city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസ്ഹറുദ്ദീന്‍; തളങ്കരയുടെ താരോദയം

ശഫീഖ് തളങ്കര
(www.kasargodvartha.com 18/11/2015) യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കുമായി കാസര്‍കോട് തളങ്കരയില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി പാഡണിയുന്നു. തളങ്കരയുടെ പുത്തന്‍ താരോദയമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് കാസര്‍കോട്ടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം രഞ്ജി ടീമില്‍ പോലും ഇടംനേടാതെ താരങ്ങള്‍ പാഡഴിക്കുമ്പോള്‍ മാസ്മരിക ബാറ്റിങ്ങും മിന്നുന്ന പ്രകടനവുമായി അസ്ഹറുദ്ദീന്‍ കളം നിറയുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളുമായി സെലക്ടര്‍മാരുടെ മനം കവര്‍ന്നപ്പോഴും രഞ്ജി ടീമിലേക്കുള്ള വിളിക്കായി കാതോര്‍ത്ത് നിന്നു. സി.കെ നായിഡു അണ്ടര്‍ 23 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രക്കെതിരെ ഓപ്പണറായി ഇറങ്ങി റണ്‍സുകള്‍ വാരിക്കൂട്ടിയപ്പോള്‍ രഞ്ജി ടീമിലേക്കുള്ള വാതില്‍ തുറന്നു.

തുമ്പ കെ.സി.എ ക്രിക്കറ്റ് മൈതാനിയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആതിഥേയരുടെ മധ്യനിരയും വാലറ്റവും ചെറുത്തുനില്‍പില്ലാതെ കീഴടങ്ങിയപ്പോള്‍ എതിരാളി ബോളര്‍മാരെ നിലംപരിശാക്കി അസറു മികവ് പുറത്തെടുത്തു. 242 പന്തില്‍ 15 ബൗണ്ടറിയും 8 സിക്‌സറുമടക്കം 156 റണ്‍സാണ് തളങ്കരയുടെ സൂര്യതേജസ് അടിച്ചുകൂട്ടിയത്.

അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ കേരളത്തിന്റെ വിക്കറ്റ്കീപ്പറായും മികച്ച വലംകയ്യന്‍ ബാറ്റ്‌സ്മാനായും നായകനായും തിളങ്ങി നിന്നു. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള മികവും കളിക്കളത്തില്‍ മാന്യതയുടെ പര്യായവുമായ അസ്‌റു സഹകളിക്കാര്‍ക്ക് പാഠവുമാകുന്നു.

23 കാരനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തളങ്കര കടവത്തെ പരേതരായ പി.കെ മൊയ്തുവിന്റെയും നഫീസയുടെയും മകനും, എറണാകുളം സേക്രട്ട് ആര്‍ട്ട് കോളജിലെ അവസാന വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയുമാണ്. തളങ്കര ടാസ്- ടിസിസി ക്ലബ്ബില്‍ നിന്നും കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് കളിച്ചുവളര്‍ന്ന അസ്‌റുവിന്റെ ഉയര്‍ച്ചയില്‍ നാട്ടുകാരും പ്രോത്സാഹനം നല്‍കിയ ക്ലബ്ബ് പ്രവര്‍ത്തകരും സന്തോഷനിമിഷത്തിലാണ്.

കഴിഞ്ഞവര്‍ഷത്തെ കേരളക്രിക്കറ്റ് അസോസിയേഷന്റെ മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് അസ്ഹറുദ്ദീന്‍ കരസ്ഥമാക്കിയിരുന്നു. ചെന്നെയില്‍ നടന്ന ബുച്ചിബാബു ഓള്‍ ഇന്ത്യ ഇന്റിറേഷന്‍ ടൂര്‍ണമെന്റ് സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുത്ത അസ്‌റു മികവുറ്റ പ്രകടനം കാഴ്ചവെച്ചു.

സി.കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എലൈറ്റ് ഗ്രൂപ്പില്‍ ചരിത്രത്തിലാദ്യമായി കേരളം ചാമ്പ്യന്‍മാരായപ്പോള്‍ അസ്‌റു വിജയത്തിന് ചുക്കാന്‍ പിടിച്ചു. അന്തര്‍ജില്ലാ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. കേരള സ്റ്റേറ്റ് സീനിയര്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ് പുത്തന്‍ താരോദയം.

രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ഗോവ, സൗരാഷ്ട്ര, ഹിമാചല്‍ പ്രദേശ് ടീമുകള്‍ക്കെതിരെ മിന്നും പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കും വിളി വന്നേക്കാം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിക്കറ്റ് കീപ്പിങ്ങിലും ബാറ്റ്‌സ്മാനുമായി കിടിലന്‍ മാസ്മരിക പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമിലിടം നേടുന്ന നാലാമത്തെ മലയാളിയും രണ്ടാമത്തെ ബാറ്റ്‌സ്മാനുമെന്ന അപൂര്‍വ നിമിഷം വന്നെത്തുമെന്ന് തളങ്കര ജനത പ്രതീക്ഷിക്കുന്നു.

വിദേശത്തും സ്വദേശത്തും കളിക്കാന്‍ കിട്ടിയ അവസരങ്ങളില്‍ പ്രതിഭ തെളിയിച്ച മലയാളിതാരം സഞ്ജു സാംസണൊപ്പം ഇന്ത്യന്‍ ടീമിലിടം നേടാന്‍ അസ്ഹറുദ്ദീന് മാസ്മരിക പ്രകടനം തുടരേണ്ടിവരും. ടീമിനെ വിജയതീരത്തേക്ക് എടുത്തുയര്‍ത്തിയ മുന്‍ ഇന്ത്യന്‍ ബാറ്റിങ്ങ് ഹീറോ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ്ങ് സാദൃശ്യവും സമാന ഷോട്ടുകളും ശരീര പ്രകൃതിയും അതിരില്ലാത്ത പ്രകടനങ്ങളും യുവതാരത്തിന് കയ്യടി ഏറുന്നു.

കേരളത്തില്‍ നിന്ന് സഞ്ജുവിന് ശേഷം അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ടീമിലിടം നേടുമെന്ന മുന്‍ ഇന്ത്യന്‍ ഫാസ്റ്റ്‌ബോളര്‍ ശ്രീശാന്തിന്റെ കണ്ടെത്തല്‍ ശരിവെച്ചാണ് രഞ്ജിയിലേക്കുള്ള മിന്നല്‍ പ്രവേശനം. തളങ്കരയുടെ യുവതാരത്തിന്റെ പ്രകടനം കണ്‍കുളിരെ കണ്ട ശ്രീശാന്ത് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചതും പ്രകടനത്തില്‍ വിശ്വാസമര്‍പ്പിച്ചാവാം. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ കഠിനപ്രയത്‌നത്താല്‍ അസ്ഹറുദ്ദീന്‍ രഞ്ജി ടീമില്‍ ഇടംനേടി പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകുന്നു.

ജീവിതം ക്രിക്കറ്റാക്കി മാറ്റിയ അസ്‌റു രഞ്ജി ക്രിക്കറ്റില്‍ റണ്‍ പെരുമഴ പെയ്തിറക്കുമെന്ന് ജന്‍മനാടിന്റെ ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഏറ്റവും ഒടുവിലായി രഞ്ജിയില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഗോവയ്‌ക്കെതിരെ കേരളം മികച്ച വിജയം നേടുകയും ചെയ്തു. ഇന്നിംഗ്‌സിനും 83 റണ്‍സിനുമായിരുന്നു കേരളം സീസണിലെ ആദ്യ വിജയം നേടിയത്.

അസ്ഹറുദ്ദീന്‍; തളങ്കരയുടെ താരോദയം

അസ്ഹറുദ്ദീന്‍; തളങ്കരയുടെ താരോദയം
അസ്ഹറുദ്ദീന്‍; തളങ്കരയുടെ താരോദയം

Keywords : Thalangara, Cricket Tournament, Sports, Kasaragod, Article, Muhammed Azharudheen, Article By Shafeeque Thalangara, Muhammed Azharudheen opens new innings. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia