Verdict | റിയാസ് മൗലവി വധക്കേസ് വിധിയും ചില നഗ്ന സത്യങ്ങളും
Apr 2, 2024, 00:50 IST
സ്വിദ്ദീഖ് നദ് വി ചേരൂർ
(KasargodVartha) കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ പോലീസിൻ്റെ ഭാഗത്ത് നിന്നോ പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നോ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഉറപ്പിച്ച് പറയുന്നു. തങ്ങളുടെ കക്ഷികൾ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം വക്കീലും അവകാശപ്പെടുന്നു. അപ്പോൾ കുറ്റം ആരുടെ ഭാഗത്താണ്? കൊല്ലപ്പെട്ട ഇരയുടെ ഭാഗത്താണോ? അദ്ദേഹം കാസർകോട് വന്ന് താമസിച്ചതാണോ കുഴപ്പം? പള്ളിയുടെ റൂമിൽ കിടന്നുറങ്ങിയതോ? അതോ, അദ്ദേഹത്തിൻ്റെ പേരും വേഷവുമാണോ കുഴപ്പം സൃഷ്ടിച്ചത്? ആകെ കൂടി ആശയക്കുഴപ്പം വർധിപ്പിക്കുകയാണ് അസാധാരണ കോടതി വിധിയുടെ അലയൊലികൾ.
ഒരു കാര്യം വ്യക്തമാണ്. അവിടെ ഒരു ഏറ്റുമുട്ടൽ നടന്നിട്ടില്ല. അദ്ദേഹം ആരുമായും വഴക്കോ അടിപിടിയോ നടത്തിയിട്ടില്ല. ഒരു മുസ്ലിം ആരാധനാലയത്തിൻ്റെ കോമ്പൗണ്ടിൽ കിടന്നുറങ്ങിയ വ്യക്തി, സ്വാഭാവികമായും അതൊരു മുസ്ലിമായിരിക്കുമല്ലോ. ഒരു പ്രകോപനവുമില്ലാതെ അയാളെ കിടപ്പുമുറിയിൽ കയറി വന്നു കഴുത്തറുത്തു കൊല്ലുക! അതും മറ്റൊരു മതത്തിൽ പെട്ട മൂന്ന് ചെറുപ്പക്കാർ. അവർ മൂന്ന് പേരും മുസ്ലിം വിരോധത്തിൽ പേര് കേട്ട ഒരു സംഘടനയിൽ പെട്ടവരാണെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു. അതിന് മുമ്പ് പരിസര പ്രദേശങ്ങളിൽ സാമുദായികാടിസ്ഥാനത്തിൽ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ ഉണ്ടായതും കൂട്ടി വായിക്കുക. ഇവർ മുമ്പും ചില അക്രമ പ്രവർത്തനങ്ങളിൽ പ്രതികളായിരുന്നുവെന്നതും ഓർക്കുക.
എന്നിട്ടും ഇതിൻ്റെ പിന്നിലെ വർഗീയ അജണ്ട ന്യായാധിപന്മാർക്ക് ബോധ്യപ്പെടാതെ പോവുന്നു. മൂന്ന് പേരും കേസിൽ വെറുതെ വിടാൻ മാത്രം പുണ്യം ചെയ്തവരാണെന്ന അഭിപ്രായം ആർക്കുമില്ല. എങ്ങനെയാണ് ഇത്തരം വിധികൾ പ്രഖ്യാപിച്ച് ന്യായാധിപന്മാർക്ക് ഉറങ്ങാൻ കഴിയുക എന്ന് ഇരയുടെ ബന്ധുക്കൾ ചോദിക്കുന്നു. ഈ കൊല്ലപ്പെട്ട വ്യക്തി മറ്റൊരു വിഭാഗത്തിൽ പെട്ടയാളായിരുന്നെങ്കിൽ ഇതേ വിധിയായിരിക്കുമോ ഉണ്ടാവുക?
ഇത്ര പച്ചയ്ക്ക് വർഗീയ കലാപം ലക്ഷ്യം വച്ച്, ആസൂത്രിതമായി നടത്തിയ കൊലപാതകത്തിലെ പ്രതികൾ ഒരു പ്രാണിയെ കൊന്ന കുറ്റബോധം പോലുമില്ലാതെ ജയിലിൽ നിന്ന് ഇറങ്ങിപ്പോകാൻ വഴിയൊരുക്കിയ ആ വിധി, സമൂഹത്തിന് നൽകുന്ന സന്ദേശം എന്തായിരിക്കും? അവർക്കും സമാന ചിന്താഗതിക്കാർക്കും കൂടുതൽ കുറ്റകൃത്യങ്ങൾ തുടരാനുള്ള പ്രചോദനവും പ്രോത്സാഹനവുമല്ലേ ഈ വിധി നൽകുക? അത് വീണ്ടും പ്രദേശത്ത് സംഘർഷാത്മക അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമാവില്ലേ? ഇതൊന്നും കണക്കിലെടുക്കേണ്ടത് ന്യായാധിപന്മാരുടെ പണിയല്ലെന്നായിരിക്കും ന്യായം. കേട്ടവർ, കേട്ടവർ അമ്പരന്ന് പോകും വിധമുള്ള വിധിയിലൂടെ കൊല്ലപ്പെട്ട ഇരയുടെ ബന്ധുക്കളെ വീണ്ടും കൊല്ലാക്കൊല ചെയ്യുകയല്ലേ?
എന്നാൽ ക്രമസമാധാന പാലനം മുഖ്യ അജണ്ടയായ ആഭ്യന്തര വകുപ്പിൻ്റെ തലവനായ മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് ഇതൊന്നും ആലോചിക്കാൻ കഴിഞ്ഞില്ലെന്നതും ചർച്ച അർഹിക്കുന്ന വിഷയമാണ്. ഇത് വരെയായി വിഷയത്തിൽ ഒന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി അർത്ഥഗർഭമായ മൗനത്തിലായിരുന്നു. ഒടുവിൽ ഒരു ഞെട്ടൽ പ്രകടിപ്പിച്ചതായും കാണുന്നു. അതിന് തന്നെ ഒന്നര ദിവസത്തോളം സമയമെടുത്തു. വിധിക്കെതിരെ അപ്പീലിന് പോകുമെന്ന ഒരു പ്രസ്താവനയും കണ്ടു. അത് എത്രത്തോളം വിശ്വസിക്കാം. ഇത്തരം വാചക സേവ (ജുംല ബാസി) കൊണ്ട് ചിലരെയൊക്കെ അടക്കി നിർത്താനും മറ്റു ചിലരെ ആവേശം കൊള്ളിക്കാനും കഴിയുമെന്ന അനുഭവ ബോധ്യമല്ലേ മുഖ്യമന്ത്രിക്ക് ഇത്ര ലാഘവബുദ്ധിയോടെ വിഷയത്തെ സമീപിക്കാൻ തുണയായതെന്ന് സംശയിച്ചു പോവുകയാണ്.
സിദ്ധാർത്ഥ് വധക്കേസ് സിബിഐക്ക് വിടുന്നതായി പ്രസ്താവനയിറക്കിയതല്ലാതെ വിഷയത്തിൽ കാര്യമായ പുരോഗതിയൊന്നും കാണാത്തതിനാൽ പിതാവ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്താൻ ഒരുങ്ങുകയാണെന്ന കാര്യവും ഇവിടെ ഓർക്കാവുന്നതാണ്. ചിലരെ നല്ല വാചകങ്ങൾ നൽകി അടക്കി നിർത്തുക. അകത്ത് മറ്റ് ചിലർക്ക് യഥേഷ്ടം അജണ്ടകൾ നടപ്പാക്കാൻ വിട്ടു കൊടുക്കുക. ഇതാണ് കഴിഞ്ഞ കുറച്ചു കാലമായി കണ്ടുവരുന്നത്. നിസ്സഹായവസ്ഥ കൊണ്ടായിരിക്കാം. നീതിപൂർവം നീങ്ങിയാൽ മറ്റു ചിലർ പിണങ്ങും. അത് സർക്കാറിനെതിരെ കേന്ദ്രത്തിൽ നിന്ന് ചില നീക്കങ്ങൾക്ക് വഴി തുറക്കും. അതിൻ്റെ പേരിലാണ് ഈ കാട്ടിക്കൂട്ടലെന്ന് വേണം അനുമാനിക്കാൻ. എന്തായാലും ഒന്നിന് പുറകെ മറ്റൊന്നായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം നെറികേടുകളെ കേവലം യാദൃശ്ചിക സംഭവമായി തള്ളിക്കളയാനാവില്ല.
കൂടാതെ, കൊലപാതകം നടന്ന വേളയിൽ തന്നെ ഇവർക്കെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യം ഉയർന്നപ്പോൾ അത് നിരാകരിച്ച ആൾ കൂടിയാണ് മുഖ്യമന്ത്രി. ഇതിലും എത്രയോ നിസ്സാരമായ കേസിൽ കോഴിക്കോട്ടെ അലൻ - താഹ എന്നീ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതും അതിനെ മുഖ്യമന്ത്രി പലവട്ടം ന്യായീകരിച്ചതും കേരളീയർ കണ്ടതാണ്. ഇന്നലെത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി അതേ നിലപാട് ആവർത്തിക്കുകയായിരുന്നു.
അതോടൊപ്പം കേസിൽ പോലീസും കോടതിയും ഒത്തുകളിച്ചുവെന്ന ആരോപണവും നിലനിൽക്കുന്നു. അല്ലെങ്കിൽ ഇത്ര ഗുരുതരമായ കേസിൽ, കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയൊരു അപ്രതീക്ഷിത വിധി എങ്ങനെ വന്നുവെന്ന് പലരും അമ്പരക്കുകയാണ്. ഇവിടെ ഇങ്ങനെയൊക്കെ നിയമവും നീതിന്യായ വ്യവസ്ഥയും കണ്ണടയ്ക്കുമെങ്കിൽ സംഘിപരിവാറിന് സർവാധിപത്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കേസുകളുടെ ഗതിയെന്തെന്ന് പറയേണ്ടതില്ലല്ലോ.
ഏതായാലും അപ്പീൽ നൽകുമെന്ന അധികൃതരുടെ ഉറപ്പിൽ തൽക്കാലം വിശ്വാസം അർപ്പിക്കാം. ഒപ്പം അത് വൈകുകയോ നീക്കു പോക്ക് ലക്ഷണങ്ങൾ വീണ്ടും അനുഭവപ്പെടുകയോ ചെയ്താൽ പ്രദേശത്തെ മനുഷ്യ സ്നേഹികളും മനുഷ്യാവകാശ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങാൻ ഒരുങ്ങി നിൽക്കേണ്ടിയും വരും. ഇത്തരം അനുഭവങ്ങൾ ഒറ്റപ്പെട്ട കാര്യമായി തള്ളിക്കളയാനാവില്ല. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങൾക്കിടയിൽ ജില്ലയിൽ നടന്ന ഒരു ഡസനിലധികം കൊലപാതകങ്ങളിൽ ഒരു വിഭാഗത്തിൽ നിന്ന് കൊല്ലപ്പെട്ട കേസുകൾ ബഹുഭൂരിഭാഗവും വെറുതെ വിട്ടതിൻ്റെ പിന്നാമ്പുറങ്ങൾ കൂടി തോണ്ടിയെടുക്കേണ്ടി വരും. ജനങ്ങളുടെ ആത്മസംയമനത്തെ ദൗർബല്യമായി കാണുന്ന പ്രവണത ആപൽക്കരമാണ്.
Keywords: Article, Editor’s-Choice | ലേഖനം, Riyas Moulavi, Murder Case, Article, Verdict, Opinion about Riyaz Moulavi murder case verdict.