Book Release | കളർ കാല കറുപ്പുകൾ മായ്ക്കാൻ ഒരു കറുപ്പും വെളുപ്പും കാല സ്മൃതി ഗ്രന്ഥം
ബാഫഖി തങ്ങളുടെ ദീർഘദൃഷ്ടിയും ജനസ്വാധീനവും കേരള രാഷ്ട്രീയത്തെ രൂപപ്പെടുത്തി.
സൂപ്പി വാണിമേൽ
(KasargodVartha) സഹചാരി ഫോൺ സങ്കൽപ്പത്തിൽ പോലും ഇല്ലാതിരുന്ന കാലം. കാസർക്കോട്ടുകാർ ലാൻഡ് ഫോൺ ഉപയോഗിച്ചത് ടെലിഫോൺ എക്സ്ചേഞ്ചിലെ 'നമ്പർ പ്ലീസ്' സംവിധാന സഹായത്തോടെ. ആ നാളിൽ കാസർകോട്ടെ അഡ്വ. ഹമീദലി ശംനാട് സാഹിബിന് കോഴിക്കോട് നിന്ന് ഒരു വിളി വന്നു. മറുതലക്കൽ അന്നത്തെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ. കാണണം എന്ന നിർദേശം അനുസരിച്ച് ചെന്ന ശംനാടിനോട് കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ പറയുകയായിരുന്നു തങ്ങൾ.
മറുവാക്കിന് പഴുതില്ലാത്ത കല്പന. മദിരാശി അസംബ്ലിയിലും പ്രഥമ കേരള നിയമസഭയിലും അംഗമായിരുന്ന അവിഭക്ത കമ്യൂണിസ്റ്റു പാർട്ടി നേതാവ് സി.എച്ച് കണാരൻ 1960ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ സിറ്റിംഗ് സീറ്റിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയോട് പരാജയപ്പെട്ടു. ഹമീദലി ശംനാടിന്റെ വിജയം കേരള രാഷ്ട്രീയത്തിൽ അതിശയമായി. വിശ്വ വിഖ്യാത സഞ്ചാര സാഹിത്യകാരൻ എസ്.കെ.പൊറ്റെക്കാട് 1962ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ 66000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഡോ. സുകുമാർ അഴീക്കോടിനെ പരാജയപ്പെടുത്തിയത് മുസ്‌ലിം ലീഗ് പിന്തുണയോടെയായിരുന്നു.
ആ വിജയ പശ്ചാത്തലം 1973ൽ പുറത്തിറങ്ങിയ ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥത്തിൽ പൊറ്റെക്കാട് വിവരിക്കുന്നത് ഇങ്ങിനെ: 'ഞാൻ വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാനുദ്ദേശിക്കുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുണ്ടായിരിക്കുമെന്നും മുസ്‌ലിം ലീഗ് എന്നെ സഹായിക്കാൻ സാധ്യതയുണ്ടോയെന്നും ഞാൻ എന്റെ സുഹൃത്തായ സി.എച്ച് മുഹമ്മദ് കോയയെ കണ്ട് സംസാരിച്ച് ഒരന്വേഷണം നടത്തി. അദ്ദേഹം എന്നെ ഉപദേശിച്ചു, ബാഫഖി തങ്ങളെ ചെന്നു കാണാൻ. 'ആരുടേയും കൂട്ടോ ശുപാർശയോ ഇല്ലാതെ 1961 ഡിസംബർ ഏഴിന് ഉച്ചക്ക് ഞാൻ ഒറ്റക്ക് ബാഫഖി തങ്ങളെ അദ്ദേഹത്തിന്റെ വലിയങ്ങാടിയിലെ പാണ്ടികശാലയുടെ മുകളിൽ ചെന്നു കണ്ടു.
ഞങ്ങൾ മുമ്പ് അന്യോന്യം പരിചയപ്പെട്ടിരുന്നില്ല.എന്നാലും അദ്ദേഹം വളരെ സ്നേഹ ഭാവത്തിലാണ് എന്നെ സ്വീകരിച്ചത്. ഞാൻ വന്ന കാര്യം അദ്ദേഹത്തെ കേൾപ്പിച്ചു. അദ്ദേഹം എല്ലാം ശ്രദ്ധിച്ചു കേട്ടു. കുറച്ചുനേരം ആലോചിച്ചു. പിന്നെ സൗമ്യഭാവത്തിൽ പറഞ്ഞത് ഇതായിരുന്നു- 'നിങ്ങൾ തലശ്ശേരിയിൽ നിന്നോളൂ, ലീഗ് സഹായിക്കാം'. ബാഫഖി തങ്ങൾ എത്ര മിടുക്കനായൊരു രാഷ്ട്രീയ തന്ത്രജ്ഞനാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. വടകര നിയോജക മണ്ഡലത്തിൽ ലീഗ് എടുക്കാൻ പോകുന്ന നിലപാടെന്താണെന്നോ തലശ്ശേരിയിൽ ലീഗ് എനിക്ക് സഹായം വാഗ്ദാനം ചെയ്യാൻ കാരണം എന്താണെന്നോ ബാഫഖി തങ്ങൾ പറഞ്ഞില്ല.
മുസ്‌ലിം ലീഗ് ഇതിനെപ്പറ്റി ആലോചിച്ച് പിന്നീട് വിവരമറിയിക്കാം എന്നോ മറ്റോ ആയിരിക്കും തങ്ങൾ പറയുക എന്നാണ് ഞാൻ കരുതിയത്. (ഇങ്ങിനെയുള്ള ഘട്ടങ്ങളിൽ മറ്റു നേതാക്കന്മാരുടെ അരുളപ്പാടുകൾ അങ്ങിനെയായിരിക്കുമല്ലോ). ഞാൻ തലശ്ശേരിയിൽ നോമിനേഷൻ സമർപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയും അനുകൂലിച്ചു. മുസ്‌ലിം ലീഗിന്റെ നിർദേശപ്രകാരം തന്നെ വടകരയിൽ സ്വതന്ത്രനായി എ.വി രാഘവനും മത്സരിച്ചു. അങ്ങിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ബാഫഖി തങ്ങളുടെ വ്യക്തിപ്രഭാവം ജ്വലിക്കുന്ന മുസ്‌ലിം ലീഗിന്റേയും പിന്തുണയോടുകൂടി 66000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തലശ്ശേരിയിൽ ഞാനും 72000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വടകരയിൽ (കെ.ബി.മേനോനെ തോല്പിച്ച്) എ.വി.രാഘവനും വിജയിച്ചു'.
ബാഫഖി തങ്ങളുടെ ദീർഘദൃഷ്ടിയുടേയും ജനസ്വാധീനത്തിന്റേയും ഫലമായിട്ടാണ് മുമ്പ് കോൺഗ്രസും പി.എസ്.പിയും കൈവശം വെച്ചിരുന്ന തലശ്ശേരി, വടകര പാർലമെന്റ് സീറ്റുകൾ ഐക്യകക്ഷികൾ പിടിച്ചെടുത്തത്. കേരളത്തിലെ, വിശേഷിച്ചും മലബാറിലെ മുസ്‌ലിംകളുടെ ചരിത്രത്തിൽ മാത്രമല്ല, കേരള രാഷ്ട്രീയ ചരിത്രത്തിലും ബാഫഖി തങ്ങളുടെ വ്യക്തിപ്രഭാവവും സേവന മഹിമയും എന്നും ആദരപൂർവ്വം സ്മരിക്കപ്പെടുകതന്നെ ചെയ്യും', പൊറ്റെക്കാട് ചാർത്തിയ ഈ പൊൻകിരീടം ഉൾപ്പെടെ മഹത്തുക്കളുടെ മുത്തുകൾക്ക് പൊടി തട്ടാതെ കവചമൊരുക്കുക എന്ന ദൗത്യം നിർവഹിക്കുകയായിരുന്നു 2022 ജനുവരിയിൽ കാസർക്കോടിന്റെ വ്യവസായ പ്രമുഖൻ അബ്ദുൽ ഖാദർ തെരുവത്ത്.
മുൻമന്ത്രി ചെർക്കളം അബ്ദുല്ല സാഹിബിന്റെ പി.എയായിരുന്ന നിലവിൽ ഷൊർണൂർ ബിആർസിയിൽ പ്രവർത്തിക്കുന്ന ടി.കെ അഹ്മദ് മാസ്റ്റർ താമസിച്ച തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ആദ്യമായി ആ ഗ്രന്ഥം പുതിയ രൂപത്തിൽ കാണുന്നത്. 1973ൽ ബാഫഖി തങ്ങൾ മക്കയിൽ അന്തരിച്ചതിന് പിന്നാലെ 'ചന്ദ്രിക' പ്രവർത്തകർ അക്കാലത്തെ പരിമിതികളിൽ തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ ഉള്ളടക്കം സ്പർശിക്കാതെ ഭദ്രവും മനോഹരവുമായ പുറംചട്ടയോടെ ബാഫഖി തങ്ങളുടെ പുന്നാര മകളും മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹധർമ്മിണിയുമായ ഫാത്തിമ ബീവി എന്ന 'ബീത്താത്ത'യുടെ ഓർമ്മക്ക് മുന്നിൽ സമർപ്പിക്കുകയായിരുന്നു അബ്ദുൽ ഖാദർ.
ഈ ഗ്രന്ഥം കാസർകോട് സംഘടിപ്പിക്കുന്ന മറ്റൊരു ചടങ്ങിലൂടെ സെപ്റ്റംബർ എട്ടിന് കൂടുതൽ കൈകളിലെത്തുകയാണ്. ഒരെണ്ണം മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അജ്മൽ എത്തിച്ചു തന്നു. പിന്നിപ്പോയ താളുകൾ ചേർത്തു വായിക്കാൻ വിഷമിച്ച അനുഭവമുള്ള ഗ്രന്ഥം പുതിയ രൂപത്തിൽ കൈവന്ന സന്തോഷത്തോടെയാണ് താളുകളിലൂടെ കണ്ണോടിച്ചത്. കമ്മ്യൂണിസ്റ്റ് ആചാര്യനും ലോകത്താദ്യം ബാലറ്റിലൂടെ അധികാരമേറ്റ കേരളത്തിലെ പ്രഥമ സർക്കാർ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്, ബാഫഖി തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരാമർശിക്കുന്നുണ്ട്.
മുസ്‌ലിം ലീഗും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉൾപ്പെട്ട ഐക്യമുന്നണി, മാർക്സിസ്റ്റ് വിരുദ്ധ ചേരിയുടെ ഭാഗമായ മുസ്‌ലിം ലീഗ് -രണ്ടും എടുത്തു പറഞ്ഞ ഇഎംഎസ് ഇങ്ങിനെ അഭിപ്രായപ്പെടുന്നു: 'ഈ രണ്ടു കാലഘട്ടങ്ങളിലും ഒരുപോലെ താൻ തുടർന്നു പോരുന്ന രാഷ്ട്രീയ നയം പ്രയോഗത്തിൽ വരുത്തുന്നതിൽ അപാരമായ കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു'. മുൻ മുഖ്യമന്ത്രിമാരായ സി.എച്ച്.മുഹമ്മദ് കോയ, കെ.കരുണാകരൻ, എ.കെ ആന്റണി, ഇ.കെ നായനാർ, മുൻ മന്ത്രിമാരായ എ.എൻ ഗോവിന്ദൻ നായർ, യു.എ ബീരാൻ, കെ അവുഖാദർ കുട്ടി നഹ, ചാക്കീരി അഹമ്മദ്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ തുടങ്ങി കേരള രാഷ്ട്രീയത്തിലെ നെടുനായകന്മാർ ഹ്രസ്വ,ദീർഘ ലേഖനങ്ങളിലൂടെ ബാഫഖി തങ്ങൾ സമൃതിയിലൂടെ ഒരു യുഗപുരുഷനെ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നുണ്ട്.
മാധ്യമരംഗത്തെ പ്രമുഖർ കെ.പി.കേശവമേനോൻ, വി.എം.നായർ, സി.കെ.താനൂർ, കെ.പി.കുഞ്ഞി മൂസ തുടങ്ങിയവരമുണ്ട് താളുകളിൽ. കുഞ്ഞാലി മരക്കാരുടെ ജന്മനാടായ ഇരിങ്ങൽ കോട്ടക്കലിൽ ബാഫഖി തങ്ങൾ പങ്കെടുക്കേണ്ട പരിപാടിയിൽ അദ്ദേഹം എത്തില്ലെന്ന് പറഞ്ഞ് പിഴവ് സംഭവിച്ച അനുഭവം കെ.പി.കുഞ്ഞി മൂസ വിവരിക്കുന്നുണ്ട്. 'കേരള മന്ത്രിസഭയെ ബാധിക്കുന്ന അതിപ്രധാനമായ ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തിരുവനന്തപുരത്ത് പോകേണ്ടതുണ്ട്', എന്നായിരുന്നു കുഞ്ഞി മൂസ സംഘാടകനായ സി.പി.മമ്മുവിനെ അറിയിച്ചത്. 'അര മണിക്കൂർ കഴിഞ്ഞതേയുള്ളൂ മമ്മു 'ചന്ദ്രിക'യിൽ എത്തി. തങ്ങൾ താഴെ കാറിൽ കാത്തിരിക്കുന്നു ഉടൻ വരണം. തങ്ങൾ തിരുവനന്തപുരത്തേക്ക് പോവുന്നില്ലേ?-ഞാൻ ചോദിച്ചു.
'കോട്ടക്കൽ പരിപാടി ഞാദ്യമേ ഏറ്റതാണ്, അതു കഴിഞ്ഞിട്ടു മറ്റു കാര്യം', കോട്ടക്കൽ പോയി പ്രസംഗിച്ച ശേഷം കൊയിലാണ്ടിയിൽ നിന്ന് രാത്രി ജനത എക്സ്പ്രസിൽ തങ്ങൾ തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു', -കുഞ്ഞി മൂസ എഴുതി. സമാനതകളില്ലാത്ത ശേഖരമാണിതെന്ന ബോധത്തോടെ പുതുതലമുറക്ക് സമീപിക്കാവുന്നതാണ് ഈ അക്ഷരക്കൊട്ടാരം. കളർകാല രാഷ്ട്രീയത്തിലെ കറുപ്പുകൾ മായ്ക്കാനുള്ള ഊർജ്ജവും ആർജ്ജവവും പകരാതിരിക്കില്ല. ഹജ്ജിന് പോവുന്ന ബാഫഖി തങ്ങൾക്ക് യാത്രാ മംഗളം നേരാൻ കാസർകോട് റെയിൽവെ സ്റ്റേഷനിൽ ചെന്ന താൻ ഹജ്ജ് തീർഥാടകനായ അനുഭവം കെ.എസ്.സുലൈമാൻ ഹാജി ഗ്രന്ഥത്തിൽ പങ്ക് വെക്കുന്നു.
മുസ്ലിം ലീഗും എം.ഇ.എസും വിരുദ്ധ ചേരിയിൽ നിന്ന കാലം കാസർകോട് തളങ്കര മാലിക് ദീനാർ ഉറൂസ് വേളയിൽ തങ്ങളുമായി നടത്തിയ ചർച്ചയാണ് കെ.എസ് അബ്ദുല്ല അനുസ്മരിച്ചത്. ബാഫഖി തങ്ങളുടെ മരണ വാർത്ത സ്ഥിരീകരിക്കാൻ നടത്തിയ ശ്രമം അബ്ദുൽ ഖാദർ തെരുവത്ത് പകർത്തിയത് ഇങ്ങിനെ: 'അതൊരു വെള്ളിയാഴ്ചയായിരുന്നു. രാവിലെ ഏതാണ്ട് പത്തുമണിയായിക്കാണും. തികച്ചും യാദൃശ്ചികമായിട്ടാണ് ആ വാർത്ത കാട്ടുതീപോലെ ദുബായിലും പരിസരങ്ങളിലും പരന്നത്. ആർക്കുമത് കേട്ട മാത്രയിൽ വിശ്വസിക്കാൻ സാധിച്ചില്ല. കുവൈത്തിൽ നിന്ന് ആരോ ഫോൺ ചെയ്തതാണത്രെ. ആളുകൾ കൂട്ടം ചേർന്ന് എന്നെ സമീപിച്ചു. അനേകായിരം മൈലുകൾ അകലെ കിടക്കുന്ന കോഴിക്കോട്ടേക്ക് 'ലൈറ്റ്നിങ്' കോൾ ബുക്ക് ചെയ്തു. മാനജിംഗ് എഡിറ്റർ ടി.പി കുട്ട്യമ്മു സാഹിബാണ് 'ചന്ദ്രിക'യിൽ നിന്ന് ഫോൺ അറ്റൻഡ് ചെയ്തത്. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഖേദകരമായ ആ വാർത്ത അങ്ങിനെ സ്ഥിരികരിക്കപ്പെട്ടു'.