city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടിസ്ഥാന സൗകര്യം പോലുമില്ലാതെ ഇവിടെയൊരു ടൂറിസ്റ്റ് കേന്ദ്രം; ബേക്കല്‍ കോട്ടയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 02.06.2017) ജില്ലയിലേതു മാത്രമല്ല, സംസ്ഥാനത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ബേക്കല്‍ കോട്ടയും അനുബന്ധ സംവിധാനങ്ങളും. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച കേന്ദ്രം. പ്രവാസി മലയാളികളില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം കഴിഞ്ഞാല്‍ ഏറ്റവും വലിയ വരുമാന സ്രോതസാണ് ഇവിടെ ടൂറിസം. ഉദ്ദേശം 25,000 കോടി രൂപ ടൂറിസം വഴി കേരളത്തിലേക്കു വരുമ്പോള്‍ അടിസ്ഥാന സൗകര്യം പോലും പ്രാപ്തമല്ലാത്ത ബേക്കലിലേക്ക് അഞ്ചു കോടിയിയില്‍ അധികം എത്തി ചേരുന്നു.

പക്ഷെ പണം വാരുന്നത് മുഴുവന്‍ സ്വകാര്യ റിസോര്‍ട്ടുകള്‍ മാത്രം. പഞ്ചായത്ത് ലൈസന്‍സ് ഫീസ് ലഭിക്കുന്നു എന്നതില്‍ കവിഞ്ഞ് സാധാരണ നാട്ടുകാര്‍ക്ക് ഇതുകൊണ്ടെന്തു മെച്ചമെന്ന് ജനപ്രതിനിധികള്‍ കൂടി ഓര്‍ക്കണം. ബേക്കല്‍ അടക്കം കേരളത്തില്‍ പ്രതിവര്‍ഷം അയ്യായിരം കോടിയുടെ വിദേശ നാണയത്തിന്റെ വരവുണ്ടെന്ന സര്‍ക്കാര്‍ കണക്കു കൊണ്ട് നാട്ടുകാര്‍ക്ക് പ്രയോജനമില്ല. കേരളത്തിലേക്ക് വരുന്നവര്‍ മിക്കവരും ബേക്കലിലേക്കെത്താറുണ്ട്. അതിനു കാരണം ചെറിയ ചിലവില്‍ വന്നു പോകാന്‍ ഇവിടെ സാധിക്കുന്നു എന്ന മേന്മയാണ്.

അടിസ്ഥാന സൗകര്യം പോലുമില്ലാതെ ഇവിടെയൊരു ടൂറിസ്റ്റ് കേന്ദ്രം; ബേക്കല്‍ കോട്ടയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം

ഈ പ്രവണതയെ പ്രയോജനപ്പെടുത്തിയാല്‍ ചെറുകിട രംഗത്തു കൂടി ഉണ്‍വ്വ് കൈവരും. കഴിഞ്ഞ ഒരു ദശകമായി ലോക സമ്പദ്ഘടനയെ നിര്‍ണായമായി സ്വാധീനിച്ച സാമ്പത്തിക മാന്ദ്യത്തില്‍ പോലും ബേക്കല്‍ സജീവമായിരുന്നു. കാരണം തുച്ഛമായ പൈസയില്‍ മനസിനിണങ്ങിയ സഞ്ചാരം ഇവിടെ സാധ്യമാകുന്നതു കൊണ്ടാണ്. ഈ ഭൗതിക സാഹചര്യങ്ങള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ എംഎല്‍എ അടക്കം ഇടപെടാത്തതാണ് വിഷയം.

പ്രകൃതി ദത്ത സവിശേഷതകള്‍ കൊണ്ട് അനുഗ്രഹീതമാണ് ബേക്കല്‍. പക്ഷെ സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ഉയര്‍ന്ന നിരക്കില്‍ പണം ചിലവഴിക്കാന്‍ മനസുള്ളവര്‍ക്കും സ്വകാര്യ റിസോര്‍ട്ടുകളുണ്ട്, പക്ഷെ സാധാരണക്കാര്‍ക്ക് അവിടെ എത്തി നോക്കാന്‍ പോലും ആവില്ല. ടൂറിസം വകുപ്പിന്റെ പദ്ധതികളുടെ അഭാവവും നമ്മുടെ എംഎല്‍എയുടെ നോട്ടപ്പിശകുമാണ് അതിനു കാരണം.  ചിലവ് കുറഞ്ഞതും വൃത്തിയുള്ളതുമായ താമസസ്ഥലങ്ങള്‍, ശുചിയായ അന്തരീക്ഷത്തില്‍ സ്വാദിഷ്ടമായ ഭക്ഷണ പദാര്‍ഥങ്ങളുടെ കുറഞ്ഞ വിലയ്ക്കുള്ള ലഭ്യത, സൗകര്യപ്രദമായ പൊതുഗതാഗത സംവിധാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കാന്‍ ടൂറിസം വകുപ്പിന്റെ കൈയ്യില്‍ പദ്ധതികളുണ്ട്. പക്ഷെ അതു വാങ്ങിയെടുക്കാന്‍ ഇടപെടണം.

ബേക്കലിനോട് ചേര്‍ന്ന് ചരിത്രമുറങ്ങുന്ന ഹൊസദൂര്‍ഗും, ചന്ദ്രഗിരിക്കോട്ടയും ഇങ്ങനെ എന്തെല്ലാമുണ്ട് ചരിത്ര ശേഷിപ്പുകളായി നമുക്ക് ലോകത്തിനു കാണിച്ചു കൊടുക്കാന്‍. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ള പദ്ധതികളില്‍ നിന്നും ബേക്കല്‍ മാറി നില്‍ക്കാന്‍ കാരണം അശ്രദ്ധ തന്നെയാണ്. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള സഞ്ചാരികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ കുറഞ്ഞ സാമ്പത്തികശേഷിയുള്ള വിനോദസഞ്ചാരികള്‍ക്കും ലഭ്യമാക്കാന്‍ പദ്ധതി വേണം. കാസര്‍കോട് ജില്ലയും പയ്യാമ്പലവും മറ്റും ചേര്‍ത്ത് കര, പുഴ, കടല്‍ മാര്‍ഗങ്ങളിലെല്ലാം സൗകര്യമൊരുക്കാം. ഒരു ടൂര്‍ പാക്കേജ് പദ്ധതി പോലും നമ്മുടെ ജനപ്രതിനിധികളുടെ പക്കലില്ല. കൂട്ടമായി വന്നു പോകുന്നവര്‍ക്ക് ഡോര്‍മെട്രറി സംവിധാനം വേണം.

കുളിക്കാനും, ഒന്നിനും, രണ്ടിനും പോകാനുള്ള മാന്യമായ സംവിധാനമൊരുക്കണം. വൃത്തിയും മനോഹരവുമായ കളിപാര്‍ക്കുകള്‍, കാന്റീന്‍, കേരളത്തിന്റെ തനതായ ഇളനീര്‍ പന്തലുകള്‍ ഇവയൊക്കെ മുടന്തുമ്പോള്‍ ഓടിയെത്താന്‍ സര്‍ക്കാര്‍ സംവിധാനത്തിനാവണം. അവിടെയൊക്കെ ജനപ്രതിനിധികളുടെ നിതാന്ത ജാഗ്രതയുണ്ടാകണം. എംഎല്‍എ ആയി രണ്ടു വട്ടം ജനം തെരെഞ്ഞെടുത്ത കെ കുഞ്ഞിരാമനും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീറിനും, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരക്കും, ഉദുമ ഡിവിഷന്‍ കൗണ്‍സിലര്‍ ഷാഹനാസ് പാദര്‍ തുടങ്ങിയവര്‍ക്കു മാത്രമല്ല, അവരെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും കടമകള്‍ നിര്‍വ്വഹിക്കുവാന്‍ ഏറെയുണ്ട്.

അതിപ്രധാനങ്ങളായ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദസഞ്ചാര മേഖല കൂടുതലായി ഇടപെടണം എന്ന സര്‍ക്കാര്‍ ആലോചനകളുടെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ ഘടകങ്ങളെയും സമന്വയിപ്പിക്കുന്ന പദ്ധതികള്‍ രൂപപ്പെടുത്താന്‍ എംഎല്‍എ മുന്‍കൈയ്യെടുക്കണം. ഇത് സാധ്യമാകുമ്പോള്‍ ഈ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, മാലിന്യ നിര്‍മാര്‍ജനം, പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം, തൊഴിലവസര സൃഷ്ടി സര്‍വ്വോപരി സര്‍ക്കാരിന്റെയും നാട്ടുകാരുടേയും കൈയ്യില്‍ യഥേഷ്ടം പണം വന്നു പോകുന്ന സ്ഥിതി കൈവരും. ഈ സര്‍ക്കാരിന്റെയും എംഎല്‍എയുടേയും കാലാവധി കഴിയും മുമ്പെ അവ സാധ്യമാകുമെന്ന് നമുക്ക് പ്രതീക്ഷ വെച്ചു പുലര്‍ത്താം.

Keywords:  Kerala, Article, Prathibha-Rajan, Bekal, Tourism, Malayalam, No facilities in Bekal tourist destination, Bekal fort, Resorts.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia