city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടുകാര്‍ ബംഗളൂരുവിലെത്താന്‍ 2 വണ്ടികള്‍ കയറണം; റെയില്‍വെ അവഗണനയുടെ മറ്റൊരു മുഖം

പ്രതിഭാരാജന്‍

(www.kasargodvartha.com 29.07.2016) കണ്ണൂര്‍ വരെ വന്നു നിന്നാല്‍ മതി അതിവേഗ പാത എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം പോലെത്തന്നെ മലബാറിനെ, പ്രത്യേകിച്ച് കാസര്‍കോടിനെ അവഗണിക്കുകയാണ് റെയില്‍വേ. തലമുറകളായി കാസര്‍കോട്ടുകാര്‍ക്ക് ബംഗളൂരുവുമായുള്ള വ്യാപാര-വ്യവസായ ബന്ധത്തെ റെയില്‍വേയും നമ്മുടെ ജനപ്രതിനിധികളും കണ്ടില്ലെന്നു നടിക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ഭാഗത്തു നിന്നും കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്.

ബംഗളൂരുവിലെ ചിക്ക്‌പേട്ടും, മാമൂല്‍പ്പേട്ടും, ശിവജി നഗറും, സിറ്റി മാര്‍ക്കറ്റും കേന്ദ്രീകരിച്ചാണ് ജില്ലയുടെ വിപണി തന്നെ. ഓണത്തിനും പെരുന്നാളിനും ഇവിടെ എത്തുന്ന ഭുരിപക്ഷം തുണിത്തരങ്ങളും ബംഗളൂരുവിലേതാണ്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ അവിടെനിന്നും വരുന്നു. ഏത്രയോ മലബാറുകാര്‍ കുടംബമായി അവിടെ കഴിയുന്നു. സര്‍ക്കാര്‍-സര്‍ക്കാരേതര ജോലി നോക്കുന്നവര്‍ നിരവധി. കര്‍ണാടക മന്ത്രി യു ടി ഖാദറും, മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡയും ജില്ലയുടെ അയല്‍ക്കാരാണ്. സ്വഭാഷക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലുള്ളവരാണ് ബംഗളൂരുവില്‍ അധികവും. ഒരു പതിറ്റാണ്ടിനും അപ്പുറത്ത് തുടങ്ങിയ മംഗളൂരു വഴി കണ്ണൂരിലേക്കുള്ള ഒരു ട്രെയിന്‍ സര്‍വ്വീസല്ലാതെ കാസര്‍കോട് ജില്ലയ്ക്ക് ഇനിയും ബംഗളൂരുവിലേക്കുള്ള ട്രെയിനിന്റെ കാര്യത്തില്‍ ശാപമോക്ഷമുണ്ടായിട്ടില്ല. ഇപ്പോള്‍ ഓടുന്ന വണ്ടിയിലാണെങ്കില്‍ കാലു കുത്താന്‍ പോലും സ്ഥലമില്ലാത്ത തിരിക്കാണ്.

വടക്കേ മലബാറിലെ പതിനായിരക്കണക്കിനു യാത്രക്കാരെ കണ്ടില്ലെന്നു നടിക്കുന്ന റെയില്‍വേയുടെ വകഞ്ഞു മാറ്റലില്‍ നിന്നും ലക്ഷങ്ങള്‍ കൊയ്‌തെടുക്കുന്നത് സ്വകാര്യ ബസ് മുതലാളിമാരാണ്. ഇവരുടെ കറുത്ത കൈകളാണോ സര്‍ക്കാരിനെ നയിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. തന്ന ഉറപ്പുകള്‍ ഇനി ഏതു നൂറ്റാണ്ടിലാണ് പാലിക്കപ്പെടുകയെന്ന് പാസഞ്ചേഴ്‌സ് അസോസിയഷനുകള്‍ ചോദിച്ചു തുടങ്ങി. ഓരോ ജോലികളിലും വ്യാപാരത്തിലും ഇടപെടുന്ന തിരക്കുള്ള യാത്രക്കാര്‍ക്ക് പ്രതികരിക്കാന്‍ സമയവും സാവകാശവും ഇല്ലാത്തതിനാല്‍ അവര്‍ സഹിച്ചും, തപിച്ചും, സ്വയം ശപിച്ചും കഴിയുകയാണ്. അവരുടെ ദൗര്‍ബല്യം മുതലെടുത്താണ് ബന്ധപ്പെട്ട രാഷ്ട്രീയക്കാരും അധികൃതരും ബസ് മുതലാളി പക്ഷത്ത് ചേരുന്നത്.

തെക്കന്‍ കേരളത്തില്‍ നിന്നും സേലം വഴി ആഴ്ചയില്‍ 40 സര്‍വ്വീസുകള്‍ വീതം ബംഗളൂരുവിലേക്ക് ഉണ്ടെങ്കിലും ബംഗളൂരുവിന്റെ മൂക്കിനു താഴെയുള്ള, കന്നട സഹഭാഷയായി കൊണ്ടു നടക്കുന്ന കാസര്‍കോടിലേക്ക് ഒരു വണ്ടി രാവിലെ വന്നാല്‍ വൈകുന്നേരം കണ്ണുരില്‍ നിന്നും തിരിച്ചു പോകുന്ന യശ്വന്ത്പുര്‍ മാത്രം. അതും മംഗളൂരു കെട്ടിക്കിടന്ന് തുംകൂര്‍ വഴി വന്നു ചേരുന്ന മറ്റൊരു വണ്ടിയോട് ഘടിപ്പിച്ച് ആര്‍ക്കോ വേണ്ടി ഓടുന്ന കണക്കെയാണ് പോക്ക്. മന്ത്രി ഇ അഹ് മദ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ കിട്ടിയ ഈ അനുഗ്രഹത്തിനു പകരം വെക്കാന്‍ ഇനിയും നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് സാധിച്ചിട്ടില്ല.

ജനങ്ങളെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധരായ ജനപ്രതിനിധികളും അവരുടെ രാഷ്ട്രീയവും ഇരുട്ടില്‍ തപ്പുകയാണ്. റെയില്‍വേ വാങ്ങുന്നതിന്റെ ഇരട്ടിയില്‍ അധികം ബസ്ചാര്‍ജ്ജ് മുതലാളിമാര്‍ വാങ്ങുന്നു. കൊടുക്കാതെ തരമില്ല. ആശുപത്രിക്കു പോകേണ്ടുന്നവര്‍, ബസിലെ യാത്രയും ചികില്‍സയും കഴിഞ്ഞു തിരിച്ചു നാട്ടിലെത്തിയാല്‍ വീണ്ടും കിടപ്പിലാകുന്നു. ആവശ്യത്തിനു വണ്ടിയുണ്ടായാല്‍ കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോടിന്റെ സമഗ്രവികസനത്തിനും ബംഗളൂരു എന്ന മഹാ നഗരത്തിന് പലതും ചെയ്യാന്‍ സാധിക്കും. കണിയൂര്‍ പാതയുടെ പ്രാഥമിക പ്രവര്‍ത്തനം നടന്നുവരുന്ന ഈ ഘട്ടത്തില്‍ നല്ല അയല്‍ക്കാരനെ നേരത്തെ സൃഷ്ടിക്കാന്‍ ഉള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ മനസു വെക്കണണെമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

കാസര്‍കോട്ടുകാര്‍ ബംഗളൂരുവിലെത്താന്‍ 2 വണ്ടികള്‍ കയറണം; റെയില്‍വെ അവഗണനയുടെ മറ്റൊരു മുഖം

Keywords:  Article, Railway, Prathibha-Rajan, Development project, Bangalore, Mangalore, Kasargod, Bus fair, Journey, Kannur, Train service.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia