city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു എയര്‍പ്പോര്‍ട്ടിലെ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് യാത്രക്കാര്‍ ശടപടാന്ന് ഉത്തരം പറയാന്‍ പരിശീലിക്കണം

അസ്‌ലം മാവില 

(www.kasargodvartha.com 10.09.2016) വിസിറ്റിംഗ് വിസയില്‍ ഒരു വിദേശ രാജ്യത്തേയ്ക്ക് പോകണം. കയ്യില്‍ പാസ്‌പോര്‍ട്ടുണ്ട്. വിസയുണ്ട്. ടിക്കറ്റുണ്ട്. പിന്നെ എന്താണ് വേണ്ടത്? ബാബുജീ, ഓര്‍ ക്യാ ചാഹിയേ? അത് കൂടി വലിയ അക്ഷരത്തില്‍ വലിയ ഒരു ബോര്‍ഡില്‍ കന്നഡയിലും മലയാളത്തിലും ഇംഗ്ലീഷിലും പിന്നെ  ഹിന്ദിയിലും ബജ്‌പെ വിമാനത്താവള അധികൃതര്‍ ഒന്ന് എഴുതി വെക്കാമോ? അതൊരു അന്താരാഷ്ട്രാ വിമാനത്താവളം എന്നാണല്ലോ വെപ്പ്. ഇന്ത്യയിലെ മറ്റൊരു വിമാനത്താവളത്തിനും ഇല്ലാത്ത വല്ല നിയമമോ ചിട്ടവട്ടങ്ങളോ ഇത്തിരി പോന്ന മംഗലാപുരം എയര്‍പോര്‍ട്ടിനുണ്ടോ? ഉണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഒരു പ്രശ്‌നവുമില്ല. അതൊന്ന് എഴുതി വെച്ചാല്‍ മതിയല്ലോ. അതൊക്കെ മീറ്റ് ചെയ്തു സൗകര്യമുള്ളവര്‍ അതില്‍ കൂടി വിമാനം കയറട്ടെ, അല്ലാത്തവന്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകയുമില്ല.

യാത്ര തന്നെ ഒരു ശിക്ഷയാണ്. പരീക്ഷണമാണ്. മറ്റൊരു രാജ്യത്തേക്ക് പോവുക എന്നത് അതിലും വലിയ ശിക്ഷ. അത് ഒന്ന് ഒത്തുകിട്ടുവാന്‍ എന്തൊക്കെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകണം! പാസ്‌പോര്‍ട്ട് വേണം. അത് വാലിഡ് ആയിരിക്കണം. ഇസിഎന്‍ആര്‍ ഒത്തു വരണം. വിസയ്ക്ക് വേണ്ടി വിദേശത്തുള്ള നമ്മുടെ ബന്ധുക്കളോ കൂട്ടുകാരോ ജോലി തരാമെന്ന് വാഗ്ദാനം ചെയ്തവരോ ആരായാലും ഒന്ന് കനിയണം. അതിന്റെ പിന്നാലെ ഓടണം. കൊടുത്ത പാസ്‌പോര്‍ട്ട് കോപ്പിയിലെ അക്ഷരങ്ങളും കിട്ടിയ വിസയിലെ അക്ഷരങ്ങളും വള്ളിപുള്ളി നോക്കണം. ഒരു എല്ലിന്റെ കുറവുണ്ടെങ്കില്‍ അതിലും വലിയ വില്ല് കുലയ്ക്കുന്ന എയര്‍പോര്‍ട്ടിലെ ഏമാന്മാരെ ഭയന്ന് തിരുത്താന്‍ കൊടുക്കണം. തിരുത്തി കിട്ടാന്‍ വീണ്ടും കാത്തിരിപ്പ്. നാട്ടിലാണെങ്കില്‍ വീട്ടിന്നും അയല്‍പക്കത്തു നിന്നും ഇരിക്കപ്പൊറുതിയില്ലായ്മ. പിന്നെ ടിക്കറ്റിനായി ട്രാവല്‍സില്‍ കുത്തിയിരിക്കല്‍. തരുന്ന ടിക്കറ്റില്‍ അക്ഷര പിശക് ഉണ്ടാക്കുന്ന കോലാഹലം. ഇതിനെല്ലാം പുറമെ ഭാരിച്ച സാമ്പത്തികം വേറെയും. അതിന് കടം, ഇടം, ഇടപാട്, പലിശ, വട്ടിപ്പലിശ, പണയം വെപ്പ്... എന്തൊക്കെ തൊന്തരവ്... എത്ര ദിവസത്തെ പ്രയത്‌നങ്ങള്‍...

ഇതൊക്കെ കഴിഞ്ഞാണ് എല്ലാവരോടും ബൈ പറഞ്ഞ്, ഉമ്മയുടെ മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചും ഉപ്പയുടെ കരുവാളിച്ച കവിളില്‍ മുത്തം നല്‍കിയും ഉറ്റോരെയും ഉടയോരെയും കടലോളം കണ്ണില്‍ യാത്ര പറഞ്ഞും അപ്രതീക്ഷിത ബന്ദ് ഉണ്ടാകാതിരിക്കണേ എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചും പലരും എയര്‍പ്പോര്‍ട്ടില്‍ എത്തുന്നത്. മംഗളൂരു എയര്‍പോര്‍ട്ടില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇതൊന്നും ഒരുപക്ഷെ അറിയുന്നാണ്ടാകില്ല. പക്ഷെ, അറിയണ്ടേ? മറ്റുള്ള എയര്‍പ്പോര്‍ട്ടുകളിലെ ഉദ്യോഗസ്ഥരോട് വിളിച്ചൊന്നു ആരായണം. അല്ലാതെന്ത് പറയാന്‍.

ചൊവ്വാഴ്ച നിസാര്‍ എന്ന യാത്രക്കാരനെയാണ് തിരിച്ചയച്ചത്. വ്യാഴാഴ്ച ജാവേദ് എന്ന യാത്രക്കാരനെയും. രണ്ടാളെയും ഒരു ദയയുമില്ലാതെ പുറത്താക്കി. ഇതിങ്ങനെ കുറെയായി തുടരുന്നത്. ദുബായില്‍ ആരാണുള്ളതെന്നു ചോദിച്ചപ്പോള്‍ കൃത്യമായി മറുപടി പറഞ്ഞില്ല പോലും നിസാര്‍. ബോര്‍ഡിങ് പാസും ലഗ്ഗേജ് ടാഗും നല്‍കി എമിഗ്രേഷന്‍ എക്‌സിറ്റ് സീല്‍ പാസ്‌പോര്‍ട്ടില്‍ പതിപ്പിച്ച ശേഷമാണ് വൈകിവന്ന ബുദ്ധി പറയുന്നത്, അവിടെ ആരാണുള്ളതെന്ന് പറയണമെന്ന്? ജാവേദിനോടും സമാനമായ ചോദ്യങ്ങള്‍. അവിടെ ആരെങ്കിലും ഇല്ലാതെ വിസ കിട്ടില്ലല്ലോ. വിസ അയച്ചവരുടെ പേരും ഊരും മേല്‍വിലാസവും പോകുന്നവരുടെ കയ്യില്‍ എന്തായാലും കാണുമല്ലോ.

തലങ്ങും വിലങ്ങും ഒരു കുറ്റവാളിയെ കൈകാര്യം ചെയ്യുന്നത് പോലെ ചോദ്യം ചെയ്താല്‍ ആരായാലും ഒന്ന് ചൂളും. യാത്രാക്ഷീണം, ഇഷ്ടപ്പെട്ടവരെ വിട്ട് പോകുന്നതിനുള്ള സംഘര്‍ഷം, കളിച്ചും ചിരിച്ചും കഴിഞ്ഞിരുന്ന കൂട്ടുകാരെ വിട്ടതിലുള്ള പ്രയാസം, ഒരു കാരണവുമില്ലാതെ ക്രൂശിക്കാന്‍ ഒരുങ്ങി പുറപ്പെട്ട ഈ എയര്‍പോര്‍ട്ടിലെ ചില ഉദ്യോഗസ്ഥരെ കുറിച്ചുള്ള ഉത്കണ്ഠ, സംസാരഭാഷയില്‍ ഉണ്ടാകുന്ന പരിചയക്കുറവ്, ഉറക്കച്ചടവ്... പുതു വിസിറ്റിങ് വിസക്കാരനല്ല, അരനൂറ്റാണ്ട് കാലം വിദേശത്ത് ജോലി നോക്കുന്നവനും ഒന്ന് പതറും, മംഗലാപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞാല്‍.

മംഗളൂരു എയര്‍പോര്‍ട്ട്  ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് പെരുമാറുന്ന രീതി തന്നെ മാറ്റാന്‍ സമയം അതിക്രമിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും. കാസര്‍കോട് എംഎല്‍എ കേന്ദ്രം മുതല്‍ ഇങ്ങു കേരളം വരെ മൊത്തം ഉത്തരവാദപ്പെട്ടവര്‍ക്കും പരാതി എഴുതിക്കൊടുത്തിട്ടും അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ല. കര്‍ണ്ണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും തീര്‍ച്ചയായും വിഷയത്തില്‍ ഇടപെടണം. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. പ്രതീക്ഷകളുമായി പുറം നാടുകളില്‍ പോകുന്നവരുടെ സ്വപ്‌ന ചിറകുകള്‍ നിര്‍ദ്ദാക്ഷിണ്യം അരിയുന്നവര്‍ക്ക് അവരുടെ ഇടപെടലുകള്‍ താക്കീതാകണം.

ഇന്ത്യയിലെ ഏതു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും ഏത് കോണില്‍ താമസിക്കുന്നവനും യാത്ര ചെയ്യാം. അല്ലാതെ ഇന്ന ദേശക്കാരനും ഇന്ന ഭാഷക്കാരനും മാത്രമേ പോകാവൂ എന്നോ, വരാവൂ എന്നോ തീരുമാനിച്ചാല്‍ അവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വിലപിടിപ്പുള്ള മെഷീനുകള്‍ വര്‍ക്ക് ചെയ്യേണ്ട ആവശ്യം തന്നെ വരില്ല. ഡ്യൂട്ടി ഫ്രീ കടകള്‍ പൂട്ടാന്‍ വലിയ താമസവും ഉണ്ടാകില്ല. റണ്‍ വേയില്‍ മഴക്കാലത്ത് മാത്രമല്ല അല്ലാത്തപ്പോഴും പുല്ല് മുളക്കും. സ്‌കാനറില്‍ പാറ്റ കൂടും. ടാര്‍മാക്കും ടെര്‍മിനലും ട്രാന്‍സിറ്റ് ലോഞ്ചും വെറുതെയായിപ്പോകും. ചെക്ക് ഇനും ചെക്ക് ഇന്‍ ഡെസ്‌കും അറൈവലും ഡിപാര്‍ച്ചറും ആളില്ലാ കളമാകും. പിന്നെ ആ സ്ഥലം മൊത്തം ഹെലിപാഡാക്കേണ്ടി വരും.  അല്ലെങ്കില്‍ പണ്ട്,  1951 ഡിസംബര്‍ 25 ന് പ്രഭാതത്തില്‍  DC-3 ഡകോട്ട ഫ്‌ളൈറ്റ് ഇറങ്ങി ജവഹര്‍ ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത അതേ   എയറോ ഡ്രം സ്റ്റാറ്റസിലേക്ക് ബജ്‌പെ വിമാനത്താവളം തിരിച്ചു പോകേണ്ടി വരും. വരുന്നവരെ ഇമ്മാതിരി ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയാല്‍ യാത്രക്കാര്‍ മാറി ചിന്തിക്കാന്‍ വലിയ താമസം വേണോ? വെറുതെ കൊണ്ട് പോകാമെന്ന് ആരു പറഞ്ഞാലും ആ എയര്‍പോര്‍ട്ടില്‍ കൂടി അന്യദേശത്തേക്ക് ആരെങ്കിലും പോകുമോ? അത് ആലോചിക്കാന്‍ ഇത്ര ബുദ്ധി വേണോ?

യാത്രക്കാരോട് എനിക്ക് ചോദിക്കാനും പറയാനുമുള്ളത്, അല്ല സാര്‍, നിങ്ങളെന്തിനാണ് വടക്കോട്ടേക്ക് തിരിക്കാന്‍ കൊണ്ട് പിടിച്ചു ഇത്ര വാശി   പിടിക്കുന്നത്? നിങ്ങള്‍ക്ക് അങ്ങ് ദുബായിലോ പേര്‍ഷ്യയിലോ അമേരിക്കയിലോ എത്തിയാല്‍ പോരെ? തെക്കോട്ടേക്ക് വണ്ടി പിടിക്കരുതോ. കാലിക്കറ്റ്, കൊച്ചി, അതും കഴിഞ്ഞു തിരുവനന്തപുരം അങ്ങിനെയങ്ങിനെ സര്‍വ്വേ കല്ലിട്ടത് പോലെ കേരളം മൊത്തം അന്താരാഷ്ട്രാ വിമാനത്താവളങ്ങളല്ലേ? കുറച്ചു കഴിഞ്ഞാല്‍ കണ്ണൂരും വരും. മറ്റൊരു കാര്യം കൂടി, ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശടപടാന്ന് പറയാനെങ്കിലും യാത്ര തിരിക്കുന്നതിന് മുമ്പ്  കുറച്ചു സംസാരിച്ചു പഠിക്കണം. വെറുതെ എന്തിനാണ് അവന്മാര്‍ക്ക് സംശയം ഉണ്ടാക്കാന്‍ വഴി ഉണ്ടാക്കുന്നത്? അത്താഴം മുട്ടിക്കാന്‍ നീര്‍ക്കോലിക്കും പറ്റുമല്ലോ.

മംഗളൂരു എയര്‍പ്പോര്‍ട്ടിലെ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് യാത്രക്കാര്‍ ശടപടാന്ന് ഉത്തരം പറയാന്‍ പരിശീലിക്കണം

Related News:
മംഗളൂരു എയര്‍പോര്‍ട്ടില്‍ യുവാവിനെ അന്യായമായി തടഞ്ഞുവെച്ച സംഭവം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കി

നിസാറിനെ മംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ നിന്നും ഗള്‍ഫ് യാത്ര മുടക്കിയത് യാതൊരു കാരണവുമില്ലാതെ; നിയമനടപടി തുടരുമെന്ന് യുവാവും ബന്ധുക്കളും

മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ പീഡനം തുടരുന്നു; കാസര്‍കോട്ടെ മറ്റൊരു യുവാവിനെകൂടി ദുബൈയിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറാന്‍ അനുവദിച്ചില്ല

മംഗളൂരു എയര്‍പോര്‍ടില്‍ യാത്രക്കാരെ കുരുക്കിടുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

Keywords:  Article, Aslam Mavile, Airport, Bajpe Airport, Mangaluru, Kasargod, Dubai, Gulf, Nisar, Javed, Visiting Visa, Customs. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia