city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാള്‍ പകലിലെ പ്രവാസി നൊമ്പരം

(www.kasargodvartha.com 04.07.2016) സ്വപ്നങ്ങള്‍ക്ക് ചിറക് വെച്ച കാലം മുതല്‍ മനസില്‍ കൊണ്ട് നടന്നതായിരുന്നു ഗള്‍ഫ് യാത്ര. നാട്ടുകാരും കുടുംബക്കാരും ഗള്‍ഫ് സവിശേഷദകള്‍ പറയുമ്പോള്‍ തൊള്ള നോക്കിയിരിക്കലാണ് പതിവ്. അവരുടെ കഷ്ടപ്പാടുകള്‍ പറഞ്ഞ് സങ്കടം തീര്‍ക്കും. ഗള്‍ഫിന്റെ നേര്‍ചിത്രം കാണാനുള്ള സൗഭാഗ്യം ഓര്‍ത്തിരിക്കുമ്പോഴാണ് കഴിഞ്ഞ റമദാനിലൊരു വിളിയാളം എന്നെ തേടിയെത്തിയത്. ശൈഖുനാ പൊസോട്ട് തങ്ങളുടെ ആശീര്‍വാദത്തോടെ ഗള്‍ഫിലേക്ക് പറന്നു...

ഭാര്യ സഹോദരന്‍ പെര്‍ളാഡത്തെ ബെന്‍ത്തടുക്ക അനസ് താമസിക്കുന്ന ദുബൈ കറാമയിലെ മീന്‍ മാര്‍ക്കറ്റിനടുത്ത റൂമിലായിരുന്നു താമസം. ആദ്യത്തെ ഗള്‍ഫ് യാത്രയില്‍ സ്വപ്നം പൂവണിയുന്നതിന്റെ സന്തോഷമുണ്ടെങ്കിലും ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവത്തിന് മുമ്പ് പറന്നു പോകുന്നതിലുള്ള സഹതാപവും മനസില്‍ ജ്യൂസടിയുകയാണ്. ഷാര്‍ജ എയര്‍പോട്ടിലേക്ക് അളിയന്‍ കൂട്ടാന്‍ വരുമെന്ന് പറഞ്ഞപ്പോള്‍ അല്‍പം ആശ്വാസമായി. വിമാനം പറന്ന് ഷാര്‍ജയില്‍ എത്തി പുറത്തിറങ്ങിയപ്പോഴാണ് കുട്ടിക്കാലത്ത് കേട്ടുപരിചയമുള്ള ഗള്‍ഫിന്റെ പരിമളം ആസ്വദിച്ചത്.

അളിയന്‍ അനസും അവന്റെ കൂട്ടുകാരനും നാട്ടുകാരനുമായ പെര്‍ളാഡം നൗഷാദുമാണ് എയര്‍പോട്ടില്‍ കൂട്ടാനെത്തിയത്. സൂര്യതാപം കൊണ്ട് പതച്ചു പൊള്ളുന്ന മണല്‍തരികള്‍ പൊള്ളിയെരിയുകയാണ് രാത്രിയിലും. അസഹ്യമായ അന്തരീക്ഷ ചൂടിലും 15 മണിക്കൂര്‍ നോമ്പുകാരനായി കഴിയുകയാണ് ഓരോ പ്രവാസികളും. അംബര ചുംബികളായ കെട്ടിടങ്ങള്‍ ആകാശം വരെ തലഉയര്‍ത്തി നില്‍ക്കുന്നു. പകല്‍ വെളിച്ചം പോലെ പ്രശോഭിതമാണ് ഗള്‍ഫിലെ രാവുകള്‍. നക്ഷത്രങ്ങളെപ്പോലെ മിന്നുന്ന വിളക്കുകളാല്‍ അലങ്കൃതമാണ് ഓരോ കെട്ടിടങ്ങളും. ഓരോന്നും കാണിച്ച് പരിചയപ്പെടുത്താന്‍ അളിയനും നൗഷാദും മടിച്ചില്ല. ദുബൈ അതൊരു സംഭവമാണ്...

കറാമയില്‍ താമസിക്കുന്ന റൂമിലെത്തിയപ്പോള്‍ നാടിന്റെ പ്രതാപം തിരിച്ചു കിട്ടിയത് പോലെ തോന്നി. സഹ താമസക്കാരെല്ലാം അംഗഡിമുഗര്‍ പെര്‍ളാടം സ്വദേശികളാണ്. അളിയന്‍ അനസിനു പുറമെ നൗഷാദ് മാഴി, ഹസീബ്, സാബിത്ത്, സിദ്ദീഖ്, ശമീം എല്ലാവരും പരസ്പരം സ്‌നേഹത്തോടെ സഹവസിക്കുന്നു. ചൊറുചൊറുക്കുള്ള ചെറുപ്പക്കാരാണവര്‍. അവരുടെ ദീനി ചിട്ടയും നിഷ്‌കളങ്കതയും ഏറെ അത്ഭുതപ്പെടുത്തി. നോമ്പനുഷ്ഠിക്കുന്നതിലും നിസ്‌കാരം നിര്‍വഹിക്കുന്നതിലുമുള്ള കണിശത ശ്ലാഘനീയമാണ്.

കറാമയിലെ താമസം അനുഭവങ്ങളുടെ കലവറ തീര്‍ത്തു. റമദാനിലെ ഓരോ രാത്രികളിലും നാട്ടില്‍ നടക്കുന്ന വിശേഷങ്ങളെ കുറിച്ച് ചര്‍ച്ചചെയ്ത് പൂതി തീര്‍ക്കുകയാണവര്‍. പാതിരാക്ക് നടക്കുന്ന രണ്ടാം തറാവീഹിലാണ് പങ്കെടുക്കുന്നത്. രാവിലെ ഒമ്പത് മണിമുതല്‍ ജോലിയില്‍ പ്രവേശിക്കുന്നു. പാതിരാത്രിയില്‍ റൂമില്‍ തിരിച്ചെത്തി അത്താഴം വരെ നിസ്‌കാരവും ഓത്തുമായി കഴിയുന്നു. സുബ്ഹ് നിസ്‌കാരത്തിന്റെ ജമാഅത്തിന് നിര്‍ബന്ധമായി പങ്കെടുക്കുന്നു. ആരവങ്ങളില്ലാത്ത നിശബ്ദ വിപ്ലവകാരികളാണ് പ്രവാസികള്‍...

ശൈഖ് മുഹമ്മദ്ബ്‌നു റാഷിദ് അല്‍ മഖ്തൂം പള്ളിയിലാണ് നോമ്പ് തുറയും നിസ്‌കാരവും. മലയാളികള്‍ കൂടുതലും താമസിക്കുന്ന സ്ഥലമാണ് കറാമ. അഞ്ച് വഖ്തും പള്ളിയില്‍ നിസ്‌കരിക്കാനായി വരുന്നവരാണ് അധിക പേരും. പള്ളിയില്‍ കാണാന്‍ കഴിഞ്ഞ ഖുര്‍ആനോത്ത് ആരെയും അത്ഭുതപ്പെടുത്തും. അറബികളും അനറബികളുമായ ആ ബാല വൃദ്ധ ജനങ്ങള്‍ പള്ളിയിലിരുന്ന് ഖുര്‍ആനോതുന്ന കാഴ്ച പ്രഥമദൃഷ്ട്യാ വിശേഷമായി തോന്നിയെങ്കിലും യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ പോയപ്പോഴാണ് ഖുര്‍ആനോത്ത് സര്‍വസാധാരണയാണെന്നറിഞ്ഞത്. പ്രായം ചെന്ന പലരും രണ്ട് പേരായിരുന്ന് പരസ്പരം ഖുര്‍ആന്‍ കാണാതെ ഓതികേള്‍പ്പിക്കുന്നുണ്ട്. ഓതുന്നവന്റെ ഹൃദ്യസ്ഥത കാണുമ്പോള്‍ മറ്റുള്ളവര്‍ മാഷാഅള്ളാ, തബാറകള്ള എന്നിങ്ങെനെ പറഞ്ഞു കൊണ്ടിരിക്കുന്നു.

പാകിസ്ഥാന്‍, ഇറാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും യു എ ഇയില്‍ ജോലി ആവശ്യാര്‍ത്ഥം വന്ന ഹാഫിളുകളാണ് അവരെന്നറിഞ്ഞത് സംസാരിച്ചപ്പോഴാണ്. കെട്ടിട നിര്‍മാണ തൊഴിലുകളും മറ്റ് വേലകളും കഴിഞ്ഞ് നിസ്‌കാരത്തിനായുള്ള ഇടവേളയില്‍ മന:പാഠമാക്കിയ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയാണ് ചെയ്യുന്നത്. റമദാനില്‍ മുഴുസമയം പള്ളിയിലിരുന്ന് ഖുര്‍ആനോതുന്ന കാഴ്ച ഗള്‍ഫ് രാജ്യങ്ങളിലെ പ്രത്യേകതയാണ്. ഓരോ വഖ്തിലും ഖുര്‍ആനിലെ നിശ്ചിത ഭാഗം പാരായണം ചെയ്ത് പുറത്തിറങ്ങുന്ന ശൈലിയാണ് അവിടെ കണ്ടുവരുന്നത്.

കുടുസമായ മുറിക്കകത്ത് പത്തും ഇരുപതും അധിലധികവും താമസിച്ച് വരുന്നു. തട്ടുതട്ടുകളിലായുള്ള കട്ടിലുകളില്‍ മുകളില്‍ കിടന്നവന്‍ ഉറക്കില്‍ അറിയാതെ നിലത്തു വീണാന്‍ അടിയില്‍ കിടക്കുന്നവന്റെ പുറം പൊടിയാകുന്നു. കറാമയിലെ റൂം വലിയ കുഡുസല്ലെങ്കിലും തട്ടുകളായ കട്ടിലുകളാണ് ഉണ്ടായിരുന്നത്. മുകളില്‍ കിടന്ന സിദ്ധി രാവിലെ കിടന്നെണീക്കുമ്പോള്‍ താഴെ വീണത് പിറ്റേ ദിവസം പറഞ്ഞപ്പോഴാണ് റൂമില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയത്. ഓരോ സെക്കെന്റുകളും എണ്ണിത്തീര്‍ക്കുകയാണ് ഓരോ പ്രവാസികളും.

റമദാനായാല്‍ പ്രവാസികളുടെ മുഖത്ത് സഹതാപവും സന്തോഷവും ഒന്നിച്ച് വിരിയുന്നു. ഖുര്‍ആനോത്തും ജമാഅത്ത് നിസ്‌കാരവും കൃത്യമായി ലഭിക്കണമെങ്കില്‍ ഗള്‍ഫിലാകണമെന്ന സന്തോഷവും നോമ്പും പെരുന്നാളും കുടുംബങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിയാത്തതിന്റെ സഹതാപവുമാണ് അവരുടെ മുഖത്ത് നിഴലിച്ചു കാണുന്നത്. സ്വന്തം കുടിലിന്റെയും കുടുംബത്തിന്റെയും കണ്ണ് കുളിര്‍ക്കാന്‍ കാതങ്ങള്‍ കടന്ന് കനക നാട്ടിലെത്തിയ അവര്‍ മാമരമേവുന്ന വെയ്‌ലിലും മരം കോച്ചുന്ന തണുപ്പിലും ജീവിതം തള്ളി നീക്കുകയാണ്. കുടുംബത്തിന്റെ സുഖത്തിലോ ദുഖ:ത്തിലോ പങ്കുചേരാന്‍ പ്രവാസികള്‍ക്കാകുന്നില്ല. മരിച്ച പെറ്റുമ്മയുടെ പൂവദനം കണ്ട് ഉമ്മവെച്ച് യാത്രയാക്കാനോ ഖബറില്‍ മൂന്ന് പിടി മണ്ണ് വാരിയിടാനോ കഴിയാത്ത ദു:ഖമോര്‍ത്ത് കണ്ണീരൊലിപ്പിച്ച പ്രിയ കൂട്ടുകാരന്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കലങ്ങാത്ത കണ്ണുകളുണ്ടാവില്ല. നൊമ്പരത്തിന്റെ ഖല്‍ബുമായ് നാഥന്റെ സല്‍ഗുണത്തിനായ് കേഴുകയാണ് ഓരോ പ്രവാസികളും. പത്തിരുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം കൊണ്ട് തലചായ്ക്കാന്‍ ഒരിടമില്ലാതെ വെന്തുരുകുന്ന മനസുമായ് കാലങ്ങള്‍ എണ്ണിത്തീര്‍ക്കുന്ന പ്രിയ സഹോദരങ്ങള്‍..ഇങ്ങെനെ നീളുന്നു ഗള്‍ഫുകാരെന്റെ നൊമ്പരങ്ങള്‍...

പെരുന്നാളിന്റെ പൊന്നമ്പിളിയുടെ ഉദയമറിഞ്ഞാല്‍ മനസില്‍ ആനന്ദ നൃത്തം ചവിട്ടുന്ന നാട്ടുകാരുടെ സന്തോഷങ്ങളില്‍ പങ്കാളികളാവാന്‍ സാധിക്കാത്തതിന്റെ സങ്കടം ഉറങ്ങിത്തീര്‍ക്കുകയാണ് പ്രവാസികള്‍. പെരുന്നാളിന്റെ തലേ രാത്രിയാണ് കറാമയിലെ ചങ്ങാതിമാര്‍ പര്‍ച്ചേസിന് പോയത്. പെരുന്നാള്‍ സമ്മാനമായി എനിക്കും കിട്ടി ഒരു നീളക്കുപ്പായം. അളിയന്റെ പെരുന്നാള്‍ സമ്മാനമാണ് അത്. നിര്‍ലോഭ സഹകാരികളായ ചെറുപ്പക്കാരാണ് അളിയന്‍ അനസും മറ്റു ചങ്ങാതിമാരും. ചിലര്‍ വീട്ടിലേക്കും നാട്ടിലുള്ള മറ്റ് സുഹൃത്തുക്കള്‍ക്കും ഫോണ്‍ ചെയ്ത് പെരുന്നാള്‍ സന്തോഷത്തില്‍ പങ്കുചേരുന്നു. എന്നാലും നാട്ടിലുള്ള സുഹൃത്തുക്കള്‍ ഇവിടെത്തെ പെരുന്നാള്‍ വിശേഷങ്ങള്‍ പറയാത്തതിന്റെയും ഗ്രൂപ്പ് ഫോട്ടോ വാട്ട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്യാത്തതിന്റെ പ്രതിഷേധമറിയിക്കാന്‍ കാത്ത് നില്‍ക്കുകയാണ്. എല്ലാം കൊണ്ടും ഒരൗലും കഞ്ഞിയുമാണ് പെരുന്നാള്‍ രാവിലെ ഗള്‍ഫ് മലയാളി റൂമുകള്‍. അബൂദാബിയില്‍ പോയി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ ആഘോഷിക്കാമെന്നായിരുന്നു പ്ലാനിംഗ്. നാട്ടുകാരായ പൊയില്‍ ഖാദര്‍, കൂട്ടുകാരനായ അന്‍സാര്‍ ചള്ളങ്കയം, കുടുംബക്കാരനും ജേഷ്ഠനുമായ അന്‍ന്തയെന്ന അബ്ദുര്‍ റഹ് മാന്‍ അവരോടെല്ലാം നേരത്തെ പറഞ്ഞതായിരുന്നു. പക്ഷെ പെരുന്നാള്‍ ദിവസം സാധിച്ചില്ലെങ്കിലും പിന്നീട് ജംആക്കി കൂട്ടിയടിച്ചു.

ഖാദറിന്റെ കാറില്‍ എല്ലാസ്ഥലങ്ങളും കാണിച്ച് തന്ന് ഹൃദ്യമായ സ്വീകരണം ഒരുക്കി സന്തോഷിപ്പിച്ചു. അന്താച്ചാന്റെ റൂമിലാണ് പ്രാതല്‍. ഘന ഗംഭീരം തന്നെയായിരുന്നു. പെരുന്നാള്‍ ആഘോഷം എങ്ങെനെയുണ്ടെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒരേയൊരു ഉത്തരം മാത്രം. അത് നാട്ടിലല്ലേ!,ഇവിടെ പെരുന്നാള്‍ പകലുകള്‍ ഉറങ്ങിത്തീര്‍ക്കലാണ്.

സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് ഉദയ സൂര്യന്റെ കിരണം എത്തിയാല്‍ പെരുന്നാള്‍ നിസ്‌കാരം ആരംഭിക്കും. പുത്തനുടുപ്പ് ധരിച്ച് പരസ്പരം പുതുമ പറഞ്ഞ് സന്തോഷിക്കലാണ് പ്രവാസികളുടെ ശൈലി. ചിലര്‍ ഫോട്ടോയെടുത്ത് വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യും. അതാണ് അവരുടെ സന്തോഷം. പൊതുസമ്മേളനങ്ങളിലുള്ള നിസ്‌കാരത്തിന്റെ പ്രതീതിയാണ് എല്ലാ പള്ളികളിലും. പള്ളിക്കകത്തും പുറത്തുമായി ആയിരങ്ങളാണ് സംബന്ധിക്കുന്നത്. അറബികളും അനറബികളും പരസ്പരം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്ത് ഉമ്മ വെച്ച് പെരുന്നാള്‍ സന്തോഷം കൈമാറുന്നു. അറബികളെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ചില മലയാളികളുടെ വേഷവിദാനത്തിന് അനിര്‍വചനീയ ചാരുതയാണ്. മൊബൈലുകളിലും ക്യാമറകളിലും ഫ്‌ളാഷുകള്‍ മിന്നുന്നു. മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ പകലിലെ ആഘോഷം കഴിഞ്ഞാല്‍ ഈ ആഘോഷം കഴിഞ്ഞാല്‍ റൂമില്‍ ഉറങ്ങിത്തീര്‍ക്കുകയാണവര്‍.

അസര്‍ കഴിഞ്ഞ് വീണ്ടും ആഘോഷത്തിനായി പാര്‍ക്കിലും മാളിലും പോയി അടിച്ചുപൊളിച്ച് നാട്ടിലില്ലാത്ത സങ്കടം അവിടെ തീര്‍ക്കും. പ്രവാസികളുടെ ആരവങ്ങളില്ലാത്ത പെരുന്നാള്‍ പകലുകള്‍ മലയാളികളെ ഇരുത്തി ചിന്തിപ്പിക്കാന്‍ സമയമായ്...

പെരുന്നാള്‍ പകലിലെ പ്രവാസി നൊമ്പരം

Keywords : Article, Eid, Celebration, NKM Malhari Belinja, Gulf, Pain of expatriates Eid. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia