city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കാസര്‍കോട്ടെത്തിയപ്പോള്‍

-എ എസ് മുഹമ്മദ്കുഞ്ഞി

കാസര്‍കോട്ടെത്തുമ്പോള്‍ പലതിനും തലയും വാലും നഷ്ടപ്പെട്ട് പോകുന്നത് പോലെ തന്നെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനും സംഭവിച്ചു എന്നെയുള്ളൂ. കാസര്‍കോട്ടുകാരെ നിങ്ങള്‍ക്കിതു മതി എന്ന പറച്ചില്‍ പോലെ ഈ വര്‍ഷം എപ്രിലില്‍ ഇവിടെ പ്രധാന പോസ്റ്റോഫീസില്‍ ആരംഭിച്ച സേവാ കേന്ദ്രത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഈയടുത്ത വര്‍ഷങ്ങളിലുണ്ടായ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് വിദേശകാര്യ വകുപ്പ് അത് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ട് വരുന്നതിനു വേണ്ടിയാണ് ഒരു കണ്‍സള്‍ട്ടന്‍സിക്ക് കൈമാറ്റം ചെയ്യുന്നത്.

അങ്ങനെ അത് 2014ന്റെ ആരംഭത്തോടെ റ്റാറ്റാ കണ്‍സള്‍ട്ടന്‍സി സംര്‍വീസസ് (TCS) എന്ന സ്ഥാപനം ഏറ്റെടുക്കുന്നു. അതോടെയാണ് ഇന്ത്യയില്‍ തുടക്കത്തില്‍ 63 നഗരങ്ങളിലായി 88 പാസ്‌പോര്‍ട്ട് സേവാ കേന്ദ്ര- (Kiosks)-ങ്ങള്‍ ആരംഭിക്കുന്നത്. പിന്നീടത് പടിപടിയായി എണ്ണം കൂടിയിരിക്കാം. കേരളത്തില്‍ പത്തിലധികം സേവാ കേന്ദ്രങ്ങള്‍ വന്നുവെങ്കിലും കാസര്‍കോടിന് അതപ്പോഴും കിട്ടാക്കനിയായി. ഒരു ജില്ലയെ മുഴുവനായാണ് അക്കാര്യത്തിലും അധികൃതര്‍ ധൈര്യസമേതം അവഗണിച്ചത്. കാസര്‍കോട്ടുകാര്‍ തൊട്ടടുത്ത് ജില്ലയുടെ സേവാ കേന്ദ്രത്തില്‍ പോയി കാര്യം സാധിച്ചാല്‍ മതിയെന്ന്. ആശ്രയിക്കേണ്ടി വന്നത് പയ്യന്നൂര് സേവാ കേന്ദ്രത്തെയും. ആലോചിക്കണം, കണ്ണൂര്‍ ജില്ലക്കാണെങ്കി മറ്റൊരു കേന്ദ്രം പ്രോപര്‍ കണ്ണൂര്‍ തന്നെയുണ്ട് താനും.

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കാസര്‍കോട്ടെത്തിയപ്പോള്‍

കാസര്‍കോട് ജില്ലാ ആസ്ഥാനമായിട്ടും, ആ വേളയില്‍ ഇവിടെ ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം നിലവില്‍ വന്നില്ലെന്നത് ഇവിടുത്തെ ജനപ്രതിനിധി-(എം.പി.)-യുടെ, കഴിവില്ലായ്മയാണെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിരുന്നു. സ്വന്തം നാട്ടില്‍ (പയ്യന്നൂര്) ഒരു സേവാകേന്ദ്രം കൊണ്ടു വരേണ്ടതുണ്ടെങ്കില്‍ കാസര്‍കോടിന്റേത് അവിടെ സ്ഥാപിക്കുന്നതല്ലെ ഉചിതം എന്ന് എം.പി. ചിന്തിച്ചിരിക്കാം. ഇത് അക്കാലത്തെ ആരോപണങ്ങളിലൊന്നായിരുന്നു. മൊബൈലും ഇന്റര്‍നെറ്റും, അതോടനുബന്ധിച്ച സൗകര്യങ്ങളും നമ്മുടെ കുഗ്രാമങ്ങളില്‍ പോലും എത്തിയതോട് കൂടി, പോസ്റ്റ് ഓഫീസുകളില്‍ നിലവിലുണ്ടായിരുന്ന സേവനങ്ങള്‍ മന്ദഗതിയിലായി.

അതെ സമയം സംവിധാനം മറ്റു പല സേവനങ്ങള്‍ക്കുമായി ഉപയുക്തമാക്കുന്നതിനെ കുറിച്ചാലോചിച്ചതിന്റെ ഭാഗമായി വന്ന കേന്ദ്ര സര്‍ക്കാറിന്റെ ഒരു പുതിയ സര്‍ക്കുലറാണ് തുണയായത്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ഇല്ലാതിടങ്ങളില്‍ അതാതിടത്തെ പ്രധാന പോസ്റ്റോഫീസുകളില്‍ ഈ സേവനം ആരംഭിക്കാമെന്ന്. കാസര്‍കോടിനത് അനുഗ്രഹമായി. അങ്ങനെയാണ് 2017 എപ്രില്‍ ആരംഭത്തോടെ കാസര്‍കോട്ട് ഹെഡ് പോസ്റ്റോഫീസില്‍ പാസ്‌പോര്‍ട് സേവാ കേന്ദ്രം (POPSK) നിലവില്‍ വരുന്നത്.

മലബാറിലേക്ക് വന്ന ഇത്തരം ആദ്യ കേന്ദ്രമാണിതെന്നത് എടുത്തു പറയേണ്ടതാണ്. കേരളത്തിലെ മറ്റു രണ്ടെണ്ണം തിരുവിതാംകൂര്‍ ഭാഗത്തും. കാസര്‍കോട്ടുകാര്‍ക്ക് അതെത്ര മാത്രം ആശ്വാസകരമായി എന്നാണ് ഇവിടെയെത്തുന്ന അപേക്ഷകരുടെ ബാഹുല്യം സൂചിപ്പിക്കുന്നത്. ഇത് വരുന്നതിന് മുമ്പ് സ്ത്രീകള്‍ക്കും, കൈക്കുഞ്ഞുങ്ങള്‍ക്കും പാസ്‌പോര്‍ട്ടെടുക്കാന്‍ അതിരാവിലെ റെയില്‍വെ സ്റ്റേഷനിലെത്തി, പയ്യന്നൂര് പോയിറങ്ങി, അവിടുന്ന് റിക്ഷയിലോ ബസ്സിലോ യാത്ര ചെയ്ത് സേവാകേന്ദ്രത്തില്‍ എത്തിച്ചേരണമായിരുന്നു.

കാസര്‍കോട് സേവാകേന്ദ്രം (POPSK) ഹെഡ് പോസ്റ്റാഫീസില്‍ ആരംഭം കുറിച്ചപ്പോള്‍ കേവലം നാലുദ്യോഗസ്ഥര്‍ 10 ല്‍ താഴെ അപേക്ഷകകരെ സ്വീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഉദ്യോഗസ്ഥരുടെ എണ്ണം കൂടിയില്ലെങ്കിലും ഇന്നിവിടെ 60 പരം അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. എന്നിട്ടും അപേക്ഷകര്‍ക്ക് രണ്ടാഴ്ചയിലധികം കാത്തരിക്കണം ടോക്കണ്‍ കിട്ടാന്‍.. ഇത് കാണിക്കുന്നത് തുടക്കത്തിലെ ഇതിവിടെ വരേണ്ടതായിരുന്നു എന്നല്ലെ.?. അവസാനം വന്നു കിട്ടിയതോ, പല കോണുകളില്‍ നിന്നും, പല സംഘടിത ഗ്രൂപ്പുകളുടെയും ദീര്‍ഘകാലത്തെ മുറവിളിക്ക് ശേഷമാണ് താനും. അതിന് ബന്ധപ്പെട്ട കവാടങ്ങളില്‍ എത്രമാത്രം സമ്മര്‍ദ്ദങ്ങള്‍ വേണ്ടി വന്നുവെന്നതും കാസര്‍കോടിന്റെ ഒരു ഗതികേടിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഇപ്പോഴേതായാലും ഒരു സേവാകേന്ദ്രം വന്നു കിട്ടിയതിനു ദൈവത്തിന് സ്തുതിയോതാം. പക്ഷെ ഈ കേന്ദ്രം പൂര്‍ണ്ണമായും പ്രവര്‍ത്തന നിരതമെന്ന് പറയാനായിട്ടില്ല. പതിയേണ്ടതുണ്ട്. ടോക്കണ്‍ കിട്ടാനുള്ള കാലതാമസം പോട്ടെ,. അതിലും ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ഈ സേവന കേന്ദ്രത്തില്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. മറ്റ് സേവന കേന്ദ്രങ്ങളിലേത് പോലെയുള്ള മള്‍ട്ടി പര്‍പ്പസ് കംപ്യൂട്ടറുകള്‍ ഇവിടെയെത്തിയിട്ടില്ല. പയ്യന്നൂര്‍ സേവാകേന്ദ്രത്തില്‍ ഇപ്പോള്‍ ഒരു ദിവസം 400 വരെ അപേക്ഷകള്‍ സ്വീകരിച്ചു വരുമ്പോഴാണ് റ്റാറ്റാ കണ്‍സള്‍ട്ടണ്‍സി സര്‍വീസിന്റെ കൂടെ കേന്ദ്രത്തിന്റെ പോസ്റ്റ് വകുപ്പും പാര്‍ട്ണറായ നമ്മുടെ കാസര്‍കോട് കേന്ദ്രം (POPSK) പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണെന്ന് പറഞ്ഞത്.

ഫ്രഷ് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകളും, പത്ത് വര്‍ഷത്തെ കാലാവധി തീരുമ്പോഴുള്ള പുതുക്കലും മാത്രമെ ഇവിടെയിപ്പോള്‍ നടക്കുന്നുള്ളൂ. ബാക്കി സേവനങ്ങള്‍ക്ക് നാമിപ്പോഴും പയ്യന്നൂരിനെ തന്നെ ആശ്രയിക്കണമെന്ന്. 'തത്ക്കാല്‍' എന്നറിയപ്പെടുന്ന പെട്ടെന്ന് (3 ദിവസം കൊണ്ട്) പാസ്‌പോര്‍ട്ട് കൈപ്പറ്റാനുള്ള സംവിധാനം, പാസ്‌പോര്‍ട്ട് നാട്ടില്‍ വെച്ചോ വിദേശത്ത് തൊഴില്‍ സ്ഥലത്തോ (EC/LC ഉപയോഗിച്ച്) നഷ്ടപ്പെട്ടു പോയവര്‍ക്ക്, പാര്‍സ്‌പോര്‍ട്ട് അബദ്ധവശാല്‍ കേടുപാടുകള്‍ സംഭവിച്ചു പോയവര്‍ക്ക്, ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള സൗകര്യം, ചില രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന പോലീസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റ്, എമിഗ്രേഷന്‍ (ECNR) പാസ്‌പോര്‍ട്ടില്‍ പതിച്ചു കിട്ടല്‍, ഇങ്ങനെ നിരവധി സേവനങ്ങള്‍ കൂടി കിട്ടിത്തുടങ്ങിയാലെ നമ്മുടെ സേവാകേന്ദ്രം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായി എന്ന് പറയാനൊക്കൂ.

പയ്യന്നൂര്‍ കേന്ദ്രത്തിലേക്ക് കേവലം ഒരു നാളത്തെ ഇടവേളയില്‍ ഡെയിറ്റ് കിട്ടുമ്പോള്‍ ഇവിടെ പതിനഞ്ചും ഇരുപതും ദിവസം കാത്ത് നില്‍ക്കണമെന്നത് പരിതാപകരം തന്നെ. 1989നു ശേഷം ജനിച്ചവര്‍ക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനം സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണമെന്നിരുന്നത് ഈയിടെ നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ ഇളവില്‍ ഒഴിവായി. പലതിനും നോട്ടറി അഫിഡവിറ്റ് വേണ്ടിടത്ത് സെല്‍ഫ് ഡിക്ലറേഷന്‍ മതി എന്നാക്കി. ഇത് കാസര്‍കോട് പോലുള്ള പിന്നാക്ക പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമായെന്നത് തൊട്ട് വന്ന അഭൂതപൂര്‍വ്വമായ അപേക്ഷകരുടെ തിരക്ക് ബോധ്യപ്പെടുത്തുന്നു..

പലരുടെയും ജനന സര്‍ട്ടഫിക്കറ്റുകളും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും കാസര്‍കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ഖിയാമം നാള്' വരെ നേരെയാക്കാനാവില്ലെന്നതാണ് പരമാര്‍ത്ഥം. പല ജനന സര്‍ട്ടിഫിക്കറ്റുകളും ശാശ്വതമായ ജനിതക വൈകല്യങ്ങളുള്ളതാണ്. കാസര്‍കോട്ട് റ്റാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ മൂന്ന് പേരും പാസ്‌പോര്‍ട്ട് (വിദേശ കാര്യ മന്ത്രാലയം) വകുപ്പിലെ ഒരു ഓഫീസറും ഇപ്പോഴുണ്ട്. കൂട്ടേണ്ട സേവനങ്ങള്‍ക്കായി 'വിദഗ്ദ്ധ-കംപ്യൂട്ടറുകള്‍' ഇവിടെ എത്തേണ്ടതുണ്ട്. സബ്മിഷനുകളുടെ എണ്ണം കൂട്ടണമെങ്കില്‍ ഇവിടെ ഉദ്യോഗസ്ഥശക്തി (Men power) കൂട്ടണം.

റ്റാറ്റ കണ്‍സള്‍ട്ടന്‍സിക്ക് അത് പ്രശ്‌നമേയല്ല. അവരതില്‍ ഒരമാന്തവും കാണിക്കുകയുമില്ല. പക്ഷെ വിലങ്ങാവുന്നത് ഇവിടുത്തെ ഭൗതീക സഹചര്യമാണ്. ഇവിടെയിനി ഒരാള്‍ കൂടി ഇരുന്ന് ജോലി ചെയ്യാനോ, ഒരു കംപ്യൂട്ടര്‍ കൂടി സ്ഥാപിക്കാനോ സൗകര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പോസ്റ്റല്‍ വകുപ്പ് പോസ്റ്റോഫീസിന്റെ മറു വശത്ത് സ്ഥലം നല്‍കുമെന്നറിയിച്ചതാണ്. അവിടെ കെട്ടിടം പണിതുവരണം. അത് ചിലപ്പോള്‍ പോസ്റ്റല്‍ വകുപ്പും വിദേശകാര്യ വകുപ്പും കൈകോര്‍ക്കേണ്ടി വരും. അതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടത്രെ. എം.പി.ക്ക് കേന്ദ്രത്തിന്റെ ഇരു മന്ത്രാലയങ്ങളെയും സമീപിച്ച് കാര്യം ബോധിപ്പക്കാനായാല്‍ സംഗതി എളുപ്പമാകും. ഇതിനുള്ള സമ്മര്‍ദ്ദത്തിന് ആയിരിക്കട്ടെ.. ഇതുമായി ബന്ധപ്പെട്ട വ്യക്തികളുടെ/സംഘടനകളുടെയും ശ്രമം.

Keywords:  Article, Passport, Post Office, kasaragod, payyannur, Passport Seva Kendra in Kasargod, AS Muhammedkunhi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia