city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നബിദിനാഘോഷവും പട്ടാളവേഷവും

കൂക്കാനം റഹ്‌മാൻ
വര്‍ഷത്തെ നബിദിനാഘോഷവും കഴിഞ്ഞു. വര്‍ഷാവര്‍ഷം വിവാദങ്ങള്‍ ബാക്കിയാക്കിയിട്ടേ നബിദിനം പര്യവസാനിക്കൂ. മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തിലുളള വിമര്‍ശനങ്ങളുണ്ടാവുന്നത് ഖേദകരം തന്നെ. നബിദിന റാലികളാണ് പലപ്പോഴും പരാമര്‍ശ വിഷയമായിത്തീരുന്നത്. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയുളള റാലികള്‍ ആരു നടത്തിയാലും അത് പൊതു ജനത്തോടുളള വെല്ലുവിളി തന്നെയാണ്. അത് നിയമ പ്രകാരം തടയിടുകയും വേണം. 
ഘോഷയാത്രയിലെ പങ്കാളികളുടെ വേഷവിധാനത്തെക്കുറിച്ചാണ് ഇത്തവണയും പ്രതിഷേധങ്ങളും, പോലീസ് കേസും ഒക്കെ ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍  പോലീസിനും, പട്ടാളത്തിനും, നഴ്‌സുമാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും, പോസ്റ്റ്മാന്‍മാര്‍ക്കും തുടങ്ങി നിരവധി വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്നതരത്തിലുളള യൂണിഫോം വേണമെന്ന് സര്‍ക്കാര്‍ നിയമം മൂലം നടപ്പിലാക്കിയിട്ടുണ്ട്. ഈ വേഷങ്ങളൊക്കെ നാടകത്തിലും, സിനിമയിലും അഭിനേതാക്കള്‍ അണിയാറുണ്ട്. അത് അഭിനയമാണ്. യാഥാര്‍ത്ഥ്യമല്ല. 

നബിദിനാഘോഷവും പട്ടാളവേഷവും
File Photo
പോലീസ് വേഷവും നഴ്‌സ് വേഷവും കെട്ടി ഘോഷയാത്ര നടത്തുന്നത് ഔചിത്യമാണോ? അതില്‍  പന്തികേടില്ലേ? നേരെമറിച്ച് ഇവരെ പരിഹസിക്കുന്ന രീതിയില്‍  കോമാളി വേഷം കെട്ടി ഘോഷയാത്രയില്‍  പങ്കു കൊണ്ടാല്‍  അത് അനൗചിത്യമാവില്ല യാഥാര്‍ത്ഥ ഔദ്യോഗിക വേഷവിധാനം അര്‍ഹതയില്ലാത്തവര്‍ അണിഞ്ഞൊരുങ്ങുന്നത് ഒട്ടും ഔചിത്യമാവില്ല. പ്രത്യേകിച്ച് പട്ടാള വേഷം. ഇന്ത്യന്‍ സെക്യൂരിറ്റി ജീവനാക്കാരാണ് പട്ടാളക്കാര്‍. പട്ടാള വേഷം ധരിച്ച് തെരുവോരങ്ങളിലൂടെ നടന്നു നീങ്ങുന്നത് കുറ്റകരം തന്നെ. 

പട്ടാള വേഷം എന്ന് തോന്നിക്കുന്ന യൂണിഫോം ധരിച്ച് പ്രകടനം നടത്തിയവര്‍ക്കും ചില ന്യായങ്ങളുണ്ട്. ഈ ഡ്രസ്സ് മെറ്റീരിയലുകള്‍ കടകളില്‍ നിന്ന് ലഭിക്കുന്നതാണ്. സ്യൂട്ട്‌കെയ്‌സിനും മറ്റും ഇതേ മെറ്റീരിയലുകള്‍ ഉപയോഗിച്ച് കവര്‍ നിര്‍മ്മിച്ച് ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട് അത്തരം തുണിത്തരങ്ങള്‍ വാങ്ങി തയ്പിച്ച് അണിഞ്ഞാല്‍  അത് കുറ്റകരമാവുന്നതെങ്ങിനെ? ഏത് വിഭാഗവും അണിയുന്ന യൂണിഫോം തുണികള്‍ ഫാക്ടറികളില്‍  നിര്‍മ്മിക്കുന്നതാണ്. അത് സര്‍ക്കാരുകള്‍ക്കും വാങ്ങാം പൊതുജനത്തിനും വാങ്ങാം. അതിലാര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകുമെന്ന് തോന്നുന്നില്ല. 

ഇവിടെ പ്രശ്‌നമുണ്ടാകുന്നത് അതുകൊണ്ടല്ല. മിലാദിശരീഫ്(പുണ്യപിറവി) ദിനാഘാഷത്തിന്റെ റാലിയില്‍  ഇത് ഉപയോഗിച്ചു എന്നാണ്. മുസ്ലിം ചെറുപ്പരക്കാരാണ് ഈ വേഷ വിധാനത്തോട റാലിയില്‍  അണിനിരക്കുന്നത്. മുസ്ലിം= തീവ്രവാദികള്‍ എന്നൊരു ഇക്വേഷന്‍ പൊതുവെ അമേരിക്കന്‍ സാമ്രാജ്യത്വവും അവരുടെ പിണിയാളുകളും രൂപപ്പെടുത്തി വെച്ചിട്ടുണ്ട്. മുസ്ലിം യുവക്കാളാണ് ഇന്ത്യന്‍ സെക്യൂരിറ്റി സേനയുടെ യൂണിഫോം എന്ന് തോന്നിക്കുന്ന വേഷം ധരിച്ച് നടക്കുന്നത്. ഇത് രാജ്യത്തെ നിയമസംഹിതയോടുളള വെല്ലുവിളിയാണ്. കടുത്ത രാജ്യദ്രോഹ കുറ്റമാണ്. എന്നൊക്കെ വിളിച്ചു പറയുന്നതും പ്രചരിപ്പിക്കുന്നതും ആരാണെന്നു കൂടി ശ്രദ്ധിക്കണം. 

കടുത്ത മുസ്ലിം മതവിരോധികളാണ് ഈ പ്രചാരണത്തിനു പിന്നിലെന്നു കണ്ടെത്താന്‍ വളരെയൊന്നും ആലോചിക്കേണ്ടതില്ല. മതസ്പര്‍ദ്ദ വളര്‍ത്താന്‍ തയ്യാറെടുത്തു നില്‍ക്കുന്നവര്‍ക്ക് ഈ കച്ചിത്തുമ്പില്‍  പിടിച്ച് പ്രശ്‌നത്തെ ആളിക്കത്തിക്കാന്‍ എളുപ്പമാവും. ഇത് ഒരു സാധാരണ വേഷം കെട്ടാണ്. അതങ്ങ് നടന്നോട്ടെ എന്ന് ചിന്തിച്ചാല്‍ പ്രശ്‌നമൊന്നുമുണ്ടാകില്ല. വിമര്‍ശനവും പ്രതിഷേധവും ഉണ്ടാവുമ്പോഴാണല്ലോ, കുടുത ല്‍ വാശിയും വീറും ഉടലെടുക്കുക. 

കഴിഞ്ഞ വര്‍ഷം ഇതേ വേഷവിധാനത്തെ ചൊല്ലി കേസും, പ്രതിഷേധങ്ങളും ഒക്കെയുണ്ടായിരുന്നത് ഓര്‍ക്കുന്നു. എന്നാല്‍  ഈ വര്‍ഷം അതൊഴിവാക്കുകയല്ലേ ഉചിതം. കൂടുതല്‍  ശക്തിയോടെയും, വര്‍ദ്ധിത വീര്യത്തോടെയും ഈ വര്‍ഷവും സംഘടിപ്പിച്ചതിന്റെ പിന്നില്‍  വാശി തന്നെയാണ്. പുണ്യദിനത്തില്‍  പ്രവാചകന്റെ ജന്മദിനത്തില്‍  സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനല്ലേ മതാനുയായികള്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്. 

നബിദിന റാലിയില്‍  പട്ടാള വേഷത്തേക്കാള്‍ ഭേദം ശൂഭ്ര വസ്ത്ര വേഷമല്ലേ? ശാന്തിയുടെയും സമാധാനത്തിന്റെ സൗഹൃദത്തിന്റെയും, മാന്യതയുടെയും അടയാളമായിട്ടാണ് വെളള വസ്ത്രധാരണത്തെ സമൂഹം വീക്ഷിക്കുന്നത്. പട്ടാള(മിലിട്ടറി) എന്ന് കേട്ടാല്‍  തന്നെ പോരാട്ടത്തിന് തയ്യാറുളളവര്‍ എന്ന ചിന്തയും, ശക്തിയുടെയും ക്രൗര്യത്തിന്റെയും ഉടമകളെന്ന ധാരണയാണ് ഇവരെക്കുറിച്ചുളളത്. 

ഇത്തരം വേഷ വിധാനങ്ങളും, വാശിയും ഒക്കെകാണുന്നത് പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ്. അവിടെത്തന്നെയാണ് അതിനെതിരെയുളള ചെറുത്തു നില്‍പ്പുകളും ദൃശ്യമാവുന്നത്. കേരളത്തിലങ്ങോളമിങ്ങോളം നബിദിനാഘോഷവും നബിദിനറാലികളും   നടത്തിട്ടുണ്ട്. ചിട്ടയായി റോഡു ഗതാഗത തടസമില്ലാതെ, ശൂഭവസ്ത്രധാരികളായ കുഞ്ഞുങ്ങള്‍ നബിയുടെ സന്ദേശങ്ങള്‍ വാഴ്ത്തിക്കൊണ്ട് നീങ്ങുന്നത് കണ്ടു. എവിടെയും ആര്‍ക്കും പ്രയാസമുണ്ടായില്ല എന്നു മാത്രമല്ല, മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്ന കാഴ്ചകളും കാണാനിടയായി. 

ഒരു മറുചിന്ത കൂടി ഈ കുറിപ്പുകാരന്റെ മനസില്‍  പൊങ്ങി വന്നു. നബിദിനാഘോഷമാണോ, നബിദിനാചരണമാണോ നന്ന്. ഇസ്ലാമില്‍ രണ്ട് ആഘോഷങ്ങളെയുളളു. ചെറിയ പെരുന്നാളും, ബലിപെരുന്നാളും. ഇതാഘോഷപൂര്‍വം നടത്തണമെന്ന് മതം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ മൂന്നാമതൊരാഘോഷം പാടുണ്ടോ എന്ന വിചാരം മനസിലുദിക്കുന്നു. 

എല്ലാമതങ്ങളും അവരുടെ ആചാര്യന്മാരുടെ ജന്മദിനം ആചരിക്കുന്നുണ്ട്. അപ്പോള്‍ ഇസ്ലാംമത പ്രവാചകന്റെ ജന്മദിനവും ആചരിക്കുന്നതില്‍  തെറ്റില്ല. ലോകത്തെല്ലായിടത്തുമുളള സര്‍ക്കാരുകള്‍ നബിദിനത്തിന് അവധി നല്‍കുന്നുണ്ട്. അതോടൊപ്പം സര്‍ക്കാര്‍ തലത്തില്‍, പൊതു സ്ഥാപനങ്ങളില്‍  നബിയുടെ സന്ദേശങ്ങള്‍ എത്തിക്കാനുളള ബോധവല്‍ക്കരണ ക്ലാസുകള്‍, ക്വിസുകള്‍, പ്രബന്ധ രചനാ, പ്രസംഗം പരിപാടികളൊക്കെ നടത്തുന്നത് ഗുണകരമാവും. 

മൂല്യച്യുതിയില്‍പെട്ട് ഉഴലുന്ന വിദ്യാര്‍ത്ഥി യുവജന വിഭാഗങ്ങളുടെ മനസില്‍  അല്‍പമെങ്കിലും നന്മയുടെ വെളിച്ചം വിശാന്‍ ഇത് വഴി സാധിക്കുമായിരുന്നു. ഇന്ന് മുസ്ലിം പളളികളും മദ്രസകളും മാത്രം കേന്ദ്രീകരിച്ചു നടത്തുന്ന നബിദിന പ്രോഗ്രാമുകള്‍ മതാനുയായികളില്‍ മാത്രം ഒതുങ്ങിപ്പോവുന്നു. വിശാലകാഴ്ചപ്പാടോടെ ഇരുളിലാണ്ടു കിടന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്കു നയിച്ച പ്രവാചകന്റെ കര്‍മ്മ പഥങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ഉല്‍ബോധനങ്ങളെക്കുറിച്ചും പൊതുജനത്തെ ബോധവല്‍ക്കരിക്കേണ്ടത് മതാന്ധതയില്‍ മുങ്ങിത്താണുപോയ്‌ക്കൊണ്ടിരിക്കുന്ന മാനവ സമൂഹത്തിന് ഉള്‍ക്കാഴ്ചയുണ്ടാകാന്‍ സഹായമാകുമെന്നതില്‍ സംശയമില്ല. 

അശരണരെയും ആലംബഹീനരെയും ദരിദ്രരെയും, നിരക്ഷരരെയും സഹായിക്കണമെന്ന്  ഉല്‍ബോധിപ്പിച്ച പ്രവാചകന്റെ ഉദ്‌ബോധനങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് ജീവിക്കുന്നവര്‍, നബിദിനാചരണത്തിന്റെ ഭാഗമായി മേലുദ്ധരിച്ചവരുടെ നേരെ സഹായ ഹസ്തം നീട്ടാന്‍ തയ്യാറാവേണ്ടതുണ്ട്. അനാഥാലയങ്ങളെയും  ആതുര ശൂശ്രൂഷ കേന്ദ്രങ്ങളിലെ രോഗികളെയും, മറ്റ് ആശ്രയമില്ലാതെ വലയുന്നവരെയും ഭക്ഷണം കൊടുത്തും, വസ്ത്രം കൊടുത്തും താമസസൗകര്യം ഒരുക്കി കൊടുത്തും സഹായിക്കാനുളള ദിനമായിട്ടാണ് നബിദിനത്തെ കാണേണ്ടത്. റാലികളും മത്സരങ്ങളും, പ്രഭാഷണങ്ങളുമെല്ലാം വെറും പ്രചരണാത്മകമായ പരിപാടിയായി മാത്രം അവസാനിക്കും. പക്ഷേ വേദനിക്കുന്നവരെ സഹായിക്കാനുളള കര്‍മ പരിപാടിയായിൽ ദിനാചരണങ്ങളെ മാറ്റിയാല്‍ അതായിരിക്കും നന്മനിറഞ്ഞ പ്രവര്‍ത്തനം. 
നബിദിനാഘോഷവും പട്ടാളവേഷവും
Kokkanam Rahman
(Writer)
വരും വര്‍ഷങ്ങളില്‍ നടത്തുന്ന നബിദിനാചരണ പരിപാടികളില്‍ നന്മയിലേക്ക് നയിക്കുന്ന മാറ്റത്തിന്റെ അലയൊലികള്‍ കാണാന്‍ കഴിയട്ടെ എന്നാശിച്ചു പോവുന്നു.


Keywords:  Article, Kookanam-Rahman, rally, Police, case, complaint, Kanhangad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia