city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിരൂപണത്തിലെ നെഗറ്റീവ്, പോസിറ്റീവ് വഴികള്‍

നിരൂപണത്തിലെ നെഗറ്റീവ്, പോസിറ്റീവ് വഴികള്‍
M.Krishnan Nair
എല്ലാ മേഖലയിലും വളര്‍ത്തുന്ന കൈയ്യും തളര്‍ത്തുന്ന കൈയ്യുമുണ്ട്. രാഷ്ട്രീയത്തിലും സാഹിത്യത്തിലുമാണ് അത് കൂടുതലും പ്രകടമാവുന്നത്. വാക്കുകളിലൂടെയും എഴുത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രാഷ്ട്രീയ നേതാക്കള്‍ക്കും സാസ്‌കാരിക നായകര്‍ക്കും പിന്‍ഗാമികളെ തളര്‍ത്തുകയോ, വളര്‍ത്തുകയോ ചെയ്യാം. അത്തരം പ്രവര്‍ത്തിയിലൂടെ അവര്‍ പലപ്പോഴും ഒരു വ്യക്തിയെയല്ല, ഒരു തലമുറയെ തന്നെ സ്വാധീനിക്കുകയും ചെയ്യുന്നു.

സി.ടി ബഷീര്‍ രചിച്ച, ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷര പഥങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്‍ നടത്തിയ ഒരു പരാമര്‍ശമാണ് മേല്‍പറഞ്ഞ ചിന്ത ഉണര്‍ത്തിയത്.

പ്രമുഖ നിരൂപകനായ പ്രൊഫസര്‍ എം. കൃഷ്ണന്‍ നായര്‍ 25 വര്‍ഷത്തോളം കലാകൗമുദിയിലും പിന്നീട് മലയാളം ആഴ്ചപ്പതിപ്പിലും അദ്ദേഹത്തിന്റെ കോളമായ സാഹിത്യവാരഫലത്തിലൂടെ എത്രയോ പ്രതിഭകളെ വധിച്ചപ്പോള്‍ മറ്റൊരു നിരൂപകനായ പ്രൊഫസര്‍ ഇബ്രാഹിം ബേവിഞ്ച 18 വര്‍ഷത്തോളം ചന്ദ്രിക പത്രത്തിലെ അദ്ദേഹത്തിന്റെ കോളമായ പ്രസക്തിയിലൂടെ അനവധി പ്രതിഭകളെ വളര്‍ത്തി എന്നുമായിരുന്നു സിവിക് ചന്ദ്രന്‍ പറഞ്ഞതിന്റെ പൊരുള്‍.

നിരൂപണത്തിലെ നെഗറ്റീവ്, പോസിറ്റീവ് വഴികള്‍
Ibrahim Bevinja
പാശ്ചാത്യ എഴുത്തുകാരെയും കൃതികളെയും മാത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രദ്ധിച്ച കൃഷ്ണന്‍ നായര്‍ മലയാളത്തില്‍ എഴുതിത്തെളിഞ്ഞു വരുന്ന എഴുത്തുകാരെ തല്ലിയമര്‍ത്താനാണ് സാഹിത്യ വാരഫലത്തിലൂടെ ശ്രമിച്ചത്. അതിനാല്‍ എത്രയോ എഴുത്തുകാര്‍ മുളയിലേ തന്നെ നശിച്ചു പോവുകയായിരുന്നു. വിമര്‍ശന ശരങ്ങളെ തൃണവല്‍ഗണിച്ച് മുന്നേറിയ ചുരുക്കം ചിലര്‍ പിന്നീട് അറിയപ്പെടുന്ന എഴുത്തുകാരായി വളരുകയും ചെയ്തു.

ഇബ്രാഹിം വേബിഞ്ചയാകട്ടെ വളര്‍ന്നു വരുന്ന, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഏവരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ എഴുത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുകയും നേര്‍വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കോളത്തില്‍ മാത്രമല്ല, അതിന് പുറത്തുള്ള എഴുത്തിലും അധ്യാപന വൃത്തിയിലും അത് പുലര്‍ത്തി. എം. കൃഷ്ണന്‍ നായര്‍ എഴുത്തിലെ നവമുകുളങ്ങളോട് നെഗറ്റീവ് സമീപനവും ഇബ്രാഹിം ബേവിഞ്ച പോസിറ്റീവ് സമീപനവും സ്വീകരിച്ചു.

അവഗണിക്കപ്പെട്ടവരും തമസ്‌ക്കരിക്കപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ എഴുത്തുകാരെ കണ്ടെത്താനും അവരെ പരിചയപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും പ്രൊഫസര്‍ ബേവിഞ്ച ശ്രദ്ധിച്ചു. എത്രയോ യുവ എഴുത്തുകാരുടെ കൃതികള്‍ക്ക് അവതാരിക എഴുതുകയും ആസ്വാദനം എഴുതുകയും ചെയ്ത ബേവിഞ്ച സാഹിത്യ ലോകത്ത് വളര്‍ന്നു വരുന്നവര്‍ക്ക് എപ്പോഴും പ്രചോദനമായി. പതിനൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഇബ്രാഹിം ബേവിഞ്ച അവയിലൂടെ തന്റെ നിലപാടുകളും, നിരീക്ഷണങ്ങളും, സാമൂഹ്യ വീക്ഷണവും പ്രകടിപ്പിച്ചിട്ടുണ്ട്.

മതവും സാമൂഹികവും ചരിത്രപരവും സാഹിത്യ സംബന്ധവുമായ വിഷയങ്ങളിലൂടെയെല്ലാം സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് വാര്‍ന്നു വീഴുന്നത് സമൂഹത്തിന് നവോന്മേഷം പകരുന്ന സത്യങ്ങളാണ്.

നിരൂപണത്തിലെ നെഗറ്റീവ്, പോസിറ്റീവ് വഴികള്‍
Civic Chandran
ബേവിഞ്ചയുടെ സര്‍ഗ പ്രപഞ്ചത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് സി.ടി ബഷീര്‍ രചിച്ച ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷര പഥങ്ങള്‍. അതിന്റെ പ്രകാശന വേളയില്‍ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് സിവിക് ചന്ദ്രന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ഏറെ പ്രസക്തമാവുന്നു. പ്രസക്തമായ കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ടതു പോലെ പറഞ്ഞ 'പ്രസക്തി' യുടെ തൂലികാകാരനെ അവതരിപ്പിക്കാന്‍ സിവിക് ചന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ ആ അര്‍ത്ഥത്തില്‍ തന്നെയാണ് കൂടുതല്‍ പ്രസക്തമാവുന്നത്.

സാംസ്‌കാരിക രംഗത്തും കേരളത്തിലെ ചില പ്രദേശങ്ങള്‍ ഏറെ പിന്നോക്കം നില്‍ക്കുന്നു. കാസര്‍കോടും വയനാടും ഹൈറേഞ്ചും അതില്‍ പെടുന്നു. ഈ പ്രദേശത്ത് നിന്ന് വളര്‍ന്നു വന്ന എഴുത്തുകാര്‍ ചുരുക്കമാണ്. കല്‍പ്പറ്റ നാരായണനും സുഭാഷ് ചന്ദ്രനും മറ്റും ഇങ്ങനെ വളര്‍ന്ന എഴുത്തുകാരാണ്- സിവിക് ചന്ദ്രന്‍ പറയുകയുണ്ടായി.

നിരൂപകരടക്കമുള്ള എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും സമൂഹത്തിന്റെ പ്രയാണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവര്‍ ഏത് നിലപാട് സ്വീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അത് വിലയിരുത്തപ്പെടുന്നത്.

-രവീ­ന്ദ്രന്‍ പാടി

Keywords:  Ibrahim Bevinja, Book-Release, Civic Chandran, M. Krishnan Nair, Kasaragod, Kerala Vartha, Kerala News, Ravindran Pady

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia