city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Onam | മാവേലിയെ ഓര്‍ത്തെടുക്കുമ്പോള്‍

എഴുത്തുപുര / പ്രതിഭാരാജന്‍

(www.kasargodvartha.com) എന്റെ ഗ്രാമം. എനിക്ക് തിരിച്ചറിവുണ്ടാകുന്ന പ്രായം. വെളിച്ചമെത്തിയിട്ടില്ലാത്ത കാലത്തെ ഓണം. അവിടെ നിന്നും ഇന്നു കാണുന്ന ഓണത്തിലേക്ക് എത്തുമ്പോള്‍ നാടു മാത്രമല്ല, നാട്ടാരും തിരുവോണവും മാറി. പൂക്കളം മാറി. സിമ്മീസും, കുഞ്ഞുടുപ്പുകളും മാറി. പാവാടയും ബ്ലൗസും നാട്ടീന്നു പോയി. സല്‍വാര്‍ വന്നു. കുര്‍ത്ത വന്നു. സാരിയും മുണ്ടും ഘട്ടം ഘട്ടമായി നാടൊഴിയുന്നു. പഴയ ഓണത്തിന്റെ നിറം പോയി. രസം പോയി, താളം പോയി.

Onam | മാവേലിയെ ഓര്‍ത്തെടുക്കുമ്പോള്‍

സന്ധ്യക്കു അമ്മ ദീപം വെക്കും. തേങ്ങയെണ്ണക്കു ക്ഷാമം. പകരം പുന്നക്കായുടെയോ, ആവണക്കിന്‍ കുരു വാറ്റിക്കിട്ടുന്ന എണ്ണയോ ആണ് നിലവിളക്കിലൊഴിക്കുക. ഇന്നത്തെ കുട്ടികള്‍ക്ക് പുന്നക്ക, പുന്നക്കാമരം, ആവണക്കിന്‍ കുരു, കുറ്റിക്കാട്ടില്‍ വസിക്കുന്ന കുറുക്കച്ചന്റെ രാത്രി കേള്‍ക്കുന്ന സംഗീതം ഇതൊന്നും അറിയാന്‍ വഴിയില്ല, യുട്യൂബിലല്ലാതെ.

അന്ന് എന്റെ ഗ്രാമത്തില്‍ ഒരേ ഒരു ഹോട്ടലായിരുന്നു. രാഘവേട്ടന്റെ ആവി പറക്കുന്ന അവിലും കടലയും. ഹോ. അതിന്റെ രുചി ഇന്നും നാവിന്‍ തുമ്പത്തുണ്ട്. സിനിമയുടെ നോട്ടീസു വായിക്കാന്‍, പത്രം വായിക്കാന്‍, സിനിമാ പോസ്റ്ററില്‍ പതിപ്പിച്ച നസീര്‍, ഷീലയുടെ പടം കാണ്ടാസ്വദിക്കാന്‍ രാഘവേട്ടന്റെ കടയില്‍ ചെല്ലണം. അവിടെ ചായക്കു പുറമെ അത്യാവശ്യത്തിനു ബീഡിയും, മുറുക്കാനും കിട്ടും.

എന്റെ ചെറുപ്പത്തിലാണ് നാട്ടില്‍ റേഡിയോ കണ്ടു തുടങ്ങുന്നത്. ഞാനും അനുജത്തിമാരും തല്ലു കൂടുന്നത് രാവിലെ പാലു വാങ്ങി കൊണ്ടു വരുന്ന കാര്യത്തിനാണ്. കറവയുള്ള വീട്ടില്‍ റേഡിയോ ഉണ്ട്. സുപ്രഭാതം കേള്‍ക്കാം. അതിനു ശേഷമുള്ള വാര്‍ത്ത കേള്‍ക്കാനായിരുന്നു ഏറെ താല്‍പ്പര്യം. നാട്ടിലെ പോട്ടെ, പട്ടണത്തില്‍ പോലും പലചരക്കല്ലാതെ പച്ചക്കറി കിട്ടില്ല. എല്ലാവരും നട്ടുണ്ടാക്കും. സോപ്പു കിട്ടില്ല. കുളിക്കുക നനയ്ക്കുന്ന സോപ്പു കൊണ്ട്. അന്ന് സോപ്പെന്നാല്‍ ലൈഫ്‌ബോയ്. ലൈഫ്‌ബോയെന്നാല്‍ കുളിക്കുന്ന സോപ്പ്. പിന്നീടാണ് ചന്ദ്രിക വരുന്നത്.

കിണറില്ല. പലര്‍ക്കുമായി ചേര്‍ന്ന് ഒരു കിണര്‍. കുംഭമെത്തിയാല്‍ അതിലെ വെള്ളം ഊറ്റിയെടുത്ത് മണ്ണുകലര്‍ന്ന കഞ്ഞിവെള്ളം കുടിക്കാം. കുളിച്ചാല്‍ തലമുടിപൊഴിയുന്ന വെള്ളം. പുറത്തു നിന്നും ആരെങ്കിലും വന്നാല്‍ ഞെട്ടും. ഇരിക്കാന്‍ കസേരയില്ല. എന്റെയും അനുജത്തിമാരുടേയും പുസ്തകമിട്ടു വെക്കുന്ന ഒരിരുമ്പു പെട്ടിയുണ്ട്. അതിന്റെ മേലിരുന്നാണ് വായന. ചോറുണ്ണാന്‍ മരപ്പലക . അത് യഥേഷ്ടമുണ്ട്. പിന്നെ അമ്മക്ക് ചിങ്ങ വെള്ളം വെക്കാന്‍ ഒരു കിണ്ടി. അത് എന്നും തുടച്ചു വൃത്തിയാക്കാന്‍ അമ്മ ശ്രദ്ധിക്കും. സുര്യനെ കാണണം എന്നും കിണ്ടിയില്‍.

ചിങ്ങമാസം മുഴുവന്‍ ചിങ്ങവെള്ളം പടിഞ്ഞാറ്റയില്‍ വെക്കും. ആദ്യം കോരിയ വെള്ളം കിണ്ടിയില്‍ നിറക്കലാണ് ചിങ്ങവെള്ളം. അതിനു മുകളില്‍ താളിന്റെ ഇലയും ചിയ്യതിപ്പൂവും അര്‍പ്പിക്കും. ചിങ്ങത്തിലെ എല്ലാ ദിവസവും മുറ്റത്ത് കളം വരക്കും. ചേടിമണ്ണ് വെള്ളത്തില്‍ ചാലിച്ച് വിളക്കു തിരി രണ്ടായി പകുത്ത് ചേടിമണ്ണില്‍ മുക്കി കുറേ കളം വരക്കും. അതിന്റെ നടുവില്‍ മുത്തുകള്‍ പോലെ കൈവിരല്‍ കൊണ്ട് പൊട്ടു കുത്തും.

ഓണത്തിനും വിഷുവിനും മാത്രം പകല്‍ നേരം അച്ഛനെ വീട്ടില്‍ കാണും. അന്നു ഞങ്ങള്‍ മക്കള്‍ കണ്‍ നിറയെ അച്ഛനെ നോക്കും. മറ്റു ദിവസങ്ങളില്‍ അച്ഛനെത്തുമ്പോഴേക്കും ഞങ്ങള്‍ പിള്ളേര്‍ ഉറങ്ങിയിരിക്കും. രാവിലെ എഴുന്നേറ്റാല്‍ സ്‌കൂള്‍ പോകേണ്ട തിരക്കാവും. സ്‌കൂള്‍ അവധി ആഘോഷിക്കുക അമ്മയുടെ വീട്ടില്‍ വെച്ചായിരിക്കും. അവിടെ ധാരാളം കുട്ടികള്‍, സോഡി, ഗോരി തുടങ്ങി നിരവധി കളികള്‍. കളി കഴിഞ്ഞാല്‍ ഇണങ്ങിയും, പിണങ്ങിയും, തല്ലുകൂടിയുമായിരിക്കും പിരിയുക. എന്നാല്‍ എല്ലാം അടുത്ത ദിവസം വരെ മാത്രം.

ഓണത്തിന് അമ്മ ഞങ്ങളെ അടുത്തിരുത്തി പാടും. ഏറ്റവും മൂത്തതാണെങ്കിലും എന്നെ മടിയില്‍ പിടിച്ചിരുത്തും. മാവേലി മന്നന്റെ കാലത്തെക്കുറിച്ച് പാട്ടില്‍ വിവരിക്കും. 'മാലോകരെല്ലാരും ഒന്നു പോലെ' എന്നിടത്തെത്തുമ്പോള്‍ എനിക്കു കരച്ചില്‍ വരും. നാട്ടിലെ ജന്മിയുടെ തൊഴുത്തിലെ വളം വാരുന്നതും, രണ്ടു കൈകളിലും മണ്‍കുടം നിറയെ വെള്ളവുമായി അമ്മ ജന്മിയുടെ പാടത്തെ പച്ചക്കറി നനക്കുന്നത് ഓര്‍മ്മ വരും. മാലോകരെല്ലാം ഒന്നു പോലെയാകുന്ന ദിനം സ്വപ്‌നം കണ്ടു കിടന്നുറങ്ങും.

അമ്മയുടേയും അച്ഛന്റെയും കഷ്ടപ്പാടുകള്‍ക്ക് കിട്ടുന്ന കൂലി അരച്ചാണ്‍ വയര്‍ നിറയ്ക്കാന്‍ തികയാത്തതുമെല്ലാം ഓര്‍ക്കുമ്പോള്‍ ഉതിരുന്ന കണ്ണുനീര്‍ അമ്മ കാണാതിരിക്കാന്‍ ഞാന്‍ മടിയില്‍ നിന്നുമെഴുന്നേല്‍ക്കും. അക്കാലത്ത് നിലത്ത് പായയിട്ട് കിടക്കണം. ഞാനും അനുജത്തിമാര്‍ക്കും ചേര്‍ന്ന് ഒരേയൊരു ഓലപ്പായ. തലയണ അവരവരുടെ കൈകള്‍ തന്നെ. എന്റെ കൂടെ പഠിക്കുന്ന പത്തനം തിട്ടയിലെ ഒരു കൂട്ടുകാരന്‍ ഓണത്തിനു വീട്ടില്‍ വരട്ടെയോ എന്നു ചോദിച്ചു, ബദറുദ്ദീന്‍.ഞാന്‍ സമ്മതിച്ചു.

അവന്‍ വന്നാല്‍ എവിടെ ഇരുത്തും. അമ്മയോട് സംഗതി പറഞ്ഞപ്പോള്‍ അമ്മ ഒന്നു രണ്ടു കറികള്‍ അധികരിച്ചുണ്ടാക്കി. ഞാനും അനുജത്തിമാരും ചേര്‍ന്ന് തലേന്നു തന്നെ പൂക്കള്‍ ശേഖരിച്ചു വെക്കും. അടുത്തുള്ള വയലില്‍ ചെന്നാല്‍ ഇന്നത്തെപ്പോലെയല്ല, ധാരാളം ചെത്തിയും തുമ്പയുമുണ്ടാകും. പിന്നെ കൊണ്ടപ്പൂ, ചീയതിപ്പൂ, ശംഖുപുഷ്പ്ം, ഘടികാരപ്പൂ ചെമ്പകം തുടങ്ങി നാട്ടിലും വീട്ടിലുമുള്ള പൂക്കള്‍ പറിച്ചു കൊണ്ടുവരും. ഓണം വന്നു. സ്‌നേഹിതന്‍ വീട്ടിലെത്തി. ഒരു സങ്കോചവും അവനു തോന്നിയിരുന്നില്ല. പലകയിലിരുന്ന് ഉണ്ടു. പുസ്തകമിടുന്ന ഇരുമ്പു പെട്ടിക്കു മുകളിലിരുന്ന് പാമ്പും ഏണിയും കളിച്ചു.

പിന്നീടാണ് മനസിലായത് അവന്റെ വീട് ഇതിനേക്കാള്‍ പരിതാപകരമെന്ന്. എന്റെ ഗ്രാമം മാത്രമല്ല, കേരളത്തിലാകമാനം പാവങ്ങള്‍ക്കു ഒരേ ജീവിതമെന്നും, കൊഴുത്തു വളരുന്നത് ജന്മിമാരാണെന്നും മെല്ലെ മെല്ലെ എനിക്കും മനസിലായിത്തുടങ്ങി. പാലു വാങ്ങാന്‍ ചെല്ലുന്നിടത്തു നിന്നും കേള്‍ക്കുന്ന പ്രാദേശിക വാര്‍ത്തകള്‍ നാട്ടിലെ വിശേഷങ്ങള്‍ ഒന്നൊന്നായി പറഞ്ഞു തന്നു. ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ പ്രസിഡണ്ടാകുന്നതും, പിന്നീട് പ്രധാനമന്ത്രിയാകുന്നതും, അടിയന്തിരാവസ്ഥയും, പിന്നീട് ചിക്ക്മംഗ്ളൂരില്‍ നിന്നു തോറ്റതും, ആന്റണി രാജി വെച്ചതും, പോലീസ് ക്യാമ്പില്‍ വച്ചു രാജന്‍, വര്‍ഗീസുമാരുടെ കൊലപാതകവും, കരുണാകരന്‍ രാജി വെക്കുന്നതും ഇങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങള്‍.

ഇന്നു ഗ്രാമങ്ങള്‍ മാറി. ചെറു കവലകളെല്ലാം പട്ടണങ്ങളായി. അന്ന് രണ്ടു ചായക്കടയും രണ്ടു പലചരക്കു കടയും ഒന്നു രണ്ട് മുറുക്കാന്‍ കടയും, പത്രം ശേഖരിക്കുന്ന ഒരു ഓലപ്പുരയുമുണ്ടായിരുന്ന പട്ടണത്തില്‍ പൂക്കടകള്‍ മാത്രം കാല്‍ ഡസനുണ്ട്. ഓണക്കാലത്ത് പൂക്കളുടെ നീണ്ട നിര. ചെക്കിയില്ല, ചെമ്പകമില്ല, മന്ദാരമില്ല, ശംഖു പുഷ്പ്പമില്ല എല്ലായിടത്തും ചെണ്ടു മല്ലിയുടെ കൂമ്പാരം പാണ്ടിപ്പൂക്കള്‍. പെട്ടെന്നു വാടിപ്പോകാതിരിക്കാന്‍ മരുന്നടിച്ചു വരുന്നവ. പുടവകളും, കുഞ്ഞുടുപ്പുമായി വേറെ കൂറേപ്പേര്‍. നാട്ടിലെ മണ്ണ് കരയുന്നു. ആര്‍ക്കും വേണ്ടാത്ത അനാഥര്‍ അവര്‍.

കണക്കിലധികം സ്വര്‍ണക്കടകള്‍. അവ രാത്രിയിലും പകലും മിന്നിത്തിളങ്ങും. പത്തോളം ബാങ്കുകള്‍. ടൂറിസ്റ്റ് ഹോമുകള്‍ വാറ്റു ചാരായവും പട്ടച്ചാരായത്തെയെല്ലാം നാടു കടത്തി വിദേശ മദ്യ ബാറുകള്‍. നാട്ടുകാര്‍ വാറ്റിയ മദ്യം ഇപ്പോള്‍ സര്‍ക്കാര്‍ വാറ്റുന്നു. പുതിയ കാലം സുഭിഷമാണ്. ഒന്നിനും ഒരു കുറവുമില്ല. കര്‍ഷകരെല്ലാം പുനര്‍ജനിച്ച് ഗള്‍ഫുകാരായി. നീരൊഴുക്കു പോലെ പണം ഒഴുകി വന്നു.

സ്‌പോണ്‍സര്‍ ചെയ്യുന്ന പൂക്കള മല്‍സരം. സ്ത്രീകളുടേയും പുരുഷന്മാരുടേയും കമ്പവലി, നൃത്തനൃത്യങ്ങള്‍. സ്‌കൂളുകളിലും ക്ലബ്ബുകളും പരസ്പ്പരസഹായ സംഘം വഴിയുമെല്ലാം പത്തു ദിവസത്തിലേറെയായി എല്ലാ ദിവസവും ഓണസദ്യ. ആദിശക്തി നാരായണന്റെ മാവേലിമന്നന്റെ വേഷം. ഓലക്കുട കാണുമ്പോള്‍ കുട്ടികള്‍ പേടിക്കും. കുട്ടികള്‍ക്കറിയില്ല, ഇതു മാവേലിയുടെ നല്ലകാലത്തെ പരിഷ്‌ക്കാരമെന്ന്. പണ്ട് പച്ചക്കറിയായിരുന്നു. ഇന്ന് ഓണത്തിനു ആട്ടിറച്ചി, കോഴിയിറച്ചി, ബീഫ്. പച്ചക്കറികള്‍ക്കു തീവില. ഇതെല്ലാം കണ്ടും കേട്ടും പാടം തലതാഴ്ത്തി കണ്ണീര്‍ വാര്‍ത്തു നില്‍ക്കുന്നു.

Onam | മാവേലിയെ ഓര്‍ത്തെടുക്കുമ്പോള്‍

പാടത്ത് തുമ്പപ്പൂവില്ല, ചെക്കിപ്പൂ വിരിയുന്നില്ല. വയലിനെയാകെ ആഫ്രീക്കന്‍ പകര്‍ച്ച ചെടി വന്നു മൂടിയിരിക്കുന്നു. ചിരിക്കുന്ന മഞ്ഞപ്പൂക്കളില്‍ നാം മതിമറന്നു പോകുന്നു. കാലെടുത്തു വെക്കാന്‍ വയ്യ. പുറമെ ചിരി പടര്‍ത്തുന്ന വള്ളികള്‍ക്കിടയില്‍ പാമ്പുകളുടെ ആവാസ കേന്ദ്രം. തെളിനീരു കനിയുന്ന, ഞങ്ങള്‍ നീന്തിത്തുടിച്ചിരുന്ന കുളങ്ങളെപ്പോലും പായല്‍ കൈയ്യടക്കിയിരിക്കുന്നു. എങ്കിലും ഓണമല്ലെ, മാവേലി കേരളം കാണാനെത്തുന്ന നാളുകളല്ലെ, നമുക്കാഘോഷിക്കാം. പറ്റുന്നത്രയും പച്ചക്കറികള്‍ വീട്ടില്‍ (ചട്ടിയിലായാലും വേണ്ടില്ല) ഉണ്ടാക്കാം. അതു കൊണ്ടുള്ള ഓണത്തിന്റെ സുഖം ഒന്നു വേറെത്തന്നെയായിരിക്കും. അന്ന് ഒരു ദിവസമെങ്കിലും എല്ലാതരം ഇറച്ചികളും മീനും ഒഴിവാക്കാം. അങ്ങനെയായാല്‍ മാവേലിക്ക് സംതൃപ്തി നല്‍കുന്ന ഓണമായിരിക്കും അത്.

Keywords: News, Onam, Celebrations, Kerala Festivals, Onam Sadhya, Remembering Maveli.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia