city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍ഫനേജുകള്‍ ഓര്‍മപ്പെടുത്തുന്നത്...

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 03.10.2014) സെപ്തംബര്‍ 20ന് ശനിയാഴ്ച കാഞ്ഞങ്ങാട് യത്തീംഖാനയില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സമൂഹ്യക്ഷേമവകുപ്പും ചൈല്‍ഡ്‌ലൈനും സംയുക്തമായി ജില്ലയിലെ ഓര്‍ഫനേജുകളിലെ കേര്‍ടേക്കര്‍ മാര്‍ക്കുളള ബോധവല്‍ക്കരണ ക്ലാസായിരുന്നു അത്. അമ്പതിനടുത്ത് അനാഥാലയങ്ങള്‍ ജില്ലയിലുണ്ട്. ഓരോ കേര്‍ടേക്കര്‍മാര്‍ വന്നാല്‍ പോലും അമ്പത് പേരെ കിട്ടും. പക്ഷേ വന്നത് കേവലം മുപ്പതിനടുത്ത് പങ്കാളികള്‍ മാത്രം.

ക്ലാസെടുക്കാന്‍ അതിപ്രഗത്ഭയായ സൈക്കോളജിസ്റ്റ് ഡോ: വനജാസുഭാഷിനെ സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങ് ഔപചാരികമായി നടത്തി. ക്ലാസ് ആരംഭിച്ച് അല്പസമയം പിന്നിട്ടപ്പോള്‍ ഞാന്‍ ഓഡിറ്റോറിയം വിട്ട് പുറത്തിറങ്ങി. അത്രയും പേരെങ്കിലും വന്നല്ലോയെന്നും, നല്ലൊരു ക്ലാസ് കിട്ടുന്നുണ്ടല്ലോ എന്നെല്ലാം കരുതി സന്തോഷത്തോടെ ഓഡിറ്റോറിയത്തിന്റെ പടിയിറങ്ങുമ്പോള്‍ ദീര്‍ഘകാലം ഈ മേഖലയില്‍  സന്നദ്ധ സേവനം നടത്തി വരുന്ന അബ്ദുളളക്കുഞ്ഞി എന്നെ പിടിച്ചുനിര്‍ത്തി.

'ഇതില്‍  എത്ര കേര്‍ടേക്കര്‍മാര്‍ പങ്കെടുത്തിട്ടുണ്ടെന്ന് സാര്‍ വിലയിരുത്തണം. കേവലം നാലോ അഞ്ചോ പേര്‍ മാത്രം. ബാക്കിയെല്ലാം കമ്മിറ്റി മെമ്പര്‍മാരോ, ഭാരവാഹികളോ ആണ്. ഇവര്‍ക്ക് ഇത്തരം ക്ലാസ് കിട്ടിയിട്ട് ഒരു കാര്യവുമില്ല.'

നല്ല നിലയില്‍  പ്രവര്‍ത്തിച്ചുവരുന്ന കാഞ്ഞങ്ങാട് യത്തീംഖാനയുടെ ദീര്‍ഘകാല പ്രസിഡണ്ടും ഇപ്പോഴത്തെ വൈസ് പ്രസിഡണ്ടുമായ അബ്ദുളളക്കുഞ്ഞി സാഹിബ് പറയുന്നതില്‍  കാര്യമുണ്ടെന്ന് തോന്നി. അദ്ദേഹം തുടര്‍ന്നു 'നമ്മുടെ ഓര്‍ഫനേജുകളില്‍  അത്യാവശ്യമായി വേണ്ടത് പരിശീലനം കിട്ടിയ കേര്‍ടേക്കര്‍മാരെയാണ്. കുഞ്ഞുങ്ങളെ സ്‌നേഹത്തോടെ പരിപാലിക്കാനും അവരുടെ മാനസിക നില മനസിലാക്കി ഇടപെടാനും പറ്റുന്ന ട്രെന്‍ഡ് കേര്‍ടേക്കര്‍മാരില്ലാത്തതാണ് ഒരു പ്രധാനവെല്ലുവിളി.

ഇപ്പോള്‍ താത്ക്കാലികമായി മദ്രസകളിലെ അധ്യാപകരെത്തന്നെ കേര്‍ടേക്കറുടെ ചുമതല കൂടി നല്‍ കുകയാണ്. അത് ഫലപ്രദമാകുന്നില്ല. നിലവിലുളള കേര്‍ടേക്കര്‍മാര്‍ മദ്രസാ അധ്യാപകരായി ജോലിചെയ്യുന്നതുമൂലം ഇങ്ങിനെ സംഘടിപ്പിക്കുന്ന പരിശീലന ക്ലാസില്‍  പങ്കെടുക്കാനും അവര്‍ക്കാവുന്നില്ല.'

ഇക്കാലത്ത് ഓര്‍ഫനേജുകളില്‍  അന്തേവാസികളായി എത്തുന്ന കുട്ടികളെക്കുറിച്ചും അബ്ദുളളക്കുഞ്ഞിക്ക് പൂര്‍ണ ധാരണയുണ്ട്. അദ്ദേഹം പറയുന്നു. 'വാസ്തവത്തില്‍  ഇപ്പോള്‍ ഓര്‍ഫനേജുകളില്‍  എത്തുന്നവരില്‍  ഭൂരിഭാഗവും 'യത്തീമു'കളല്ല. അവര്‍ക്ക് ബാപ്പയും ഉമ്മയും ഒക്കെയുണ്ട്. പഴയപോലെ ഭക്ഷണം ലഭിക്കാത്ത അവസ്ഥയും വീടുകളിലില്ല.

ഓര്‍ഫനേജുകളില്‍  എത്തുന്ന കുട്ടികളിലധികവും പ്രശ്‌നകുട്ടികളാണ്. രക്ഷകര്‍ത്താക്കളുടെ വരുതിയില്‍  നില്‍ക്കാത്തവരും, പഠനകാര്യങ്ങളില്‍  നിന്ന് വിട്ടുനില്‍ക്കുന്നവരും, കുടുംബ ബന്ധങ്ങളിലെ അപസ്വരങ്ങളും മറ്റും മൂലം രക്ഷിതാക്കള്‍ക്ക് ശ്രദ്ധിക്കാന്‍ പറ്റാത്തവരും ഒക്കെയാണ് ഓര്‍ഫനേജുകളിലെത്തുന്നത്.

ഇങ്ങിനെ അഡ്മിഷന്‍ നേടുന്ന കുട്ടികളെ നേരായവഴിക്ക് നയിക്കാന്‍, അവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പറ്റുന്ന പ്രഗത്ഭ വ്യക്തികളായിരിക്കണം കേര്‍ടേക്കര്‍മാര്‍.

അനാഥാലയത്തില്‍  ചേര്‍ന്നുപഠിക്കുന്ന കുട്ടികളോട് പൊതുസമൂഹത്തിന് 'ദയ' തോന്നുക സ്വാഭാവികം. അത് മുതലെടുക്കുന്ന വിദ്വാന്മാരും ഇവിടെങ്ങളിലുണ്ട്.'

ഒരു ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടിയതിങ്ങനെ 'സ്‌കൂളില്‍  പോകുന്ന വഴിക്ക്  ഐസ്‌ക്രീമോ മറ്റോ നുണഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തിയെ കണ്ടാല്‍  അത്തരം വിദ്വാന്മാര്‍ അത് നോക്കി നില്‍ക്കും. ആ വ്യക്തി കുട്ടിയോട് കാര്യം അന്വേഷിക്കുമ്പോള്‍ 'ഞാന്‍ അനാഥാലയത്തിലാണ്'  എന്ന് കേള്‍ക്കേണ്ട താമസം മാന്യ വ്യക്തികള്‍ ഇവര്‍ക്കും അവര്‍ കഴിക്കുന്ന ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങിച്ചുകൊടുക്കും. ഇത് ശീലമാക്കിയ കുട്ടികള്‍ സ്ഥാപനത്തില്‍  പ്രശ്‌നക്കാരായി മാറും.

സ്‌കൂളിലെ സഹപാഠികളായ മറ്റുകുട്ടികളെപ്പോലെ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്ന തോന്നല്‍, അടിച്ചുപൊളിക്കാന്‍ പറ്റുന്നില്ല എന്ന കുണ്ഠിതം ഇതൊക്കെ ഇത്തരം സ്ഥാപനങ്ങളില്‍  നിന്ന് ഓടിപ്പോവാന്‍ ഇവരെ പ്രേരിപ്പിക്കും.

യൂണിഫോം അവരെ തിരിച്ചറിയാന്‍ ഇടയാക്കും എന്ന അപകര്‍ഷതാബോധം, ക്യൂവായി നടന്ന് സ്‌കൂളിലേക്കും തിരിച്ചും വരിക എന്ന ചിട്ട ഇതൊക്കെ ഇവിടുത്തെ കുട്ടികളുടെ മനസില്‍  പ്രയാസമുണ്ടാക്കുന്നു.
ഓര്‍ഫനേജുകള്‍ ഓര്‍മപ്പെടുത്തുന്നത്...

എന്തിനുവേണ്ടിയാണ് ഇങ്ങിനെയൊക്കെ ശീലിക്കുന്നത് എന്ന തിരിച്ചറിവ് ഇവര്‍ക്കില്ലാതെ പോവുന്നു. ആ തിരിച്ചറിവ് ഉണ്ടാക്കിയെടുക്കാന്‍ നല്ല പരിശീലകരില്ല.'

മികച്ച ഭക്ഷണമാണ് എല്ലാഓര്‍ഫനേജുകളില്‍  നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്. അതില്‍  അവര്‍ തൃപ്തരുമാണ്. മാനസിക, ശാരീരിക ഉല്ലാസത്തിനുവേണ്ടിയുളള സൗകര്യങ്ങളും ഇവിടങ്ങളില്‍  ഒരുക്കിയിട്ടുണ്ട്. യത്തീംഖാനയ്ക്ക് ഫണ്ട് ലഭിക്കാന്‍ പ്രയാസമൊന്നുമില്ല. ആരോട് ആവശ്യപ്പെട്ടാലും ആവശ്യത്തിനുളള തുക ലഭ്യമാവും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

സംഘാടകര്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നവരാണ്. ഒരു ചില്ലിക്കാശുപോലും യത്തീംഖാനയ്ക്ക് ലഭ്യമാവുന്ന ഫണ്ടില്‍  നിന്ന് സംഘാടകര്‍ എടുക്കാറില്ല. ചായക്കാശ് പോലും സ്വന്തം പോക്കറ്റില്‍  നിന്ന് ചെലവിടുന്നവരാണിവര്‍.

ചിലസ്ഥാപനങ്ങള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍  ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ഇത് യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം സമീപനങ്ങള്‍ യത്തീംഖാന പ്രവര്‍ത്തകര്‍ ഒഴിവാക്കണം.

ചിലപ്പോഴൊക്കെ വാര്‍ഡന്മാരുടെ ഭാഗത്തുനിന്ന് ലൈംഗിക ചൂഷണങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം ജീവനക്കരെ ഉടനെ പുറത്താക്കുകയും ഇവരെ മറ്റു സ്ഥാപനങ്ങളില്‍  നിയമിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.

ക്രിസ്ത്യന്‍ മിഷനറിമാരും മറ്റും നടത്തുന്ന ഓര്‍ഫനേജുകളില്‍  ട്രെന്‍ഡ് കേര്‍ടേക്കര്‍മാര്‍ ഉണ്ടാവും. മുസ്ലിം ഓര്‍ഫനേജുകളിലാണ് ഇത്തരം ആളുകളുടെ അഭാവം ഉണ്ടാവുന്നത്.

നിലവില്‍  കേര്‍ടേക്കര്‍മാര്‍ക്ക് 5000 രൂപ മുതല്‍  10,000 രൂപ വരെ ശമ്പളം ലഭിക്കാറുണ്ട്. ഭക്ഷണവും താമസവും സൗജന്യവുമാണ്.

പൊതുവെ പെണ്‍കുട്ടികളുടെ ഓര്‍ഫനേജുകളില്‍  ഓടിപ്പോവുന്ന പ്രശ്‌നവും, ലൈംഗികചൂഷണവും കുറവാണ്. അവരെ വിവാഹ പ്രായമെത്തുന്നത് വരെ പഠിപ്പിക്കാനും, വിവാഹം ചെയ്തുകൊടുക്കാനും, ജീവിക്കാനുളള തൊഴില്‍  പരിശീലിപ്പിക്കാനും ഓര്‍ഫനേജുകള്‍ ശ്രദ്ധിക്കുന്നുണ്ട്.

ആധുനിക കാലഘട്ടത്തിനനുസരിച്ച് കുട്ടികളെ ശ്രദ്ധിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനും ഓര്‍ഫനേജ് സംഘാടകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓര്‍ഫനേജുകള്‍ ഓര്‍മപ്പെടുത്തുന്നത്...
Kookanam-Rahman
(Writer)
കുട്ടിക്കടത്തും ഡിവിഷന്‍ നിലനിര്‍ത്താനുളള കുറുക്കുവഴികളും മറ്റും അനാഥാലയങ്ങളുടെ മറവില്‍  നടത്തുന്നവര്‍ നന്മമാത്രം കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കും.

സമൂഹത്തില്‍  പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുളള കുഞ്ഞുങ്ങളാണ് ഇവിടെ എത്തപ്പെടുന്നത്. ഇവരെ നേരായ വഴിക്ക് നയിച്ച് സമൂഹത്തില്‍  നന്മവിളയിക്കാന്‍ പ്രാപ്തിയുളളവരാക്കി മാറ്റാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകര്‍ എല്ലാവരാലും ശ്ലാഘിക്കപ്പെടുക തന്നെ വേണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kookanam-Rahman, Article, Orphans, Child, Students, Molestation, School. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia