city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാര്‍ജ സ്‌റ്റേഡിയത്തില്‍ ജനസാഗരം, ഹരിത ചന്ദ്രിക അവിസ്മരണീയമായി

മുനീര്‍ പി ചെര്‍ക്കളം

(www.kasargodvartha.com 07.12.2014) മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ പത്താം വാര്‍ഷികാഘോഷമായി വെള്ളിയാഴ്ച ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഹരിത ചന്ദ്രിക എന്ന പേരിലുള്ള പരിപാടി വമ്പന്മാരുടെ സാന്നിധ്യം കൊണ്ടും അലകടല്‍ പോലെ തടിച്ചു കൂടിയ ജനങ്ങളുടെ സാന്നിധ്യം കൊണ്ടും അവിസ്മരണീയമായ അനുഭവമായി. വെള്ളിയാഴ്ച വൈകുന്നേരം യു.എ.ഇ.യിലേയും നാട്ടിലേയും മലയാളികളുടെ ചിന്തയും സംസാരവുമെല്ലാം ഈ ഹരിത ചന്ദ്രികയെ കുറിച്ചായിരുന്നു. സാധിക്കുന്നവരെല്ലാം പരിപാടി വീക്ഷിക്കാനും അകിന്റെ ഭാഗമാകാനും ഉച്ചഭക്ഷണം കഴിച്ചപാടേ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് പുറപ്പെടുകയായിരുന്നു.

വൈകുന്നേരം നാലു മണിയോടെ സ്‌റ്റേഡിയത്തില്‍ മനുഷ്യ സാഗരത്തിന്റെ തിരമാലകള്‍ രൂപപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ സ്‌റ്റേഡിയവും പരിസരവും ജനങ്ങളാല്‍ വീര്‍പ്പു മുട്ടി.  വിണ്ണിലെ പൂന്തിങ്കള്‍ മണ്ണിലിറങ്ങിയ പ്രതീതിയില്‍ ദീപങ്ങള്‍ സ്വര്‍ണ പ്രഭ ചിതറി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അധികമാരും കൂട്ടിനില്ലാത്ത കാലത്ത് ഉദിച്ചുയര്‍ന്ന്, ആര്‍ക്കും തോല്‍പിക്കാനാവാത്ത നിലയിലേക്ക് ലോകത്തോളം വളര്‍ന്ന 'ചന്ദ്രിക'യോടുള്ള ആത്മ സമര്‍പണം. അത്  അനര്‍ഘ നിമിഷമായി ജനസഹസ്രം ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു.

പലവട്ടം കൊമ്പന്മാരും വമ്പന്മാരും കൊമ്പുകോര്‍ത്ത ഷാര്‍ജയിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അതുവരെ കാണാത്ത ആള്‍ബാഹുല്യമാണ് വെള്ളിയാഴ്ച രാത്രിയിലെ ഹരിത ചന്ദ്രികയില്‍ ലയിക്കാനെത്തിയത്. ചേരാന്‍ ഒഴുകിയെത്തിയത്. ഗള്‍ഫില്‍ എറ്റവും കൂടുതല്‍ വായനക്കാരുള്ള ഇന്ത്യന്‍ പത്രമെന്ന കീര്‍ത്തിയുടെ പ്രഭ ലോകത്തോളം പരത്തുന്നതായിരുന്നു  പരിപാടി.

ഇത് സര്‍വ്വകാല റെക്കാര്‍ഡാണെന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വി.ഐ.പി.കളും, കലാകാരന്മാരും  സാധാരണക്കാരുമെല്ലാം ഒരു പോലെ സാക്ഷ്യപ്പെടുത്തി. ഇതിനു മുമ്പും ഈ സ്‌റ്റേഡിയത്തിലെ പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടി ഗള്‍ഫില്‍ ആദ്യത്തെ അനുഭവമാണെന്ന് നടന്‍ ലഫ്.കേണല്‍ മോഹന്‍ലാലും, ഗായകന്‍ കണ്ണൂര്‍ ഷെരീഫും പ്രത്യേകം എടുത്തു പറഞ്ഞു.

കേരളത്തിന്റെ ജനകീയനായ മുഖ്യ മന്ത്രി  ഉമ്മന്‍ ചാണ്ടിയെയും ലോകത്തെ ഏറ്റവും ശക്തരായ വനിതകളിലൊരാളായ യു.എ.ഇ അന്താരാഷ്ട്ട്ര സഹകരണ വികസന മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിയേയും നിറഞ്ഞ ആദരവുകളോടെയാണ് ജനാവലി വരവേറ്റത്. ഇംഗ്ലീഷിലെ അഭിസംബോധനക്ക് ശേഷം ശുദ്ധ മലയാളത്തില്‍ 'നമസ്‌കാരം' പറഞ്ഞ ശൈഖ ലുബ്‌ന ചന്ദ്രികയുടെ പാരമ്പര്യത്തെയും കെ.എം.സി.സിയുടെ സംഘ ശക്തിയെയും പുകഴ്ത്തി.

ചന്ദ്രിക ഡയറക്ടര്‍ കൂടിയായ വ്യവസായ ഐ.ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കു ഹരിത ചന്ദ്രികയില്‍ താര പരിവേഷം തന്നെയാണ് ലഭിച്ചത്. 1998ല്‍ ഷാര്‍ജ കപ്പ് ഫൈനലില്‍ ഓസീസിനെ തറ പറ്റിക്കാന്‍ ഇന്ത്യക്ക് വേണ്ടി തുടരെ തുടരെ സിക്‌സര്‍ പറത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വേണ്ടി സ്‌റ്റേഡിയം ആര്‍ത്ത് വിളിച്ചതിനെ ഓര്‍മിപ്പിക്കും വിധമായിരുന്നു കുഞ്ഞാലിക്കുട്ടിയെ പ്രസംഗിക്കാന്‍ ക്ഷണിക്കും നേരത്ത് പ്രകടമായ ഹര്‍ഷാരവം.

സമൂഹത്തില്‍ ഉന്നതിയില്‍ വിരാജിക്കുന്നവര്‍. വ്യക്തി മുദ്ര പതിപ്പിച്ചവര്‍. ഉന്നത പദവികളിലുള്ളവര്‍, സമൂഹത്തിനായി ജീവിതം മാറ്റി വച്ചവര്‍, സാധാരണക്കാര്‍, അങ്ങനെ അങ്ങനെ വിണ്ണില്‍ നിന്നിറങ്ങി വന്ന ചന്ദ്രികാ ശോണിമയില്‍ അലിഞ്ഞു ചേര്‍ന്ന സന്ധ്യ.

ശോഭ പരത്തി സന്ധ്യ കടന്ന് വന്നതും രാവ് കനത്തതും പാതിരാവായതും ചന്ദ്രികാ സ്‌നേഹത്തിന്റെ മാസ്മരികതയില്‍ മറന്നു പോയതു പോലെ. നൃത്തവും സംഗീതവും ഹാസ്യവും ചേര്‍ന്ന് ചാലിച്ച സര്‍ഗ രാവ് അവസാനിക്കുന്നുവെന്ന പാതി രാത്രി കഴിഞ്ഞുള്ള അറിയിപ്പിലും ചന്ദ്രികാ സ്‌നേഹം മതി വരാത്ത അനുഭൂതി. സ്‌നേഹവും കരുതലും നല്‍കി പഠിപ്പിച്ചെടുത്തതിനുള്ള മറുപടി.

ഇരുട്ട് കൂരിരുട്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളില്‍ നിന്ന് വകഞ്ഞ് മാറ്റി പാല്‍ നിലാവും വെളിച്ചവും നല്‍കി തന്നെ താനാക്കി മാറ്റിയ അക്ഷര ജിഹ്വയോടുള്ള സ്‌നേഹ പ്രകടനം. അതാകട്ടെ പ്രവാസി ചക്രവാളത്തില്‍ നിറമേഴും ചാലിച്ച് പുതു ചരിത്രമെഴുതി.

അരലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടികള്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. ചന്ദ്രിക കേവലമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പത്രമല്ലെന്നും കേരളത്തില്‍ സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് അതിനുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി  പറഞ്ഞു.

പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് നിരന്തരം പോരാട്ടം നടത്തുന്ന ചരിത്രമാണ് ചന്ദ്രികയുടേത്. അതുകൊണ്ടുതന്നെ ഒരു പ്രസ്ഥാനത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള അംഗീകാരമാണ് ഈ പത്രത്തിന് കേരളീയ സമൂഹത്തിലും പ്രവാസലോകത്തും ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.എ.ഇ.യുടെ 44ാം ദേശീയ ദിനാഘോഷവും മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ പത്താംവാര്‍ഷികവും ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ മലയാളിസമൂഹത്തിന് അഭിമാനിക്കാന്‍ വകയുണ്ട്. ജനിച്ചനാടിനോടും ജോലിചെയ്യുന്ന നാടിനോടും ഒരുപോലെ കൂറ് കാണിക്കുന്ന മലയാളിസമൂഹത്തെക്കുറിച്ച് അറബ് നാടുകളിലെ ഭരണാധികാരികള്‍ക്ക് നല്ല മതിപ്പാണ്.  അതാത് രാജ്യങ്ങളിലെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കുകയും ആ സമൂഹങ്ങളുമായി അലിഞ്ഞുചേരുകയും ചെയ്യുന്ന സംസ്‌കാരമാണ് കേരളീയരെ വിജയത്തിലെത്തിക്കുന്നത്.

സ്വന്തം ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഈ വാര്‍ഷികസുദിനത്തില്‍ പതിനായിരങ്ങള്‍ ഈ പ്രവാസലോകത്ത് ഒത്തുചേര്‍ന്നത് അഭിമാനത്തോടെ നോക്കികാണുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കെ.എം.സി.സിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കേരളത്തിന് വിസ്മരിക്കാനാവില്ല. പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന കെ.എം.സി.സിയുടെ നിസ്വാര്‍ത്ഥമായ സേവനം നിസ്തുലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പായക്കപ്പലിന്റെ മാതൃകയില്‍ തീര്‍ത്ത കൂറ്റന്‍ സ്‌റ്റേജിലാണ് 'ഹരിത ചന്ദ്രിക' അരങ്ങേറിയത്. കേരളത്തിന്റെയും യു.എ.ഇയുടെയും സംസ്‌കാരത്തിന്റെയും വാണിജ്യവ്യവസായത്തിന്റെയും കൂട്ടായ്മയുടെ പ്രതീകമായാണിത്.  മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ സ്വാഗതം പറഞ്ഞു. മിഡില്‍ ഈസ്റ്റ് ചന്ദ്രികയെ പരിചയപ്പെടുത്തി അറബി ഭാഷയില്‍ യു. അബ്ദുല്ല ഫാറൂഖി സംസാരിച്ചു.

യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ അന്താരാഷ്ട്ര സഹകരണവികസന മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ഖാസിമി മുഖ്യാതിഥിയായിരുന്നു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലുലുഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം.എ യൂസുഫലി, ഗാനഗന്ധര്‍വന്‍ യേശുദാസ്, പത്മശ്രീ മോഹന്‍ലാല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

യു.എ.ഇ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മന്ത്രിമാരായ ഡോ.എം.കെ മുനീര്‍, ഇബ്രാഹിംകുഞ്ഞ്, എന്‍.എം.സി ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ പത്മശ്രീ ബി.ആര്‍ ഷെട്ടി, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അവാര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ട്രിസ്റ്റി ബോര്‍ഡ് മെമ്പര്‍ എ.പി ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍,  യഹ്‌യ തളങ്കര, ചന്ദ്രിക ഡയറക്ടര്‍മാരായ പി.വി അബ്ദുല്‍വഹാബ്, പി.എ ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിദ്ധ സിനിമാ സംവിധായകന്‍ വി.എം വിനു പരിപാടിയുടെ സംവിധാനം നിര്‍വഹിച്ചു.

സിനിമാതാരം സിദ്ദീഖ് അവതാരകനായിരുന്നു. എട്ട് പതിറ്റാണ്ടിന്റെ മാധ്യമ ചരിത്രപാരമ്പര്യമുള്ള ചന്ദ്രികയുടെ പിറവിയും വളര്‍ച്ചയും വികാസവും വ്യക്തമാക്കുന്ന ദൃശ്യാവിഷ്‌കാരത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്.

വേദിയില്‍ ആദരിച്ച പ്രമുഖ വ്യക്തിത്വങ്ങളായ എം.എ യൂസുഫലി, കെ.ജെ യേശുദാസ്, മോഹന്‍ലാല്‍ എന്നിവരുടെ ജീവിത വളര്‍ച്ചയുടെ ദൃശ്യാവിഷ്‌കാരവും വേദിയില്‍ അവതരിപ്പിച്ചു. യു.എ.ഇയില്‍ വാണിജ്യ,വ്യവസായ,സാമൂഹ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരെയും ചടങ്ങില്‍ ആദരിച്ചു. മാമുക്കോയ, സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കണ്ണൂര്‍ ശരീഫ്, വിധുപ്രതാപ്, നജീം അര്‍ഷാദ്, ജോത്സ്‌ന, സിതാര, അന്‍വര്‍ സാദത്ത്, താജുദ്ദീന്‍ വടകര, റംഷി അഹമ്മദ്, ഐ.പി സിദ്ദീഖ് തുടങ്ങിയവരുടെ ഗാനമേളയും രമേഷ് പിഷാരടി, സുബി, സാജു കൊടിയന്‍, ഹരിശ്രീ മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഹാസ്യപരിപാടിയും ഹരിത ചന്ദ്രികയ്ക്കു മാറ്റുകൂട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഷാര്‍ജ സ്‌റ്റേഡിയത്തില്‍ ജനസാഗരം, ഹരിത ചന്ദ്രിക അവിസ്മരണീയമായി

Keywords : Kerala, Article, News, Chandrika News Paper, Muneer P Cherkalam, 10th Anniversary, Middle East Chandrika: 10th anniversary celebration. 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia