city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഹമ്മദ് കുഞ്ഞി ചായിന്റടി; പൈതൃകത്തോടൊപ്പം സഞ്ചരിക്കുന്ന ഒരാള്‍

ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 01.03.2022) പൊതുരംഗത്ത് പ്രവര്‍ത്തിക്കുക വഴി തനിക്ക് ചുറ്റുമുള്ള കാര്യങ്ങളെ മനസ്സിലാക്കുകയും, കഴിഞ്ഞുപോയ കാലഘട്ടത്തെക്കുറിച്ചും പ്രമുഖ വ്യക്തികളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്തി, അവരിലെ നന്മകളെ സ്വന്തം പ്രവൃത്തിപഥത്തില്‍ പകര്‍ത്തുകയെന്നത് ഒരു നല്ല പൊതുപ്രവര്‍ത്തകന്റെ അടയാളമാണ്. മുഹമ്മദ് കുഞ്ഞി ചായിന്റടി ഇത്തരം ഗുണങ്ങളുള്ള പൊതുപ്രവര്‍ത്തകനാണ്. പഴയ കാലഘട്ടത്തെക്കുറിച്ചും, തലമുറകളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്താനുള്ള കഴിവ് ഇന്നത്തെ തലമുറയ്ക്ക് വളരെക്കുറവാണ്. അടുത്ത് നടന്ന സംഭവവികാസങ്ങള്‍പോലും പെട്ടെന്ന് മറക്കപ്പെടുന്നു എന്നത് പുതിയ തലമുറയുടെ സവിശേഷതയാണ്.
                     
മുഹമ്മദ് കുഞ്ഞി ചായിന്റടി; പൈതൃകത്തോടൊപ്പം സഞ്ചരിക്കുന്ന ഒരാള്‍

ചെര്‍ക്കള എന്ന ജന്മനാടിന്റെ പഴയകാല ചിത്രങ്ങള്‍ തെളിമയോടെ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ട് സ്വന്തം പൊതു പ്രവര്‍ത്തന രംഗത്തെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ചേറ് നിറഞ്ഞ ഒരു കുളം ചെര്‍ക്കളയുടെ ഇന്നത്തെ പാടി റോഡ് തുടങ്ങുന്ന സ്ഥലത്ത് ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. നാട് വളര്‍ന്ന് വന്നതോടെ അത് നികത്തപ്പെട്ടു. ചേറ് കുളം പിന്നെ ചെര്‍ക്കളമായി രൂപം പ്രാപിച്ചു. ടൗണിലെ പള്ളിക്ക് തൊട്ടടുത്തായി ഓട് ഇട്ട ഒരു കടയും അതുപോലെ ഇന്ന് കോട്ടൂര്‍ മൊത്തവ്യാപാരം നടത്തുന്ന ഭാഗത്ത് ഹാജിയാര്‍ അന്താച്ച കച്ചവടം നടത്തിയിരുന്ന കെട്ടിടവും താഴെ ഭാഗത്ത് ബേവിഞ്ചയിലെ കക്കില്ലാറയുടെ മാളിക കെട്ടിടവും, ബദിയടുക്ക റോഡ് ഭാഗത്ത് ബോസ് ഹാജി കുടുംബത്തിന്റെ നീണ്ട ഓട് മേഞ്ഞ കെട്ടിടവുമാണ്, ചെര്‍ക്കളയുടെ ആദ്യമുഖം.

ഇന്നത്തെ പഞ്ചായത്ത് ഓഫീസിനടുത്ത് എരിയപ്പാടിയിലെ പൊയ്യയില്‍ ഇബ്രാഹിം ഹാജിയുടെ ഓട് മേഞ്ഞ കെട്ടിടവും പഴയ ചെര്‍ക്കളത്തിന്റെ അടയാളത്തില്‍പ്പെടുന്നു. ഭക്ഷ്യക്ഷാമം നിറഞ്ഞ കാലത്ത് സര്‍ക്കാര്‍ ആരംഭിച്ച റേഷന്‍ സമ്പ്രദായം 1957 ല്‍ ചെര്‍ക്കളയിലും ആരംഭിച്ചു. ലേഖകന്റെ ഉപ്പ ബി.കെ അബ്ദുല്ല ഹാജിയും, അനുജന്‍ അബ്ദുല്‍ ഖാദറും 82, 83 നമ്പര്‍ റേഷന്‍ കട തുടങ്ങി. ചെര്‍ക്കള, പാടി, ബേവിഞ്ച, ചേരൂര്‍ അങ്ങനെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം കൂടി അന്ന് ഈ റേഷന്‍ കട മാത്രമാണ് ഉണ്ടായിരുന്നത്.

ഓര്‍മ്മയില്‍ പഴയ തുണിക്കട ഉസ്മാനിയ ക്ലോത്ത് സ്റ്റോറാണ്. കണ്ണേട്ടനും, ശിവേട്ടനും ചെര്‍ക്കളയുടെ ആദ്യകാല തുന്നല്‍ക്കാരാണ്. മലപ്പുറക്കാരന്‍ അലവിക്കയാണ് അന്നത്തെ ബാര്‍ബര്‍, തലമുടിയും താടിയും വെട്ടുകമാത്രമല്ല, ആ കാലത്തെ അധികം മുസ്ലീം കുട്ടികളുടെ സുന്നത്ത് കര്‍മ്മം നിര്‍വ്വഹിച്ചതും അലവിക്കയാണ്. വാഹനങ്ങള്‍ കുറവായിരുന്ന കാലത്ത് അധികവും കാളവണ്ടി യാത്രയും, സൈക്കിളും, കാല്‍നട യാത്രയും ആയിരുന്നു. നടന്നുതളര്‍ന്നവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും കക്കില്ലായരുടെ മാളികയ്ക്ക് താഴെ നല്ല മോര് സൗജന്യമായി വിതരണം ചെയ്തിരുന്നു.

വോളിബോളാണ് അന്നത്തെ പ്രധാന കളി. വടക്കേക്കര അബൂബക്കര്‍, പൊവ്വലിലെ എ ബി മാഹിന്‍, ആലംപാടിയിലെ ഖാദര്‍ എല്ലാം വലിയ കളിക്കാരാണ്. കേരളത്തിലെ പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തി പല ടീമുകളുടെയും മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ചായിന്റടി മൊയിച്ച, തായല്‍ അന്താച്ച, കൂ അന്താച്ച, പാണ്ടി മമ്മച്ച, കോളിന്റടി അദ്ദിച്ച തുടങ്ങിയവര്‍ വിവാഹ ആഘോഷങ്ങളിലെ വലിയ പാട്ടുകാരായിരുന്നു. ചെര്‍ക്കളം വയല്‍ക്കരയില്‍ നിര്‍മ്മിച്ച ജമാ അത്ത് പള്ളി പുരാതന പള്ളിയാണ്. ആദ്യകാലത്ത് നാട്ടുമൂപ്പന്മാരുടെ നേതൃത്വത്തില്‍ ഭരണം നടത്തിയിരുന്നു. 1970 ന് ശേഷം ആധികാരികമായ കമ്മിറ്റികള്‍ നിലവില്‍ വന്നു. ചെര്‍ക്കളയുടെ പഴയ ചിത്രങ്ങള്‍ ഓരോന്നും മുഹമ്മദ് കുഞ്ഞി ചായിന്റടി പറഞ്ഞു. പതുക്കെ സ്വന്തം പൊതുപ്രവര്‍ത്തന രംഗത്തെക്കുറിച്ചുള്ള സംസാരത്തിലേക്ക് കടന്നു.

ചെര്‍ക്കളയിലും, നായന്മാര്‍മൂലയിലും, കാസര്‍കോടുമാണ് വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത് എം.എസ്.എഫില്‍ കൂടി തന്റെ പൊതുപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പൊതുപ്രവര്‍ത്തന രംഗത്ത് ഉയരങ്ങള്‍ താണ്ടുമ്പോഴും നാടിന്റെയും തനിക്ക് മുന്നില്‍ പ്രശ്‌നങ്ങളുമായി എത്തുന്നവരുടെയും കാര്യങ്ങളില്‍ എന്നും ശ്രദ്ധിക്കാന്‍ ശ്രമിച്ചിരുന്നു. കാസര്‍കോട് ഗവ: ഹൈസ്‌ക്കൂളില്‍ എം.എസ്.എഫില്‍ മത്സരിച്ച് സ്‌കൂള്‍ ലീഡറായാണ് മുഹമ്മദ് കുഞ്ഞി ചായിന്റടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. 1995 ചെങ്കള പഞ്ചായത്ത് മെമ്പറായി പൊതുജന സേവന രംഗത്ത് സജീവമായി. മൂന്ന് വര്‍ഷം ഹജ്ജ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു.

മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നത് മുതല്‍ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. നിസാര്‍ത്ഥമായ സേവനങ്ങള്‍ കൊണ്ടും നേതൃത്വപാടവം കൊണ്ടും സ്ഥാനങ്ങള്‍ ഓരോന്നും തേടി എത്തുകയായിരുന്നു. 2010 മുതല്‍ 2013 വരെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി. തന്റെ ഭരണകാലത്ത് ശ്രദ്ധേയമായ നേട്ടങ്ങളിലൂടെ നല്ല ഭരണം കാഴ്ച വെച്ചു. കേരളത്തില്‍ ആദ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസംബ്ലി ചേരാന്‍ ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പവലിയന്‍ നിര്‍മ്മിച്ചു. പഞ്ചായത്ത് ലൈബ്രറിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചു. കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് കൃഷിഭവനും, അതിന് അടുത്ത് തന്നെ വിത്ത് സൂക്ഷിക്കുന്നതിനുള്ള കെട്ടിടവും, വില്ലേജ് ഓഫീസും എം.എല്‍.എ ഫണ്ടിന്റെ സഹായത്തോടെ നിര്‍മ്മിച്ചു നല്‍കി. ചെറുതും വലുതുമായ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തി.

2015 മുതല്‍ അഞ്ച് വര്‍ഷക്കാലം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. എക്കാലത്തും ഓര്‍മ്മിക്കാന്‍ തക്കതായ രീതിയില്‍ ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നി. മധൂര്‍ പഞ്ചായത്തില്‍ ആധുനിക സജ്ജീകരണങ്ങളുള്ള മികച്ച ശ്മശാനം നിര്‍മ്മിച്ചു. ചെര്‍ക്കള അബ്ദുല്ല സാഹിബിന്റെ പേരില്‍ ബ്ലോക്ക് ഓഫീസിന് അടുത്ത് തന്നെ പുതിയ ഹാള്‍ പണിതു. നായന്മാര്‍മൂലയില്‍ ഇ. അഹമ്മദ് തൊഴില്‍ പരിശീലനകേന്ദ്രത്തിന് തുടക്കം കുറിച്ചു. ബേര്‍ക്കയില്‍ നിര്‍മ്മിച്ച പൊതുജനസേവന കേന്ദ്രം സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ പേരിലാണ്.

കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റിന് അടുത്ത് പാവപ്പെട്ടവരുടെ വിവാഹങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന സല്‍ഭവന മന്ദിര നിര്‍മ്മാണവും നടത്തി. ഓരോ പദ്ധതികളും നടപ്പില്‍ വരുത്തുമ്പോള്‍ സമൂഹത്തിന് ഉപകാരപ്രദവും പുതിയ തലമുറയ്ക്ക് മാതൃകാപരവുമായി നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു. തന്റെ പൊതുജീവിതത്തിന് വഴികാട്ടിയായ നേതാക്കളുടെ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുകയും അത് മായാതെ നിലനിര്‍ത്താന്‍ അവരുടെ നാമങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ചേര്‍ക്കുകയും ചെയ്തുകൊണ്ട് തന്റെ നേതൃത്വത്തോട് നീതി പുലര്‍ത്തി.

ചെങ്കള പഞ്ചായത്ത് പ്രഥമ ഭരണസമിതി അംഗമായിരുന്ന ചായിന്റടി അബ്ദുല്ലയുടെയും, ബീഫാത്തിമയുടെയും മകനായി ജനിച്ചു. മേല്‍പറമ്പിലെ പ്രശസ്ത കുടുംബത്തിലെ ആയിഷയാണ് ഭാര്യ, രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയുമാണ് മക്കള്‍. എല്ലാവരും ഉയര്‍ന്ന വിദ്യാഭ്യാസം നേടി ജീവിത വഴിയില്‍ ഉന്നതങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പൊതുജനസേവന പാതയില്‍ ഇപ്പോഴും സ്വന്തമായ വഴിയില്‍ നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ചായിന്റടി മുഹമ്മദ് കുഞ്ഞി.

Keywords: News, Kerala, Kasaragod, Ibrahim Cherkala, Travlling, Badiyadukka, Panchayath, Article, Kalanad, Muslim-league, Muhammad Kunhi Chaintadi, Muhammad Kunhi Chaintadi; Who travels with heritage.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia