പണമില്ലാതെ നഗരസഭകള്‍ക്ക് ആര്യാടന്റെ വക ഒന്നരക്കോടി
Jan 24, 2012, 10:27 IST
സംസ്ഥാനത്തെ ഓരോ നഗരസഭകള്‍ക്കും ഒന്നര കോടി രൂപാ വീതം പ്രവര്‍ത്തന ഫണ്ട് അനുവദിച്ചതായി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്ഥാവന ജനങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഗ്രാമ സഭകളെ അപേക്ഷിച്ച് നരകയാതനയനുഭവിക്കുന്നത് നഗരസഭകളാണ്. കെടുകാര്യസ്ഥതയും പണം സ്വരൂപിക്കാന്‍ ആളും അര്‍ത്ഥവുമില്ലാതെ വകുപ്പ് കുഴങ്ങുകയാണ്.
പുതുതായി പിറന്നു വീണ നിലേശ്വരം നഗരസഭയിലെ അദ്ധ്യക്ഷ ശ്രിമത ഗൗരി ഊര്‍ദ്ധ്വ ശ്വാസം വലിക്കുകയാണ്. പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ തന്നെയാണ് നഗര സഭയും പ്രവര്‍ത്തിക്കുന്നത്. സഹ ഭരണ കര്‍ത്താക്കള്‍ക്ക് ഇരിപ്പിടം പോലും വിരളം. കെട്ടിടത്തില്‍ നിന്നു തിരിയാന്‍ പോലും ഇടമില്ല. എന്നും ഏപ്പോഴും സങ്കീര്‍ണമായ അന്തരീക്ഷമാണ് നഗരസഭ ഭരിക്കുന്നത്. നഗര സഭയോടൊപ്പം ജനിച്ചു വീണ പ്രതിസന്ധിയാണ് മാലിന്യ പ്രശ്‌നം. എത്ര ശ്രമിച്ചാലും ഗൗരിയില്‍ നിന്നും ഓടി ഒളിക്കുന്ന തീരാത്ത പ്രശ്‌നങ്ങള്‍ സഭ ഭരിക്കുന്നു. കോവളത്തു നിന്നും കോട്ടപ്പുറം വരെയുള്ള സംസ്ഥാന ജല പാത പയസ്വനിയുടെ പാട്ടു കേട്ട് മയങ്ങി കിടക്കുന്നു. മുഖ്യ മന്ത്രി പ്രഖ്യാപിച്ച ഈ ബൃഹത്ത് പദ്ധതിയുടെ ഫയല്‍ വെള്ളത്തില്‍ നനഞ്ഞു കിടക്കുന്നു.
കാഞ്ഞങ്ങാട് നഗരസഭ അഴിമതിയുടെ കയത്തിലാണ്. കൈക്കുലി കൊടുത്തതും കിട്ടിയതും പോരെന്ന ആരോപണം നഗര സഭാ സമിതിയിടെ തലക്ക് പിടിച്ചിരിക്കുകയാണ്. കോട്ടച്ചേരിയിലെ മീന്‍ മാര്‍ക്കറ്റ് ജനത്തിന്റെ മൂക്കടപ്പിക്കുന്നു. കാഞ്ഞങ്ങാട് പട്ടണത്തിലേക്ക് കടന്നു വരുന്ന റെയില്‍വേ യാത്രക്കാര്‍ കണികാണുന്നത് ഈ വൃത്തികേടുകളേയാണ്. ബസ് സ്റ്റാന്‍ഡിന്റെ പണി ഇഴയുന്നു. കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫയലിനു മുകളില്‍ കാട് കൂടു കെട്ടിയിരിക്കുന്നു. ചോദിക്കാനും പറയാനും നാഥനില്ലാത്ത കളരിയാണ് കാഞ്ഞങ്ങാട് നഗരസഭ.
ഹോസ്ദൂര്‍ഗിലെ പൊതുശ്മശാനം അകാല ചരമം പ്രാപിച്ചു. നാടിനു വെളിച്ചം പകരേണ്ട സാസംക്കാരിക കേന്ദ്രങ്ങളും വായന ശാലകളം ഉറക്കച്ചടവിലാണ്. സാസംക്കാരിക തനിമയുടെ ഉറവിടമായ പീ സ്മാരക മന്ദിരത്തിന്റെ വാതിലുകള്‍ കവിതക്കും സാഹിത്യത്തിനും മുമ്പില്‍ കൊട്ടിയടക്കപ്പെട്ടു. നികുതി പിരിവ് ഇനിയും ലക്ഷ്യം കണ്ടിട്ടില്ല. ചരിത്രത്തിന്റെ ശേഷിപ്പായ മാന്തോപ്പ് മൈതാനി കോലിബി സഖ്യം ഭരിക്കുന്ന സഹകരണ ബാങ്കിനു പിതിച്ചു കൊടുക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നു. ശുചീകരണ തൊഴിലാളികള്‍ക്ക് ഭദ്രമായ ഭൗതിക സാഹചര്യങ്ങളില്ല. ദുര്‍ഗന്ധം നഗരത്തോടൊപ്പം അലഞ്ഞു തിരിയുന്നു.
കാസര്‍കോട് നഗര സഭയുടെ ലീഗിന്റെ ഭൂരിപക്ഷത്തിന് എന്നും പതിനാറ് തികയാത്ത യുവത്വമാണ്. ഭരണ ചക്രം തിരിക്കുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ജില്ലയിലെ മാണിക്യാമാണ് ചെയര്‍മാന്‍ ടിഇ അബ്ദുല്ല. നാറ്റം വമിക്കുന്ന മാലിന്യ പ്രശ്‌നത്തിനു മുമ്പില്‍ അദ്ദേഹത്തിനും മുട്ടു മടക്കേണ്ടി വന്നു. കേളു ഗുഡെ അബ്ദില്ലയുടെ ജനകീയ അംഗീകാരത്തെ മലിനപ്പെടുത്തി. ഗത്യന്തരമില്ലാതെ വിദ്യാനഗറിലെ മൈതാനത്ത് കുഴി കുത്തി മാലിന്യം അതില്‍ നിക്ഷേപിക്കേണ്ട ഗതികേടില്‍ നഗരസഭ എത്തിച്ചേര്‍ന്നു. നഗരത്തിന്റെ സാംസ്‌കാരിക തനിമയെ നശിപ്പിക്കുന്ന ഫ്‌ളക്‌സുകളും തോരണങ്ങളും വര്‍ഗീയതയെ പെരുപ്പിച്ച് നഗരത്തെ കൊലക്ക് കൊടുക്കുന്നു. കാസര്‍കോട് നഗരത്തെ ബിഒട്ടി റോഡ് രണ്ടായി പകുത്ത് രണ്ടു ഭാഗത്തായി നിരത്തും. നഗര വികസനത്തെ വികസന പാത കൂട്ടി കൊണ്ടു പോകുന്നത് ഇരുട്ടിലേക്കായിരിക്കും. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്ത നഗരസഭയുടെ പ്രവര്‍ത്തനം ശ്രദ്ധ പിടിച്ചു പറ്റി. എല്‍ഡിഎഫിന്റെ കാലത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തറക്കല്ലിട്ട ഗ്യാസ് കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ശ്മശാനം ജില്ലയില്‍ ആദ്യത്തേതാണ്.
മിക്ക നഗര സഭകളും ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ മെലിയുകയാണ്. തിരുവന്തപുരം കോര്‍പറേഷന്റെ കൈയ്യില്‍ പോലും നീക്കിയിരിപ്പ് രണ്ട് ലക്ഷത്തില്‍ പരം രൂപ മാത്രം. അവര്‍ തങ്ങളുടെ നിസഹയാവസ്ഥ മന്ത്രിസഭയെ രേഖാമുലം അറിയിച്ചു കഴിഞ്ഞു. 15,000 കോടി രൂപ ലോക ബാങ്കില്‍ നിന്നും കടമെടുത്ത് പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യാന്‍ നിശ്ചയിച്ച പദ്ധതി പാതിവഴിയില്‍ തളര്‍ന്നു കിടക്കുന്നു. ത്രിതല പഞ്ചായത്തുകളുടെ റോഡുകള്‍ പൊതുമരാമത്തിനു തന്നെ തിരിച്ചു കൊടുക്കുകയാണ്. ടെണ്ടര്‍ വിളിച്ചെടുത്തവര്‍ക്ക് കൊടുത്തു തീര്‍ക്കാന്‍ പണമില്ല. പള്ളിക്കരയില്‍ പണി തീര്‍ത്ത പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് പ്ലാസ്റ്റിക്ക് കാത്ത് കിടക്കുന്നു. അഞ്ചു പഞ്ചായത്തുകളാണ് മാലിന്യമെത്തിക്കേണ്ടത്. ഭരണ സാരഥികള്‍ക്ക് ഇതില്‍ താല്‍പര്യമില്ല. നാട്ടില്‍ മാലിന്യം കാലില്‍ തട്ടി നടക്കാനുമാവുന്നില്ല, ഉള്ള പദ്ധതി ഉപയോഗപ്പെടുത്തുന്നുമില്ല. പണമില്ലാതെ ഗ്രാമ സഭകള്‍ പിണമായി മാറിക്കൊണ്ടിരിക്കവേയാണ് ആര്യാടന്റെ ഒന്നരക്കോടി രൂപ ഒരു സ്വപ്നം പോലെ പിറന്നു വീണത്. ഉള്ളതു കൊണ്ട് നമുക്ക് ഓണം പോലെ കഴിയാം.
-എസ്.കെ. കാഞ്ഞങ്ങാട്