city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീണ്ടുമൊരു കലാലയ മുറ്റത്ത്...

സ്‌നേഹപൂര്‍വം വിദ്യാര്‍ത്ഥികളോട്

(www.kasargodvartha.com 31/05/2015) കൊതിയൂറുന്ന അവധിക്കാലം അവധിയില്ലാതെ കഴിഞ്ഞു പോയി. ചെടികളോടും മരങ്ങളോടും കിന്നാരം പറഞ്ഞു നടന്ന മാമ്പഴക്കാലങ്ങള്‍ക്കും വിട. സുകൃതങ്ങള്‍ പെയ്യുന്ന ഭാവിക്കായ് കലാലയങ്ങള്‍ വിദ്യയുടെ സദ്യയൊരുക്കി വീണ്ടും നിങ്ങളിലേക്ക് കടന്നു വരുന്നു. വിദ്യ ആര്‍ത്ഥിയോടെ അകത്താക്കുമ്പോഴാണ് യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയെ നിനക്ക് മനസില്‍ സന്നിവേഷിപ്പിക്കാന്‍ പറ്റുന്നത്. ശതാഭിഷേകം ആഘോഷിച്ച ഒ എന്‍ വി മാഷ് പറഞ്ഞത് പോലെ ആദ്യവും അവസാനവുമായി ഒരു വിദ്യാര്‍ത്ഥി വിദ്യയെ ബഹുമാനിക്കുമ്പോഴാണ് യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയാവുന്നത്. മതങ്ങള്‍ ഏതായാലും വിദ്യയുടെ കാര്യത്തില്‍ എല്ലാരും അനുശാസിക്കുന്ന രീതിയും ഇതു തന്നെയാണ്. ''അറിവ്'' ബഹുമാനത്തിന്റെ ആദ്യ അറിവ്.

നിന്റെ ഭാവിക്കുള്ള അന്നങ്ങള്‍ വിതറിത്തരുന്ന കലാലയത്തെ നീ ബഹുമാനത്തോടെ വാരിപ്പുണരണം. പാര്‍ട്ടികളും സംഘടനകളും സ്‌കൂള്‍ ജീവിതത്തിലെ ഇടക്കാല അതിഥിയായ് നിന്നെ തേടിയെത്തിയേക്കാം, പക്ഷേ അതിന്റെ പേരില്‍ ഭക്ഷണം വിളമ്പിത്തരുന്ന കൈക്ക് തിരിച്ച് കൊത്തരുത്. അത് നീ ചെയ്യുന്ന വലിയൊരു പാപമായിത്തീരും. താമസിക്കാനുള്ള വീടിനെ സംരക്ഷിക്കുന്ന മനോഭാവം വിദ്യ വിളമ്പിത്തരുന്ന വീടിനോടും കാട്ടുക. വിദ്യാലയം ഒരു സമുദായത്തിന്റെ അത്താണിയാണ്. അതിനെ നശിപ്പിക്കല്‍ ഒരു സമുദായത്തോട് ചെയ്യുന്ന പാതകമായിത്തീരും. അതിക്രമവും അക്രമവും കാട്ടാനുള്ള ഒരു വിളനിലയമായി വിദ്യാലയത്തെ കാണരുത്.

കടലോളം വ്യാപ്തിയുള്ള ജ്ഞാന കോശത്തില്‍ നിന്ന് ഒരു നുള്ള് ജ്ഞാനം ആവശ്യാനുസരണം കോരിത്തരുന്നവനാണ് നിന്റെ ഗുരുനാഥന്‍. കലാലയത്തിന്റെ പടിവാതില്‍ക്കല്‍ നിനക്ക് വിദ്യയുടെ നൂറു കൂട്ടം വിഭവങ്ങളൊരുക്കി കാത്തു നില്‍ക്കുന്നുണ്ടാവും നല്ലൊരു അധ്യാപകന്‍. വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ കയറിക്കൂടുന്ന പൈശാചികതയില്‍ ഈ ഗുരുവിനെതിരെ വാളെടുക്കരുത്. അത് നിന്റെ ഭാവിയെ നാശത്തിലേക്ക് നയിക്കും. കേവലം ഒരു നേരത്തെ ഭക്ഷണം നായക്ക് വിളമ്പി കൊടുത്താല്‍ അത് വാലാട്ടി നന്ദി രേഖപ്പെടുത്തും, ഒരു നായയേക്കാളും നീ അധപ്പതിക്കരുത്. ആദ്യവും അവസാനവും നീ നിന്റെ ഗുരുനാഥന്മാരെ ആദരിക്കുക. ഒരു നായ എങ്ങനെ മൂത്രമൊഴുക്കുന്നുവെന്ന അറിവ് പകര്‍ന്നതിന്റെ പേരില്‍ ഒരു അന്യമതസ്ഥനായ അധ്യാപകനെ ആദരിച്ച ഇസ്ലാമിലെ കര്‍മ ശാസ്ത്ര പണ്ഡിതന്‍ ശാഫിഈ (റ) തന്നെയാണ് ഇതിന് ഉദാത്തമായ മാതൃക.

ജ്ഞാനങ്ങളുടെ നിറക്കൂട്ടാണ് പുസ്തകം. വിദ്യാര്‍ത്ഥിയെയും അധ്യാപകനേയും ബന്ധിപ്പിക്കുന്ന മാധ്യമം. മുന്നില്‍ വിതറിക്കിടക്കുന്ന മുത്തുകളെ കോര്‍ത്തിണക്കിത്തരലാണ് ഇവിടെ അധ്യാപകന്‍ ചെയ്യുന്ന മര്‍മ പ്രധാനമായ ഉത്തരവാദിത്തം. ഈ മുത്തുകള്‍ വാരിയെടുക്കാന്‍ മുന്നിലുള്ള കുടം തച്ചുടച്ചാല്‍ പിന്നെ നീ തന്നെ അനാഥനായിപ്പോവും. ബഹുമാനിക്കപ്പെടേണ്ടതൊക്കെ ബഹുമാനക്കണമെന്നാണ് സകല മതങ്ങളും ഇസങ്ങളും സംഘടനകളും പറഞ്ഞു തരുന്നതും. ''ഈ ലോകത്തെ തന്നെ  മാറ്റിമറിക്കാന്‍ കഴിവുള്ള വലിയൊരായുധമാണ് പുസ്തകം'' എന്ന മഹത് വാക്യം മറക്കാതിരിക്കുക.

ഇതെല്ലാം ഒരുമിച്ച് കൂടിയാലേ നീ നല്ലൊരു വിദ്യാര്‍ത്ഥിയാവൂ. നല്ലൊരു വിദ്യാര്‍ത്ഥിക്കേ ജ്ഞാനങ്ങള്‍ നേടാനാവൂ. ജ്ഞാന നിലവറയുടെ പൂട്ട് തുറക്കാനുള്ള നല്ലൊരു ചാവിയാണ് സല്‍സ്വഭാവം. 'മനസില്‍ ജ്ഞാനം കയറ്റുന്നതിന് മുമ്പ് തലയില്‍ സൂക്ഷിച്ചാല്‍ അത് യഥാര്‍ത്ഥ വിദ്യയാവുകയില്ല' എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ മൊഴിയും, ' സ്വഭാവവും വിദ്യയും കൂടിയാലേ നല്ലൊരു വിദ്യഭ്യാസത്തിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് എത്താന്‍ പറ്റുള്ളൂവെന്ന' അരിസ്‌റ്റോട്ടിലിന്റെ വാക്കും അര്‍ത്ഥമാക്കുന്നതും ഇതു തന്നെ. ജ്ഞാനത്തിന്റെ അടിത്തറയാണ് സല്‍സ്വഭാവം.

അക്ഷര ജ്ഞാനമില്ലാത്ത നിഷ്‌കളങ്ക ബാല്യത്തില്‍ ആദ്യാക്ഷരത്തിന്റെ ഹരിശ്രീ കുറിക്കുമ്പോള്‍ തന്നെ ആ കൊച്ചു ഹൃദയത്തില്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള പ്രയാണത്തെ സ്വപ്നം കാണണം. ''ആകാശത്തോളം സ്വപ്നം കാണണമെന്നും ചെറിയ സ്വപ്നം കാണല്‍ പാപമാണെന്നും'' പഠിപ്പിച്ച സാക്ഷാല്‍ എ.പി.ജെ അബ്ദുല്‍ കലാമിന്റെ അര്‍ത്ഥ പൂര്‍ണമായ വാക്കുകള്‍ തന്നെയാണ് ഇതിന് ഏറ്റവും മഹിതമായ മകുടോദാഹരണവും. അലക്ഷ്യമായ യാത്ര കരകാണാത്ത കടലിലെ യാത്ര പോലേയാവും. ഒരു പക്ഷേ വന്യമായ കൊടും കാടുകളും കയറിയിറങ്ങേണ്ടി വരും. അത് കൊണ്ട് തന്നെ അക്ഷരങ്ങളുടെ കോണിപ്പടികളില്‍ ലക്ഷ്യങ്ങളുടെ ചുവടുവെപ്പോടെ തന്നെ തുടങ്ങണം.

മൂത്തവരെ ബഹുമാനിക്കുകയും ഇളയവരെ സ്‌നേഹിക്കുകയും ചെയ്യുക എന്ന പാഠം ജീവിതത്തിലുടനീളം കൊണ്ട് നടക്കേണ്ട ആദ്യ പാഠമാണെന്ന് ഓര്‍ക്കുക. ഹൈസ്‌കൂളും ഹയര്‍ സെക്കണ്ടറിയും കോളജും കയറിയങ്ങളുമ്പോള്‍ തന്റെ കീഴില്‍ വരുന്നവരെ മൃഗശാലയിലെ വികൃതങ്ങള്‍ കാട്ടാനുള്ള മൃഗങ്ങളാക്കി തീര്‍ക്കരുത്. അതിലൂടെ നിന്റെ ശരീരത്തിലേക്ക് നീ മൃഗീയ്യതയെ കയറ്റി വിടുകയാണ് ചെയ്യുന്നത്. വീട്ടിലേക്ക് കയറി വരുന്നവരെ അതിഥികളായി സല്‍കരിക്കാനുള്ള മനോഭാവം മനസിലുണ്ടായാല്‍ ആ മനോഭാവം നിന്റെ കോളജിലേക്ക് കയറി വരുന്നവര്‍ക്കും നീ സമ്മാനിക്കണം. എന്നാലേ മനുഷ്യനെന്ന് പറയാനാവൂ. തന്റെ വാക്ക് കൊണ്ടോ നാവ് കൊണ്ടോ ആരും ബുദ്ധിമുട്ടരുത് എന്ന് ചിന്തിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ മനുഷ്യനാവുന്നത്.

പുണ്യങ്ങള്‍ നിറഞ്ഞ പുതു ഭാവിക്കായ് വിദ്യയുടെ കൂടാരത്തിലേക്ക് വീണ്ടുമൊരു ചവിട്ടടി വെക്കുന്ന സ്‌നേഹ കുരുന്നകള്‍ക്ക് നന്മയുടെ ഒരായിരം സ്‌നേഹപ്പൂക്കള്‍ സമര്‍പ്പിക്കുന്നു.

-സവാദ് ഇര്‍ശാദി ഹുദവി കട്ടക്കാല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വീണ്ടുമൊരു കലാലയ മുറ്റത്ത്...



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia