city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസിന്റെ ചുമതല എം.വി. ജയരരാജന്; കാസര്‍കോടിനും പ്രതീക്ഷ

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 17.03.2017) ടൂറിസ്റ്റ് കേന്ദ്രങ്ങളായ പള്ളിക്കര ബീച്ചിലും, ബേക്കല്‍ കോട്ടയിലും കഞ്ചാവ്, മയക്കു മരുന്നു വില്‍പ്പന ഏതാണ്ടു പരസ്യമായി തന്നെ നടക്കുന്നു. വിരല്‍ത്തുമ്പിലാണ് സാധനം, നിലവിലെ പോലീസ് സംവിധാനം കൊണ്ട് തീര്‍ക്കാനാവും വിധമല്ല സംഗതികള്‍. കാപ്പില്‍ ബീച്ച് അടക്കമുള്ള കേന്ദ്രങ്ങള്‍ മാത്രമല്ല, ഇപ്പോള്‍ ജില്ല ആകമാനം മാഫിയാ കേന്ദ്രങ്ങളായി മാറുകയാണ്. മാഫിയാ സംഘത്തിന്റെ സമാന്തര നിയമവാഴ്ചയോടൊത്തു നില്‍ക്കുകയാണ് ജില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സെക്രട്ടറി പദത്തിലേക്ക് എം.വി. ജയരാജന്‍ കടന്നു വരുന്നുത് സി.പി.എം കേന്ദ്രങ്ങളില്‍ പ്രത്യാശ പടര്‍ത്തിയിരിക്കുകയാണ്.

തീരദേശത്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങളെല്ലാം ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാലും, കാഞ്ഞങ്ങാട് മണ്ഡലത്തിലെ പടന്നക്കാടും മാഫിയ പകര്‍ത്തിയ ഇരുട്ടിന്റെ മറവിലാണ്. കഞ്ചാവു വണ്ടി എന്നു സംശയിച്ചിരുന്ന കാര്‍ ചട്ടഞ്ചാലിലെ വഴിപോക്കനെ ഇടിച്ചു കൊന്നു. സാമൂഹ്യ ദ്രോഹികള്‍ നിയമം കൈയ്യിലെടുത്തു. പെട്ടിക്കടകള്‍ക്കടക്കം പട്ടണത്തില്‍ തീ പടര്‍ന്നു. അക്രമം നിയന്ത്രിക്കാനല്ല, കേസെടുത്തു ദ്രോഹിക്കുകയാണ് പോലീസ്.

പോലീസിന്റെ ചുമതല എം.വി. ജയരരാജന്; കാസര്‍കോടിനും പ്രതീക്ഷ

മടിക്കൈ ഗ്രാമത്തിലെ എരിക്കുളം ലഹരി ഉടമകളുടെ ചെറുവിരലില്‍. സന്ധ്യ മയങ്ങിയാല്‍ ലഹരി യഥേഷ്ടം ലഭിക്കുന്ന കേന്ദ്രങ്ങള്‍. കശുമാങ്ങ വാറ്റലും തകൃതി. ഒന്നും അറിയുന്നില്ലെന്ന മട്ടില്‍ എക്‌സൈസ്. ഇതിനിടെ ഒരു സംഘം വീടിനും വാഹനങ്ങള്‍ക്കും നേരെ കല്ലേറു നടത്തി. ഭീതി പടര്‍ത്തുകയായിരുന്നു ലക്ഷ്യം, ഫൂലന്‍ ദേവിയുടെ നാടു പോലായിരിക്കുന്നു മടിക്കൈയിലെ ചില കേന്ദ്രങ്ങള്‍. കാഞ്ഞങ്ങാട് പത്തായക്കുന്നിലെ രഞ്ചിത്തിനെ മറ്റൊരു സംഘം സോഡാക്കുപ്പി കൊണ്ട് മുഖം അടിച്ചു തകര്‍ത്തു. കുടിപ്പകയാണത്രെ കാരണം. പടന്നക്കാടു നിന്നും വിസിറ്റിങ്ങ് വിസയെടുത്തു വരെ വിദേശത്തേക്ക് കിലോക്കണക്കിനു കഞ്ചാവു കടത്തുന്നു. ചിലപ്പോള്‍ മാത്രം പിടിക്കപ്പെടുന്നു. കഞ്ചാവ് കുഴച്ചു മറിച്ചിട്ട കൗമാരങ്ങള്‍ ഏറെയും പടന്നക്കാട്ട് കേന്ദ്രീകരിച്ചാണ്. മകന്‍, കൗമാരപ്രായക്കാരനായ വിദ്യാര്‍ത്ഥി സ്വന്തം മതാവിനെ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചത് ലഹരിയുടെ മറവിലാണ്. മക്കളെ സ്‌കുളില്‍ അയക്കാന്‍ പോലും മടിക്കുന്നു ചിലര്‍. ലഹരിക്കെതിരെ ചട്ടഞ്ചാലുകാര്‍ ചേര്‍ന്ന് ഹര്‍ത്താല്‍ വരെ സംഘടിപ്പിച്ചു നോക്കി. ഇതില്‍ കൂടുതല്‍ എന്തു ചെയ്യാനൊക്കും ജനത്തിന്. നിയമം കൈയ്യിലെടുക്കുന്നവര്‍ അരങ്ങു വാഴുകയാണ്. ഇത്തരം സാഹചര്യത്തിലാണ് പൊയ്‌നാച്ചിയില്‍ കഞ്ചാവ് വാങ്ങാനെത്തിയ മുന്നു പേരെ പോലീസ് പിടികൂടിയതും കേസെടുക്കാതെ വിട്ടയച്ചതും വിലയിരുത്തേണ്ടത്. പോലീസിനും ഇതില്‍ പറയാനുണ്ട്. നിയമം അനുശാസിക്കാത്ത വിധം, തൊണ്ടി കൈയ്യില്‍ കിട്ടാതെ എങ്ങനെ കേസെടുക്കും. ഗോവന്‍ ബ്രാന്റ് അടക്കമുള്ള എല്ലാ തരത്തില്‍ പെട്ടവയും തെരെഞ്ഞെടുത്തു കുടിക്കാന്‍ സൗകര്യമൊരുക്കുന്ന പ്രാദേശിക കേന്ദ്രങ്ങളാണ് നാടു ഭരിക്കുന്നത്. പോലീസിനിതൊന്നും അറിയായ്കയല്ല. കൃത്യം ചെയ്യാനും തെളിവു നശിപ്പിക്കാനും കരുത്തുള്ളവരാണ് പിന്നില്‍.

പോലീസിനെ പറഞ്ഞിട്ടെന്തു കാര്യം, വണ്ടിയുമായി അവരെത്തുന്നതിനു മുമ്പെ മണം പിടിച്ച് വിവരം രഹസ്യമായി മാഫിയാ കേന്ദ്രങ്ങളിലെത്തുന്നു. ഇവിടെ കഞ്ചാവും മദ്യവും ഇതര മയക്കുമരുന്നു മാഫിയകളും പൂഴി കടത്തുകാരും ഇക്കാര്യത്തില്‍ മാത്രം ഒറ്റക്കെട്ട്. പൂഴി പിടിച്ചാല്‍ ഇപ്പോള്‍ പിഴ ഒടുക്കിയാല്‍ മതിയെന്നായിരിക്കുന്നുവത്രെ. നിയമം ലംഘിക്കാന്‍ ഭയപ്പെടേണ്ട, പിടിവീഴുന്നവനെ രക്ഷിക്കാന്‍ മാത്രം കാസര്‍കോട് ജില്ലയില്‍ മാഫിയ വളര്‍ത്തുന്ന പ്രത്യേകം സെല്‍ വരെ പ്രവര്‍ത്തിക്കുന്നു. നാട്ടുകാരാരെങ്കിലും പരാതിപ്പെട്ടാല്‍, ഇവരുടെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ടാല്‍ പിന്നെ പണി തീര്‍ന്നു. പരാതി കിട്ടിയാല്‍ പോലീസ് ഉടന്‍ കുതിച്ചെത്തുന്നുണ്ട്. ചിലപ്പോഴൊക്കെ അത്യാവശ്യത്തിനു തൊണ്ടി അടക്കം പിടിച്ചെടുക്കുന്നുമുണ്ട്.

എത്ര ബോധവല്‍ക്കരണം നടത്തിയാലും ശരി, കുറ്റവാളികളികളില്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വരെ ട്രെന്റ് മാറുന്നില്ല. കാഞ്ഞങ്ങാട് മാത്രമല്ല, ബേക്കലിലും ഉദുമയിലും കാസര്‍കോടും സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ചു മാഫിയാ സംഘം സജീവം. മിഠായികളില്‍ കലര്‍ത്തിയുള്ള മയക്കുമരുന്നു വില്‍പ്പന കുറഞ്ഞിട്ടൊന്നുമില്ല. എന്തിനേറെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ അഞ്ചിരട്ടിയുടെ വര്‍ധനവാണ് വിദ്യാലയ കേന്ദ്രങ്ങളില്‍ നിന്നും പിടിക്കപ്പെട്ടതെന്ന കണക്ക് എക്‌സൈസ് രേഖകളില്‍ തന്നെയുണ്ട്.

ടെട്രാ ഹൈഡ്രൊ കന്നാബിനോളാണ് കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന പ്രധാന മയക്കവസ്തു. സന്തോഷം, ഓര്‍മ്മശക്തി ചിന്താശേഷി, ഏകാഗ്രത, സമയബോധം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെയാണ് ഇത് പിടികൂടുന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ചെറുപ്പത്തിലെ അന്തര്‍മുഖരായി, വിഷാദ രോഗം ബാധിച്ച് സമൂഹത്തിന് ആവശ്യമില്ലാത്തവനായി മാറും. പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കഞ്ചാവിന് അടിമപ്പെട്ട് തകര്‍ന്നു പോകുന്ന കഥകള്‍ നിത്യേന കടന്നുവരുന്നു.

കഞ്ചാവെത്തുന്ന വഴിത്താരകള്‍ അടക്കാന്‍ പോലീസിനാകുന്നില്ല. എവിടെയെങ്കിലും ഒന്നോ രണ്ടോ ബീഡി പിടിച്ചെടുക്കുന്നതിനപ്പുറം കെട്ടുകണക്കിനു കിട്ടി കേസെടുത്താലും കാതലായി ഒന്നും സംഭവിക്കാനില്ലാത്ത വിധം നിയമവും ലൂസാണ്. ഇതിനിടെ കാഞ്ഞങ്ങാട്ടെ ഒരു പ്രമാദമായ കേസിന് കോടതി 10,000 രൂപ പിഴയിട്ട് പ്രതിയെ വെറുതെ വിടാന്‍ കല്‍പ്പനയിട്ടു. പിഴ ഒടുക്കാതെ ജയിലില്‍ വിശ്രമിക്കാനാണ് മാഫിയാ തിരുമാനം. പ്രതി സുഖ ചികില്‍സക്കായി ജയിലില്‍ പോയി. പടന്നക്കാട്ടെ പ്രമാദമായ മറ്റൊരു കേസില്‍ പിഴയല്ല, ജയിലാണ് വിധിച്ചത്. ജയില്‍ വാസം കഴിഞ്ഞു തിരിച്ചെത്തിയ അയാള്‍ ഇപ്പോള്‍ സജീവ വില്‍പ്പന രംഗത്താണ്. .

ജനങ്ങളുടെ പ്രതീക്ഷക്കൊത്തു ഉയരാന്‍ പോലീസിനാവാത്തതില്‍ അവരെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. നിയമം നടപ്പിലാക്കുന്നതിനും പരിമിതികളും ഏറെ. ശിക്ഷ പോലും പലര്‍ക്കും രക്ഷയാവുകയാണ്. വെറുതെ രാജ്യ സ്‌നേഹമോര്‍ത്ത് പോലീസില്‍ രഹസ്യമായി വിവരം എത്തിക്കുന്നവരുടെ എണ്ണവും ഇപ്പോള്‍ കുറഞ്ഞു വന്നു തുടങ്ങിയിട്ടുണ്ട്. എന്തിനു വെറുതെ ശത്രുത വരുത്തി വെക്കണമെന്ന് സ്വയം നിശ്ചയിച്ചു മിണ്ടാതിരിക്കുന്ന ദേശ സ്‌നേഹികള്‍ക്കിടയിലൂടെയാണ് പിണറായി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി എം.വി ജയരാജനെ നിയമിക്കുന്നത്. ഇത് ജില്ലക്ക് പ്രതീക്ഷ നല്‍കുന്നു.

പള്ളിക്കരയിലും ബേക്കല്‍ കോട്ട പരിസരത്തും, പടന്നക്കാടും കാഞ്ഞങ്ങാടും മറ്റും കണ്ടു വന്നതിന്റെ തനിയാവര്‍ത്തനമാണ് ചട്ടഞ്ചാലിലും വ്യാഴാഴ്ച്ച പൊയ്‌നാച്ചിയിലും അരങ്ങേറിയത്. മാഫിയകളുടെ കേന്ദ്രങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ അവരുടെ സാമ്രാജ്യം വര്‍ദ്ധിപ്പിക്കുകയാണ്. അവരെ പൊതുജനം കൂടുതല്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിയമത്തേയും നിയമപാലകരേയും ഭയമില്ലാത്തവര്‍ക്ക് എന്തുമാവാമല്ലോ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha Rajan, Police, Ganja, Students, Youth, Sale, Bad Habits, Crimes, Government, Law, MV Jayarajan becomes controller of Police; District in Hope

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia