''സ്വപടം'' സ്വബോധം നഷ്ടപ്പെടുത്തുമ്പോള്‍...
Mar 17, 2016, 13:00 IST
നിരീക്ഷണം / അസ്‌ലം മാവില
(www.kasargodvartha.com 17/03/2016) എല്ലാ അതിര്‍വരമ്പുകളും കഴിയുമ്പോള്‍ പിന്നെ ഉള്ളതെന്ത്, തുറസ്സായ സ്ഥലം. അതിനുവേലിയുമില്ല, വരമ്പുമില്ല. ഒരുപാട് കാലിക്കൂട്ടങ്ങള്‍ അവിടെകാണാം. രണ്ടുകാലുള്ളതും നാല് കാലുള്ളതും. നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, നിയന്ത്രണങ്ങള്‍ അതൊന്നും അവയ്ക്ക് ബാധകമല്ലല്ലോ. വടികണ്ടാല്‍അവരോടും. ആളില്ലെന്ന് കണ്ടാല്‍ വീണ്ടുമവിടെത്തന്നെ എത്തും. മനുഷ്യര്‍ ഇങ്ങിനെയായിപ്പോകുന്നോ? ചിലതൊക്കെ കാണുമ്പോള്‍ ചോദിച്ചുപ്പോകുന്നു.
ആധുനിക സൗകര്യങ്ങളെയും സംവിധാനങ്ങളെയും വെറും ഭോഷ്‌ക്കെന്നു പറയുന്ന രൂപത്തിലേക്ക് മനുഷ്യര്‍ ഉപയോഗിക്കുന്ന അവസ്ഥയാണിന്ന് ചെന്നെത്തിയിരിക്കുന്നത്. പട്ടടയിലെ''സ്വപട''മെടുക്കാന്‍ മാത്രം മനസ് മരവിപ്പിച്ചും മനസാക്ഷിയെ മയക്കിയും കിടത്തിയിരിക്കുകയാണ് യുവത്വം. കൂടിനിന്നവരെപോലും''സെല്‍ഫി'' ഭ്രാന്തമാര്‍ക്ക്''കൂട്ട''മില്ലാതായി; കൂട്ടമല്ലാതെയുമായി.
മുത്തച്ഛന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്നിളിച്ച ചിരിയും അതിലും വളിച്ച കമന്റ്‌സുമിട്ട് സോഷ്യല്‍ മീഡിയയിലെ പൊതുമനസ്സിനെ മലിനമാക്കിയ ഒരു അണ്ണാച്ചി പയ്യനും ഒരു അറബി പയ്യനും നമ്മുടെ മറവിയിലേക്ക് ഇനിയും മടങ്ങിയിട്ടില്ല. ആരുമില്ലാത്ത സമയത്താണ് അവരതെടുക്കുന്നത്. ഇപ്പോഴതൊക്കെ മാറി, ആരെങ്കിലുമുണ്ടെങ്കിലേ''സെല്‍ഫി'' എടുക്കൂഎന്നായിരിക്കുന്നു.!
വാട്ട്‌സ്ആപ്പ് ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുത്തു, ഞാന്‍''വലിയൊരുസംഭവ''മാണെന്നു കൂട്ടുകാരെ അറിയിക്കാന്‍ മത്സരിക്കുന്നവര്‍ നാട്ടില്‍ പെരുകിപ്പെരുകിവരുന്നു. വെടിവെച്ചും തലയറുത്തും കൊല്ലുന്ന ദൃശ്യങ്ങള്‍, വണ്ടിക്കടിയില്‍ ജീവനുവേണ്ടി പിടയുന്നതിന്റെ ചലിക്കുന്നതും ചലിക്കാത്തതുമായ ചിത്രങ്ങള്‍ ! എല്ലാം പകര്‍ത്തുന്നതും''സെല്‍ഫി'' ടച്ചോടെ !
ചാനല്‍ കാരാണ് ആദ്യമിതു തുടങ്ങിവെച്ചത്. സെലിബ്രിറ്റികളുടെയും ഐക്കണുകളുടെയും മൃതദേഹങ്ങളുടെ മുഖം ഇമ്മാതിരി ആവര്‍ത്താ വര്‍ത്തിച്ചു േ്രബക്കിങ്ങ് ന്യൂസുകളുടെ സ്‌ക്രോളിംഗ് അകമ്പടിയോടെ നമ്മുടെ മുന്നില്‍ കാണിച്ചു കൊണ്ടേയിരുന്നു. ആദ്യമതൊക്കെ പ്രേക്ഷകര്‍ക്ക വല്ലാത്ത മാനസികാഘാതമാണ് ഉണ്ടാക്കിയത്. പിന്നെയത് നടപ്പു സമ്പ്രദായമാക്കി എല്ലാവരും അഡ്ജസ്റ്റ് ചെയ്തു. മനുഷ്യ സ്‌നേഹിയായ എം.എന്‍ വിജയന്റെ അവസാന നിമിഷങ്ങള്‍ വരെ അതേപടി ഒപ്പിയെടുക്കാന്‍ ചിലര്‍ കാണിച്ച ധൃതിയും ഉത്സാഹവും ആരും മറന്നിട്ടുണ്ടാകില്ല. അന്നത്തേതിനാക്കളൊക്കെ എത്രയോ''അപ്‌ഡേറ്റഡാ''യിരിക്കുന്നു ഇന്ന് പ്രേക്ഷകര്‍വരെ.
ഒരപകടം നടന്ന് നടുറോഡില്‍ ഒരുത്തന്‍ ചോര വാര്‍ന്നു കിടക്കുന്നതുകണ്ടാല്‍, വെട്ടിക്കീറിയിട്ടതോ കെട്ടിത്തൂങ്ങികിടക്കുന്നതോ ആയ ശരീരങ്ങള്‍ കണ്ടാല്‍, ഉടനെ നമുക്കത് കാമറയില്‍ പകര്‍ത്തണം. ട്രെയിന്‍ ആക്‌സിഡന്റുകള്‍, വാഹനാപകടങ്ങള്‍... മുങ്ങിത്താഴുന്നവന്‍ തന്റെ ജീവന്‍ രക്ഷിക്കാന്‍ വാവിട്ടുകരയുമ്പോഴും, രക്ഷിക്കുന്നതിനുപകരം, ഉറക്കെയൊന്നു ഒച്ചവെച്ചു മറ്റുള്ളവരെ രക്ഷയ്ക്കായി വിളിക്കുന്നതിനു പകരം, ആ ഉടപ്പിറപ്പ്മുങ്ങിത്താഴുന്നതു വരെയുള്ള നിമിഷങ്ങള്‍ തന്റെ ആധുനിക കാമറ ഘടിപ്പിച്ച മൊബൈലില്‍ പകര്‍ത്തിയും സെല്‍ഫി എടുത്തും ഷെയര്‍ ചെയ്യാനാണ് ഇന്ന്''യൂത്തി''നു ഔത്സുക്യം. കഷ്ടം !
1994ലെ മികച്ച ഫോട്ടോയ്ക്കുള്ള പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവ് കെല്‍വിന്‍കാര്‍ട്ടര്‍ അതേവര്‍ഷം തന്നെ തന്റെ 33-ാം വയസില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് മരണം പുല്‍കിയതിനു ഹേതു അന്വേഷിച്ചവരില്‍ ചിലരെങ്കിലും മനസ്താപത്തിന്റെയും കുറ്റബോധത്തിന്റെയും കാരണവും പറയാറുണ്ട്. അതില്‍ എത്രത്തോളം സത്യമുണ്ടോ ഇല്ലയോ? തനിക്ക് ചന്തി തിരിച്ചിരുന്ന് ശിരസ്‌നിലത്തുകുത്തി നിലവിളിക്കുന്ന പട്ടിണിക്കോലം പെണ്‍കൊച്ചിനെ കൊത്തി വലിക്കാന്‍ ഊഴം കാത്തിരുന്ന കഴുകനെ ആട്ടിയോടിക്കുന്നതിന് പകരം 20 മിനുറ്റിലധികം സമയമെടുത്ത് ഫോട്ടോ എടുക്കാന്‍ ചിലവിട്ട കാര്‍ട്ടറെ അന്ന് പല മനുഷ്യസ്‌നേഹികളും ചോദ്യം ചെയ്തിരുന്നു.
മരണ, മരണാസന്ന ദൃശ്യങ്ങള്‍ പോലും മതിമറന്ന് കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന പുതിയ ലോകത്ത് മനസ്താപമുള്ളവരെയും മനസാക്ഷിയുള്ളവരെയും നമുക്ക് കണ്ടെത്തണം. അവര്‍ അന്യംനിന്നുപോകരുത്. സെല്‍ഫി എടുത്ത് സ്വബോധം നഷ്ടപ്പെടുന്നതിനുമുമ്പ് ആര്‍ക്ക്, അവര്‍ക്കെന്തെങ്കിലും ചെയ്യാനാകുമോ?
Keywords: Article, Mobile Phone, Youth, New Generation, Selfie, Photo, Aslam Mavila, New Generation and Selfie.