത്തിന്റെ മുന്‍ പേജില്‍ മരണവാര്‍ത്തയോടൊപ്പം വന്ന ചിത്രത്തില്‍ ബാഫഖി തങ്ങളുടെ ഭൗതിക ശരീരത്തിനു തൊട്ടടുത്ത് നില്‍ക്കുന്നത് ടി കെ സാഹിബായിരുന്നുവെന്ന് പലവരും ഇന്നും ഓര്‍ത്തുവെക്കുന്നു. അത്രയ്ക്കും അടുപ്പമായിരുന്നു അവര്‍ രണ്ടുപേരും.
പട്ടുവത്തില്‍ ടി കെ അബ്ദുല്‍ ഖാദര്‍ സാഹിബിന്റെവിട പറയല്‍ കുടുംബത്തിന് മാത്രമല്ല ചട്ടംഞ്ചാല്‍ നാടിനും സ്‌കൂളിനും നികത്താനാവാത്ത വിടവു തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിനോട് ദൈവം കരുണ ചെയ്യട്ടെ!
Keywords: Kerala, Article, kasaragod, Memorial, commemoration, Death, Death-anniversary, Pattuvathil TK Abdul Kader Haji no more
< !- START disable copy paste -->