city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | ബഹുഭാഷാസമ്മേളനം ഗിളിവിംഡുവില്‍ എത്തുമ്പോള്‍

-രവീന്ദ്രന്‍ പാടി

(www.kasargodvartha.com) 23 ഭാഷകള്‍ അറിയുമായിരുന്ന രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ ബങ്കര മഞ്ചേശ്വരത്തെ വീട് ഗിളിവിംഡുവില്‍ ഈ മാസം ആറ്, ഏഴ് തീയതികളില്‍ കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ ബഹുഭാഷാ സാഹിത്യ സമ്മേളനം നടത്തുകയാണ്. ഇന്നാട്ടിലെ പല ഭാഷകളില്‍ സംസാരിക്കുകയും പുലരുകയും സര്‍ഗാവിഷ്‌കാരം നടത്തുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനും സംവദിക്കാനും അറിയാനുമുള്ള ഒരു പരിപാടിയായി സമ്മേളനം മാറും.
             
Conference | ബഹുഭാഷാസമ്മേളനം ഗിളിവിംഡുവില്‍ എത്തുമ്പോള്‍

സപ്തഭാഷകള്‍ എന്ന് പറഞ്ഞു പോരുന്ന മലയാളം, കന്നഡ, തുളു, കൊങ്കിണി, മറാത്തി, ഉറുദു, ബ്യാരി എന്നിവയ്ക്കു പുറമെ ധാരാളം ഭാഷാഭേദങ്ങളും മറ്റു സംസ്ഥാന ഭാഷകളും ഗോത്ര - ആദിവാസി ഭാഷകളും ഉള്‍പെടെ 35 ല്‍ പരം ഭാഷകളാണ് തുളുനാടിന്റെ ഭാഗമായ ഈ അത്യുത്തര കേരളത്തിലുള്ളത്. തന്റെ മാതൃഭാഷയായ കൊങ്കിണിയെക്കൂടാതെ കന്നഡയിലും തുളുവിലും ഇംഗ്ലീഷിലും സാഹിത്യരചനകള്‍ നടത്തുകയും ജപ്പാനീസ്, പോര്‍ച്ചുഗീസ്, ഗ്രീക്ക് ഉള്‍പെടെയുള്ള വിദേശഭാഷകളും പാലി, സംസ്‌കൃതം, മറാത്തി, തമിഴ്, ബംഗാളി, തെലുഗ് തുടങ്ങിയ സ്വദേശ ഭാഷകളുമായി 23 ഭാഷകള്‍ പഠിക്കുകയും വായിക്കുകയും ചെയ്തിരുന്ന പ്രതിഭാധനനായ ഒരു കവിയുടെ വീട്ടിലാണ് ഇത്തരമൊരു സാഹിത്യസമ്മേളനമെന്നത് സവിശേഷമായ ഒരു സംഗതിയാണ്.

കവിയുടെ വീട് കേരള - കര്‍ണാടക സര്‍ക്കാരുകള്‍ സംയുക്തമായി ഏറ്റെടുത്ത് ഗിളിവിംഡു എന്ന പേരില്‍ ഗോവിന്ദ പൈ സ്മാരകമാക്കിയിരിക്കുകയാണ്. പൈയുടെ ഒരു കവിതാസമാഹാരത്തിന്റെ പേരാണ് ഗിളിവിംഡു. ആ പുസ്തകത്തില്‍ ഒരു കവിതയുടെ പേരും ഗിളിവിംഡു. കിളിക്കൂട്ടം, പക്ഷിക്കൂട്ടം എന്നിങ്ങനെയാണ് ഗിളിവിംഡു എന്ന വാക്കിനര്‍ത്ഥം. ആകാശത്തിലൂടെ എങ്ങുനിന്നോ പുറപ്പെട്ട് എങ്ങോട്ടോ പറന്നു പോകുന്ന കിളിക്കൂട്ടം താഴെ ഭൂമിയില്‍ ഒരു തോട്ടം കാണുന്നു. പറന്നിറങ്ങി ആ തോട്ടത്തില്‍ അല്പനേരം വിശ്രമിക്കുന്നു. ജലാശയത്തില്‍ നിന്ന് വെള്ളം കുടിക്കുന്നു. പഴങ്ങള്‍ തിന്ന് പശിയടക്കുന്നു. ക്ഷീണവും പൈദാഹവും മാറിയശേഷം പറന്നുപൊങ്ങി യാത്ര തുടരുന്നു.
          
Conference | ബഹുഭാഷാസമ്മേളനം ഗിളിവിംഡുവില്‍ എത്തുമ്പോള്‍

കിളികള്‍ പറന്നിറങ്ങിയ നേരത്ത് തോട്ടം കിളികളുടേതാകുമോ കിളികള്‍ തോട്ടത്തിന്റേതാകുമോ ആര്‍ക്ക് എന്ത് സ്വന്തം എന്റെ വാക്കുകള്‍ എന്റേതാകുമോ അത് കാലത്തിന്റെ അലയില്‍ നീന്തിനടക്കുകയല്ലേ? - എന്നൊക്കെയുള്ള ഗഹനമായ ജീവിതദര്‍ശനമാണ് കവി ഗിളിവിംഡുവില്‍ അവതരിപ്പിക്കുന്നത്. വൈശാഖി, നന്ദാദീപ, പ്രഭാസ, ഗൊല്‍ഗൊഥ, ദഹലി, ചിത്രഭാനു, മണ്ണിന ഹൊഗദു, തായി തുടങ്ങിയ കവിതാ സമാഹാരങ്ങളും നൂറു കണക്കിന് ഭാഷാ-സാഹിത്യ- ചരിത്ര ഗവേഷണ ലേഖനങ്ങളും ഹെബ്ബറളു ഉള്‍പെടെയുള്ള നാടകങ്ങളും രചിച്ച ഗോവിന്ദ പൈ തുളുനാടിന്റെ സംസ്‌കൃതിയെയും യക്ഷഗാനത്തെയും നെഞ്ചേറ്റി.

ജപ്പാനിലെ നോ നാടകങ്ങളുടെ മാതൃകയില്‍ കന്നഡയില്‍ നിരവധി നാടകങ്ങള്‍ എഴുതി. ദേശീയപ്പോരാട്ടത്തിന്റെ ഭാഗമായി. മദ്രാസ് കൃസ്ത്യന്‍ കോളേജില്‍ ബിഎയ്ക്ക് ഡോ. എസ് രാധാകൃഷ്ണന്റെ സഹപാഠിയായി. ഗാന്ധിജി ദണ്ഡിയാത്രയില്‍ കുത്തി നടന്ന വടി സമ്മാനിച്ചു. തനിക്ക് മൂന്നമ്മമാരുണ്ടെന്ന് കൊങ്കിണി, കന്നഡ, തുളു ഭാഷകളെ എടുത്തുകാട്ടി അദ്ദേഹം പറയുമായിരുന്നു. മംഗലാപുരം പിതാവിന്റെ നാടും മഞ്ചേശ്വരം മാതാവിന്റെ നാടുമായിരുന്നു. എം എന്ന അദ്ദേഹത്തിന്റെ ഇനീഷ്യല്‍ രണ്ടുനാടിനെയും കുറിക്കുന്നതായിരുന്നു. 1883 മാര്‍ച്ച് 23 ന് ജനിച്ച് 80-ാം വയസില്‍ 1963 സെപ്തംബര്‍ ആറിനായിരുന്നു കവിയുടെ മരണം.

ഭാഷകളില്‍ മാത്രമല്ല ചരിത്രത്തിലും സമ്പന്നമാണ് കാസര്‍കോട്. ആദിമ ജനവിഭാഗമായ കൊറഗര്‍ ഉള്‍പെടെയുള്ളവരുടെ അധിവാസ ഭൂമിയാണിത്. 18 ല്‍ പരം കോട്ടകളും 14 ല്‍ പരം നദികളും നമുക്കുണ്ട്. ത്രസിപ്പിക്കുന്ന ദേശീയ - കര്‍ഷക പോരാട്ടങ്ങളുണ്ട്. കയ്യാര്‍ കിഞ്ഞണ്ണ റൈ, വിദ്വാന്‍ പി വെങ്കടരാജ പുണിഞ്ചിത്തായ, ടി ഉബൈദ്, മഹാകവി പി, നടുത്തോപ്പില്‍ അബ്ദുല്ല ഉള്‍പെടെയുള്ള മൊഗ്രാല്‍ കവികള്‍, പാര്‍ത്ഥിസുബ്ബ തുടങ്ങിയ അനശ്വരരായ സാഹിത്യ- സാംസ്‌ക്കാരിക നായകരുണ്ട്. റാണി അബ്ബക്കയുടെയും കല്യാണ സ്വാമിയുടെയും പഞ്ചിമേസ്ത്രിയുടെയും കാടകം വന സത്യാഗ്രഹികളുടെയും സ്വാമി ആനന്ദതീര്‍ത്ഥന്റെയും മുഹമ്മദ് ശെറൂള്‍ സാഹിബിന്റെയും എ.അച്യുതന്റെയും മറ്റും പോര്‍വീര്യമുണ്ട്.
1500 ല്‍ പരം തുളു തെയ്യങ്ങളും അവയുടെ പാഡ്ദണകളുമുണ്ട്.

യക്ഷഗാനവും പക്ഷിപ്പാട്ടുമുണ്ട്. നീണ്ട കടലോരവും മലയോരവുമുണ്ട്. ദ്വൈതാദ്വൈത സംവാദത്തിന്റെ കൂടലുണ്ട്. ബുദ്ധ-ജൈന-ക്രൈസ്ത - ഇസ്ലാം - ഹൈന്ദവ മതസംസ്‌കാരങ്ങളുണ്ട്. മതമൈത്രിയുടെയും മാനവസ്‌നേഹത്തിന്റെയും അടയാളങ്ങളുണ്ട്. പുരാവൃത്തപ്പെരുമയുണ്ട്. കര്‍ണാടകയുടെയും കുടകിന്റെയും ചാര്‍ച്ചയുണ്ട്. പുരോഗമനരാഷ്ടീയ പ്രസ്ഥാനങ്ങളുടെ തുറസ്സുണ്ട്. പലനിലയ്ക്കും ഉന്നതനായ ഒരു കവിയുടെ പേരിലുള്ള സ്മാരകത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ മുന്‍കൈയില്‍ കാസര്‍കോട്ട് നിലനില്‍ക്കുന്ന ഭാഷകളെ അറിയാനും പറയാനുമായി ഒരു സാഹിത്യ സമ്മേളനം നടത്തുന്നു എന്നത് വലിയ കാര്യമാണ്. അത് ചരിത്രത്തില്‍ വരവുവെക്കാന്‍ പോന്നതാണ്. അര്‍ത്ഥവ്യാപ്തിയുള്ള, ഗുണപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദിയാകാന്‍ പോകുന്നതാണത്. ഈ അവസരം ഭാഷാസ്‌നേഹികളും സാഹിത്യതത്പരരും വിദ്യാര്‍ത്ഥികളും പ്രയോജനപ്പെടുത്തുമെന്ന് ആശിക്കുന്നു.

Keywords:  Article, Manjeshwaram, Kerala, Kasaragod, Conference, Programme, M. Govinda Pai, Multilingual conference at Manjeswaram Govinda Pai Memorial.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia