city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാക്കളുടെ തിരോധാനവും വേട്ടയാടപ്പെടുന്ന പടന്നയും

ബി സി എ റഹ് മാന്‍ പടന്ന

(www.kasargodvartha.com 03/08/2016) ഇക്കഴിഞ്ഞ മെയ് 28ന്  മതം പഠിക്കണമെന്ന പേരില്‍ വീട് വിട്ട് പോയി പെരുന്നാളിന്ന് തിരിച്ചെത്താമെന്നു പറഞ്ഞുപോയ പടന്നയിലെ 11 പേരും പരിസര പ്രദേശമായ തൃക്കരിപ്പൂരിലെ നാലു പേരു മടക്കം 15 പേര്‍ പെരുന്നാളിന് തിരിച്ചെത്താതിരിക്കുകയും ജൂണ്‍ ആറിന് വീട്ടിലേക്കയച്ച മൊബൈല്‍ സന്ദേശത്തില്‍ ‘ഇനി ഞങ്ങള്‍ നാട്ടിലേക്കില്ലെന്നും, യഥാര്‍ത്ഥ ഇസ്ലാമായി ജീവിക്കാന്‍ ഞങ്ങള്‍ ഇടംകണ്ടെത്തിയെന്നും ദൈവനിഷേധത്തിന്റെ വീട്ടില്‍ നിന്നും ദൈവവിശ്വാസം മുറുകെപിടിക്കുന്നവരുടെ നാട്ടിലെത്തിച്ചേര്‍ന്നതായും’ അറിയിച്ചു. സന്ദേശം അയച്ചതിനെ തുടര്‍ന്ന് വിഭ്രാന്തിയിലായ കുടുംബാംഗങ്ങള്‍ ഇവരെ കുറിച്ചോ ഇവര്‍ എത്തിച്ചേര്‍ന്ന രാജ്യത്തെ ക്കുറിച്ചോ സംശയം ജനിച്ചതിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും മുഖ്യമന്ത്രി, കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കാന്‍ അറിയിക്കുകയും ചെയ്തു.

ബന്ധുക്കള്‍ പോലീസ് സൂപ്രണ്ടിനെ കണ്ടപ്പോള്‍ ഇവരുടെ പേരില്‍ ഒരു പെറ്റികേസ്സ് പോലും നിലവിലില്ലാത്തതുകൊണ്ട് മറ്റുതരത്തിലേക്ക് ചിന്തിക്കുന്നതിന് പകരം, ചന്തേര പോലീസ് സ്റ്റേഷനില്‍ കാണാതായവരെക്കുറിച്ചുള്ള പരാതി നല്‍കാനാണ് നിര്‍ദേശിച്ചത്. ആറിന് രാത്രി കാസര്‍കോട് എം പി പി കരുണാകരനും, തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപലനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും, ജില്ലാപഞ്ചായത്ത്‌മെമ്പര്‍ വി പി പി മുസ്തഫ എന്നിവരുടേയും നാട്ടിലെ സാമൂഹിക - സാംസ്‌ക്കാരിക - രാഷ്ട്രീയ നേതാക്കളുടേയും സാന്നിധ്യത്തില്‍ 11 കുടുംബാംഗങ്ങളുടെ യോഗം ചേര്‍ന്നു. ഇതു സംബന്ധമായി വിദഗ്ധമായ അന്വേഷണം നടത്തുന്നതിന് വേണ്ടി ചന്തേര പോലീസ് സ്റ്റേഷനില്‍ ഏഴിന് വൈകുന്നേരം നാല് മണിക്ക് കാണാതായ 15 പേരുടെ ബന്ധുക്കള്‍ മിസ്സിംഗ് പരാതി നല്‍കി. ഇതോടൊപ്പം  അപ്രത്യക്ഷമായ യുവാക്കള്‍ അയച്ച വോയിംസ് മെസ്സേജുകളും ടെക്‌സറ്റ് മെസ്സേജുകളും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഏഴിന് തന്നെ കൈമാറി. ജൂലൈ 21ന് തിരോധാനം സംഭവിച്ചവരിലുള്‍പെട്ട  അഷ്ഫാഖ് ടെലഗ്രാം എന്ന ആപ്പിലൂടെ സഹോദരി സാജിതായ്ക്ക് അയച്ച ഉമ്മയുടെ സുഖവിവരം അന്വേഷിച്ചുകൊണ്ടും നിങ്ങള്‍  ഭയപ്പെടുംപോലെ ഞങ്ങള്‍ മതഭീകര പ്രവര്‍ത്തനത്തിന് വന്നതല്ല എന്ന് വന്ന സന്ദേശവും പോലീസിന് കൈമാറിയിട്ടുണ്ട്.

തിരോധാനം സംഭവിച്ച വാര്‍ത്ത വന്നതു മുതല്‍ ലോകത്തിലെ വിവിധ വാര്‍ത്താ മാധ്യമങ്ങളും ചാനലുകളും സംസ്ഥാനത്തിന്റേയും കേന്ദ്ര ഗവണ്‍മെന്റിന്റെയും വിവിധ അന്വേഷണ ഉദ്യോഗസ്ഥന്‍മാരും പടന്നയിലെത്തുകയും തിരോധാനം സംബന്ധിച്ച യുവാക്കളുടെ ജീവിത പശ്ചാത്തലവും പടന്ന എന്ന നാടിന്റെ സാംസ്‌ക്കാരിക പാരമ്പര്യവും അന്വേഷിച്ചു കൊണ്ടുള്ള റിപോര്‍ട്ടുകളാണ് നല്‍കിയിട്ടുള്ളത്. നിരവധി വാര്‍ത്താമാധ്യമങ്ങളുടേയും അന്വേഷണ ഏജന്‍സികളുടേയും സാന്നിധ്യം കൊണ്ട് പടന്ന ഗ്രാമം ലോകം അറിയപ്പെടുന്ന ഒരു ഗ്രാമമായി മാറി. അതിനിടയില്‍ തിരോധാനം സംഭവിച്ച യുവാക്കളുടെ ബന്ധുമിത്രാദികള്‍ ഐ എസ് പോലുള്ള ഭീകര സംഘടനകളില്‍ ഇവര്‍ ചേക്കേറിയിട്ടുണ്ടെങ്കില്‍ അത്തരം മക്കളെ ഞങ്ങള്‍ക്കാവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോടും വാര്‍ത്താമാധ്യമങ്ങളോടും വെട്ടിത്തുറന്നുതന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരോടും വാര്‍ത്താ മാധ്യമങ്ങളോടും ഒന്നും ഒളിച്ചു വെക്കാതെ തുറന്ന സമീപനത്തോടെയാണ് നാട്ടുകാരും ബന്ധുക്കളും സഹകരിച്ചത്. എന്നിട്ടും, ചില വാര്‍ത്താ മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും പടന്ന എന്ന് പറയുന്ന ഗ്രാമത്തെ ഐ എസ് എന്ന ഭീകരവാദ പ്രസ്ഥാനത്തിന്റെ  പ്രവര്‍ത്തകരെ ഉദ്പ്പാദിപ്പിക്കുന്ന കൃഷി സ്ഥലമായി വാര്‍ത്തകളിലൂടെ പ്രചരിപ്പിക്കുകയാണ്. പടന്നയില്‍ നിന്ന് പോയിവരുന്ന പ്രവാസികളായ യാത്രക്കാരെ പടന്നക്കാര്‍ എന്ന പേരില്‍ നിരന്തരമായ ചോദ്യം ചെയ്യപ്പെടലിനും പിടിച്ചുനിര്‍ത്തലിനും വിധേയമാക്കി മാനസികമായി വിഷമിപ്പിക്കുകയാണ്. ചില ഏജന്‍സികള്‍ പടന്നയിലെ സാമ്പത്തിക വളര്‍ച്ചയുടേയും ഉന്നത ജീവിത നിലവാരത്തിന്റെയും അസ്ഥിവാരം കിളച്ച് നോക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ്. ഏഴാം തീയ്യതി പോലീസിന് കൈമാറിയ മെസ്സേജുകള്‍ പുതിയ മെസ്സേജുകള്‍ എന്ന പേരില്‍ ഐ എസ് ബന്ധം സ്ഥാപിച്ചുകൊണ്ട് വീണ്ടും സംപ്രേഷണം ചെയ്തുകൊണ്ട് ഭീതി പരത്തുകയാണെന്ന് പറയാതെ വയ്യ.

പടന്നക്കാര്‍... അവരുടെ ജീനുകളില്‍ ദേശാന്തര ഗമനം(migration), വര്‍ഗീയമില്ലായ്മ, ഉദാരത, ആതിഥേയത്വം ഈ നാല് ജീനുകള്‍ നൂറ്റാണ്ടുകളായി രക്തത്തില്‍ സന്നിവേശിപ്പിച്ചവരാണ്. കവ്വായി പുഴയില്‍ നിന്നും അടിച്ചു വീശുന്ന ഓരോ ഇളം കാറ്റും ഓരോ പടന്നക്കാരന്റെ ഈ സന്ദേശം തലോടി നൂറ്റാണ്ടുകളായി കടന്നു പോകുന്നു. പടന്നയെ അറിഞ്ഞവര്‍ക്ക്, പടന്നയെ പരിചയപ്പെട്ടവര്‍ക്ക് പടന്നക്കാരുടെ ഈ മാസ്മരികതയറിയാം. പരേതരായ വി കെ പി അബ്ദുല്‍ ഖാദര്‍ ഹാജിയും, ഖാലിദ് ഹാജിയും, എ എം മുഹമ്മദലിയും, മുംബൈയിലെ ടി കെ മുഹമ്മദ് കുഞ്ഞി എന്ന മസ്താന്‍ബായിയും മംഗളൂരുവിലെ ബി സി ഇസ്മയില്‍ഹാജിയും എം കെ അബ്ദുല്‍ ഖാദര്‍ ഹാജിയും പടന്നക്കാരുടെ സ്വഭാവഗുണങ്ങള്‍ ലോകത്തിന് കാട്ടി വെളിച്ചം പകര്‍ന്ന വിളക്കുകളായിരുന്നു. പാര്‍ട്ടി വേരുറപ്പിക്കാത്ത കാലഘട്ടത്തില്‍ പാര്‍ട്ടി സന്ദേശവുമായി ഉദിനൂരില്‍ നിന്നും പൂഴി മണലിലൂടെ  നടന്നു വന്ന ഇ എം എസ് പടന്നയില്‍ എത്തിയപ്പോള്‍ നടന്നു ക്ഷീണിച്ച സഖാവിന് പഴയൊരു കാരണവര്‍ ഇളനീര്‍ വെട്ടിക്കൊടുത്ത് ദാഹം ശമിപ്പിച്ചു. ഇരിക്കാന്‍ കസേര കൊടുത്തു. തന്റെ ചുമലിലെ തട്ടം കൊണ്ട് വിയര്‍പ്പ് തുടച്ചു മാറ്റി. അനുയായികളില്ലാത്ത ഈ പടന്ന നാട്ടിലെ അനുഭവം ഇ എം എസ് ആത്മകഥയിലും ചിന്താ വാരികയിലും എഴുതി.

പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായ സഖാവ് എ കെ ജി ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ മുംബൈയില്‍ വിമാനം ഇറങ്ങുമ്പോഴൊക്കെ മസ്താന്‍ഭായി എന്ന പടന്നക്കാരന്റെ ആതിഥ്യവും സ്‌നേഹവും സ്വീകരിച്ചിരുന്നു. എ കെ ജി മരണമടയുന്നതു വരെ പടന്നക്കാരെ കാണുമ്പോള്‍ ചുമലില്‍ത്തട്ടി ഛോട്ടാ മസ്താന്‍ എന്നു വിളിച്ചു. മതവും രാഷ്ട്രീയവും നോക്കാതെ മുംബൈ പടന്ന ജമാഅത്ത് ഹാളില്‍ ഹാരാര്‍പ്പണം നല്കി സ്വീകരിച്ച് എ കെ ജിയെ പടന്നയെ മറക്കാത്ത നാടാക്കി മാറ്റി. സി എച്ചും തന്റെ രണ്ടാം ജന്മസ്ഥലം പടന്ന എന്നു പറയുന്ന തലത്തിലേക്ക് ബന്ധം വളര്‍ത്തി. സി എച്ചിന്റെ ഏറ്റവും വലിയ ആത്മസുഹൃത്തുക്കള്‍ പടന്നക്കാരായി മാറി. ബാഫലി തങ്ങളും പൂക്കോയ തങ്ങളും ചെറുവത്തൂര്‍വഴി തീവണ്ടിയിലൂടെ കടന്ന് പോകുമ്പോള്‍ ഭക്ഷണം ചെറുവത്തൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയാണ് പതിവ്. മറ്റുള്ളവര്‍ അവര്‍ക്ക് ഭക്ഷണം നല്‍കി സത്കരിക്കരിക്കാനെത്തുമ്പോള്‍ അത് സ്‌നേഹപൂര്‍വം ഒഴിവാക്കുകയും ഞങ്ങള്‍ക്കുവേണ്ട ഭക്ഷണം പടന്നക്കാര്‍ എത്തിച്ചുതരുമെന്ന തലത്തിലേക്കും ബന്ധത്തിലേക്കും എത്തിച്ചേര്‍ന്നിരുന്നു. ഇ കെ നായനാര്‍ക്കും, എ കെ ആന്റണിക്കും, കെ കരുണാകരനും, ഉമ്മന്‍ചാണ്ടിക്കും പടന്നക്കാര്‍ നല്‍കിയ സംഭാവനകളും ആതിഥേയത്വവും കമ്യൂണിസ്റ്റ് -കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വര്‍ഗീയതയുടേയും രാഷ്ട്രീയ വിദ്വേഷത്തിന്റെയും ലാഞ്ചന പോലുമില്ലാത്ത പടന്നക്കാരുടെ മുഖം കേരളമാകെ ഓര്‍ക്കുന്ന സാഹചര്യമുണ്ടാക്കി.

വി കെ പി ഖാലിദ് ഹാജിയും എ എം മുഹമ്മദലിയും ബാംഗ്ലൂരുവിലും പടന്നയിലുമായി കര്‍ണാടക - മലയാളി വ്യത്യാസമില്ലാതെ, ഹിന്ദു-മുസ്ലീം എന്നില്ലാതെ ഹോട്ടല്‍തര്‍ക്കങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളും  പരിഹരിക്കാന്‍ നീതിയുടെ തുലാസില്‍ തൂക്കം നോക്കി മാത്രം വിധി പറഞ്ഞപ്പോള്‍ സിവില്‍ ക്രിമിനല്‍ കോടതികളായി മുഹമ്മദലിയുടെ വോള്‍ഗാ ഹോട്ടലും ഖാലിദ് ഹാജിയുടെ കോട്ടേംദാര്‍ വീടും മാറി. സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ കുരുക്കുകള്‍ അഴിക്കാന്‍ പടന്നയെകുറിച്ച് അന്വേഷിച്ച, ഇവരുടെ വീടുകള്‍ അന്വേഷിച്ച് കണ്ടുപിടിച്ച് നീതി തേടി എത്തുന്നവരുടെ ബാഹുല്യം കൊണ്ട് പടന്നയ്ക്ക് വിസ്താരം കൂടിയിരുന്നു. മുംബൈയിലെ പരശതം പടന്നക്കാരുടെ ഹോട്ടല്‍ വ്യാപാര സമുച്ഛയങ്ങളും സമ്പന്നതയും കൊണ്ട് മുംബൈ നഗരത്തിന്റെ സിംഹഭാഗം കൈയ്യടക്കിയിരുന്ന പടന്നക്കാരുടെ പറുദ്ദീസയിലേക്ക് ചേക്കേറിയവര്‍ സാമൂഹിക സാംസ്‌ക്കാരിക കലാ രംഗത്തുള്ളവര്‍  നിരവധിയായിരുന്നു. 1956 കാലഘട്ടത്തില്‍ മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ പടന്നക്കാരുടെ ജുബോക്‌സില്‍ പാടിച്ച് പ്രോത്സാഹിപ്പിച്ച് മുഹമ്മദ് റാഫിക്ക് പോലും പടന്നക്കാരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കാരണമായി. കെ ജി ഗുല്‍മുഹമ്മദ്, മുംബയിലെ ബസ്‌കണ്ടക്ടറായിരുന്ന കെ ജി സത്താറിന് ഏറേ പ്രോത്സാഹനം നല്‍കി ഏറ്റവും നല്ല മാപ്പിളപ്പാട്ട് ഗായകനാക്കി മാറ്റി.

ആഇശാബീഗം, റംലാബീഗം, വി എം കുട്ടി, ഫസീല, പിര്‍ മുഹമ്മദ് എന്നീ മാപ്പിളപ്പാട്ട് ഗായകര്‍ക്ക് നിരവധി സ്റ്റേജുകള്‍ നല്‍കി.  ഫറുഖ് കോളജും മമ്പാട് കോളജും എം ഇ എസിനും, ചന്ദ്രികാ ദിനപത്രത്തിനും വേണ്ടി പടന്നക്കാര്‍ ഉദാരമായ സംഭാവനകള്‍ നല്‍കി. മുഹമ്മദ് റാഫിയെ മലയാളത്തില്‍ പാടിച്ച 'തളിരിട്ട കിനാക്കള്‍' വിസ എന്ന മലയാള സിനിമയുടെ സംഗീത സംവിധായകനായ ജിതിന്‍ശ്യാം എന്ന ആലപ്പുഴ ഇസ്മയില്‍ ജോലിതേടി മുംബൈയിലെത്തിയപ്പോള്‍ മുംബൈ പടന്ന ജമായത്ത് കെട്ടിടത്തില്‍ മാസങ്ങളോളം താമസിക്കാന്‍ പടന്നക്കാര്‍ ഇടംനല്‍കി.

92-ലെ ബാബറി മസ്ജിദ് കലാപത്തില്‍ പോലും പടന്നയില്‍ നൂറ്റാണ്ടുകളായി പടുത്തുയര്‍ത്തിയ മാനവിക ഐക്യത്തിന്റേയും മത സ്വാതന്ത്ര്യത്തിന്റെയും ചങ്ങലക്കെട്ടുകള്‍ പൊട്ടിയില്ല. പടന്ന മുണ്ട്യയില്‍ മൂന്ന് കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവം സംഭാവനകൊണ്ടും സാന്നിദ്ധ്യം കൊണ്ടും ഭൂരിപക്ഷമുള്ള മുസ്ലീങ്ങള്‍  പ്രോത്സാഹിപ്പിച്ചു. പര്‍ദ്ദ ധാരികളായ മുസ്ലീം സ്ത്രീകളുടെ സാന്നിധ്യം മതസൗഹാര്‍ദ്ദത്തിന്റെ പുതിയ ഉത്സവകാഴ്ചയായി മാറി. പട്ടിക വിഭാഗക്കാരായ മതവിഭാഗക്കാരുടെ സുബ്രഹ്മണ്യ കോവിലകത്തെ ഉത്സവ കാഴ്ചകാണാന്‍ ഡിസംബറിലെ മഞ്ഞു പെയ്യുന്ന രാവുകളില്‍ അര്‍ധരാത്രികളില്‍ കൈക്കുഞ്ഞുങ്ങളുമേന്തി കാത്തിരുന്ന ആയിരങ്ങള്‍ പടന്നയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചു മാറ്റി മതസൗഹാര്‍ദ്ദത്തിന്റെ പുതിയ സന്ദേശം ലോകത്തിന് കാട്ടിക്കൊടുത്തു. പടന്നക്കാരുടെ ഈ സാംസ്‌ക്കാരിക പൈതൃകം നേടിയെടുത്തത് ചെറുവത്തൂരില്‍ നിന്നും തെക്കോട്ടും വടക്കോട്ടും ദേശാന്തരങ്ങളിലേക്ക് ചേക്കറിയത് നാടിന്റെ നന്മയക്ക് വേണ്ടിയായിരുന്നു. മുസ്ലീം മതവിഭാഗങ്ങള്‍ തമ്മില്‍ മത അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അന്നും ഇന്നും ഒരുതുള്ളി ചോരപൊടിഞ്ഞിട്ടില്ല.
       
മംഗളൂരുവും ബംഗളൂരുവും, മുംബൈയും റംഗൂണും, ഗള്‍ഫ് നാടുകളിലും പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പടന്നക്കാര്‍ സഞ്ചരിക്കുകയായിരുന്നു. ഇന്നും അമേരിക്കയിലും ഓസ്‌ട്രേലിയയിലും സൗത്ത് ആഫ്രിക്കയിലും, ചൈനയിലും മൊറോക്കോയിലും പടന്നയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് പൂര്‍വ്വികരുടെ പാത പടന്നക്കാര്‍ പിന്തുടരുകയാണ്.

റംഗൂണിലെ ഉരുള്‍പെട്ടിയും ഗ്രാമഫോണ്‍ റിക്കാര്‍ഡുകളും മുംബൈയിലെ പാര്‍ലേജി, ബ്രിട്ടാനിയ ബിസ്‌ക്കറ്റുകളും ലിബര്‍ട്ടി ചായപൊടിയും, ഹലുവയും കൊണ്ടും ദുബൈയിലെ ടേപ്പ്‌റിക്കാര്‍ഡും , സ്‌പേയും കൊണ്ടും വിയര്‍പിന്റെ പ്രതീകമായി കഠിനാധ്വാനത്തിന്റെ അടയാളമായി  വീടിന്റെ അകത്തളങ്ങളില്‍ പ്രവാസി ജീവിതം വഴി ഇടംപിടിപ്പിച്ച് മറ്റ് നാടുകള്‍ക്ക് മുമ്പെ സായൂജ്യം അടഞ്ഞവരാണ് പടന്നക്കാര്‍. പടന്നക്കാരുടെ പാലയനത്തിന് പ്രവാസിയുടെ മണമുണ്ടായിരുന്നു. ഇന്ന് ദേശാന്തര ഗമനം എന്ന നല്ല സുഗന്ധത്തിനു പകരം ദുരൂഹതയുടേയും സംശയത്തിന്റേയും ദുര്‍ഗന്ധമുള്ള കാറ്റ് പടന്നയെ തേടി വരികയാണ്. ഓസ്‌ക്കാര്‍ അവാര്‍ഡ് നേടിയ സ്ലംഡോഗ്, എന്ന പടത്തിലെ റുബീനഅലി  ചിത്തംമാട മുഹമ്മദ് കുഞ്ഞി എന്ന പടന്നക്കാരന്റെ ചെറുമകളാണ്. പടന്നക്കാരുടെ പഴയ മുബൈ-പടന്ന പ്രവാസി ജീവിതത്തിന്റ തിരുശേഷിപ്പായി റുബീനഅലി ഇപ്പോഴു നിറഞ്ഞു നില്‍കുമ്പോഴും, നാടിനെ അറിയാത്ത മതം അറിയാത്ത മാനവികത അറിയാത്ത ബ്രാന്റഡ് വിദ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഒരു മണിക്കൂര്‍ മാത്രം മതം പഠിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം മതം തെറ്റായിപഠിച്ച് അറിവില്ലായ്മയുടെ പേരില്‍ നാടിന്റെ ചൈതന്യം കെടുത്തി കടന്നുപോയവര്‍, അവര്‍ നാടിന്റെയും, മതത്തിന്റെയും, ദേശത്തിന്റേയും, ശത്രുക്കളാണ്. അവരുടെ പേരില്‍ ഒരു നാട്ടിന്റെ സാംസ്‌ക്കാരിക പൈതൃകം പിഴുതു മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

പടന്നയിലെ ക്ഷേത്രങ്ങളുടെ തൂണുകളിലും പള്ളിയിലെ മിനാരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമരുകളിലും പടന്നക്കാരുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഗന്ധമുണ്ട്. അധ്വാനത്തിന്റെ സുഖന്ധമുള്ള കാറ്റിന്റെ വഴിതിരിച്ച് വിട്ട് ദേശാന്തര ഗമനത്തിന്റെ പ്രതീകമായ ഈ നന്മ നിറഞ്ഞ ഭൂമിയെ ഭീകരവാദികളുടെ കേന്ദ്രമാക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ പടന്നക്കാരുടെ ഉറക്കം കെടുത്തുകയാണ്.

മുല്‍ത്താനില്‍ നിന്നും വന്ന സയ്യദ് സാഹിബ് വലിയുള്ളയും ഗുല്‍ഷാ എന്ന പെഷവാറില്‍ നിന്നും വന്ന സൂഫിയും എങ്ങോനിന്നു വന്ന പക്കര്‍സാഹിബ് സൂഫിയും പടന്നക്കപ്പുറം സഫര്‍ ചെയ്യതിരുന്നത് പടന്നയില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റേയും തൂവല്‍ സ്പര്‍ശം മണക്കുന്ന മണ്ണ് എന്ന ഉള്‍വിളിയിലായിരുന്നു. ചെറുവത്തൂരില്‍ നിന്നും വണ്ടിയിറങ്ങുന്ന മുസാഫിറുകളും ഫഖീറന്‍മാറും നേരെ തെക്കോട്ട് ലക്ഷ്യം വെച്ച് ദഫ് മുട്ടിപാടി പടന്നയിലേക്ക് നടന്നു വന്നത് കുളിക്കാനും കുടിക്കാനും വിശ്രമിക്കാനും സ്ഫടികം പോലെയുള്ള വെള്ളവും കിടക്കാന്‍ വാതിലുകള്‍ തുറന്നു വെച്ച പള്ളിയും പള്ളിക്കുളങ്ങളും അന്നം തരാനുള്ള കാരുണ്യവും അവരുടെ ഗവാലിയും ഗസലും കേള്‍ക്കാനുള്ള സംഗീത സാന്ദ്രമായ മനസ്സും ഉള്ള ജനതയെ തേടിയായിരുന്നു. പടന്നയുടെ മാനവീകതയുടെ നക്ഷത്രശോഭയ്ക്കിരുള്‍മൂടാനുള്ള വര്‍ഗീയ ശക്തികള്‍ക്കെതിരെ ഓരോരുത്തരും ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. പടന്നക്കാര്‍ക്ക് ഒന്നേ പറയാനുള്ളൂ  ഈ പാലയനത്തിന്റെ പേരില്‍ ഞങ്ങളുടെ നാട്ടിന്റെ സ്വാസ്ഥ്യം കെടുത്തരുതെന്ന അപേക്ഷ മാത്രം...
യുവാക്കളുടെ തിരോധാനവും വേട്ടയാടപ്പെടുന്ന പടന്നയും

Keywords:  Missing of youth and Padanna, Padanna, Article, Missing, Police, Investigation, BCA Rahman Padanna

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia