city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരസഭ ഇരുപത്തി ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥിക്ക് ഒരു തുറന്ന കത്ത്

(www.kasargodvartha.com 28/10/2015)

പ്രീയപ്പെട്ട സ്ഥാനാര്‍ത്ഥി മുജീബ്,

താങ്കള്‍ ഇരുപത്തിയൊമ്പതാം വാര്‍ഡായ തളങ്കര പടിഞ്ഞാറില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവരം അറിഞ്ഞു, സന്തോഷം.
വികസനം ഇല്ലെങ്കിലും എളുപ്പം ജയിച്ചു കയറാവുന്ന ഈ വാര്‍ഡില്‍ ഒരു ഇലക്ട്രിക് പോസ്റ്റിനെ നിര്‍ത്തിയാലും മുസ്ലിം ലീഗിന് വിജയം ഉറപ്പാണെന്ന സ്ഥിതി വിശേഷമാണ് ഇത് വരെ ഉണ്ടായിരുന്നത്. അതിന് കാരണം ഈ വാര്‍ഡിലെ നാട്ടുകാരുടെ അജ്ഞതയോ അന്ധമായ ലീഗ് താല്പര്യമോ അല്ല. മുതിര്‍ന്ന പ്രവര്‍ത്തകരോടുള്ള അളവറ്റ ബഹുമാനവും രാഷ്ട്രീയ പരിചയ സമ്പന്നരോടുള്ള അമിത വിശ്വാസവും ആയിരുന്നു. കാപട്യം നിറഞ്ഞ രാഷ്ട്രീയ ചുറ്റുപാടിലും പൊതു പ്രവര്‍ത്തകരെ സംശയമില്ലാതെ സ്വീകരിക്കുന്ന നന്മ നിറഞ്ഞ സംശുദ്ധ നിവാസികള്‍. അതൊരു പോരായ്മയായി കാണരുതെ.

താങ്കള്‍ പ്രചാരണത്തിന്റെ ഭാഗമായി പല സ്ഥലങ്ങളും സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ പടിഞ്ഞാര്‍ കുന്നിലിന്റെ ചുറ്റുപാടുകളിലും ഇറങ്ങി ചെല്ലുന്നുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. അവിടത്തെ ചില സ്ഥലങ്ങളില്‍ നിന്നും ലഭിച്ച ചായ സല്‍ക്കാരത്തെ കുറിച്ചും വോയിസ് ക്ലിപ്പിലൂടെ പറയുന്നത് കേട്ടു. അതൊരു ആവേശമാണെന്നു തെറ്റിദ്ധരിക്കരുതെ. നിഷ്‌കളങ്കമായ മനസ്സുകളുടെ ആതിഥ്യ മര്യാദയാണ് സര്‍. അവിടത്തെ വീട്ടുകാരുടെ സ്വീകരണത്തിനു പകരമായി അവരുടെ ആവശ്യങ്ങള്‍ എന്താണെന്ന് ചോദിച്ചറിയണം. അവരുടെയൊക്കെ നാവുകളില്‍ നിന്നും ആദ്യം ഉച്ചരിക്കുന്ന പദം 'റോഡ്' എന്നായിരിക്കും. ആ റോഡിനെ കുറിച്ച് എന്തെങ്കിലും വ്യക്തമായ അറിവുണ്ടെങ്കില്‍ മാത്രമേ താങ്കള്‍ ആ ഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുള്ളു.

താങ്കള്‍ അറിയണം. ആ റോഡിന് വേണ്ടിയുള്ള മുറവിളിക്ക് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കാടുകള്‍ നാടായി വിപ്ലവകരമായ പരിവര്‍ത്തനം നടക്കുന്ന ഈ കാലത്ത്, പടിഞ്ഞാര്‍ കുന്നിലിന്റെ മുക്കിലും മൂലയിലും എന്തിന്, പുഞ്ചവയല്‍ പോലും നികത്തി വീടുകള്‍ തിങ്ങി നിറഞ്ഞ് ശ്വാസം മുട്ടുമ്പോഴും ഏതൊരു നാടിന്റെയും അടിസ്ഥാന ആവശ്യമായ റോഡ് എന്നത് ഈ നാട്ടുകാര്‍ക്ക് വെറുമൊരു സാക്ഷാല്‍കരിക്കാത്ത സ്വപ്നം മാത്രമാകുന്നു.


താങ്കളുടെ പ്രചരണ സന്ദേശത്തില്‍ സ്വപ്നം കാണുന്ന ക്ലീന്‍ സിറ്റി കൊള്ളാം. ലക്ഷം തികയില്ലെങ്കിലും ലക്ഷ്യം നല്ലത് തന്നെ. അതിനു മുമ്പേ പടിഞ്ഞാര്‍ കുന്നിലിന്റെ ഹൃദയ ഭാഗങ്ങളെ കീറി മുറിച്ചു കടന്നു പോകുന്ന മലിന ജലമൊന്നു ശ്വസിക്കണം, ദുര്‍ഗന്ധവും രോഗവും പരത്തുന്ന ആ മലിന ജലത്തിന്റെ ഉറവിടം ഒന്ന് കാണാന്‍ ശ്രമിക്കണം, കൂടെ ഉപ്പു വെള്ളവും ചെളി വെള്ളവും കുടിക്കുന്ന ഒരുപാട് കുടുംബങ്ങളുടെ ആവലാതികളും.

വേണ്ട സര്‍, താങ്കള്‍ ഒരു മഴക്കാലത്ത് ആ റോഡ് വഴി ഒന്ന് നടന്നു വരണം, എന്നിട്ട് നേരിട്ട് അനുഭവിച്ചറിയണം ദുസ്സഹമായ കാല്‍ നടയുടെ സുഖം. നൂറു കണക്കിന് വീടുകള്‍, ദിനേന സ്‌കൂളിലേക്ക് പോകുന്ന കുട്ടികളുടെ യാത്ര ക്ലേശങ്ങളും അസൗകര്യം കാരണം നിത്യേന റയില്‍ പാളം മുറിച്ചു കടക്കുന്ന അപകട സാധ്യതയും. രോഗ ശയ്യയില്‍ ആശുപത്രിയിലേക്ക് പോകുവാന്‍ ഓട്ടോ ഇറങ്ങി വരില്ല ആ റോഡിലേക്ക്, വന്നവര്‍ക്ക് അധിക വാടക നല്‍കണം, വാഹനം തകരാറിലാക്കിയതിനും പെട്രോള്‍ കുടിപ്പിച്ചതിനും. ആ റോഡിലൂടെ ജീവിതത്തില്‍ കുലുങ്ങി കുലുങ്ങി യാത്ര ചെയ്ത നാട്ടുകാര്‍ എപ്പോഴെങ്കിലും മരിച്ചാല്‍ ഒന്ന് ശരീരം അനക്കാതെ പള്ളിയിലോട്ടെടുക്കാന്‍ പോലും ഭാഗ്യം ലഭിക്കാതെ പോകുന്നവര്‍.. ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട് സര്‍, മയ്യിത്തിനെയും ചുമന്നു കൊണ്ട് പോകുന്ന വേളയില്‍ ചളിയില്‍ അമര്‍ന്ന കാല്‍ എടുക്കാന്‍ പ്രയാസപ്പെട്ടു മുഴങ്ങുന്ന ശഹാദത്തിന് കലിമകള്‍ നിലച്ചു പോയ സന്ദര്‍ഭം, ഞാന്‍ ആരെയാണ് പഴിക്കേണ്ടതെന്ന് തിരിച്ചറിയാതെ സ്വയം വിലപിച്ചു പോയ നിമിഷം.

പ്രവാസിയായ ഞാന്‍ അവസാനമായി നാട്ടിലായിരുന്നപ്പോള്‍ ഒരുപാട് കല്യാണങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഖാദര്‍ ബങ്കരയുടെ മകളുടെ കല്യാണം, വരന്‍ പടിഞ്ഞാര്‍ കുന്നിലിലെ എന്റെ ബന്ധു കൂടിയായ  അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ നദീര്‍ ആയിരുന്നു.  മാലിക് ദീനാര്‍ പള്ളിയില്‍ വെച്ച് നിക്കാഹ് കഴിഞ്ഞ് ഇരുട്ടുള്ള രാത്രിയില്‍ ശക്തമായ മഴ പെയ്ത സമയം ചിലര്‍ വാഹനം എടുത്തും, അപകടം മനസ്സിലാക്കിയ മറ്റു ചിലര്‍ കാല്‍ നടയായും വരന്റെ വീട്ടിലേക്ക് സല്‍ക്കാരത്തിന് വന്ന ആ ദുരനുഭവം ആരും മറന്നു കാണില്ല. പ്രയാസപ്പെട്ട് അന്നവിടെ വന്നവരൊക്കെ സംസാരിച്ചത് ഈ റോഡിനെ കുറിച്ചായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന വിശിഷ്ടാതിഥി സ്ഥലം എം എല്‍ എ.  എന്‍ എ നെല്ലിക്കുന്ന് അവിടത്തെ യാത്രാ ക്ലേശങ്ങള്‍ നേരിട്ടനുഭവിച്ചപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം എന്തിനാണ് ഈ നാട്ടുകാര്‍ ഇത്രയും മുറവിളി കൂട്ടുന്നതെന്ന്.

മറ്റൊരു കല്യാണത്തിന് ഇരുട്ടുള്ള രാത്രിയിലെ ചാറ്റല്‍ മഴയില്‍ വില കൂടിയ വസ്ത്രങ്ങളൊക്കെ ധരിച്ചു മണവാട്ടിയെ ചമയിച്ചൊരുക്കാന്‍ വന്ന പെണ്‍കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം ഈ റോഡിലൂടെ ബസ്  ഇറങ്ങി വരാന്‍ വിസമ്മതിച്ചത് കാരണം ബസ്സില്‍ നിന്നും ഇറങ്ങി കാല്‍ നടയായി കുറച്ചു ദൂരമുള്ള വീട്ടിലേക്ക് പോകവേ അതിലൊരു പെണ്‍കുട്ടിയുടെ ചെരുപ്പിന്റെ കൂര്‍ത്ത ഭാഗം ചളിയില്‍ അമര്‍ന്നു ചളിയിലേക്ക് മറിഞ്ഞു വീണു. കൂട്ടത്തില്‍ ഒരു സ്ത്രീ ഓടി ചെന്ന് കൈ പിടിച്ചു ഉയര്‍ത്തുമ്പോള്‍ പറഞ്ഞ വാക്കുകള്‍ താങ്കളറിയണം സര്‍. 'ഞാന്‍ കരുതിയത് തളങ്കര എന്ന് കേട്ടപ്പോള്‍ സ്വര്‍ഗം പോലുള്ള നാടാണെന്ന്, ഇതൊരു ഹള്ളിയാണന്റെ റബ്ബേ. ഇവിടത്തെ ആള്‍ക്കാര്‍ വോട്ട് കുത്തുന്നതിന് പകരം സ്ഥാനാര്‍ഥിയുടെ മുഖത്തേക്ക് കുത്തിയിരുന്നുവെങ്കില്‍ ഇവര്‍ക്കെപ്പോഴെ റോഡ് ആകുമായിരുന്നു'. സര്‍, ആ ആള്‍ക്കാരുടെ മുമ്പിലേക്കാണ് സ്ഥാനാര്‍ഥിയായി താങ്കള്‍ വരുന്നത്.

ഈ പറയുന്നത് കാസറകോടിന്റെ ഏതെങ്കിലും കുഗ്രാമത്തിന്റെ കഥയല്ല സര്‍. വികസന വിപ്ലവം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന തളങ്കരയുടെ മണ്ണില്‍... ചരിത്രമുറങ്ങുന്ന ലോക പ്രശസ്തമായ മാലിക് ദീനാര്‍ പള്ളിയില്‍ നിന്നും പുറത്ത് ഇറങ്ങിയാല്‍ വലത്തോട്ട് തിരിയുന്ന പ്രധാന റോഡ്. നെച്ചിപ്പടപ്പ് വഴി കുന്നിലും കടന്ന് പടിഞ്ഞാറിനെ ബന്ധിപ്പിച്ച് കിലോ മീറ്ററുകളുടെ ദൈര്‍ഘ്യം ലഘൂകരിക്കുന്ന ഏക പോം വഴിയാണ്. കാസര്‍കോടിന്റെ ചരിത്രം മാറ്റിയെഴുതിയ നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള അടക്കം പല പ്രമുഖരും ജനവിധി തേടി ജയിക്കുകയും ചിലപ്പോഴൊക്കെ എതിരില്ലാതെ ലീഗ് സ്ഥാനാര്‍ഥികളെ സ്വീകരിക്കുകയും ചെയ്ത നാട്

സര്‍, ഈ റോഡിന് വേണ്ടിയുള്ള ഓട്ടത്തിനിടയ്ക്ക് പണം കെട്ടി വെക്കണമെന്ന ഉപാധിയില്‍ സെന്‍ട്രല്‍ റെയില്‍വേയുടെ അനുമതിയൊക്കെ ലഭിച്ചതാണ്. കെട്ടി വെക്കേണ്ടത് ആദ്യം ഇരുപത്തിഒമ്പത്  ലക്ഷവും, പിന്നെ അത് ഉയര്‍ത്തി  നാല്പത്തി നാലും, പിന്നെ അറുപത്തി ആറു ലക്ഷവുമായി. അപേക്ഷിക്കുന്ന സമയത്തുള്ള സ്ഥലത്തിന്റെ വിലയിലുള്ള വേരിയേഷന്‍ ആണത്രേ കാരണം. എം.എല്‍.എ.യും എം.പി.യും കുറച്ച് ഫണ്ട് അനുവദിച്ചു തന്നു. പൊതു റോഡിന് നാട്ടുകാര്‍ പണം കണ്ടെത്തുക എന്നത് ഈ നാട്ടുകാര്‍ക്ക് കേട്ട് കേള്‍വി ഇല്ലാതിരുന്നിട്ടും കുറച്ചു ഫണ്ട് നാട്ടുകാരും സ്വരൂപിച്ചു ചേര്‍ത്ത് നാല്പത് ലക്ഷത്തോളം പണം തയ്യാറാക്കി സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. പറയുന്ന സമയത്ത് പണം നല്‍കുവാനുള്ള സമ്പന്നതയൊന്നും ഈ നാട്ടുകാര്‍ക്കില്ല, ഒരല്പം ഉള്ളവര്‍ നാടിന്റെ വികസന സ്വപ്നങ്ങളില്‍ വിശ്വാസമറ്റ് നാടുമായുള്ള ബന്ധം മുറിച്ചു ഗതാഗത സൗകര്യമുള്ള മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്ത് കൊണ്ടിരിക്കുന്നു.

എക്കാലവും മുസ്ലിം ലീഗിനെ ഒരു പിരിമുറുക്കവുമില്ലാതെ വിജയിപ്പിക്കുകയും,  വര്‍ഷങ്ങളോളം കാസര്‍കോട് നഗരസഭ മുസ്ലിം ലീഗ് തന്നെ ഭരിച്ചിട്ടും പതിറ്റാണ്ടുകളുടെ മുറവിളികള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ ഈ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നത് ഏറെ സങ്കടപ്പെടുത്തുന്നു.  ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താല്പര്യ പ്രകാരം മറ്റൊരു ഫണ്ടില്‍ നിന്നും ഈ റോഡിന് വേണ്ടി പണം അനുവദിച്ചിട്ടുണ്ട് എന്നാണു അധികൃതര്‍ പറയുന്നത്. ഇതിന്റെ നിജസ്ഥിതി എന്താണെന്നോ,  ഏത് തലമുറക്കാണ് ഇതനുഭവിക്കാന്‍ കഴിയുകയെന്നോ, ഇതിന്റെ വരും വരായ്കകള്‍ എങ്ങനെയാണെന്നോ നാട്ടുകാര്‍ക്ക് വിശ്വസനീയമാം വിധം അവതരിപ്പിക്കാനുള്ള രേഖകള്‍ തല്‍കാലം ലഭ്യവുമല്ലത്രെ.

ടി ഇ അബ്ദുള്ളയും, എ അബ്ദുര്‍ റഹ്മാനും, എന്‍ എ നെല്ലിക്കുന്നും, യഹ് യ സാഹിബുമൊക്കെ ഇതിനു വേണ്ടി പരിശ്രമിച്ചതിന്റെ കൃതജ്ഞത ഞങ്ങള്‍ മറച്ചു വെക്കുന്നില്ല, വളരെ ആത്മാര്‍ഥമായി തന്നെ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പക്ഷെ ശ്രമം കൊണ്ട് വാഹനം ഓടിക്കാനാവില്ലല്ലോ സര്‍, അതിന് ഗതാഗത സൗകര്യം തന്നെ വേണ്ടേ! വാര്‍ഡും, ജില്ലയും, സംസ്ഥാനവും എന്തിന് കേന്ദ്രം പോലും കോണ്‍ഗ്രസ്സും ലീഗും ഒന്നിച്ച് ഭരിക്കുന്ന കാലം കടന്നു പോയിട്ടും യഹ് യ സാഹിബ് ചെയര്‍മാന്‍ ആയി ഉയര്‍ത്തിയ ആക്ഷന്‍ കമ്മിറ്റിയുടെ തികച്ചും അനിവാര്യമായ ആവശ്യങ്ങള്‍ സാക്ഷാല്‍കരിക്കുവാന്‍ ഇത് വരെ കഴിഞ്ഞില്ല എന്നറിയുമ്പോള്‍ അവഗണനയുടെ നൊമ്പരം വല്ലാതെ വേട്ടയാടുകയാണ്.

സര്‍, മുജീബ് എന്ന വ്യക്തിയോട് ഞങ്ങള്‍ക്ക് യാതൊരു വിരോധവുമില്ല. താങ്കളുടെ സ്ഥാനാര്‍ഥിത്വം നേതൃത്വം ഏല്‍പിച്ച ജോലിയാണെന്ന് അറിയാം. നാടിന്റെ ക്ഷേമത്തിനും നാട്ടുകാരെ സേവിക്കാനുമുള്ളതാണല്ലോ ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. മുന്‍കാലങ്ങളില്‍ സേവന പാരമ്പര്യമുള്ള അന്യ പ്രദേശത്തെ ആളുകളെ ഈ വാര്‍ഡില്‍ പരിഗണിച്ചതിന്റെ പിന്നാമ്പുറം മനസ്സിലാക്കാം, പക്ഷേങ്കില്‍ തൊണ്ണൂറു ശതമാനം ജനങ്ങളും ആവശ്യപ്പെട്ട നാട്ടുകാരനായ ഫിറോസ് എന്ന വ്യക്തിയെ അവസാന നിമിഷത്തിന്റെ ലിസ്റ്റില്‍ പേരില്ലെന്ന് പറഞ്ഞു 'മേലെ'ന്ന് തഴഞ്ഞതിന്റെ നിഗൂഡതയാണ് മനസ്സിലാവാത്തത്. ജനാധിപത്യ സംവിധാനത്തിലൂടെ ജനം 'മേലെ'ക്ക് തിരഞ്ഞെടുത്തവര്‍, വോട്ട് നല്‍കിയ അതെ ജനങ്ങളുടെ ശുപാര്‍ശകളെ എങ്ങനെയാണ് നിരാകരിക്കുക.

ഒരുപക്ഷെ ചിലര്‍ക്കെങ്കിലും എന്നോട് നീരസം തോന്നിയേക്കാം. ഇതാരുടെയെങ്കിലും പ്രേരണ കൊണ്ടോ, ഏതെങ്കിലും പാര്‍ട്ടിക്ക് വിധേയമായോ അല്ല ഈ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. മറിച്ച്, ഇതേ നാട്ടില്‍ ജനിച്ചു ഉപ്പും ചോറും കഴിച്ചു വളര്‍ന്ന് ഈ പ്രദേശങ്ങളിലെ രാഷ്ട്രീയ കച്ചവടത്തിന്റെ  നെല്ലും പതിരും തിരിച്ചറിഞ്ഞ ഒരു വ്യക്തി എന്ന നിലയില്‍ ഇത്രയെങ്കിലും ശബ്ദം ഉയര്‍ത്തേണ്ടത് ഒരു പൗരന്റെ അവകാശവും ആവശ്യവും ആണെന്ന ഉത്തമ ബോധത്തോട് കൂടിയാണ്. അത് കൊണ്ട് ലീഗിന്റെ ചില അന്യായ തീരുമാനങ്ങള്‍ക്ക് എതിരെ ഈ വാര്‍ഡിലെ ഉറച്ച ലീഗുകാരിലും ഇന്ന് കാണുന്ന പ്രതിഷേധ വികാരങ്ങളെ നിസ്സാരവല്‍ക്കരിക്കരുതെ.

സര്‍, എത്ര അവഗണന നേരിട്ടാലും റോഡ് എന്നത് നാട്ടുകാരില്‍ എരിയുന്ന കനലായി മാറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും വിശ്വാസമര്‍പ്പിച്ചു താങ്കളുടെ വിജയത്തിന് വേണ്ടി നാട്ടുകാര്‍ പ്രചരണത്തിന് ഇറങ്ങുകയോ വിജയിപ്പിക്കുകയോ ചെയ്‌തേക്കാം. ഒരഭ്യര്‍ത്ഥന മാത്രമേ ഉള്ളു. നടക്കാത്ത വാഗ്ദാനങ്ങളും പ്രലോഭനങ്ങളും പ്രചരണ നിഘണ്ടുവില്‍ നിന്നും എടുത്ത് മാറ്റുക. സാധ്യമാവുന്നവ മാത്രമേ പറയാവു. കാരണം, ഇനിയൊരു അവഗണന സഹിക്കാനുള്ള കരുത്ത് നാട്ടുകാര്‍ക്ക് ഉണ്ടായെന്ന് വരില്ല. ഓര്‍ക്കുക,  എരിയുന്ന കനലില്‍ അഗ്‌നി പടര്‍ന്ന്! ജ്വാലയായി ആളി കത്തുന്ന കാലം വിദൂരമല്ല.

ജലാല്‍ തായല്‍
ഒരു പരിസരവാസി
കാസര്‍കോട് നഗരസഭ ഇരുപത്തി ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥിക്ക് ഒരു തുറന്ന കത്ത്

Keywords: Article, Thalangara, Election-2015, Open letter to a candidate, Jalal Thayal, Moti Silks

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia