city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ സുപ്രീം കോടതി വരെ പോയ ചരിത്രമുണ്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 14.11.2017) കയ്പ്പു നിറഞ്ഞ ജീവിതത്തിനോടൊപ്പം ഒഴുക്കിനെതിരെ നീന്തിയ പോരാളി. ഇന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഓര്‍ത്തെടുക്കേണ്ടത് അങ്ങനെയാണ്. യുവത്വത്തിന് ഇ. ചന്ദ്രശേഖരന്‍ എന്നും വിളിപ്പുറത്തുള്ള ചന്ദ്രേട്ടനാണ്. വിട്ടുവീഴ്ച എന്ന പദത്തിനോടുവരെ വിട്ടുവീഴ്ച്ചയില്ലാത്ത രാഷ്ട്രീയക്കാരന്‍. അത് ജീവിതമായാലും, സേവനമായാലും ഒരു പോലെത്തന്നെ. അങ്ങനെ അല്ലായിരുന്നുവെങ്കില്‍  പെരുമ്പളക്കുന്നിന്‍ ചെരുവിലെ കാലിടറിയാല്‍ താഴേക്ക് നിലം പൊത്തുന്ന ഓടവഴിവക്കില്‍ ഓടിളകി ആടിയുലഞ്ഞ് നിലം പൊത്താറായ വീട് എന്നേ നന്നായിപ്പോയേനേ. അതു പുതുക്കിപ്പണിതു കൊടുക്കുവാന്‍ പാര്‍ട്ടിയും നാട്ടുകാരും ചേര്‍ന്ന് ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ വേണ്ടെന്നു വിലക്കി.

ഇത്രപോലും പാങ്ങില്ലാത്തവരെത്രയുണ്ട് ഈ നാട്ടില്‍. അതിനിടയില്‍ എനിക്ക് കേറിക്കിടക്കാന്‍ ഇതെങ്കിലുമുണ്ടല്ലോ എന്ന് പ്രവര്‍ത്തകരെ സമാശ്വസിപ്പിച്ചു വിടുകയായിരുന്നു പതിവ്. സി.പി.ഐയുടെ സംസ്ഥാന സെന്ററിലെത്തിയപ്പോള്‍ വീട് പാര്‍ട്ടിയുടെ അജണ്ടയായി വന്നു. പഴയതിനു തൊട്ടടുത്ത് പുതുതായി മറ്റൊരു വീടുയരുന്നത് അങ്ങനെയാണ്. മന്ത്രി മന്ദിരങ്ങള്‍ക്ക് അപമാനമായി ഒരു സാധാരണ കോണ്‍ഗ്രീറ്റ് ഭവനം ആ കുന്നിന്‍ ചെരുവില്‍ ചെന്നാല്‍ കാണാം.

തീയ്യില്‍ മുളച്ചത് വെയിലേറ്റാല്‍ വാടില്ലെന്നാണല്ലോ പ്രമാണം. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിവെക്കുകയാണ് ഇ. ചന്ദ്രശേഖരന്‍ എന്ന റവന്യൂമന്ത്രിയുടെ രാഷ്ട്രീയ ജീവിതം. മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തിലും അടയാളപ്പെടുത്തുന്നത് അതാണ്. 1980 കാലം. കാസര്‍കോട് ജില്ല പിറവി കൊണ്ടിട്ടു പോലുമില്ല. ചന്ദ്രശേഖരന്‍ യുവജന പ്രസ്ഥാനമായ എ.ഐ.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന കാലം. അഭിവക്ത കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. അപ്പോഴാണ് സ്വന്തം ഗ്രാമത്തിനു സമീപത്തെ ചട്ടഞ്ചാലിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറിയത് ശ്രദ്ധയില്‍പെടുന്നത്. വിപ്ലവ സഹജമായ പ്രതിരോധ ശക്തി നാട്ടിലാകെ പടര്‍ന്നു കയറി. യുവാക്കള്‍ മുതല്‍ വൃദ്ധരെ അടക്കം സംഘടിപ്പിച്ച് ചന്ദ്രശേഖരന്‍ പ്രകടനം നടത്തി. ഭൂമിയില്‍ പ്രവേശിച്ചു. കൈയ്യേറ്റത്തിനു കേസ് വന്നു. പോലീസ് പലരേയും പൊക്കി. നിശ്ചയദാര്‍ഡ്യം ഒന്നു മാത്രമായിരുന്നു ഈ യോദ്ധാവിനുള്ള കൈബലം.

ദേശീയ തലത്തില്‍ പ്രസിദ്ധരായ കോണ്‍ട്രാക്ടര്‍മാരുടെ കുടുംബവും, നാടിന്റെ നാഡീഞരമ്പുകളറിയുന്നവരും, കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പിന്‍ബലമുണ്ടായിട്ടു പോലും ഇ. ചന്ദ്രശേഖരന്‍ എന്ന യുവാവിന്റെ മനോബലമിളക്കാനും സംഘടിത ശക്തിയെ തുരത്താനും കഴിഞ്ഞില്ല. കാലം പിന്നെയും കടന്നു പോയി. കൈയ്യേറിയതല്ല, കാലാകാലങ്ങളായി ഞങ്ങള്‍ ഉപയോഗിച്ചും കൃഷി ചെയ്തു വരുന്നതുമായ ഭൂമിയാണ് എന്ന വാദം പൗരപ്രമുഖരായ എതിര്‍കക്ഷികള്‍ ഉന്നയിച്ചു. കോടതി ആ വാദം ശരിവെച്ചു. വിധി ഇ. ചന്ദ്രശേഖരന്റെ സമര സംഘടനക്കെതിരു നിന്നു. വസ്തു വിട്ടു കൊടുത്തു കൊള്ളണം. പരാതിക്കാര്‍ കാലാകാലങ്ങളായി കൈവശം വെച്ചു വരുന്ന വകയിലുള്ളതാണ് ഈ ഭൂമി.

ഭരണകൂടവും, നിയമവും, പോലീസും ഒരുപോലെ ഏതിരായപ്പോഴും ചന്ദ്രശേഖരന്‍ എന്ന പോരാളിക്ക് കുലുക്കമുണ്ടായില്ല.  പൊതുജനരോഷത്തെ കടല്‍പോലെ ഇളക്കി വിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കെട്ടി ഉയര്‍ത്തിയ മതില്‍ക്കെട്ടുകള്‍ തകര്‍ക്കപ്പെട്ടു. നട്ട തെങ്ങിന്‍തൈ പിഴുതെറിയപ്പെട്ടു. വീണ്ടും കേസിനുമേല്‍ കേസായി. പലരും പോലീസിന്റെ പിടിയിലായി. ആളിക്കത്തിയ ജനമുന്നേറ്റം അന്ന് ദേശീയ ശ്രദ്ധവരെ പിടിച്ചു പറ്റിയിരുന്നു. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട് അന്തിമ തീര്‍പ്പ് കല്‍പ്പിച്ചു. ചന്ദ്രശേഖരന്റെ വാദമാണ് ശരി. വളച്ചു കെട്ടിയ ഭൂമി സര്‍ക്കാരിനു തിരികെ കൊടുക്കണം. ഭൂമി സര്‍ക്കാര്‍ കണ്ടു കെട്ടണം.

സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ സുപ്രീം കോടതി വരെ പോയ ചരിത്രമുണ്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്


ചെറുപ്പക്കാരനായ ആ യോദ്ധാവ് ഉയര്‍ത്തിപ്പിടിച്ച ആത്മധൈര്യത്തിന്റെ വിജയം ഇന്ന് തോമസ് ചാണ്ടി വിഷയത്തിലും കാണാം. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തോമസ് ചാണ്ടി നികത്തിയ കായല്‍ തിരികെ കിട്ടുന്നതു പോലെ അന്നത്തെ ആ ഏക്കറു കണക്കിനുള്ള വിവാദ ഭൂമിയും  സര്‍ക്കാരിനു സ്വന്തമായി കിട്ടിയിരുന്നു. അന്ന് ഇ ചന്ദ്രശേഖരന്‍ ചെറുതായൊന്നു കണ്ണു ചിമ്മിയാല്‍ മാത്രം മതിയായിരുന്നു. പെരുമ്പളക്കുന്നിനു മുകളില്‍ നാലുനില ബംഗ്ലാവുയരാന്‍. നാഷണല്‍ ഹൈവേയിലൂടെ കടന്നു പോകുന്നവര്‍ക്ക് ചട്ടഞ്ചാലില്‍ എത്തി പടിഞ്ഞാറോട്ടു നോക്കിയാല്‍ ഇന്നും കാണാം, പോലീസ് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഈ വിവാദഭൂമി. ന്യായത്തിനും നീതിക്കും എതിരായി സര്‍ക്കാരിന് അവകാശപ്പെട്ട ഒരു തുണ്ടു ഭൂമി പോലും അന്യാധീനപ്പെടാന്‍ അനുവദിക്കാത്ത വിധം തോമസ് ചാണ്ടിയെ ഇരട്ടക്കുരുക്കിട്ടു മുറുക്കിയ ഇ. ചന്ദ്രശേഖരന്‍ എന്ന മന്ത്രി ഇന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാതൃകയായി തുടരുകയാണ്.

ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യഘടക കക്ഷിയായിട്ടു പോലും, പാര്‍ട്ടിയിലും മുന്നണിയിലും ഇത്രത്തോളം അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടും തികച്ചും ശാന്തമായി നിയമനിഷേധത്തിനെതിരെയുള്ള പോരാട്ടം തുടരുകയാണ് മന്ത്രി. മുന്നണിയോടൊപ്പം നിന്നു കൊണ്ടു തന്നെ സത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിലപാടുകള്‍ക്കെതിരെ ഇതിനു മുമ്പും വിയോജിപ്പുമായി വന്നിട്ടുണ്ട് ഇദ്ദേഹം. ബദിയടുക്ക ദിനേശ് ബീഡി സഹകരണ സോസൈറ്റിയെ അതിനുള്ള ഉദാഹരണമായെടുക്കാം. സി.പി.എമ്മും, സി.പി.ഐയും ചേര്‍ന്നായിരുന്നു സൊസൈറ്റി ഭരണം. അധികാര ഭ്രമം പരസ്പര സഹകരണ രാഷ്ട്രീയത്തില്‍ പുഴുക്കുത്തിട്ടു. കൂട്ടു ഭരണത്തിനു തടയിടും വിധം സി.പി.എം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സൊസൈറ്റി പിടിച്ചെടുക്കാന്‍ ശ്രമം നടത്തി.

ചന്ദ്രശേഖരന്‍ ഇടപെട്ട സമവായ ശ്രമം പൊളിഞ്ഞതോടെ സി.പി.ഐയെ ഒഴിവാക്കി ഒറ്റക്ക് സൊസൈറ്റി സ്വന്തമാക്കാന്‍ സി.പി.എം പദ്ധതിയിട്ടു.  നേരിടാന്‍ മുന്നില്‍ വന്നു നിന്നത് ഇ. ചന്ദ്രശേഖരന്‍ തന്നെ. പോലീസ് ഇടപെട്ടു. സമരം പോലീസിനെതിരെയായി. ഇത്തരിപ്പോന്ന ഒരു സൊസൈറ്റിയുടെ ഭരണം നിലനിര്‍ത്താന്‍ ഒടുവില്‍ ഇടതുമുന്നണിയുടെ സംസ്ഥാന നേതൃത്വത്തിനു തന്നെ ഇടപെടേണ്ടി വന്നു. ബലാധികാരമായി തെരെഞ്ഞടുത്ത സി.പി.എം അനുഭാവ ഭരണ സമിതി പിരിച്ചു വിട്ട് വീണ്ടും തെരെഞ്ഞെടുപ്പ് നടന്നു. സി.പി.ഐക്ക് വീണ്ടും ബാങ്കിന്റെ മേല്‍ക്കോയ്മ തിരിച്ചു കിട്ടി. എടുത്ത തീരുമാനത്തില്‍ നിന്നും കടുകിട പിറകോട്ടു പോകാത്ത സമവാക്യങ്ങളോട് സന്ധി ചേരാത്ത നിലപാടാണ് അന്നും ഇന്നും മന്ത്രിയുടേത്. ഇത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാഠപുസ്തകം കൂടിയാണ്. പ്രസ്ഥാനത്തില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചതിനേക്കാള്‍ പതിന്മടടങ്ങ് വര്‍ദ്ധിതമായാണ് ഇ. ചന്ദ്രശേഖരന്‍ എന്ന നിയമസഭാ സാമാജികന്റെ ഒരു പതിറ്റാണ്ടു കാലത്തെ ജനസേവനമെന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്. അതിലേക്കു പിന്നീടു വരാം.

സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ സുപ്രീം കോടതി വരെ പോയ ചരിത്രമുണ്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Article, E.Chandrashekharan, Minister, Revenue Minister, Top-Headlines, Prathibha-Rajan, Political party, Politics, CPM, Minister E.Chandrasekharan and his ability

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia